അങ്കമാലി: അങ്കമാലി കെഎസ്ആര്‍ടിസി സബ്ബ് ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നരവര്‍ഷം മുമ്പ് ഉദ്ഘാടനം നടന്ന കെഎസ്ആര്‍ടിസി സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലംക്സ് സംസ്ഥാന കെഎസ്ആര്‍ടിസിയുടെ പെയിലറ്റ് പ്രൊജക്ടുകളില്‍ ആദ്യത്തേതായിരുന്നു. ഉദ്ഘാടനം നടന്ന കാലഘട്ടത്തില്‍ ഒരു മാസത്തിനുള്ളില്‍ അങ്കമാലി സബ്ബ് ഡിപ്പോ പ്രവര്‍ത്തനം ആലുവയില്‍ നിന്നും അങ്കമാലിയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നില്ല. വൈദ്യുതി ലഭിക്കാത്തതായിരുന്നു ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായ രീതിയില്‍ തുടങ്ങാന്‍ വൈകിയത്. വൈദ്യുതി ബോര്‍ഡും കെ.എസ്.ആര്.ടി.സി.യും തമ്മിലുള്ള തര്‍ക്കമായിരുന്നു വൈദ്യുതി ലഭിക്കുവാന്‍ വൈകുന്നതിന് കാരണമായത്.
കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡ് പുതുക്കി പണിതപ്പോള്‍ കൂടുതല്‍ വൈദ്യുതി നല്‍കുന്നതിന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കണമായിരുന്നു. ഇതിന് കറുകുറ്റി സബ് സ്റ്റേഷനില്‍നിന്നും അങ്കമാലിയിലേക്ക് 175 ഓളം പോസ്റ്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ലൈന്‍ വലിച്ചാല്‍ മാത്രമേ പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിന് ആവശ്യമായ തുക മുഴുവനും കെ.എസ്.ആര്.ടി.സി. അടയ്ക്കണമെന്ന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടു. ഈ ട്രാന്‍സ്ഫോമറില്‍നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്ക് വൈദ്യുതി വലിക്കുന്നതുകൊണ്ട് മുഴുവന്‍ തുകയും അടയ്ക്കുവാന്‍ പറ്റില്ലെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍ നിലപാടെടുത്തു. ഇതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നീട് ഉന്നതതലങ്ങളില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. പൂര്‍ണ്ണമായും ചെലവു വരുന്ന തുക അടയ്ക്കുകയായിരുന്നു. പിന്നീട് പുതിയ ട്രാന്‍സ്ഫോമറുകള്‍ വച്ച് വൈദ്യുതി നല്‍കിയതോടെയാണ് അങ്കമാലി കെ.എസ്.ആര്.ടി.സി.സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിച്ചത്. എന്നിരുന്നാലും വാണിജ്യസ്ഥാപനങ്ങള്‍ ഒന്നുംതന്നെ ഇതുവരെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. വൈദ്യുതി ലഭിച്ചതുമൂലം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ നിലവില്‍ 66 ഷെഡ്യൂളുകള്‍ അങ്കമാലിയില്‍ നടത്തുന്നുണ്ട്. കൂടാതെ 57 ഓര്‍ഡിനറി ബസ്സുകളും 10 ഓളം ജനറോം ബസുകളും സര്‍വ്വീസ് നടത്തുന്നു. എ.ടി.ഒ, അസിസ്റ്റന്റ് എ.ടി.ഒ, സ്റ്റേഷന് മാസ്റ്റര്‍ തുടങ്ങി ഓഫീസ് സ്റ്റാഫ് തന്നെ 30 ഓളം പേര് ഇവിടെ ജീവനക്കാരായുണ്ട്. മെക്കാനിക്കല്‍ ജോലിക്കാര്‍ 10 പേരോളം ഉണ്ട്. കൂടാതെ കണ്ടക്ടറും ഡ്രൈവര്‍മാരായി 150 ഓളം പേര് വേറെയും വരും. ഓഫീസിനും ഗ്യാരേജിനുമായി 3 നിലകെട്ടിടം ഇവിടെ പണി പൂര്‍ത്തിയാക്കിയിട്ടും പ്രവര്‍ത്തനം ആലുവയില്‍ തുടര്‍ന്നിരുന്നത് കെ.എസ്.ആര്.ടി.സി.യ്ക്കും ജോലിക്കാര്‍ക്കും ബാധ്യതയാവുകയായിരുന്നു. കൂടാതെ കെ.എസ്.ആര്.ടി.സി.യ്ക്ക് വന്‍ സാമ്പത്തിക നഷ്ടവും വന്നിരുന്നു. അങ്കമാലിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇതിനെല്ലാം പരിഹാരമായി.
അങ്കമാലി കെ.എസ്.ആര്.ടി.സി. സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഓഫീസ് പ്രവര്‍ത്തനങ്ങളും ഇതുവരെ തുടങ്ങാന്‍ കഴിയാതിരുന്നത് രാഷ്ട്രീയപകപോക്കലായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കമെന്നാവശ്യപ്പെട്ട് നിരവധി സമരപരിപാടികള്‍ നടന്നതിനുശേഷമാണ് ഓഫീസ് പ്രവര്‍ത്തനം മറ്റും ഇവിടേക്ക് മാറ്റി സ്ഥാപിച്ചത്. കെ.എസ്.ആര്.ടി.സി.യ്ക്ക് ഗതാഗതേര മാര്‍ഗത്തിലൂടെ ലാഭം ഉണ്ടാക്കുവാന്‍ 32 കോടി രൂപ മുടക്കി കെ.റ്റി.ഡി.എഫ്.സി.യുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനത്തെ പെയിലറ്റ് പ്രൊജക്ടായി അങ്കമാലി കെ.എസ്.ആര്.ടി.സി.സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പണികഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: