രോഗാതുരത മനസുകൊണ്ട് നിയന്ത്രിക്കാനാവുമെന്ന് കാന്‍സര്‍ ബാധിതയായിരുന്നപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. പക്ഷെ വാര്ധക്യാവസ്ഥയും വാര്‍ദ്ധക്യസഹജമായ സന്ധിവേദനകള്പോലും ഒരു തരം മാനസികരോഗമാണെന്നും അതിനെ അവഗണിച്ച് കര്‍മനിരതരായാല്‍ ശരീരം ഇച്ഛാശക്തിയ്ക്കു വഴങ്ങുമെന്നും എനിക്ക് മനസ്സിലായത് ഗാന്ധിയനായ ഡോ.എന്‍.എസ്.സുബ്ബറാവുവിനെ പരിചയപ്പെട്ടപ്പോഴാണ്.
ഡോ.സുബ്ബറാവു നാഷണല്‍ യൂത്ത് പ്രോജക്ടിന്റെ പ്രസിഡന്റും മധ്യപ്രദേശിലെ കുപ്രസിദ്ധമായ ചമ്പല്‍ താഴ്വരയിലുള്ള മഹാത്മാഗാന്ധി സേവാശ്രമം നടത്തുന്ന ആളുമാണ്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലും സഞ്ചരിച്ച് യുവജനങ്ങളെ പങ്കെടുപ്പിച്ച് അവര്‍ക്ക് ധാര്‍മിക മൂല്യങ്ങള്‍ പകര്ന്നുനല്കി സമൂഹത്തിലെ അപചയങ്ങളെ തുടച്ചുമാറ്റാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന വ്യക്തി. വൃദ്ധനായ അദ്ദേഹം ഒരു കാലില്‍ ബ്രേസ് ഇട്ട്, വടി ഉപയോഗിച്ച് നടക്കുന്നയാളാണ്. അദ്ദേഹവും ഒപ്പം ചമ്പല്‍ ക്യാമ്പിലെ നൂറിലധികം യുവാക്കളും മട്ടാഞ്ചേരിയില്‍ എത്തിയത് ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. ഒരുദിവസത്തെ ക്യാമ്പിന് ശേഷം അദ്ദേഹവും അനുയായികളും പോയത് ലക്ഷദ്വീപിലേയ്ക്ക്.
ക്യാന്‍സര്‍ ബാധയ്ക്കും ബൈപാസ് സര്‍ജറിയ്ക്കും കാര്‍ ആക്സിഡന്റില്‍ നട്ടെല്ലില്‍ ഉണ്ടായ പൊട്ടലിനും ശേഷം എന്റെ കാല്‍മുട്ടുകള്‍ക്ക് മജ്ജയില്ലാതെയായി. നടക്കാനും പ്രയാസമാണ്. വേദന കാരണം നടക്കാന്‍ മടിക്കുന്ന എന്റെ ശീലം കിടക്കയില്‍ അഭയം പ്രാപിക്കലാണ്. ഡോ.സുബ്ബറാവുവിനെ കണ്ടശേഷം എനിക്ക് ‘ജനപക്ഷം’ എന്ന സംഘടനയെ കേരളത്തിന്റെ ഗാനഗന്ധര്‍വനൊപ്പം നയിക്കുന്ന ബെന്നി ജോസഫിന്റെ ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികത്തില്‍ പങ്കെടുക്കേണ്ടിവന്നു. കാര്‍ പാര്‍ക്ക് ചെയ്തശേഷം ബെന്നിയുടെ വീട്ടിലേയ്ക്ക് കുറച്ചുദൂരം നടക്കണം. നടക്കാന്‍ വൈമുഖ്യമുള്ള എനിക്ക് അന്ന് നടക്കാന്‍ പ്രേരകമായത് വൃദ്ധനായ ഡോ.സുബ്ബറാവുവിന്റെ വടിപിടിച്ച് ഇച്ഛാശക്തിയോടെയുള്ള നടപ്പാണ്. ഇപ്പോള്‍ ഞാന്‍ രാവിലെയും വൈകിട്ടും സുബ്ബറാവുവിനെ അനുകരിച്ച് 15 മിനിറ്റ് നടക്കുന്നു.
സുബ്ബറാവുവിന്റെ എംജി സേവാശ്രമത്തിന്റെ ലക്ഷ്യം രാജ്യത്തെ ജാതി-മത വിഭാഗീയത, അക്രമം, രാഷ്ട്രീയ ക്രിമിനലൈസേഷന്, പൊതുസമൂഹത്തിലും സ്വകാര്യ ജീവിതത്തിലും നടക്കുന്ന അഴിമതി, സമ്പന്ന-ദരിദ്ര വിടവ്, ദാരിദ്ര്യം, അന്ധവിശ്വാസം, നിരക്ഷരത, ലിംഗവിവേചനം, പാരിസ്ഥിതിക നശീകരണം, മദ്യ-മയക്കുമരുന്നുപയോഗം മുതലായവയ്ക്കെതിരെ സന്ധിയില്ലാ സമരത്തിന് യുവാക്കളെ പ്രചോദിപ്പിക്കുകയും പരിശീലിപ്പിക്കുകയുമാണ്. അദ്ദേഹത്തോടൊപ്പമുള്ള മലയാളികളടക്കം 14 ഭാഷകള്‍ സംസാരിക്കുന്ന യുവതീ-യുവാക്കള്‍ തങ്ങളുടെ സംസ്ഥാനത്തിന്റെ പേര് മാതൃഭാഷയില്‍ പറഞ്ഞവസാനിപ്പിക്കുന്നത് ഭാരത് മാതാ കി ജയ് എന്ന മുദ്രാവചനത്തോടെയാണ്. ഒരു കൊല്ലം 10 ക്യാമ്പുകളെങ്കിലും സംഘടിപ്പിക്കുന്ന സംഘടനയുടെ ഗുജറാത്ത് ക്യാമ്പില്‍ പങ്കെടുത്തത് 23500 യുവാക്കളായിരുന്നുവത്രെ. ഒരിക്കല്‍ സ്പെഷ്യല്‍ ട്രെയിനില്‍ ഒരു വിഷുക്കാലം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒത്തുചേര്‍ന്ന് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച ചരിത്രവും എംജി സേവാശ്രത്തിനുണ്ട്. മറ്റംഗങ്ങളുടെ ഭാഷ പഠിക്കുക, പഠിപ്പിക്കുക, വൈദഗ്ധ്യം പങ്കുവെക്കുക, സമഭാവനയോടെ ജീവിക്കുക അതിനാണിവര്‍ ക്യാമ്പില്‍ ശ്രമിക്കുന്നത്.
പക്ഷെ സാക്ഷര കേരളത്തില്‍ ഇത് എത്രമാത്രം യുവാക്കള്‍ ഉള്‍ക്കൊള്ളും? മാതാപിതാക്കള്‍ സ്വാംശീകരിക്കും? “ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാവണമന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍” എന്നെല്ലാം കവി വിഭാവനം ചെയ്ത നാട്ടിലാണോ ഇന്ന് നാം ജീവിക്കുന്നത്! ശ്രീനാരായണഗുരുവും അയ്യങ്കാളിയും മറ്റും ഉണര്‍ത്താന്‍ ശ്രമിച്ച സാമൂഹ്യ-രാഷ്ട്രീയ അവബോധത്തിന്റെ സ്ഥാനത്ത് ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട, അഴിമതി ശ്വാസോഛ്വാസം പോലെയായിരിക്കുന്ന, പണാധിപത്യ സംസ്കാരം വിളയാടുന്ന കേരളത്തെ ഇനിയെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കരുത്. ഇനി കേരളം അറിയപ്പെടുക ഇന്ത്യയിലെ ‘മക്കാവു’ എന്നായിരിക്കും. വിഎസിന്റെ മകന് വി.എ. അരുണ്‍കുമാര്‍ മക്കാവു ദ്വീപ് സന്ദര്‍ശിച്ച കാരണംകൊണ്ടല്ല ഇത്. മറിച്ച് ‘മക്കാവു’ വില്‍ എന്തിനാണോ പുരുഷന്മാര് പോകുന്നത് അതെല്ലാം ഇന്ന് കേരളത്തില്‍ സുലഭമാകുന്നു എന്നതിനാലാണ്. ധനാധിപത്യം കൊടികുത്തി വാഴുന്ന, രാഷ്ട്രീയ മൂല്യച്യുതിക്ക് വഴിമാറി അഴിമതി രാഷ്ട്രീയം വിളയാടുന്ന കേരളം ഇന്ന് എന്തിനാണ് പ്രസിദ്ധം? പെണ്‍വാണിഭം, മദ്യോപയോഗം, അഴിമതി, ക്വട്ടേഷന്‍, കൊലപാതകം, മോഷണം, മയക്കുമരുന്നുപയോഗം, മായംചേര്‍ക്കല്‍. എല്ലാ വച്ചുനീട്ടുന്ന സാത്താന്റെ സ്വന്തം നാടായി കേരളം എന്നോ മാറിക്കഴിഞ്ഞു.
തെമ്മാടികളുടെ അവസാന സങ്കേതം രാഷ്ട്രീയമാണെന്ന ചൊല്ല് സാര്‍ത്ഥകമാക്കിയാണ് കേരളത്തില്‍ ഇടതു-വലതു രാഷ്ട്രീയ ചേരികള്‍ വേരുറപ്പിക്കുന്നത്. സമൂഹം സേവനത്തിനുള്ളതല്ല, ചൂഷണത്തിനുള്ളതാണ് എന്നാണ് രാഷ്ട്രീയ സമവാക്യം. ഭൂമി കൃഷി ചെയ്യാനുള്ളതല്ല, കയ്യേറാനുള്ളതാണ്. വെള്ളം കുടിക്കാനും കുളിക്കാനുമുള്ളതല്ല, മാലിന്യം തള്ളുന്നതിനുള്ളതാണ്. ഇന്നത്തെ കേരളത്തിലെ അമ്മയും പെങ്ങളും മകളും മകനും ചെറുമക്കളും അയല്‍വാസിയും എല്ലാം ഉപഭോഗവസ്തുക്കള്‍ മാത്രം. സാമൂഹിക തത്വങ്ങള്‍ ഇപ്പോള്‍ എന്താണ്? ഭൗതിക നേട്ടങ്ങള്‍ക്കുള്ള ആര്‍ത്തി, സ്വജനപക്ഷപാതം, അസൂയ, ക്രൂരത, മതവിദ്വേഷം, വര്‍ഗീയത… പട്ടിക നീളുന്നു. ഇന്ന് മനുഷ്യരായി കേരളത്തില്‍ ആരുമില്ല. ഒരാള്‍ ഒന്നുകില്‍ ഹിന്ദു അല്ലെങ്കില്‍ ക്രിസ്ത്യന്‍ അതുമല്ലെങ്കില്‍ മുസ്ലീം എന്നായിരുന്നു എന്റെ ചെറുപ്പകാലത്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഈഴവര്‍, നായര്‍, എഴുത്തച്ഛന്, പട്ടികവിഭാഗങ്ങള്‍ (അവരിലും തിരിവായി) ഷിയാ-സുന്നി, ജമാഅത്തെ ഇസ്ലാമി, കാന്തപുരം വിഭാഗം, കത്തോലിക്കര്‍, മാര്‍ത്തോമാ, ജാക്കോബൈറ്റ്, ഓര്‍ത്തഡോക്സ്, ലാറ്റിന്‍ കത്തോലിക്കര്‍- എത്രമാത്രം വിഭാഗീയമാകാമോ അത്രമാത്രം നമ്മള് ആയിക്കഴിഞ്ഞു. ഗാന്ധിജിയുടെ കോണ്‍ഗ്രസും തൊഴിലാളിവര്ഗത്തെപ്പേറുന്ന കമ്മ്യൂണിസ്റ്റുകളും മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നയം തീരുമാനിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കാന്‍ സീറ്റുകള്‍ നല്‍കുന്നത് പോലും മണ്ഡലത്തിലെ ജാതി-മത അനുപാതത്തിന്റെ അടിസ്ഥാനത്തിലായി മാറി. ഐക്യകേരളത്തിന്റെ ഐക്യം വിഭാഗീയതയിലാണ്. ആരും ആര്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തിലല്ല വോട്ട് നല്‍കുന്നത്. ‘ഞമ്മന്റെ ആള്’ ആകണം അല്ലെങ്കില്‍ ‘ഗാന്ധി’ കയ്യില്‍ വരണം, ഒപ്പം കുപ്പിയും. ഗാന്ധിസം ഇന്ന് കറന്‍സിനോട്ടില്‍ മാത്രം.
ഇങ്ങനെയുള്ള കേരളത്തിലെ യുവാക്കളെ ഉദ്ധരിക്കാന്‍ മട്ടാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച ഡോ. സുബ്ബറാവുവിന്റേത് മലര്‍പൊടിക്കാരന്റെ സ്വപ്നമല്ലേ? കൊള്ളക്കാരുടെ പറുദീസയായിരുന്ന ചമ്പല്‍ താഴ്വരയെ ഉദ്ധരിച്ചപോലെ കേരളത്തെ ഉദ്ധരിക്കാന്‍ പരശുരാമനുപോലും കഴിയില്ല. എവിടെ മദ്യവും മയക്കുമരുന്നും മദിരാക്ഷിയും ഉണ്ടോ അവിടെ കേരള യുവത്വം അഭിരമിക്കുന്നു. ഇതിനുവേണ്ടി പണമുണ്ടാക്കാന്‍ ഏത് ദ്രോഹത്തിനും മോഷണത്തിനും കൊലപാതകത്തിനും അവര്‍ തയ്യാര്‍. അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ കൂട്ടുകാരെ ആനയിക്കുന്ന തലംവരെ കേരള യുവത എത്തിയിരിക്കുന്നു!
ക്രൂരതയുടെ പര്യായമായ ക്യാമ്പസ് റാഗിംഗ് എന്തുകൊണ്ടാണ് തുടര്‍ച്ചയായി അരങ്ങേറുന്നത്? പണത്തിനുവേണ്ടി മാത്രം. ചോദിക്കുന്ന പണം കൊടുത്തില്ലെങ്കില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികളും പീഡിപ്പിക്കുന്ന സീനിയര്‍മാരും കേരളത്തിന്റെ സ്വന്തം അപമാനസ്തംഭങ്ങളാണ്. ഈയിടെ ട്രെയിനില്‍ കുട്ടിയെ റാഗ് ചെയ്തത് പണം ചോദിച്ചിട്ട് നല്‍കാത്തതിനാലാണ്. സ്വന്തം അമ്മയുടെ മാല മോഷ്ടിച്ച് അവര്‍ക്ക് കൊടുത്തിട്ടും പണം തികയാതെയാണ് ആ വിദ്യാര്‍ത്ഥിയെ ജീവനോടെ തീകൊളുത്തിയത്. അടുത്തയിടെ നടന്ന ഏത് റാഗിംഗ് സംഭവം എടുത്താലും അതിന് പിന്നില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മദ്യപാനത്തിന് നടത്തിയ ക്രൂരകൃത്യമാണതെല്ലാം എന്ന് വ്യക്തമാകും. എന്തുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഈ പൈശാചികതക്ക് മുന്നില്‍ നില്ക്കുന്നു എന്നത് ദുരൂഹമാണ്.
ഇന്നത്തെ സാമൂഹ്യ അപചയങ്ങളില്‍ ഏറ്റവും ഭീകരം പിഞ്ചുകുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. മൂന്ന് വയസായ കുട്ടിയെ 60 കാരന് ബലാല്‍സംഗം ചെയ്തു എന്നും മാധ്യവയസ്കനായ മറുനാടന്‍ തൊഴിലാളി അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്തു എന്നും മറ്റും വായിക്കുമ്പോള്‍ കേളത്തിന്റെ അവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
ഇന്ന് ദാമ്പത്യബന്ധങ്ങള്‍ ശിഥിലമാകുന്ന കാലമാണ്. അമ്മമാര്‍ കാമുകനോടൊപ്പം ഒളിച്ചോടുമ്പോള്‍ എന്തിന് പിഞ്ചുകുഞ്ഞിനെയും കൊണ്ടുപോകുന്നു എന്നെനിക്ക് മനസിലാകുന്നില്ല. കാമുകനായാലും രണ്ടാനച്ഛനായാലും കുട്ടി കടുത്ത ശാരീരിക പീഡനത്തിരയാകുന്ന കഥകള്‍ കൂടിവരികയാണ്. കുട്ടിയുടെ ദേഹത്തെ പീഡനത്തിന്റെ അടയാളങ്ങള്‍ കണ്ട് വസ്തുത തിരക്കുന്ന അധ്യാപകരാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. പണ്ട് ജീവിതനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന അമ്മമാര്‍ കുട്ടികളുമായാണ് കിണറ്റിലും പുഴയിലും ചാടുന്നതും വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതും. കുഞ്ഞ് മരിക്കുമ്പോള്‍ അമ്മ ജയിലില്‍ ആകുന്നു. ഇങ്ങനെ ജയിലില്‍ കഴിയുന്ന അമ്മമാരോട് എന്തിന് കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന് ഒരു അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പോയാല്‍ അവര്‍ക്കാരുണ്ട് എന്നായിരുന്നു മറുചോദ്യം. അത് പതിനഞ്ച് കൊല്ലം മുമ്പത്തെ അമ്മ. ഇപ്പോള്‍ സ്വന്തം കുഞ്ഞിനെ കാമുകന്റെ ക്രൂരതക്കുള്ള കളിപ്പാട്ടമായി നല്കുന്ന അമ്മമാരിലെത്തി നില്ക്കുന്നു കാലം!!
എത്ര സുബ്ബറാവുമാര് വന്നാലും കേരളം ഈ ജീര്‍ണതയില്‍നിന്നും മുക്തി നേടുകയില്ല. നന്മേഛയുള്ള സാംസ്കാരിക-സാഹിത്യനായകര്‍ പോലും ഇന്ന് നിശ്ശബ്ദരാണ്. പണ്ട് ഭഗവാന് അവതരിച്ചിരുന്നത് ഈവിധം സാംസ്കാരികാപചയം ഉണ്ടാകുന്ന കാലത്തായിരുന്നല്ലോ. ഇന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം പോലും മറന്നു. അല്ലെങ്കില്‍ കയ്യൊഴിഞ്ഞു. ധര്‍മ സംസ്ഥാപനാര്ത്ഥായാ സംഭവാമി യുഗേ യുഗേ എന്നത് കേരളത്തിന് ബാധകമാകില്ല എന്നാണോ?
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: