സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ കേരളത്തിലെ മണ്ണെണ്ണ വിതരണം നിശ്ചലമായി ഇവിടുത്തെ മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഔട്ട്ഡോര്‍ വള്ളങ്ങളിലും കൊച്ചുവള്ളങ്ങളിലും എഞ്ചിന് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത് മുഖ്യമായും മണ്ണെണ്ണയാണ്. പലതരത്തിലും പ്രതിസന്ധി നേരിടുന്ന മത്സ്യമേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഈ കേന്ദ്രസര്‍ക്കാര്‍ നടപടി. റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം നിയന്ത്രണവിധേയമായതോടെ വൈദ്യുതി കണക്ഷനും എല്‍പിജി കണക്ഷനും ഇല്ലാത്ത കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് മണ്ണെണ്ണ ലഭിക്കുക. കടുത്ത വൈദ്യുതിക്ഷാമം അനുഭവിക്കുന്ന, ലോഡ്ഷെഡ്ഡിംഗ് നിശ്ചിതസമയത്തും അല്ലാതെയും നടപ്പാക്കുന്ന കേരളത്തില്‍ സാധാരണക്കാരനും കൃഷി മത്സ്യബന്ധമേഖലയും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. 15,960 കിലോ ലിറ്റര്‍ മണ്ണെണ്ണ കിട്ടിയിരുന്ന സംസ്ഥാനത്തിന് ഇപ്പോള്‍ 10,016 കിലോലിറ്റര്‍ മാത്രമാണ് ലഭിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസത്തേക്ക് 30,046 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിക്കുമ്പോള്‍ 17,832 കിലോലിറ്ററിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഔട്ട്ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച 17,348 വള്ളങ്ങള്‍ സംസ്ഥാനത്ത് കടലില്‍ പോകുന്നുണ്ട്. ചെറുവള്ളങ്ങള്‍ വേറെയും. എഞ്ചിനുകളുടെ ശക്തിയനുസരിച്ച് 120 ലിറ്റര്‍ മണ്ണെണ്ണയും 179 ലിറ്റര്‍ മണ്ണെണ്ണയുമാണ് സബ്സിഡി നിരക്കില്‍ നല്കിവന്നിരുന്നത്.
സര്‍ക്കാര്‍ മണ്ണെണ്ണ കരിഞ്ചന്തയില്‍നിന്ന് വാങ്ങേണ്ട ഗതികേടിലാണ് മത്സ്യബന്ധനമേഖല. 17,338 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 129 കിലോലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. മത്സ്യബന്ധനമേഖലക്കായി പ്രത്യേക മണ്ണെണ്ണ അലോട്ട്മെന്റില്ല. കേരളത്തിനായി നല്‍കിവരുന്ന മണ്ണെണ്ണ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കും മത്സ്യബന്ധനമേഖലയ്ക്കും വിഭജിച്ച് നല്കുന്ന രീതിയാണിവിടെ. റേഷന്‍കാര്‍ഡുടമകള്‍ വര്‍ധിച്ച് ഇന്ന് 70ലക്ഷം കാര്‍ഡ് ഉടമകള്‍ തന്നെയുണ്ട്. കേന്ദ്രം നല്കുന്ന 10,600 കിലോലിറ്റര്‍ മണ്ണെണ്ണ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുപോലും തികയുകയില്ല. വിളക്ക് കത്തിക്കുന്നതിനും പാചകത്തിനും മണ്ണെണ്ണ ഉപയോഗം നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശം വരുന്നത് വൈദ്യുതിക്ഷാമവും പവര്‍കട്ടും അനുഭവിക്കുന്ന കേരളീയര്‍ക്കാണ്. ഉപജീവനത്തിനുവേണ്ടിയാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത്. ഔട്ട്ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച ബോട്ടുകളാണ് ചാള, അയല, നത്തോലി, വറ്റ തുടങ്ങിയ ഉപരിതല മീനുകളെ പിടിക്കുന്നത്. പച്ചക്കറി വില ഇപ്പോള്‍ത്തന്നെ കുതിച്ച് സാധാരണക്കാരന് അപ്രാപ്യമാണ്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മീനുകളും മണ്ണെണ്ണ ക്ഷാമത്തില്‍ അവര്‍ക്ക് ലഭ്യമല്ലാതാകുന്നു. ഇത് മത്സ്യബന്ധനം കുറച്ച് സമ്പദ്ഘടനയെ അട്ടിമറിക്കുന്നതിന് പുറമെ സാധാരണക്കാരന്റെ ഭക്ഷ്യക്രമത്തെപ്പോലും ബാധിക്കുന്നു.
റേഷന്‍ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത് വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും കൂടിയാണ്. കാര്‍ഷിക-മത്സ്യബന്ധനാവശ്യങ്ങള്ക്ക് മാത്രമല്ല മണ്ണെണ്ണ ഉപയോഗം. വൈദ്യുതീകരിച്ച വീടുകളിലും ലോഡ്ഷെഡ്ഡിംഗും അപ്രഖ്യാപിത പവര്‍കട്ടും നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ മണ്ണെണ്ണ വിളക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കാനാവുന്നത്. ഉപരി-മധ്യവര്‍ഗ സമൂഹങ്ങള്‍ക്കാണ്. ഇപ്പോള്‍ കേരളത്തിന് 100 മെഗാവാട്ട് വൈദ്യുതി കേന്ദ്രം അധികം അനുവദിച്ചെങ്കിലും മഴ തുടങ്ങുന്നതുവരെ ലോഡ്ഷെഡ്ഡിംഗ് തുടരുമെന്നാണ് വൈദ്യുതി മന്ത്രി ആര്യാടന് പ്രഖ്യാപിക്കുന്നത്. ലോഡ്ഷെഡ്ഡിംഗ് സമയം കൂട്ടുകയില്ല എന്ന് പറയുമ്പോഴും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് യഥേഷ്ടം അരങ്ങേറുന്നുമുണ്ട്. ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതിനാലും അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകതന്നെയാണ്. കേരളം ഈവിധം ബഹുമുഖ പ്രതിസന്ധി നേരിടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
കാബൂളിലെ കാട്ടാളത്തം
അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂള്‍ പിന്നെയും താലിബാന് ഭീകരരുടെ ഉഗ്രസ്ഫോടനങ്ങള്‍ക്കും വെടിവയ്പ്പിനും നയതന്ത്രപ്രതിനിധികളുടെ വസതികള്‍ ആക്രമണങ്ങള്‍ക്കും വേദിയായിരിക്കുന്നു. താലിബാന് ചാവേറുകള്‍ അഴിച്ചുവിട്ട ആക്രമണപരമ്പരയില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടതായും പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒസാമ ബിന്‍ലാദന്റെ മരണം താലിബാനെ ശോഷിപ്പിച്ചിട്ടില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് 16 മണിക്കൂര്‍ കാബൂളിനെ വിറപ്പിച്ച ആക്രമണത്തിലൂടെ ലോകം തിരിച്ചറിയുന്നത്. ജപ്പാന്, ജര്‍മ്മന്‍, യുഎസ്, ബ്രിട്ടീഷ് എംബസികളും അക്രമികളുടെ ലക്ഷ്യത്തില്പ്പെട്ടു. 2011ല്‍ തുരത്തപ്പെട്ട താലിബാനാണ് ശക്തിയാര്‍ജിച്ച് തിരിച്ചടിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ജയില്‍ ആക്രമിച്ച് 400 തടവുകാരെ മോചിപ്പിച്ച താലിബാന് പറയുന്നത് അഫ്ഗാന് യുദ്ധത്തില്‍ പുതിയ വസന്തത്തിന്റെ തുടക്കമായി എന്നാണ്. പാക് താലിബാന് ഇതിന് ഉത്തരവാദിത്തം ഏറ്റെടുത്തുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തലസ്ഥാനത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഭീകരവാദത്തിനെതിരെ കേന്ദ്രസംസ്ഥാന ഏകോപനത്തിന്റെ ആവശ്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മതതീവ്രവാദം മാത്രമല്ല ഇടതുപക്ഷ തീവ്രവാദവും ശക്തിപ്രാപിക്കുന്നുവെന്നാണ് മാവോയിസ്റ്റുകള്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ ബന്ദികളാക്കിയത് തെളിയിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതിനിശിതമായി എതിര്‍ക്കുന്ന നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററുകളുടെ (എന്‍സിടിസി) സാംഗത്യം വീണ്ടും ചര്ച്ചാവിഷമാകുകയാണ്.
എസിടിസിയെ അടിച്ചേല്‍പ്പിക്കുന്നതിനെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ശക്തമായി എതിര്‍ത്തു. കേരളത്തില്‍ തീവ്രവാദവും തീരദേശ അരക്ഷിതത്വവും മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധികളും ഇടതുപക്ഷ തീവ്രവാദവും ശക്തിപ്പെടുന്നുവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ സമ്മേളനത്തില്‍ അറിയിച്ചത്. തീരദേശ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളസമുദ്രം കടല്‍ക്കൊള്ള വിമുക്തമാക്കണമെന്ന് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ 30 കിലോമീറ്റര്‍ വരെ റേഞ്ചുള്ള മൊബെയില്‍ സംവിധാനവും ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നു. എന്സിടിസിയെപ്പറ്റിയുള്ള ചര്‍ച്ച മെയ് അഞ്ചിനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും താലിബാന് ആക്രമണമാണ് ഈ വിഷയം പ്രതിപാദിക്കാന്‍ കാരണമായത്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് മേഖല കൂടിയാണെന്നും ലഷ്ക്കറെ തൊയ്ബ ഇവിടെനിന്നും തടിയന്റവിട നസീര്‍ വഴി ഭീകര പ്രവര്‍ത്തനത്തിന് യുവാക്കളെ സംഘടിപ്പിക്കുന്നുണ്ടെന്നും മറ്റുമുള്ള വസ്തുതയും തെളിയിക്കപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ സ്വതന്ത്രാധികാരം അടിമപ്പെടുത്താതെ തീവ്രവാദ ഭീഷണി നേരിടാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: