കോട്ടയം: പെട്രോളുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ വാഗണില്‍ തീപിടിച്ചു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. റെയില്‍വേ, ഫയര്‍ ഫോഴ്സ് അധികൃതര്‍ അവസരോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് പൊട്ടിത്തെറി ഉണ്ടാകാതെ തീയണയ്ക്കാന്‍ കഴിഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു വേണ്ടി പെട്രോളുമായി തിരുനെല്വേലിയിലേക്കു പോകുകയായിരുന്ന ഗുഡ്സ് ട്രെയിയിനിന്റെ വാഗണിലാണു തീ പടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.45നു കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനെത്തിയപ്പോഴാണു തീ പടര്‍ന്നത്. ട്രെയിനിലെ പത്താമത്തെ വാഗണിലാണ് തീ പടര്‍ന്നത്. ഇതേ സമയം റെയില്‍വേ സ്റ്റേഷന് മാനേജര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ഫോഴ്സ് സംഭവസ്ഥലത്തെത്തിയിരുന്നു. ആദ്യം ഫോം ഉപയോഗിച്ച് തീ അണച്ചശേഷം വെളളം ഒഴിച്ച് തണുപ്പിച്ച് അപകടസാധ്യത ഒഴിവാക്കി. സംഭവത്തെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കോറോളം മുടങ്ങി.
റെയില്‍വേ മെക്കാനിക്കല്‍ വിഭാഗവും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അധികൃതരും പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷം വൈകുന്നേരത്തോടെ ട്രെയിന്‍ തിരുനെല്വേലിയിലേക്കു പുറപ്പെട്ടു. ഇലക്ട്രിക്കല്‍ ലൈനില്‍നിന്നും തീപ്പൊരികള്‍ ചിതറിവീണതാകാം അപകടത്തിനു കാരണമെന്നാണ് ഫയര്‍ഫോഴ്സ് സംശയിക്കുന്നത്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ വിരളമാണെന്ന് റെയില്‍വേ അധികൃതരും പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: