അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി സംഭവത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് അമ്പത്തിയേഴുപേര്ക്കുമെതിരെ തെളിവുകളില്ലെന്ന് സുപ്രീംകോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജാഫ്രി നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഗുല്‍ബര്‍ഗയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട എം.പി.ഇഷാന് ജഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി. സാക്കിയ നല്കിയ പരാതിയില്‍ പറയുന്ന ഒരാള്‍ക്കെതിരെയും സംഭവത്തില്‍ പങ്കുള്ളതായി പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എം.എസ്.ഭട്ട് പറഞ്ഞു. നരേന്ദ്രമോഡിയായിരുന്നു പരാതിയില്‍ പ്രഥമ സ്ഥാനത്ത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തില്‍ സാക്കിയ ജഫ്രിയുടെ പരാതിയില്‍ പറയുന്ന അമ്പത്തിയെട്ടുപേര്ക്കെതിരെ ഒരു കുറ്റവും കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. സ്വാഭാവിക നീതിയെന്ന നിലയ്ക്ക് പരാതിക്കാരിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പിയും ബന്ധപ്പെട്ട രേഖകളും നല്‍കുമെന്ന് കോടതി സൂചിപ്പിച്ചു. മുപ്പത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കണം.
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തില്‍ സാക്കിയ ജഫ്രിയുടെ ഭര്‍ത്താവ് ഇഷാന് ജഫ്രി ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാരോപിച്ച് നരേന്ദ്രമോഡി, ചില മന്ത്രിസഭാംഗങ്ങള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ആര്.കെ.രാഘവന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണസംഘമാണ് പരാതിയില്‍ അന്വേഷണം നടത്തിയത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്തരുതെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കോടതിയില്‍ വാദിച്ചിരുന്നു. അന്വേഷണസംഘം കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതുവരെ പകര്‍പ്പുകള്‍ നല്‍കാനാവില്ലെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. മാര്‍ച്ച് 15ന് എസ്ഐടി കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചതോടെ ജഫ്രി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്ട്രേറ്റിന്റെ വിലയിരുത്തലിനുശേഷം മാത്രമേ പകര്‍പ്പ് കൈമാറാന്‍ സാധിക്കുകയുള്ളൂവെന്ന് അന്വേഷണസംഘം പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരായ പരാതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പത്തുവര്‍ഷമായി തുടരുന്ന അപവാദ പ്രചരണത്തിന്റെ അവസാനമാണെന്ന് ബിജെപി വ്യക്തമാക്കി. 2002 ഗുല്‍ബര്‍ഗ സംഭവത്തിലെ മോഡിയുടെ പങ്കിനെക്കുറിച്ചാണ് അന്വേഷണം നടന്നത്. നരേന്ദ്രമോഡിക്കെതിരെ തെളിവില്ലെന്ന സുപ്രീംകോടതി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. പത്ത് വര്‍ഷമായി തുടരുന്ന അപവാദപ്രചരണം ഇനി നിര്‍ത്താം.
ഗുജറാത്തില്‍ നടന്ന കലാപവും മരണവും ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ നരേന്ദ്രമോഡിയെക്കൂടി വിചാരണ ചെയ്യണമെന്ന സാക്കിയ ജഫ്രിയുടെ വാദം പ്രത്യേക അന്വേഷണസംഘം തള്ളിയിരിക്കുന്നു. അന്വേഷണസംഘത്തെ നിയമിച്ചത് സുപ്രീംകോടതിയാണെന്നും ഗുല്‍ബര്‍ഗാ സൊസൈറ്റി കേസ് സമയാസമയം കോടതി വിലയിരുത്തിയിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പത്ത് വര്‍ഷമായി ഗുജറാത്തില്‍ യാതൊരുവിധ കലാപവുമില്ലെന്നും ഗുജറാത്തിന്റെ വികസന മാതൃക അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള കരണത്തടിയാണ് കോടതി ഉത്തരവെന്ന് ബിജെപി പറഞ്ഞു.
‘ഇരകള്‍ക്ക് നീതിക്കായി’ എന്ന മുദ്രാവാക്യമുയര്‍ത്തി ചില സര്‍ക്കാരിതര സംഘടനകള്‍ സര്‍ക്കാരിനെതിരെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ ഈ കപടനാട്യക്കാരെ തിരിച്ചറിഞ്ഞു. സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെയും സംസ്ഥാന പോലീസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മുഖത്ത് കരിവാരിത്തേക്കാന്‍ തുനിഞ്ഞവര്‍ക്ക് കരണത്തടിയേല്ക്കുന്നതാണ് കോടതി ഉത്തരവ്, സര്‍ക്കാര്‍ വക്താവ് ജയ്നാരായണ്‍ വ്യാസ് പറഞ്ഞു. അതേസമയം, ഇരകള്‍ക്ക് നീണ്ട പത്ത് വര്‍ഷങ്ങളാണ് നീതിക്കായി കാത്തിരിക്കേണ്ടിവന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് അര്ജുന് മൊദ്വാഡിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: