ഒന്നുകില്‍ നിഷക്രിയം അല്ലെങ്കില്‍ അതിക്രമം. പോലീസിനെ കുറിച്ച് പറയുന്നതിലധികവും അതാണ്. അതിക്രമത്തിന്റെ വാര്‍ത്തയാണ് ശനിയാഴ്ച തിരുവനന്തപുരത്തു നിന്നുണ്ടായത്. പോലീസ് നന്നാകണമെന്നും കണ്ണൂരിലെ ഷുക്കൂര്‍ വധം പോലീസിന് മാനക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തു തന്നെ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു. അതിന്റെ മാറ്റൊലി കെട്ടടങ്ങും മുമ്പാണ് പോലീസിന്റെ തനിനിറം ജനങ്ങള്‍ക്കു കാണാനായത്. പോലീസിനെ ജനങ്ങളുടെ സഹായിയും കൂട്ടാളിയുമൊക്കെയാക്കാന് ‘മൈത്രി’ സംരംഭങ്ങള്‍ പലതു നടന്നതിനു ശേഷവും ‘ഞാന്‍ നന്നാകില്ല’ എന്നു പറയുന്ന വിരുതന്മാരെ പോലെയാവുകയാണോ പോലീസ് ? ഇത്രയും പറഞ്ഞത് തലസ്ഥാനത്തെ നരനായാട്ടു കണ്ടതു കൊണ്ടാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തിയതു മൂലം യുവജനങ്ങള്‍ക്കുണ്ടായ ആശങ്കയില്‍ നിന്നുയര്‍ന്ന പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ പോലീസിനു നല്കിയ നിര്‍ദേശമെന്നു തോന്നുന്നു. പെന്ഷന് പ്രായവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉപരോധസമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറുപേര്‍ ആശുപത്രിയിലായി. പരിക്കേറ്റ മുപ്പതോളം പേരെ എ.ആര് ക്യാമ്പിലെ കസ്റ്റഡിയില്‍ വച്ച് പോലീസ് വീണ്ടും ക്രൂരമായി മര്‍ദിച്ചു. അനധികൃതമായി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്ന പരിക്കേറ്റ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തേണ്ടി വന്നു. ശനിയാഴ്ച രാത്രി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ജയിലിനുള്ളില്‍ നിരാഹാരം കിടക്കേണ്ടി വന്നു. പിന്നീട് നേതാക്കള്‍ക്കു നല്കിയ ഉറപ്പു പോലും പാലിക്കാന്‍ പോലീസ് കൂട്ടാക്കിയില്ല.
സമാധാനപരമായി സമരം ചെയ്തിരുന്ന അയ്യായിരത്തോളം പ്രവര്‍ത്തകരെയാണ് പോലീസ് ഓടിച്ചിട്ടു തല്ലിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം പോലീസുകാര്‍ മര്‍ദനം തുടങ്ങുകയായിരുന്നു. പ്രകോപനം കൂടാതെ പോലീസ് ക്രൂരമര്‍ദനം അഴിച്ചു വിട്ടപ്പോള്‍ ചിതറി ഓടിയവരെ തിരഞ്ഞു പിടിച്ച് പോലീസ് മര്‍ദിച്ചു. പതിവില്ലാത്ത വിധം ആസൂത്രിതമായി റോഡിന്റെ പലഭാഗത്തായി പോലീസിനെ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. ഈ സംഘങ്ങള്‍ വളഞ്ഞിട്ട് പ്രവര്‍ത്തകരെ മര്‍ദിച്ചു. ഏജീസ് ഓഫീസ് ഭാഗത്തേക്ക് ഓടിയ പ്രവര്‍ത്തകരെ പുറകെ ഓടി പോലീസ് അടിച്ചവശരാക്കി. മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി നാനാഭാഗത്തേക്കും ഓടിയ പ്രവര്‍ത്തകരില്‍ പലരും അടുത്തുള്ള കടകളിലേക്കും ഹോട്ടലുകളിലേക്കും കയറി. എന്നാല്‍ ഇവിടങ്ങളില്‍ കടന്നു കയറിയ പോലീസ് അതിനകത്തിട്ട് മര്‍ദിച്ച ശേഷം അറസ്റ്റു ചെയ്ത് വണ്ടിയില്‍ കയറ്റി.
ജലപീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റുകയും ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്ത ശേഷമായിരുന്നു പോലീസ് ക്രൂരമര്‍ദനം അഴിച്ചു വിട്ടത്. ജലപീരങ്കിയില്‍ നിന്നുള്ള വെള്ളം ചീറ്റല്‍ നിമിത്തം റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീണു. വഴിയാത്രക്കാരെയും വെറുതെ വിട്ടില്ല. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ യുവാക്കളെ മാരകമായി തല്ലി ബലമായി ജീപ്പ്പില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി. വഴിയാത്രക്കാരെയും വെറുതെ വിട്ടില്ല. മര്‍ദനത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാതെ വന്നപ്പോഴാണ് നേതാക്കള്‍ കുത്തിയിരിപ്പു സമരത്തിനിറങ്ങേണ്ടി വന്നത്. യുവജനസമരങ്ങള്‍ തലസ്ഥാനത്ത് അക്രമാസക്തമാകുന്ന ചരിത്രമുണ്ട്. സര്‍വവും തല്ലിത്തകര്‍ക്കുകയും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിക്കുക മാത്രമല്ല ചാമ്പലാക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ശനിയാഴ്ച അതൊന്നും സംഭവിക്കാതെയാണ് യുദ്ധസമാനമായ സാഹചര്യം പോലീസുണ്ടാക്കിയത്. ആരുപദേശിച്ചാലും ഞങ്ങള്‍ നന്നാകില്ലെന്ന തുറന്ന പ്രഖ്യാപനമാണ് പോലീസ് നടത്തിയിരിക്കുന്നത്.
പെന്ഷന് പ്രായം ഉയര്ത്തണമെന്നാഗ്രഹിക്കുന്ന ജീവനക്കാരുടെ പ്രതിനിധികളോട് ചര്‍ച്ച ചെയ്താണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. സ്വാഭാവികമായും തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ആശങ്കയുണ്ടാകും. അതാണ് സമരമായി രൂപം പ്രാപിക്കുന്നത്. എല്ലാ യുവജനസംഘടനകളും പ്രശ്നത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ യുവമോര്‍ച്ച രംഗത്തു വന്നതില്‍ യൂത്തു കോണ്‍ഗ്രസ് അടക്കമുള്ള ഭരണവിലാസം സംഘടനകള്‍ക്ക് അസഹ്യതയുണ്ടാകാം. മാത്രമല്ല ഇനിയൊരു സംഘടനയും സമരരംഗത്തിറങ്ങരുതെന്നവര് ആഗ്രഹിക്കുന്നുമുണ്ടാകാം. അവരുടെ ആഗ്രഹപൂര്‍ത്തീകരണ ശ്രമത്തിന്റെ ഭാഗമായിരിക്കാം പോലീസിനെ കയറൂരി വിടാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചത്. ഇത് തീര്‍ത്തും ഭീരുത്വമായിപ്പോയി എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. യുവജനങ്ങളെ ലാത്തി കൊണ്ടും പീരങ്കി കൊണ്ടും നേരിടുന്ന രീതി ജനാധിപത്യ ഭരണ സംവിധാനത്തിന് ചേര്‍ന്നതല്ല. സമാധാനപരമായി പ്രതിഷേധിക്കാനും സമരം നടത്താനുമുള്ള അവകാശത്തെ നിഷേധിക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. അടിയന്തരാവസ്ഥയില്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചതിനാണ് പല നേതാക്കളെയും മാസങ്ങളോളം കല്തുറങ്കിലടച്ചത്. അടിയന്തരാവസ്ഥയില്‍ ആവേശം കൊള്ളുന്ന ഐക്യജനാധിത്യമുന്നണി സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെ തച്ചു തകര്‍ക്കാമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തിയ ഭരണാധികാരികളുടെ അന്ത്യം അതിദയനീയമായിരുന്നു എന്ന ചരിത്രം ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. സര്‍ക്കാര്‍ നിര്‍ദേശാനുസരണമല്ല അതിക്രമം കാട്ടിയതെങ്കില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനെങ്കിലും തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: