പാര്‍ട്ടി നേതാക്കളുടെ മതവിശ്വാസത്തെക്കുറിച്ച് ആരും മിണ്ടിപ്പോകരുത് എന്നൊരു അപ്രഖ്യാപിത വിലക്ക് സോണിയാഗാന്ധി നേതൃത്വം നല്കുന്ന കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസുകാരനായി രാജ്യം ഭരിക്കുന്ന ഡോ.മന്മോഹന് സിംഗിന്റേത് ഹിന്ദുധര്മത്തില്പ്പെടുന്ന സിഖ് മതമാണെന്ന് പേരുകൊണ്ടും വേഷംകൊണ്ടും പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. സിഖ് മതക്കാരനാണ് താനെന്ന് ആരെങ്കിലും പറയുന്നതിനോട് മന്മോഹന് യാതൊരു എതിര്‍പ്പുമില്ല. ഭരണകാര്യങ്ങളിലെ ദൗര്‍ബല്യം പുറത്താവുമ്പോഴൊക്കെ ‘സിംഗ് ഈസ് കിംഗ്’ എന്നൊരു പ്രയോഗം മന്മോഹനെ ഉദ്ദേശിച്ച് ചിലര്‍ നടത്താറുമുണ്ട്.
മന്‍മോഹനില്‍നിന്ന് സോണിയയിലെത്തുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയുന്നു എന്നതാണ് കോണ്‍ഗ്രസിന് അകത്തും പുറത്തുമുള്ള അവസ്ഥ. ഇറ്റലിക്കാരിയായ സോണിയ ഒരു കത്തോലിക്കാ മതവിശ്വാസിയാണെന്ന് വ്യക്തമാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ തന്നെ അങ്ങനെ തിരിച്ചറിയുന്നത് സോണിയ ഇഷ്ടപ്പെടുന്നില്ല. സോണിയയുടേയും മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെയും മതവിശ്വാസം എന്താണെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അധികൃതരെ സമീപിച്ച ഹരിയാനയിലെ ഒരു മുന്‍ ഡിജിപി സുപ്രീം കോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. മക്കളുടെ മതം വെളിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന സോണിയയുടെ വാദം പരമോന്നത കോടതിയും അംഗീകരിക്കുകയായിരുന്നു. ഒരു പ്രസംഗത്തില്‍ സോണിയ ക്രൈസ്തവ മതവിശ്വാസിയാണെന്ന് പരാമര്‍ശിച്ചതിന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന മീരാ ശങ്കര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും അപ്രീതിക്ക് പാത്രമാവുകയുണ്ടായി. പ്രസംഗത്തിലെ വിവാദപരാമര്‍ശം മീരാ ശങ്കറിന് നീക്കേണ്ടിയും വന്നു.
സോണിയാ കോണ്‍ഗ്രസിലെ ഈ വിലക്ക് ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ലംഘിക്കേണ്ടി വന്നിരിക്കുകയാണ്. വൈ.എസ്.ആര്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ജഗന് മോഹന്‍ റെഡ്ഡിയെ നേരിടാന്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് ഇപ്പോള്‍ മഹത്തായൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ്! സമര്‍പ്പിത ക്രൈസ്തവനായ ജഗന് റെഡ്ഡി സമുദായത്തില്‍പ്പെടുന്ന ആളെയല്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജെ.സി.ദിവാകര്‍ റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നു. “റെഡ്ഡി സമുദായത്തിന്റെ ആചാരങ്ങളൊന്നും പിന്തുടരാത്തതിനാല്‍ റെഡ്ഡി എന്ന് വിളിക്കപ്പെടാന്‍ ജഗനാവില്ല. കുടുംബം മുഴുവന്‍ പിന്തുടരുന്നത് ക്രൈസ്തവ പാരമ്പര്യമാണ്. അഞ്ച് പതിറ്റാണ്ട് മുമ്പ് ജഗന്റെ മുത്തച്ഛനായ വൈ.എസ്.രാജറെഡ്ഡിയുടെ കാലത്ത് ജഗന്റെ കുടുംബം മതംമാറി ക്രിസ്ത്യാനികളായതാണ്.” അന്നുമുതല്‍ കുടുംബാംഗങ്ങള്‍ ഹിന്ദുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ക്രൈസ്തവ മതവിശ്വാസമാണ് ആചരിക്കുന്നത്. “ഓരോ ഞായറാഴ്ചയും അവര്‍ പള്ളിയില്‍ പോവുകയും ക്രൈസ്തവ പെരുന്നാളുകളെല്ലാം ആഘോഷിക്കുകയും ചെയ്യുന്നു. ഹിന്ദു ഉത്സവങ്ങളൊന്നും തന്നെ ആഘോഷിക്കാറില്ല”- ദിവാകര്‍ റെഡ്ഡി വിശദീകരിക്കുന്നു. ജഗന്റെ സഹോദരീ ഭര്‍ത്താവ് ബ്രാഹ്മണനായിരുന്നെങ്കിലും വിവാഹശേഷം ക്രിസ്തുമതം സ്വീകരിച്ചു. തുടര്‍ന്ന് ഒരു തികഞ്ഞ സുവിശേഷകനായി മാറി. പ്രത്യേക സുവിശേഷ സ്ഥാപനത്തിന് രൂപം നല്കിയ അനില്‍കുമാര്‍ രാജ്യത്താകമാനം ക്രിസ്തുമത പ്രചാരണം നടത്തിവരികയാണ്. കുടുംബ പശ്ചാത്തലം ഇതായിരിക്കെ ജഗന് എങ്ങനെ റെഡ്ഡിയാവും” എന്ന ദിവാകര്‍ റെഡ്ഡിയുടെ ചോദ്യം പ്രസക്തമാണ്.
ജഗന് മോഹന്‍ റെഡ്ഡിയുടെ കുടുംബത്തിന്റെ മതവിശ്വാസത്തെക്കുറിച്ച് അഞ്ച് പതിറ്റാണ്ടായി അറിവുള്ള ഒരു കാര്യം ഇപ്പോള്‍ മാത്രം കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപമായി ഉന്നയിക്കുന്നത് ജഗന് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതുകൊണ്ടുമാത്രമാണ്. ജഗന്റെ പിതാവായ വൈ.എസ്.ആര്.റെഡ്ഡി മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായുമൊക്കെ 29 വര്‍ഷക്കാലം ആന്ധ്ര രാഷ്ട്രീയത്തിലുണ്ടായിരുന്ന വ്യക്തിയാണ്. വൈ.എസ്.ആര്.റെഡ്ഡി എന്നത് വൈ.സാമുവല്‍ രാജശേഖരറെഡ്ഡിയാണ്. നെറ്റിയില്‍ സദാ കുങ്കുമപ്പൊട്ടുമായി നടന്നയാളായ രാജശേഖരറെഡ്ഡി മതവിശ്വാസത്തിന്റെ കാര്യത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് അനധികൃതമായി കൈകാര്യം ചെയ്തപ്പോഴും ക്ഷേത്ര സങ്കേതത്തില്‍ മതപരിവര്‍ത്തന ശക്തികള്‍ സജീവമായപ്പോഴും ക്രൈസ്തവസഭകളോടുള്ള റെഡ്ഡിയുടെ അനുഭാവം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ വിവാദത്തോട് പ്രതികരിക്കാതെ മൗനം പാലിച്ചു.
ആന്ധ്രയിലെ റെഡ്ഡി വിഭാഗം പൊതുവായി ഹിന്ദു സമുദായമാണെങ്കിലും നല്ലൊരുവിഭാഗം മതംമാറി ക്രൈസ്തവ വിശ്വാസികളായിത്തീര്ന്നവരാണ്. ഗുണ്ടൂര്‍, കടപ്പ, റായലസീമ എന്നിവിടങ്ങളിലുള്ള റെഡ്ഡിമാര്‍ അധികവും ക്രൈസ്തവരാണ്. ആന്ധ്രയിലെ പിസിസി വക്താവ് എസ്.തുളസി റെഡ്ഡി, മുന്‍ മുഖ്യമന്ത്രി ബ്രഹ്മാനന്ദ റെഡ്ഡി എന്നിവര്‍ പേരുകൊണ്ട് ഹിന്ദുക്കളാണെങ്കിലും ക്രൈസ്തവ മത വിശ്വാസികളാണ്. ഈ പശ്ചാത്തലത്തില്‍ ജഗന് ഹിന്ദുവല്ലെന്നും ക്രിസ്തുമത വിശ്വാസിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ആക്ഷേപിക്കുന്നതില്‍ കാപട്യമുണ്ട്.
മതവിശ്വാസത്തിന്റെ പേരില്‍ ജഗന് മോഹന്‍ റെഡ്ഡിയെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ വഞ്ചന വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടേയും കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നാണറിയേണ്ടത്. 1964 ല്‍ ഇംഗ്ലണ്ടില്‍വെച്ച് പ്രണയത്തിലായ സോണിയ ആന്റോണിയ മെയ്നോയെ വിവാഹം ചെയ്യാന്‍ രാജീവ് ഗാന്ധി ക്രിസ്തുമത വിശ്വാസിയായി റോബര്‍ട്ടോ എന്ന പേര് സ്വീകരിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകളിലുള്ളത്. സോണിയയുടെ സ്വാധീനത്തില്‍ അച്ഛന്റെ മാര്‍ഗം പിന്തുടര്ന്ന് മകള്‍ ബിയങ്ക എന്ന പേരും മകന് റൗള്‍ എന്ന പേരും സ്വീകരിച്ചതായാണ് അറിയുന്നത്. ഇരുവരും ഇന്ത്യയിലെ ജനങ്ങള്‍ക്കുമുന്നില്‍ ഈ പേരുകളോട് സാമ്യമുള്ള പ്രിയങ്കയായും രാഹുല്‍ ആയും പ്രത്യക്ഷപ്പെടുകയാണത്രെ. പ്രിയങ്ക ക്രിസ്തുമതം സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കിയശേഷമാണ് ദല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ വെച്ച് റോബര്‍ട്ട് വാദ്രയുമായുള്ള വിവാഹം നടന്നത്. ഈയിടെ അന്തരിച്ച എന്‍.കെ.പി.സാല്‍വയാണ് സ്വമതത്തില്‍പ്പെട്ട റോബര്‍ട്ട് വാധ്രയെ സോണിയയുടെ മരുമകനായി കണ്ടെത്തിയതെന്നാണ് പറയപ്പെടുന്നത്.
ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഈയിടെ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ഗാന്ധി ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. “ഞാന്‍ ഒരു ബ്രാഹ്മണനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ്” എന്നാണ് രാഹുല്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നഷ്ടമായ മുന്നോക്ക സമുദായങ്ങളുടെ പിന്തുണ വീണ്ടെടുക്കാന്‍ ആ സമുദായത്തില്‍പ്പെടുന്ന ഒരാളെ നേതാവായി കണ്ടെത്തണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നപ്പോഴായിരുന്നു രാഹുലിന്റെ ഈ പ്രഖ്യാപനം. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവകാശവാദമായി മാത്രമേ എടുക്കാനാവൂ. ഇങ്ങനെയൊരു പ്രഖ്യാപനം നടത്താമെങ്കില്‍ എന്തുകൊണ്ടാണ് ഔദ്യോഗിക മതവിശ്വാസം എന്താണെന്ന് വെളിപ്പെടുത്തണമെന്ന വിവരാവകാശ അപേക്ഷയെ അമ്മ സോണിയ എതിര്‍ത്തതെന്ന് രാഹുല്‍ വിശദീകരിക്കണം. ജഗന്റെ ക്രിസ്തുമത വിശ്വാസം പ്രശ്നവല്‍ക്കരിക്കുന്ന ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിരല്‍ചൂണ്ടുന്നത് മതവിശ്വാസത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് കാപട്യവും വഞ്ചനയും കൊണ്ടുനടക്കുന്ന തങ്ങളുടെ നേതാവ് സോണിയ ഗാന്ധിയും മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കും നേരെയാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: