കോഴിക്കോട്: അഞ്ചാംമന്ത്രിക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം എടുത്ത നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അവര്‍ വഹിക്കുന്ന ചുമതലകള്‍ രാജിവെക്കാനുള്ള ആര്‍ജവം കാണിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഞ്ചാംമന്ത്രിക്കാര്യത്തില്‍ കേരളത്തിലുണ്ടായ ശക്തമായ ജനവികാരത്തെ തണുപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് രമേശ് ചെന്നിത്തലയും ആര്യാടനും നിര്‍വ്വഹിക്കുന്നത്. തങ്ങളുടെ അഭിപ്രായ വ്യത്യാസം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനവും ആര്യാടന് മുഹമ്മദ് മന്ത്രിസ്ഥാനവും രാജിവെക്കാന്‍ തയ്യാറാകണം.
കോണ്‍ഗ്രസിന്റെ നിലപാട് ആത്മഹത്യാപരമാണ്. മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദരാഷ്ട്രീയം കേരളത്തില്‍ സാമുദായിക ധ്രുവീകരണം വരുത്തിവെക്കുന്നതാണ്. മുസ്ലീംലീഗിന് അമിതാധികാരമാണിപ്പോള് കൈവന്നിരിക്കുന്നത്. പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ടാണ് മന്ത്രിസ്ഥാനം കൊടുക്കേണ്ടിവന്നത് എന്ന വാദം കേരളംതന്നെ പാണക്കാടിന് അടിയറവെക്കുന്നതിന് തുല്യമാണ്. വിഷസര്പ്പങ്ങളുടെയിടയില് കഴിഞ്ഞ പാമ്പ് വേലായുധന്റെ ഗതിയായിരിക്കും മുഖ്യമന്ത്രി ചാണ്ടിക്ക് നേരിടേണ്ടിവരിക. മുസ്ലീംലീഗിന്റെ ധിക്കാരപരമായ ആവശ്യം അനുവദിച്ചുകൊടുത്തപ്പോള്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നഷ്ടമായി. ഇനി താമസിയാതെ മുഖ്യമന്ത്രി സ്ഥാനവും നഷ്ടമാകും.
എല്ഡിഎഫിന്റേതും വഞ്ചനാപരമായ നിലപാടാണ്. അഞ്ചാം മന്ത്രികാര്യത്തില്‍ എല്‍ഡിഎഫ് നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഭയക്കുകയാണ് സിപിഎം ലീഗിന് രാഷ്ട്രീയ മാന്യത ഉണ്ടാക്കിക്കൊടുത്തത് സിപിഎം ആണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുക്കുന്ന എല്ലാതീരുമാനങ്ങളും വര്‍ഗ്ഗീയ പ്രീണനത്തിന്റേതാണ.് ടോമിന് തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനും കുറ്റവിമുക്തനാക്കിയതിനും ഒരു ന്യായീകരണവുമില്ല. എന്‍.ഐ.എ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അഞ്ചാം മന്ത്രിക്കാര്യത്തില്‍ എന്‍.എസ്.എസ്സും, എസ്.എന്‍.ഡി.പി.യും ഇപ്പോള്‍ എടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ പ്രീണനനയത്തിനെതിരെ ബിജെപി ശക്തിയായ പ്രക്ഷോഭം നടത്തുമെന്ന് സുരേന്ദ്രന് വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി.രഘുനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: