പാര്‍ട്ടി കോണ്‍ഗ്രസ് എന്ന മഹാമേള ഇത്തവണ കോഴിക്കോട് നടക്കുന്നു. മാധ്യമങ്ങളെല്ലാം ആഘോഷമാക്കേണ്ടിയിരുന്ന ഈ മേളയെക്കാള്‍ താളം കോണ്‍ഗ്രസിനായി. അഞ്ചാം മന്ത്രിയും തൂക്കമൊപ്പിക്കലുമെല്ലാമായി കൂഴച്ചക്ക പോലെ കോണ്‍ഗ്രസ്. അതു കൊണ്ടെന്തുണ്ടായി പാര്‍ട്ടി കോണ്‍ഗ്രസിന് മങ്ങലേറ്റു. മാധ്യങ്ങള്‍ കണ്ടാലും കണ്ടില്ലെങ്കിലും നിശ്ചയിച്ച രീതിയില്‍ സമ്മേളനം അവസാനിപ്പിച്ചല്ലേ പറ്റൂ. പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രത്യയശാസ്ത്ര പ്രമേയവും സജീവമായി ചര്‍ച്ച ചെയ്യുന്നു. അഖിലേന്ത്യാ തലത്തിലാണ് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതെന്നാണ് സങ്കല്പമെങ്കിലും രണ്ടു മൂന്നിടത്തെ കാര്യങ്ങളിലാണ് ഊന്നേണ്ടത്. ബംഗാള്‍, കേരളം, ത്രിപുര. അംഗസംഖ്യ കൂട്ടണമെങ്കില്‍ ഒരിക്കല്‍ കൂടി പറയാം. ത്രിപുര, കേരളം, ബംഗാള്‍. അംഗങ്ങളില്‍ 73.12ശതമാനം ഈ സംസ്ഥാനങ്ങളിലാണല്ലോ. ആന്ധ്രയും തമിഴ്നാടും കൂട്ടിച്ചേര്‍ത്താല്‍ 90.04ശതമാനം. ബാക്കി സംസ്ഥാനങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കണക്കിന് പോയാല്‍ ഇനി കഴിയുമെന്നും തോന്നുന്നില്ല. മാത്രമല്ല ഉള്ളതും പോകുമോ എന്നതാണ് ശങ്ക. ദേശീയ കക്ഷി എന്ന പദവി നിലനിര്‍ത്തുന്നത് ശക്തി കൊണ്ടല്ല, മാനദണ്ഡം മയപ്പെടുത്തിയതു കൊണ്ടാണെന്നാര്ക്കാണറിയാത്തത്. അതിന് നന്ദിയാരോടു ചൊല്ലേണ്ടു എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രം. ബിജെപിയോട്. വിഷയം അതല്ലാത്തതുകൊണ്ട് വിശദീകരിക്കുന്നില്ല.
മുഖ്യമായ മൂന്നു സംസ്ഥാനങ്ങളില്‍ സംഘടനാ ബലം കൊണ്ടും കര്‍മശേഷി കൊണ്ടും സാമ്പത്തിക മേന്മ കൊണ്ടും പ്രശംസിക്കപ്പെടുന്നതാണ് കേരളം. കേരളത്തിലെ സ്ഥിതി പരിശോധിക്കുമ്പോഴറിയാം അവശേഷിക്കുന്ന ഭാഗങ്ങളിലെ ശേഷി. ഒട്ടും നിലവാരമില്ലാത്ത അംഗങ്ങള്‍ ഏറെ കൂടുതലുണ്ടത്രെ കേരളത്തില്‍. അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം അംഗത്വം നല്കി. വിഭാഗീയത തഴച്ചു വളര്‍ന്നപ്പോള്‍ തലയെണ്ണി കാര്യം നേടാനായിരുന്നു ഇത്. അപരിചിതമായ ചേലുകളും ശീലങ്ങളും പാര്‍ട്ടിയുടെ സ്വഭാവമായി. ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുക്കാത്തവരും അംഗത്വ കാര്‍ഡുമായി ഞെളിഞ്ഞു നടക്കുന്നു. പാര്‍ട്ടി വിദ്യാഭ്യാസമെന്നത് അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നു പോലും അറിയുന്നില്ല. രാഷട്രീയ, പ്രത്യായശാസ്ത്ര, സംഘടനാ തലങ്ങളില്‍ അംഗങ്ങള്‍ക്ക് നിലവാരം തീരെ പോരാ. കൈക്കൂലി, സാമ്പത്തിക ക്രമക്കേട് എന്നിവ പൊറുക്കാം. അതിലും വലുതാണല്ലോ സ്ത്രീ വിഷയം, മദ്യപാനം. അതും പാര്‍ട്ടി അംഗങ്ങളില്‍ പരിമിതമല്ല, പരമാവധിയായി. അഞ്ചാറു വര്‍ഷം മുമ്പ് ഇതൊക്കെ ചൂണ്ടിക്കാട്ടിയെങ്കിലും കാതലായ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ പരിഭവം. ഫലമെന്താണെന്നല്ലേ ? അംഗസംഖ്യ കുത്തനെ കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ കാല് ലക്ഷത്തിലധികം പേര് അംഗസംഖ്യ പുതുക്കിയിട്ടില്ല. മൊത്തം പാര്ട്ടിക്കരുത്തിന്റെ 7.89ശതമാനമാണ് ചോര്‍ച്ച. കാന്‍ഡിഡേറ്റ് മെംബര്‍മാരും പാര്‍ട്ടിക്കു പ്രധാനമാണ്. 8091 പേര് അംഗത്വം പുതുക്കിയിട്ടില്ല. 20.46ശതമാനമാണിത്. ജനാധിപത്യം അംഗീകരിക്കുമ്പോള്‍ പാര്‍ട്ടിയില്‍ ചേരാനും പാര്‍ട്ടിയില്‍ നിന്നിറങ്ങാനും സ്വാതന്ത്ര്യമുണ്ട്. ഈ കുറവ് നികത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ അതിനെക്കാള്‍ പ്രധാനമാണ് ഗുണനിലവാരം. ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കണമെന്ന ചര്‍ച്ച നടക്കുന്നത് ശീതീകരിച്ച സമ്മേളന ഹാളിലാണല്ലോ. ശീതീകരണ സംവിധാനത്തിന് കുറച്ചു സമയം പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ടപ്പോള്‍ പ്രവര്‍ത്തകര്‍ അവശരായെന്നാണ് വാര്‍ത്ത. പഞ്ചനക്ഷത്ര സംസ്കാരവും സംവിധാനവും പാര്ട്ടിക്കാര്ക്കെന്തേ പറ്റില്ലേ എന്ന ചോദ്യം അപ്രസക്തമല്ല. ‘നാടേ ഓടുമ്പോള്‍ നടുവേ ഓടണം’ എന്നാണല്ലോ. “പരിപ്പുവടയും കട്ടന്‍കാപ്പിയും കുടിച്ച്, അലക്കി തേയ്ക്കാത്ത തുണിയുമുടുത്തു നടന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ആളെ കിട്ടില്ലെന്ന” ഒരു കേന്ദ്രകമ്മിറ്റി അംഗത്തിന്റെ വിലയിരുത്തല്‍ വെറും വ്യക്തിപരമെന്നു പറഞ്ഞ് എഴുതിത്തള്ളാന്‍ പറ്റില്ല. പാര്‍ട്ടിയിലെ നയവ്യതിയാനങ്ങള് അതാണ് വ്യക്തമാക്കുന്നത്. പുതിയ ദിശ വെട്ടിത്തുറക്കാനാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ച. ഇനി മൂന്നാം ബദല്‍ ഇല്ല. പകരം ഇടതു ബദലാണ്. ഇടതു കക്ഷികളും സ്വാഭാവിക സുഹൃത്തുക്കളുമെല്ലാം ചേരുന്ന മൂന്നാം ബദല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ചുരുങ്ങിയത് മൂന്നു ദശാബ്ദങ്ങളെങ്കിലുമായി. തിരഞ്ഞെടുപ്പടുക്കുമ്പോഴൊക്കെ ഉദയം ചെയ്യുന്നതായിരുന്നു അത്. ഇനി ഇടതു ബദല്‍ മാത്രമാകുമ്പോള്‍ എവിടെയൊക്കെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യമുയര്‍ത്താനും സാധിക്കും ? തുടക്കത്തില്‍ പറഞ്ഞ മൂന്നിട അല്ലാതെ മേറ്റ്വിടയെങ്കിലും മുഴക്കങ്ങളുണ്ടാക്കാന് കഴിയുമോ ! മാത്രമല്ല ‘ഇടത്’ എന്ന പ്രയോഗം തന്നെ അപ്രസക്തമായില്ലേ ?
‘വൈദേശിക ചരടുകളില്ലാത്ത ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി’ അതാണത്രെ പുതിയ ലക്ഷ്യവും പരിപാടിയും. അതെങ്ങനെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാകും. കമ്മ്യൂണിസ്റ്റാശയം തന്നെ വൈദേശികമല്ലേ ? പരിപാടി പണ്ടേ ഉപേക്ഷിച്ചു. നയവും കൈവിടുന്നു. എന്നിട്ടും ‘കമ്മ്യൂണിസ്റ്റ് ലേബല്‍’ ഒട്ടിക്കുമ്പോള്‍ അതിനെ ‘ഒസ്സാന്റെ കത്തി’യോടു മാത്രമേ ഉപമിക്കാനാകൂ. പണ്ടൊരു ഒസ്സാന് (ബാര്‍ബര്‍) ന്റുപ്പുപ്പാന്റെ കാലത്തെ കത്തിയാണിതെന്ന് ഇടയ്ക്കിടക്ക് വീമ്പടിക്കുമത്രെ. പക്ഷേ അതിന്റെ അലക് (പിടി) മാറ്റിയത് അരനൂറ്റാണ്ടു മുമ്പ്. കത്തി മാറ്റിയിട്ടും വര്ഷമത്ര തന്നെ. എന്നിട്ടും കത്തിയുടെ പ്രായം ഉപ്പുപ്പാന്റെ കാലം. ആ പൊരുത്തക്കേടു തന്നെയാണ് പ്രത്യയശാസ്ത്രം മാറ്റുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും സംഭവിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം എന്തു സംഭവിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
അതുപോലെ തന്നെ ആകാംക്ഷയുളവാക്കുന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥിതി. ഏറെക്കാലം ഇന്ത്യാമഹാരാജ്യം ഒറ്റയ്ക്കു ഭരിച്ച കക്ഷിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഒറ്റയ്ക്കല്ലെങ്കിലും കേന്ദ്രഭരണ നേതൃത്വം ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. പറഞ്ഞിട്ടെന്തു ഫലം ? ഒരു ജില്ലയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന കൊച്ചു പാര്‍ട്ടി, കോണ്‍ഗ്രസു പാര്‍ട്ടിയെ വട്ടം ചുറ്റിക്കുന്നു. ‘ചാടിക്കളിക്കെടാ കുഞ്ഞുരാമാ ആടിക്കളിക്കെടാ കുഞ്ഞുരാമാ’ എന്ന മാതിരി കുരങ്ങു കളിപ്പിക്കുകയാണ്.
ലീഗിനു വേണം അഞ്ചാം മന്ത്രി. അഞ്ചാം മന്ത്രിയെ നല്കിയാല് കേരളത്തിന്റെ സാമൂഹ്യസന്തുലിതാവസ്ഥ തകരുമെന്നാണ് കോണ്‍ഗ്രസ് വിലാപം.
ഹിന്ദുഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ന്യൂനപക്ഷ മന്ത്രിമാരുടെ എണ്ണം കൂടുമത്രെ. ഇത് തനി വര്‍ഗീയ കാഴ്ചപ്പാടാണെന്ന് ആര്‍ക്കാണറിയാത്തത്. ഭൂരിപക്ഷ സമുദായത്തിന്റെ പേരില്‍ വിലപേശല്‍ നടത്തി തന് കാര്യം നേടലാണ് ലക്ഷ്യമെന്നതില്‍ വല്ല സംശയവുമുണ്ടോ ? സ്ഥാനം നേടുന്നതു വരെ മാത്രമല്ലെ ഭൂരിപക്ഷ സമുദായത്തോടുള്ള മമത. അതു കിട്ടിയാല്‍ പാലം കടന്നു. പിന്നെ കൂരായണ. ഇതെത്ര കണ്ടതാണ് കേരളീയര്‍. വോട്ടു കിട്ടാന്‍ ജാതിമത കാര്‍ഡിറക്കും. അത് ആറുപതിറ്റാണ്ടായി തുടരുകയാണ്. ലീഗിന്റെ സ്ഥാനലബ്ധിയില്‍ ആശങ്കയുള്ളവര്‍ ലീഗുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലീഗിന് 20 എംഎല്‍എമാരെ നേടിക്കൊടുത്തവരാണ് കോണ്‍ഗ്രസുകാര്‍. കരുത്തിനൊത്ത് കാര്യം കിട്ടണമെന്ന ശാഠ്യം ലീഗിന് ഇപ്പോള്‍ തുടങ്ങിയതാണോ ? തലയെണ്ണിയാണല്ലോ പാക്കിസ്ഥാന് നേടിയത്. ഇപ്പോഴും അതു തന്നെ. ജിന്നയ്ക്കു പകരം അഹമ്മദ് പ്രസിഡന്റ്. ആട്ടിന്‍ തോലണിഞ്ഞാലും സ്വഭാവം മാറില്ലല്ലോ. “ലീഗ് ചത്ത കുതിര”യാ ണെന്ന് നെഹ്റു പണ്ടു പറഞ്ഞിരുന്നു. അതിനെ പടക്കുതിരയാക്കിയതും കോണ്‍ഗ്രസ്. പണ്ട് തൊപ്പിയൂരിച്ച്, ലീഗില്‍ നിന്നും രാജി വയ്പ്പിച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കി കോണ്‍ഗ്രസ്. തൊപ്പിയൂരാതെ മകന് മുനീറിനെ സ്പീക്കറാക്കാമെന്ന് സമ്മതിച്ചിട്ടും ലീഗ് വഴങ്ങുന്നില്ല. ആദ്യമായി മന്ത്രിസ്ഥാനങ്ങള്‍ നല്കി ലീഗിനെ മഹത്ത്വവത്കരിച്ച മാര്‍ക്സിസ്റ്റു പാര്‍ട്ടിയും സന്തുലനത്തിന്റെ പേരില്‍ വിലപിക്കുന്നു. ലീഗും കോണ്‍ഗ്രസും രാഷ്ട്രീയ കൂട്ടുകെട്ടിലേര്പ്പെട്ടതില് സിപിഎമ്മിന് പണ്ട് ഏറെ കുണ്ഠിതമുണ്ടായതാണ്.
“കോണ്‍ഗ്രസിന്റെ കൊടിക്കൊമ്പില് എങ്ങനെ വന്നീ മൂന്നു കൊടി”-‘കൊടിയഴി, കൊടിയഴി കോണ്‍ഗ്രസേ-ലീഗിന്റെ കൊടിയഴി കോണ്‍ഗ്രസേ’-തുടങ്ങിയ മുദ്രാവാക്യങ്ങളും അന്നു മുഴങ്ങി. മാത്രമല്ല ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് ഇ.എം.എസ് ആവശ്യപ്പെടുകയും ചെയ്തു. 1962 ജനുവരി 19ന് കെപിസിസി പ്രസിഡന്റ് സി.കെ.ഗോവിന്ദന്‍നായര്‍ക്ക് കത്തുമെഴുതി. ‘കോണ്‍ഗ്രസു വിട്ടാല്‍ ലീഗിനെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൂട്ടില്ലെന്നും’ ഉറപ്പു നല്കി.
പക്ഷേ മൂന്നു വര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ പരോക്ഷമായും 1967ല്‍ പ്രത്യക്ഷമായും കൂട്ടുകെട്ടുണ്ടാക്കി. ഇന്ന് ലീഗ് വിരോധം സിപിഎമ്മിന് ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന ന്യായം മാത്രം. കേരള രാഷ്ട്രീയത്തില്‍ തെളിമയും ഗരിമയുമുണ്ടായിരുന്ന നേതാവായിരുന്നു കെ.ജി.മാരാര്‍. ജനസംഘത്തില്‍ തുടങ്ങി ബിജെപിയുടെ സംസ്ഥാനത്തെ സമുന്നത നേതാവായി ഏറെക്കാലം അദ്ദേഹം നിറഞ്ഞു നിന്നു. രാഷ്ട്രീയ വിശകലനവും വിലയിരുത്തലും നടത്താന്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. വലതുപക്ഷ രാഷ്ട്രീയത്തില്‍ ഒന്നാം സ്ഥാനമാണ് കോണ്‍ഗ്രസിന്. അതിനൊരു ഇടതു ചായ്വ്. ഇടതു രാഷ്ട്രീയത്തില്‍ പ്രഥമസ്ഥാനമുണ്ടെന്നവകാശപ്പെടുന്നതാണ് സിപിഎം. അതിനാകട്ടെ വലതു ചായ്വും. ഈ വ്യതിയാനം സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന കെ.ജി.മാരാര്‍ പറയുമായിരുന്നു-“രണ്ടും തമ്മില്‍ വ്യത്യാസം ഇത്രമാത്രം. ഒന്ന് പാര്‍ട്ടി കോണ്‍ഗ്രസ്. മറ്റേത് കോണ്‍ഗ്രസ് പാര്‍ട്ടി.”
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: