ന്യൂദല്‍ഹി: ചൈനീസ് സേന 37 തവണയെങ്കിലും സംസ്ഥാന അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇത്തരം സംഭവങ്ങളുണ്ടായിരിക്കുന്നത്. ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച് ഇന്നലെ ദല്‍ഹിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമോലി ജില്ലയിലെ ബരാഹോട്ടി തങ്ങളുടേതാണെന്ന് കാട്ടി ചൈന ഇപ്പോഴും തര്‍ക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 350 കി.മീറ്റര്‍ അകലെ ചൈനയുടെ അതിര്‍ത്തിയിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭൂപ്രദേശങ്ങളിലേക്ക് പലതവണ ചൈനീസ് നുഴഞ്ഞുകയറ്റങ്ങളുണ്ടായിട്ടുണ്ട്. 2006ല്‍ ആറുതവണയും 2007ല്‍ രണ്ടുതവണയും 2008 ല്‍ പത്ത് തവണയും 2010ല്‍ അഞ്ച് തവണയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബഹുഗുണ വ്യക്തമാക്കി. അതിര്‍ത്തിപ്രദേശങ്ങളില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ റോഡുകളുടെ പുനപ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടേറിയതാണെന്നും പ്രത്യേകിച്ച് ഇന്ത്യയിലെ അന്തര്‍ദേശീയ അതിര്‍ത്തിയില്‍ ചൈന ആധുനികഹൈവേ നിര്‍മ്മാണം ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ചും ബഹുഗുണ ആശങ്ക അറിയിച്ചു. നേപ്പാളിലെ മാവോയിസ്റ്റ് സംഘടനയായ യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് പ്രവിശ്യയില്‍ വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡിന്റെ അതിര്‍ത്തിയായ മഹാകലി അഞ്ചല്‍ ആണ് ഇതെന്നും ബഹുഗുണ വ്യക്തമാക്കി. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ 50ഓളം അതിര്‍ത്തി പോസ്റ്റുകളിലായി സുരക്ഷാസേനയെ വിന്യസിക്കണമെന്നും, നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങളും ചില പ്രധാന കേന്ദ്രങ്ങളും ഉള്ള സംസ്ഥാനമാണ് നേപ്പാള്‍, ആയതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഇവിടെ കൂടുതലായി വേണമെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദ്ദേശീയ അതിര്‍ത്തിയായ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ രഹസ്യാന്വേഷണ ശൃംഖലയുടെ ശക്തി വര്‍ധിപ്പിക്കണമെന്നും, ഇവിടെ സുരക്ഷാ ഭീഷണി കൂടുതലാണെന്നും ബഹുഗുണ കൂട്ടിച്ചേര്‍ത്തു. പതിനാറോളം ഭീകരസംഘടനകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികളേയും കര്‍ഷകരേയും സ്ത്രീകളേയും തൊഴിലാളികളേയുമാണ് ഇവര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും എഴുതിത്തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിക്കവെ ബഹുഗുണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: