ന്യൂദല്‍ഹി: കരസേന മേധാവി ജനറല്‍ വി.കെ. സിംഗിന്റെ നിര്‍ണായക വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുന്നതില്‍ അലംഭാവം കാട്ടിയ പ്രതിരോധമന്ത്രി എ.കെ. ആന്റണി ജയില്‍ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ ടാട്രാ ട്രക്കുകള്‍ വാങ്ങാന്‍ തേജീന്ദര്‍സിംഗ് എന്ന മുന്‍ പട്ടാള ഉദ്യോഗസ്ഥന് 14 കോടി രൂപ വാഗ്ദാനം ചെയ്ത വിവരം വളരെ നേരത്തെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാന്‍ കൂട്ടാക്കാത്തതാണ് ആന്റണിക്ക് വിനയായിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ഗുലാംനബി ആസാദ് മൂന്ന് വര്‍ഷം മുമ്പുതന്നെ ടാട്ര ട്രക്ക് സംഭവം ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. ഗുലാം നബി ഇത് എഴുതിനല്‍കുകയാണ് ചെയ്തത്. 2010 ല്‍ കരസേനാ മേധാവി ഈ സംഭവം വാക്കാലും ആന്റണിയെ അറിയിച്ചിരുന്നു. രണ്ട് വേളകളിലും ആന്റണി കുറ്റകരമായ മൗനം പാലിക്കുകയാണ് ചെയ്തത്. ഒടുവില്‍ സഹികെട്ട കരസേനാ മേധാവി പരസ്യമായി കാര്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ പ്രതിക്കൂട്ടിലായ പ്രതിരോധമന്ത്രിയും കേന്ദ്രസര്‍ക്കാരും ജന.സിംഗിനെ പീഡിപ്പിച്ച് നിശബ്ദനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്.
ടാട്ര ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പുയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് ഏറെ വൈകി കഴിഞ്ഞ ദിവസമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ അഴിമതി ആരോപണം ആദ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവഗണിച്ച ആന്റണി നിയമപരമായ ബാധ്യതയാണ് അവഗണിച്ചതെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളോ അത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള ഏതെങ്കിലും വ്യക്തിയുടെ ശ്രമമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത മജിസ്ട്രേറ്റിനെയോ പോലീസ് ഉദ്യോഗസ്ഥനെയോ അറിയിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 39 പ്രകാരം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. ഇതെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ള ആന്റണി അതു കണ്ടില്ലെന്ന് നടിച്ചത് ആറുമാസം വരെ തടവുശിക്ഷ കിട്ടാവുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഴിമതി നിരോധന നിയമത്തിന് കീഴില്‍ വരുന്ന ‘നിയമവിരുദ്ധ പ്രലോഭന’ങ്ങളും ഓരോ വ്യക്തിയും അടിയന്തരമായി ബന്ധപ്പെട്ടവരെ അറിയിക്കേണ്ട കുറ്റങ്ങളില്പ്പെടുന്നു.
ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 39 ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 176 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. പരമാവധി ആറുമാസം തടവാണ് ശിക്ഷ. ഒരുകുറ്റം ചെയ്യുന്നത് തടയുകയാണ് ഈ സെക്ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, ആന്റണിയുടെ നടപടി കുറ്റത്തിന് പ്രേരണയാവുകയാണ് ചെയ്തതെന്നും ഒരു വിഭാഗം നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം കുറ്റങ്ങള്‍ അറിയിക്കാതിരുന്നതിന് മതിയായ കാരണങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ പഴുതുകളുണ്ടെങ്കിലും ഏറെ ദുഷ്ക്കരമാണത്രെ. തന്നില്‍ നിക്ഷിപ്തമായ കടമ നിര്വഹിക്കാതിരുന്നതിനുള്ള കാരണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട വ്യക്തിക്ക് തന്നെയാണ്. ഇക്കാര്യം വളരെ ശക്തമായ ഭാഷയില്‍ ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 39 ല്‍ പറഞ്ഞിട്ടുമുണ്ട്. ആന്റണിയുടെ കാര്യത്തില്‍ ടാട്രാ പ്രശ്നം അടിയന്തരമായി സിബിഐയെ അറിയിക്കുന്നതിലുണ്ടായ പരാജയം വിശദീകരിക്കാന്‍ അദ്ദേഹത്തിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ജനറല്‍ സിംഗിന്റെ രേഖാമൂലമുള്ള പരാതി കിട്ടിയിട്ടില്ലെന്ന ആന്റണിയുടെ വാദം ഇക്കാര്യത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യവും സംശയകരമാണ്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം കരസേനാ മേധാവിക്കും ബാധകമാണ്. തെന്റ മേലധികാരിയെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്ന പേരില്‍ രക്ഷപ്പെടാന്‍ ജനറല്‍ സിംഗിനും പറ്റില്ലെന്ന് പറയപ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ക്കപ്പുറം സങ്കീര്‍ണമായ തലങ്ങളിലേക്കാണ് കരസേനാ മേധാവിയുടെ ആരോപണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും നീങ്ങുന്നതെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: