നമ്മുടെ രാഷ്ട്രം മതേതര രാഷ്ട്രമാണെന്നാണ് പറയുന്നത്. രാഷ്ട്രീയ നേതാക്കന്മാരും സാംസ്ക്കാരികനായകന്മാരെന്ന് പറയപ്പെടുന്നവരും മതേതരത്വമെന്ന പല്ലവി സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം പാടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? നേരെ മറിച്ചും. മതചിന്തയും ജാതിചിന്തയും കൂടിക്കൂടി വരുന്നു. ഭരണം അതിനനുസരിച്ചും നടക്കുന്നു. അഞ്ചാം മന്ത്രി വിഷയവും പരിസമാപ്തിയും ഇതിന് ഉത്തമ ഉദാഹരണമാണ്. ചാനല്‍ ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ ഹിന്ദു നേതാവ് മുസ്ലീംലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ഉല്‍ഘോഷിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ വിശാലമനസ്കതയ്ക്ക് മുമ്പില്‍ ആരാണ് നമോവാകമര്പ്പിക്കാത്തത്. ഒരു വെടിക്ക് രണ്ടുപക്ഷി. അടുത്ത തെരഞ്ഞെടുപ്പിന് ലീഗിന്റെ വോട്ട് ഉറപ്പിച്ചു കഴിഞ്ഞു.
ഇന്ന് ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ മതനിരപേക്ഷമായ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുണ്ടോ? സംശയമാണ്. എല്ലാ പാര്‍ട്ടിക്കും ഒരേ ഒരു ലക്ഷ്യമേയുള്ളൂ. എങ്ങനെയായാലും വിരോധമില്ല, അധികാരത്തില്‍ വരണം. അതിന് ആരുമായും കൂട്ടുപിടിക്കണം. ജാതി മതം അതിനൊരു തടസ്സമേയല്ല. തൊട്ടുകൂടാന്‍ വയ്യാത്ത ഒരു പാര്‍ട്ടിയേ ഉള്ളൂ. അത് ബിജെപി. അധികാരം കിട്ടിയാല്‍ പിന്നത്തെ ലക്ഷ്യം അഞ്ചുകൊല്ലം ഭരിക്കണം. ആ കാലയളവില്‍ എല്ലാ മന്ത്രിമാരും നേതാക്കന്മാരും നെട്ടോട്ടമാണ്. എന്തിന്? പണമുണ്ടാക്കണം പ്രചാരവും വേണം. ബന്ധുക്കളുടേയും മിത്രങ്ങളുടേയും എല്ലാ ആവശ്യങ്ങളും നിറവേറ്റണം. കഴിയുന്നത്ര പേരെ ജോലി നല്കി സംതൃപ്തരാക്കുന്നതോടൊപ്പം സ്വയം സംതൃപ്തരാവുകയും ചെയ്യണം. സാമ്പത്തികമായ നേട്ടം ഈ പ്രക്രിയയില്‍ ഉണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ നാട് നന്നാക്കാന്‍ പുറപ്പെട്ട ഇവര്‍ നാടിനെ കുട്ടിച്ചോറാക്കിയേ അടങ്ങൂ എന്ന സമീപനത്തില്‍ വ്യാപൃതരായി പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും കൈക്കൊള്ളുന്ന ശൈലി ഒന്നുതന്നെ.
ഇതില്‍നിന്നും വ്യത്യസ്തമായ സംസ്ക്കാരമുള്ള ഒരു പാര്‍ട്ടി ബിജെപി മാത്രമാണ്. ഇതുവരെ ഒരു എംഎല്‍എയെപ്പോലും അസംബ്ലിയിലേക്ക് ജയിപ്പിച്ച് അയക്കാന്‍ കഴിയാത്ത ഈ പാര്‍ട്ടിയുടെ സ്ഥിതി വളരെ പരിതാപകരമാണ്. ഹിന്ദുക്കളുടെ അനൈക്യമാണ് ബിജെപിയുടെ വിജയത്തിന് തടസ്സമായ ഒരു കാരണം.
ഹിന്ദു അനൈക്യത്തെ എല്ലാവരും എപ്പോഴും മുതലെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദു ഐക്യത്തെ ഭയപ്പെടുന്നു. അത് അവരുടെ ഭാവിയെ തകിടം മറിക്കുമെന്ന ബോധം. എന്തുവിലകൊടുത്തും തടയാന്‍ വേണ്ടി അന്നും ഇന്നും എന്നും അവര്‍ ശ്രമിക്കുമെന്നുറപ്പാണ്. ഈ ഉദ്യമത്തില്‍ മേറ്റ്ല്ലാ പ്രമുഖ പാര്‍ട്ടികളും വിജയിക്കുകയും ചെയ്തിരിക്കുന്നു. പാവം ഹിന്ദുക്കള്‍ അവരെന്തറിയുന്നു. അധികാരം, അവകാശം ഇവയിലൊക്കെ അവര്‍ക്ക് ഒരുതരം അനാസ്ഥാ മനോഭാവമാണ്. അതിനും പുറമെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ആസൂത്രിതമായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലും അനാസ്ഥാ മനോഭാവം കൈക്കൊള്ളുന്നു. ഫലമോ ഭൂരിപക്ഷമായ ഹിന്ദു ജനത അവഗണിക്കപ്പെടുന്നു, അപമാനിക്കപ്പെടുന്നു.
ഒരുപരിധിവരെ അധികാരം കൈവന്നാല്‍ ഈ ദുസ്ഥിതിക്കൊരറുതിവരുമെന്ന് തീര്‍ച്ചയാണ്. ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാര്‍ അസംബ്ലിയില്‍ ഉണ്ടാകണം. അതിന് വേണ്ടി മത്സരിക്കാന്‍ ആകെയുള്ള പാര്‍ട്ടി ബിജെപിയാണ്. ബിജെപിയെ ജയിക്കാന്‍ ഒരിക്കലും അനുവദിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ മൂന്നു സ്ഥലങ്ങളില്‍ ജയിക്കാനുള്ള സാധ്യത ഈ രണ്ടുപാര്‍ട്ടികളും പരസ്പ്പരം വോട്ടു മറിച്ച് ഇല്ലാതാക്കി. ഭാവിയിലും ഈ പ്രവണത ആവര്‍ത്തിക്കുമെന്നുറപ്പാണ്. ഇത് മറികടക്കാന്‍ എന്താണ് ഒരു പോംവഴി?
ഹിന്ദു ഏകീകരണം ജാതി ചിന്തകൊണ്ട് അസാധ്യമാണെന്നതിന് സംശയമില്ല. മാത്രമല്ല അതിനുവേണ്ടി ആര്‍എസ്എസും ഹിന്ദുഐക്യവേദിയുമല്ലാതെ ആരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുമില്ല. വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ഇടക്കൊക്കെ ഇക്കാര്യത്തെക്കുറിച്ച് പറയുന്നതല്ലാതെ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്നുള്ളത് വ്യക്തമാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദുവിനെ പ്രതിനിധീകരിക്കാന്‍ അസംബ്ലിയില്‍ അവരുടെ എംഎല്‍എമാരുടെ സാന്നിദ്ധ്യം ഉണ്ടായേ തീരൂ. അതിന് ഒരേ ഒരു വഴി ഹിന്ദു സമൂഹത്തില്‍ ഏറ്റവും സംഘടനാ ശക്തിയും ഉറപ്പുമുള്ള എസ്എന്‍ഡിപി ഒരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമാണ്. ആ പാര്‍ട്ടിയും ബിജെപിയും പരസ്പ്പരം ഒരു ധാരണയുണ്ടാക്കി മത്സരിച്ചാല്‍ വിജയം സുനിശ്ചിതം. ബിജെപി നില്ക്കുന്ന നിയോജകമണ്ഡലത്തില്‍ എസ്എന്‍ഡിപിയുടെ പാര്‍ട്ടിയും എസ്എന്‍ഡിപി പാര്‍ട്ടി നില്ക്കുന്ന സ്ഥലത്ത് ബിജെപിയും സഹായിച്ച് പ്രവര്‍ത്തിച്ചാല്‍ അസംബ്ലിയില്‍ ഹിന്ദു സാന്നിദ്ധ്യം തീര്‍ച്ചയായും ഉണ്ടാകും. ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന ഈ പാര്‍ട്ടികള്‍ക്ക് മറ്റ് സമുദായ സംഘടനകള്‍ വോട്ട് ചെയ്യാന്‍ നിര്ബന്ധിതരാവുമെന്നുറപ്പാണ്. ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ ഇത്തരം ഒരു കൂട്ടുകെട്ട് അനിവാര്യമാണെന്നതിന് സംശയമില്ല. ഇത്തരമൊരു സംവിധാനം പ്രാവര്ത്തികമാണുതാനും. ഈ ക്രമീകരണം പ്രാവര്‍ത്തികമാക്കിയാല്‍ അസംബ്ലിയില്‍ ഭൂരിപക്ഷ പ്രതിനിധികള്‍ ഒരു നിര്‍ണായകമായ ശക്തിയായി പരിണമിക്കുമെന്നുറപ്പാണ്. വെള്ളാപ്പള്ളി ഈ നിര്‍ദ്ദേശങ്ങളെപ്പറ്റി ഒന്ന് ചിന്തിച്ചാല്‍ കൊള്ളാം. ഹിന്ദുക്കള്‍ നേരിടുന്ന ചൂഷണവും അവഗണനയും അവഹേളനവും ചെറുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
തളി ശങ്കരന് മൂസ്സത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: