കൈത്തറിയെന്ന് കേട്ടാല്‍ ഓര്‍മ്മയില്‍ തെളിയുക കണ്ണൂരാണ്. കൈത്തറിയുടെ ‘മാഞ്ചസ്റ്റര്‍’ എന്നാണ് കണ്ണൂരിന്റെ വിശേഷണം. അത്ര തന്നെ ബാലരാമപുരത്തിന്റെ കൈത്തറിക്കുമുണ്ടൊരു പെരുമ. പതിനാറാം വയസ്സില്‍ കിരീടമണിഞ്ഞ രാജാവാണ് ബാലരാമവര്‍മ. 1798 മുതല്‍ ഒരു വ്യാഴവട്ടക്കാലം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാലരാമവര്‍മ്മ പ്രാപ്തനും ശക്തനുമായ ഭരണാധികാരിയൊന്നുമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തില്‍. എന്നാല്‍ അദ്ദേഹത്തെ നിത്യ സ്മരണയിലെത്തിക്കുന്നതാണ് ബാലരാമപുരവും കൈത്തറിയും. രാജ കുടുംബാംഗങ്ങള്‍ക്ക് കലര്‍പ്പില്ലാത്തതും അനുകരണമില്ലാത്തതുമായ ശുദ്ധവും ശുഭ്രവുമായ വസ്ത്രങ്ങളുണ്ടാക്കാന്‍ ബാലരാമവര്‍മ്മയ്ക്ക് മോഹം. അതിനായി തമിഴ്നാട്ടില്‍ നിന്നും ഏഴ് നെയ്ത്തു കുടുംബങ്ങളെ ബാലരാമപുരത്തേക്ക് പറിച്ചു നട്ടു.
കന്യാകുമാരിക്കുള്ള ദേശീയപാത 47ല്‍ അനന്തപുരിയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാലരാമപുരമായി. വൈവിധ്യങ്ങളുടെ വിളനിലമായിരുന്നു ഒരുകാലത്ത് ബാലരാമപുരം. ‘അഞ്ചുവര്‍ണ തെരുവ്’ എന്നാണ് ഇടയ്ക്ക് അറിയപ്പെട്ടിരുന്നത്. ഉപ്പുപണ്ടകശാലകളുടെയും പുകയില വ്യാപാരത്തിന്റെയും കേന്ദ്രമായിരുന്നു ഏറെക്കാലം.
ഇന്ന് ചാല കഴിഞ്ഞാല്‍ ജില്ലയിലെ മികച്ച കമ്പോളം. രണ്ടു നൂറ്റാണ്ട് മുന്‍പ് കാടുമൂടിക്കിടന്ന അന്തിയൂര്‍ക്കാട് എന്ന പ്രദേശം. ബാലരാമവര്‍മ്മയുടെ നിര്‍ദ്ദേശാനുസരണം മന്ത്രി ഉമ്മിണിത്തമ്പിയുടെ നേതൃത്വത്തില്‍ വെടിപ്പാക്കി. ആദ്യം ബാലരാമവര്മ്മപുരം. ഇതില്‍ ‘വര്‍മ്മ’ മാറി ബാലരാമപുരമായി. ഏഴു കുടുംബങ്ങള്‍ എഴുന്നൂറായി വളര്‍ന്നു. ബാലരാമപുരം കൈത്തറിയുടെ ഖ്യാതി കൊട്ടാരവും കൊട്ടാരക്കെട്ടുകളും ഭേദിച്ച് നാടാകെ പരന്നു.
നെല്ലും തെങ്ങും എണ്ണയാട്ടും മത്സ്യബന്ധനവുമെല്ലാം സമീപപ്രദേശങ്ങളില്‍ സമൃദ്ധമായിരുന്നു. നെയ്ത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളും സംവിധാനവും ലഭ്യമാക്കിയതോടെ നെയ്ത്തിന്റെ പേരിലായി ബാലരാമപുരത്തിന്റെ ഖ്യാതി. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാരമ്പര്യത്തിന്റെ നൂലിഴ പൊട്ടാതെ ‘ശാലിയ തെരുവ്’ കാത്തുസൂക്ഷിച്ചു. ഇന്ന് എല്ലാ സമുദായക്കാരുടെയും സംഗമ ഭൂമിയായ ബാലരാമപുരം എല്ലാ വാണിജ്യഉല്പ്പന്നങ്ങളുടെയും വിപണന കേന്ദ്രവും കൂടിയാണ്.
അനന്തപുരിക്ക് കസവിന്റെ പൊന്‍തിളക്കം നല്‍കുന്നതാണ് ബാലരാമപുരം കൈത്തറി ഗ്രാമം. പരമ്പരാഗതമായ കൈത്തറി കുടില്‍ വ്യവസായത്തിന്റെ ഈറ്റില്ലമാണ് ബാലരാമപുരത്തെ ശാലിയാര്ഗോത്രതെരുവ്. മലയാളിയുടെ വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് സുവര്ണ്ണനൂലുകളാല് ചാരുത നല്കുന്ന ഇവിടെ ഇന്ന് അറുന്നൂറ്റി അന്‍പതിലധികം കുടുംബങ്ങള്‍ കൈത്തറിയുടെ തണലില്‍ ജീവിതം തള്ളി നീക്കുന്നവരാണ്. നെയ്ത്ത് നടത്തിയും ഉപതൊഴിലുകളായ താര് ചുറ്റിയും പാവ് ഓടിച്ചും ഉപജീവനം നടത്തുന്നവര്‍. ഇവിടെ രാജകുടുംബത്തിനുവേണ്ടി മുണ്ടും നേര്യതും പുളിയലക്കര നേര്യതുമായിരുന്നു ആദ്യകാലങ്ങളില്‍ നെയ്തിരുന്നത്.
പണ്ട് ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലും കുഴിത്തറികളായിരുന്നു അധികവും. കാലഘട്ടം മാറിയതനുസരിച്ച് ഷട്ടില്ത്തറികളാണ് (അടിച്ചു നെയ്യുന്ന രീതി) കൂടുതലും. ഈ മേഖലയിലേക്ക് പവര്‍ ലൂമൂം കടന്ന് വന്നെങ്കിലും ബാലരാമപുരത്തിന്റെ കൈത്തറി പാരമ്പര്യത്തിന് പുതിയ സംവിധാനത്തെ ഉള്കൊള്ളുവാന് മനസുവന്നില്ല. പവര്‍ ലൂം വസ്ത്രങ്ങള്‍ വിപണിയിലെത്തിയെങ്കിലും കൈത്തറിയുടെ ഈടും ഗുണമേന്മയും അതിനില്ലെന്നതാണ് വസ്തുത. കല്യാണ പുടവയും കവിണിയുമാണ് ബാലരാമപുരത്തിന്റെ മുഖമുദ്ര. കുറഞ്ഞ കസവുകൊണ്ട് നിര്‍മ്മിക്കുന്ന പുടവയ്ക്ക് മൂവായിരം മുതല്‍ വില ആരംഭിക്കും. കൂടിയ കസവുകൊണ്ട് നിര്‍മ്മിക്കുന്ന പുടവയ്ക്ക് പതിനേഴായിരം മുതല്‍ ഇരുപതിനായിരത്തിലധികം രൂപ വില വരും. കല്യാണ ആവശ്യക്കാരാണ് ബാലരാമപുരത്തെ സന്ദര്‍ശകരിലധികവും. തറികളില്‍ നെയ്തെടുക്കുന്ന ഡിസൈന്‍ സാരികളാണ് ബാലരാമപുരത്തിന്റെ മറ്റൊരു പ്രത്യേകത. കേരളീയ തനിമ നിലനിര്‍ത്തുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ കരവിരുതിന്റെ കമനീയത വിളിച്ചോതുന്നവയാണ്. ഈ സാരികള്‍ നാലായിരം രൂപ മുതല്‍ വില്‍പ്പനയ്ക്കുണ്ട്.
ഇവിടത്തെ ഗ്രാമത്തിലെ തറികളില്‍ നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ സൊസൈറ്റി വഴിയാണ് പ്രധാനമായും വില്‍ക്കുന്നത്. കൂടാതെ തെരുവില്‍ തന്നെ വലിയ കടകളുണ്ട് വില്‍പ്പനയ്ക്ക്. സോമസുന്ദരം & സണ്‍സ്, കേരള ഹാന്റ്ലൂ, കാശിലിംഗം, ഗായത്രി, പരമശിവം തുടങ്ങിയ കടകള്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തുന്നവരാണ്. ഇതില്‍ പലര്‍ക്കും സ്വന്തം തറികളുള്ളവരാണ് ബാക്കിയുള്ളവര്‍ തൊഴിലാളികള്‍ നിര്മ്മിച്ചുനല്കുന്നവ വാങ്ങി വില്‍ക്കുന്നവരാണ്. ഓണമെത്തിയാല്‍ ബാലരാമപുരത്തേക്ക് വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ഇവിടത്തെ സെറ്റുമുണ്ടിനും വന്‍ ഡിമാന്റാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ഇവിടത്തെ ഗുണമേന്മയറിഞ്ഞെത്തുന്നവര് അനവധിയാണ്. സാരി നെയ്ത്തിലെ വൈഭവത്തിന് രാഷ്ട്രപതിയില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നും ദേശീയ അംഗീകാരം നേടിയവര്‍, പത്മശ്രീ ലഭിച്ചവര്‍ വരെയുണ്ട് ബാലരാമപുരത്തിന്റെ കൈത്തറി പാരമ്പര്യത്തിന് മാറ്റ് കൂട്ടാന്‍. ബാലരാമപുരത്തിന്റെ കൈത്തറി പെരുമ തിരുവനന്തപുരത്തിന് പുറത്തും പ്രസിദ്ധമാണ്. നിരവധി സ്ഥാപനങ്ങള്‍ കൈത്തറി വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ബാലരാമപുരം മേഖലയിലെ പെരിങ്ങമ്മല, മംഗലത്തുകോണം, പുന്നയ്ക്കാട്, മഞ്ചവിളാകം,രാമപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ കുലതൊഴില്‍ ചെയ്യുന്നവരിലധികവും. ഇന്ന് കൈത്തറി മേഖലയിലേക്ക് പുതിയ തലമുറ കടന്നുവരാത്തത് കൈത്തറി ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറച്ചിരിക്കുകയാണ്. കൈത്തറി ഉല്പന്നങ്ങള്ക്ക് എന്നും ആവശ്യക്കാരുണ്ട്. എന്നാല്‍ നെയ്ത്തിന് ആളെ കിട്ടാത്തത് ഈ മേഖലയുടെ പ്രതാപകാലത്തിന് കോട്ടം തട്ടിച്ചിരിക്കുകയാണ്.
ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും കൂലി വര്‍ധനവില്ലാത്തതും കാരണമാണ് ഈ രംഗത്തേക്ക് പുതുതായി നെയ്ത്തുകാര്‍ കടന്നുവരാത്തത്. നെയ്യുന്നതിനനുസരിച്ചാണ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നത്. ഒരു കസവ് പുടവ നെയ്യാന്‍ മൂന്നൂം കവണിക്ക് രണ്ടുദിവസവുമെടുക്കും. ഇങ്ങനെ രണ്ട് മുണ്ട് നെയ്തെടുക്കുമ്പോള്‍ ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി രണ്ട് ദിവസംകൊണ്ട് 520 രൂപ മാത്രമാണ്്. കൈത്തറി മേഖലയ്ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നുവെന്ന് വരുത്തുമ്പോഴും ഈ മേഖലയില്‍ വര്‍ഷങ്ങളായി പണിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ ഒരു ആനുകൂല്യവും ലഭിക്കാതെ വെറുതെ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടുകയാണ്.
ക്ഷേമനിധിയും പെന്‍ഷനും കിട്ടണമെങ്കില്‍ സൊസൈറ്റിയില്‍ അംഗമാകണം. എന്നാല്‍ സൊസൈറ്റികളെല്ലാം തട്ടിപ്പെന്നാണ് കുഴിത്തറിയില്‍ വര്‍ഷങ്ങളായി പണിയെടുക്കുന്ന സുശീലനും വിവേകാനന്ദനും പറയുന്നത്. നെയ്ത്ത് തൊഴിലാളികളെന്ന വ്യാജേന പുറത്തുള്ളവരെ കയറ്റി പ്രവര്‍ത്തിക്കുന്ന തട്ടികൂട്ട് സൊസൈറ്റികളാണ് അധികവും. യഥാര്‍ത്ഥ തൊഴിലാളികള്‍ അവഗണിക്കപ്പെടുന്നു. അധികൃതരുടെ അവഗണനയിലും കൈത്തറി രംഗത്ത് ഇവര്‍ തുടരുന്നത് ഇനി മറ്റ് തൊഴിലുകള്‍ തേടി പോകാന്‍ കഴിയാത്തതിനാലാണ്. കൈത്തറി മേഖല വികസിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് ധനസഹായവും ചികിത്സാ സഹായവും വര്‍ക്ക് ഷെഡ് നിര്‍മ്മിക്കുന്നതിനും കയറ്റുമതിക്കും സഹായിക്കുന്ന പദ്ധതിയാണ് ക്ലസ്റ്റര്പ്രൊജക്ട്. ഈ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കൈത്തറിമേഖലയുള്ളവരെ സഹായിക്കുമെന്നുള്ള പ്രഖ്യാപനങ്ങളുണ്ടാകുന്നതല്ലാതെ ഒന്നും പ്രാവര്ത്തികമാകുന്നില്ലെന്ന പരാതിയാണ് തൊഴിലാളികള്‍ക്ക്. നെയ്ത്ത് ഉപജീവനമാര്‍ഗമാക്കിയിരുന്ന പലരും ഈ ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ എഴുപതുവര്‍ഷം കുഴിത്തറിയില്‍ നെയ്ത്ത് നടത്തിയിരുന്ന എണ്‍പത്തിയഞ്ചു വയസുള്ള സുബ്രഹ്മണ്യത്തിന് പറയാനുള്ളതും സര്‍ക്കാര്‍ അവഗണനയെ കുറിച്ച് തന്നെ. തന്റെ ചെറുപ്പക്കാലത്ത് ബാലരാമപുരത്ത് തൊഴിലാളികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ഇരുപതോളം സൊസൈറ്റികളുണ്ടായിരുന്നു. അതില്‍ ബാലരാമപുരം വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം പറയുന്നത് ഇത്തരം സൊസൈറ്റികളെല്ലാം തകര്‍ന്നത് സര്‍ക്കാരുകളുടെ അവഗണനകൊണ്ടാണെന്നാണ്. സുബ്രഹ്മണ്യം നെയ്ത്ത്ജോലി നിര്‍ത്തിയെങ്കിലും പാരമ്പര്യത്തിന്റെ കണ്ണിയറ്റുപോകാതെയിരിക്കാന് ഇദ്ദേഹം ഇന്നും തൊഴിലാളികളെ കൊണ്ട് കുഴിത്തറി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ച ഇദ്ദേഹത്തിന്റെ കാലശേഷത്തോടെ അവസാനിക്കും കാരണം സുബ്രഹ്മണ്യത്തിന്റെ മക്കളെല്ലാം വേറെ മേഖലകളില്‍ ചെക്കേറി കഴിഞ്ഞു. കൈത്തറി മേഖലയുടെ അവസ്ഥയും ഇതുപോലെയാണ് പുതുതായി ആരും നെയ്ത്ത് പഠിക്കാന്‍ വരുന്നില്ല. ഇപ്പോഴുള്ള തൊഴിലാളികളിലധികവും അന്‍പത് വയസ് കഴിഞ്ഞവരാണ്. ഇവരുടെ കാലഘട്ടം അവസാനിക്കുന്നതോടെ തനത് കൈത്തറിമേഖലയില്‍ പ്രതിസന്ധിയുണ്ടാകും. മുമ്പ് പത്തും പന്ത്രണ്ടും തറികള്‍ പ്രവര്‍ത്തിച്ചിരുന്ന വീടുകളില്‍ ഇന്ന് ഒരു പ്രതാപകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായി പൊടിപിടിച്ച് നിശ്ചലമായ തറികളാണ് കാണുവാന്‍ കഴിയുക . ചിലയിടത്ത് പേരിന് മാത്രം ഒരു തറി നിലനിര്ത്തിഅതില് നിന്നും ഒന്നോ രണ്ടോ മുണ്ടുകള്‍ ഉല്പാദിപ്പിച്ച് കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുന്നവര്‍. പുതുതലമുറയെ തങ്ങളുടെ പാത പിന്തുടരാന് പ്രേരിപ്പിക്കുവിധം സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ ഒരു കുലത്തൊഴിലിനു ചരമഗീതങ്ങളാകും ഇനി എഴുതേണ്ടി വരുക.
ആര്.അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: