കരസേനാമേധാവിയും കേന്ദ്രഭരണകൂടവും തമ്മിലുള്ള പ്രശ്നം ഏതാണ്ട് തീര്‍ന്നുവെന്നാണ് തോന്നുന്നത്. പ്രായവിവാദത്തില്‍ തന്റെഭാഗം പരാജയപ്പെടുമെന്ന സ്ഥിതിയുണ്ടായപ്പോള്‍ ഒരു പിന്മാറ്റം നടത്താന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് തയാറാവുകയായിരുന്നു. കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നതരത്തില് കേന്ദ്രഭരണകൂടവും നിലപാട് സ്വീകരിച്ചു. അങ്ങനെ ഒരു വലിയ പ്രശ്നം ആര്‍ക്കും വലിയ പരിക്കേല്‍ക്കാതെ സുഗമമായി അവസാനിച്ചുവെന്നു കരുതിയതായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ അതിന് ശേഷം പലതലങ്ങളിലേക്ക് പടര്ന്ങ്കേറുന്ന അനുഭവമുണ്ടായി. ഒരുവേള പ്രതിരോധമന്ത്രിവരെ ഊരാക്കുടുക്കിലാവുന്ന അവസ്ഥയും വന്നുചേര്‍ന്നു.
അത്തരമൊരു അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രി മന്മോഹന്സിംഗിന് കരസേനാമേധാവി അയച്ച കത്ത് പരസ്യമാവുന്നത്. വല്ലാത്തൊരു സ്ഥിതിവിശേഷമാണ് അതിനെ തുടര്‍ന്ന് സംജാതമായത്. സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയായ വി.കെ.സിംഗു തന്നെയാണ് കത്ത് പരസ്യപ്പെടുത്തിയത് എന്ന അഭിപ്രായമാണ് കേന്ദ്രഭരണകൂടത്തിനുണ്ടായിരുന്നത്. സിംഗിന്റെ കത്തിലെ പരാമര്‍ശങ്ങള്‍ പ്രതിരോധ മന്ത്രിക്കെതിരെയുള്ള ശക്തമായ ആരോപണങ്ങളാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. അത്തരമൊരു വാദഗതിക്ക് ന്യായമായും സാംഗത്യമുണ്ടെന്ന തരത്തിലേക്കുപോയി പ്രചാരണങ്ങള്‍. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം കരസേനയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
കത്ത്ചോര്ന്നതിനെകുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയെ അന്വേഷണത്തിന് നിയോഗിക്കുമ്പോള്‍ ഭരണകൂടം അമിതാഹ്ലാദത്തിലായിരുന്നു. ആന്റണിയെ ഒരുതരത്തിലും ബാധിക്കാതെ വി.കെ.സിംഗിന്റെ വ്യക്തിത്വം തന്നെ നശിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. അതിന് തക്കംപാര്‍ത്തിരുന്നവരെ തികച്ചും നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കത്ത് പരസ്യമാക്കിയ സംഭവത്തില്‍ കരസേനാമേധാവിക്ക് ഒരു പങ്കുമില്ലെന്ന് മാത്രമല്ല സംശയത്തിന്റെ കുന്തമുന പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുകയും ചെയ്തിരിക്കുന്നു. ഏത് കാര്യത്തിലും അസാധാരണമായ മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള താല്പര്യം എന്തായിരുന്നുവെന്നാണ് ഇനി അറിയാനുള്ളത്. പിഎംഒയില്‍ നിന്ന് കത്ത് ചോര്‍ന്നതാണെങ്കില്‍ താഴെ തലത്തിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നാവില്ല അതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്.
കത്തിന്റെ ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയ ഒരുകാര്യമുണ്ട്. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ കനത്തശിക്ഷയാവും ഇതില്‍ ഏര്‍പ്പെട്ടവര്‍ക്കു കിട്ടുകയെന്ന്. കരസേനാ മേധാവിയും അദ്ദേഹത്തിന്റെ കീഴിലുള്ള ഓഫീസര്‍മാരും ക്ലീന്‍ചിറ്റുമായി നില്ക്കുമ്പോള് കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നവര്‍ ആരൊക്കെയാണെന്നാണ്് ഇനി അറിയാനുള്ളത്. കത്ത് ചോര്‍ന്നത് കടുത്തരാജ്യദ്രോഹമാണെന്നും ഇതിന്റെ പിന്നില്‍ തന്റെ യശസ്സ് തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വി.കെ.സിംഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണം സിംഗ് പറഞ്ഞത് വസ്തുതാപരമാണെന്ന നിഗമനത്തിലേക്ക് എത്തുന്നതായി എന്നുവേണം കരുതാന്‍. കരസേനാമേധാവി കേന്ദ്രഭരണകൂടവുമായി ഒരുമിച്ചുപോകാത്ത ഒരന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന ധാരണബലപ്പെട്ടപ്പോള് മൂന്ന് സേനാമേധാവികളിലും സര്‍ക്കാറിന് വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി തല്ക്കാലം പ്രതിസന്ധി ഒഴിവാക്കിയിരുന്നു.
ഏതായാലും കത്തിന്റെ ചോര്‍ച്ച സൈനിക ആസ്ഥാനത്തുനിന്നല്ല എന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. ആര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടിവരിക? ആരെയാണ് കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുക? വാസ്തവത്തില്‍ സൈനികമായ പലകാര്യങ്ങളെക്കുറിച്ചും ഭരണകൂടം അജ്ഞരാണ് എന്നുവേണം കരുതാന്‍. കമ്മീഷന് കാര്യമേ അവര്ക്കറിവുള്ളൂ. അവിടെ നടക്കുന്നകരാറുകളും ഇടപാടുകളും ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് നിശ്ചയിക്കുകയും നടപ്പില്‍വരുത്തുകയുമാണ്. കോടികളുടെ ഇടപാടുകള്‍ വളരെ സുഗമമായി നടക്കുന്നു. അതിന് എന്തെങ്കിലുമൊരു മാറ്റം വരാന്‍ അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ ഇടവെക്കുന്നുവെങ്കില്‍ നന്നാവും എന്നേ പറഞ്ഞുകൂടൂ.
സൈനിക ആസ്ഥാനത്തുള്ളവരെ ശിക്ഷാനടപടിക്ക് വിധേയമാക്കുന്നതുപോലെ എളുപ്പമല്ല പ്രധാനമന്ത്രിയുടെ ഓഫീസിനുനേരെ നീങ്ങുന്നത്. അത് ഏതൊക്കെ ഉള്ളറകളിലെ ദുഷിച്ചുനാറിയ ഇടപാടുകളാവും പുറത്തുവിടുക എന്നു പറയാനാവില്ല. ഏതായാലും വി.കെ.സിംഗിന്റെ കത്ത് പ്രശ്നത്തിലൂടെ സൈനിക ഇടപാടുകള്‍ സുതാര്യവും കര്ക്കശവുമാവുമെന്ന് പ്രതീക്ഷിക്കാനേ കഴിയൂ. അത് ഒരുതരത്തില്‍ പറഞ്ഞാല്‍ രാജ്യത്തിന് ഗുണകരമാവും. സൈന്യത്തിന് ആവശ്യമുള്ള ആയുധവും ഉപകരണങ്ങളും വാങ്ങുന്ന കാര്യത്തില്‍ ത്വരിതഗതിയില്‍ നടപടിയുണ്ടാവുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനുള്ളതും നല്ലതിന് എന്നതുപോലെ. ഏതെങ്കിലും മൂന്നാംകക്ഷിയുടെ അധിക കമ്മീഷനുവേണ്ടി ഗുണമില്ലാത്ത ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചേ തീരൂ. അതിന് മുന്‍ സൂചിപ്പിച്ച സംഭവഗതികള്‍ നിമിത്തമാവട്ടെ എന്നാണ് ഞങ്ങള്‍ക്കുപറയാനുള്ളത്. ഒപ്പം കത്ത് ചോര്‍ച്ചക്കിടയാക്കിയ ഏത് കൊമ്പന്‍സ്രാവും വലയിലാവുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: