പഞ്ചനക്ഷത്രഹോട്ടല്‍, പഞ്ചകീര്‍ത്തനാലാപനം, പഞ്ചവര്‍ണക്കിളി, പഞ്ചഗഗാരം, പഞ്ചപാണ്ഡവന്മാര് എന്നൊക്കെ പറയാനം കേള്‍ക്കാനും സുഖമുണ്ട്. ആയതിനാല്‍ ലീഗിന് എന്തുകൊണ്ട് ഒരു പഞ്ചാമന്‍ മന്ത്രി ആയിക്കൂടാ? നാട്ടുമ്പുറത്തുകാരന്റെതായി ഇങ്ങനെയൊരു ശൈലിയുണ്ട്. പഞ്ചപാണ്ഡവന്മാര് നാലെണ്ണം, കട്ടില്‍കാലുപോലെ മൂന്നെണ്ണം. അതും പറഞ്ഞ് രണ്ട് കൈവിരല്‍ കാട്ടുമത്രെ. ഏതാണ്ട് അങ്ങനെയാവുമോ കാര്യങ്ങള്‍ എന്ന നിലയായിരിക്കുന്നു. ലീഗിന്റെ സൗമ്യമുഖമെന്ന് പലരും വിശേഷിപ്പിച്ചിരുന്ന പാണക്കാട്ടെ നേതാവ് എല്ലാം സൗമനസ്യത്തോടെയായിരുന്നത്രേ ചെയ്തിരുന്നതും പറഞ്ഞിരുന്നതും. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ലെന്നാണ് കേള്‍വി. വെട്ടൊന്ന്, മുറിരണ്ട് പരുവമല്ലെങ്കിലും ഏതാണ്ട് അതിനടുത്തൊക്കെയെത്തും.
പെരുന്തച്ചന് പെരുക്കമുള്ള കൊട്ടാരക്കരത്തമ്പുരാന്‍ ഇളമുറക്കാരനെതിരെ ബ്രഹ്മാസ്ത്രം തൊടുത്തതോടെ ലീഗില്‍ ഒരു ബൂസ്റ്റുണര്വ് വന്നിട്ടുണ്ട്. പിറവത്തെ പയ്യന് മന്ത്രിയാകുന്നെങ്കില്‍ ആ നിമിഷത്തില്‍, ആ സ്ഥലത്ത് തന്നെ പഞ്ചമമന്ത്രിയുണ്ടാവുമെന്ന് വര്‍ധിതവീര്യത്തോടെ തന്നെയാണ് പല സായ്വുമാരും കട്ടായം പറയുന്നത്. സംഗതി എന്തുതന്നെ ആയാലും മേപ്പടികാര്യത്തിലെ ചിരിച്ചെപ്പ് തുറക്കുന്നു സക്കീര്‍ ഹുസൈന്. മംഗളത്തില്‍ മാര്‍ച്ച് 27ന് അദ്ദേഹം വരച്ച കാര്‍ട്ടൂണ്‍ കുറിക്കുകൊള്ളുന്നത് തന്നെ. ആര്ത്തിപിടിച്ചിരിക്കുന്നവരുടെയടുത്തുനിന്ന് ചോറ് പാത്രം ചുളുവില്‍ മറ്റൊരു വിദ്വാന് തരപ്പെടുത്തിക്കൊടുക്കുന്ന ഉമ്മച്ചന്റെ ചിരിയില്‍ എല്ലാം ഇല്ലേ? ലീഗിന്റെ മന്ത്രിക്കാര്യം നടന്നാലും ഇല്ലെങ്കിലും കാര്‍ട്ടൂണ്‍ മഹിതാശയന്മാര്ക്ക് ചാകരക്കൊയ്ത്തല്ലേ.
സ്വകാര്യന്മാര് ഇല്ലെങ്കില്‍ ഈ നാടിന്റെ ഗതിയെന്തായിരിക്കും. നാട്ടില്‍ എന്തെങ്കിലും വികസനം വരട്ടെയെന്നു കരുതി നാലുപുത്തന്‍ ഇറക്കാന്‍ സ്വകാര്യക്കാര്‍ ഒരുമ്പെട്ടിറങ്ങുമ്പോഴേക്ക് നാട്ടുകാരതാ മുറിപ്പത്തലും കല്ലും കട്ടപ്പാരയുമായി വരുന്നു. ഇതനുവദിച്ചുകൊടുക്കാന്‍ പറ്റില്ലെന്ന് ഉമ്മച്ചന് കര്‍ക്കശമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഉമ്മച്ചന്റെ മുന്‍തലമുറകള്‍ക്ക് നല്ലപോലെ അറിയാവുന്ന ഒരു വ്യക്തിയുണ്ട്. പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. എല്ലാവരും ഗാന്ധിജി എന്നുവിളിക്കും. (ചെറിയ ഗാന്ധി, വലിയഗാന്ധി എന്ന് കറന്‍സി നോട്ടിന് പേരിട്ടിരിക്കുന്ന വിദ്വാന്മാരെ ഒഴിവാക്കുന്നു) ആ ഗാന്ധിജി ഇത്തരം സ്വകാര്യന്മാരെ വിളിച്ചുവരുത്തി സദ്യകൊടുത്തിരുന്നോ എന്ന് ഉമ്മച്ചന് ഒന്ന് തിരക്കണം. എന്നിട്ടുമതി സ്വകാര്യക്കാര്ക്കുവേണ്ടിയുള്ള ഗീര്‍വാണം. തൃശൂര്‍ ജില്ലയിലെ രണ്ടുപാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് പൊതുജനങ്ങള്‍ പ്രതിഷേധവുമായി സ്വകാര്യക്കാരെ നേരിടുന്നതിനെ മുഖ്യമന്ത്രി ശകാരിച്ചത്. പാലിയേക്കര എന്നൊരു സ്ഥലമുണ്ട് തൃശൂരില്‍. അവിടെ ദേശീയപാതയില്‍ കൊട്ടാരസദൃശമായ ഒരു കെട്ടിടം കെട്ടിപ്പൊക്കിയിട്ടുണ്ട്. കുറേ കിങ്കരന്മാരെ അവിടെ പോറ്റിവളര്‍ത്തുന്നുമുണ്ട്. സാധാരണ റോഡ് അത്യാവശ്യം ചെത്തിമിനുക്കി സ്വയമ്പനാക്കി ദേശീയപാതാ വികസന അതോറിറ്റി വക എന്നൊരു ബോര്‍ഡും വെച്ച് പിരിവോട് പിരിവാണ്.
ബിഒടി എന്ന ഓമനപ്പേരില്‍ നാട്ടില്‍ എന്തും പടുത്തുയര്‍ത്താം. കിളച്ചുമറിക്കാം. എന്നിട്ട് ഗുണ്ടാസംഘങ്ങളെപ്പോലെ മസില് പെരുപ്പിച്ച് സാധാരണക്കാരില്‍ നിന്ന് തോന്നിയ പണം കവര്‍ന്നെടുക്കാം. ഇതിനെതിരെ പൊതുജനങ്ങള്‍ രംഗത്തിറങ്ങി സംഘര്‍ഷഭരിതമായതിന്റെ അസ്കിത അസഹ്യമായതാണ് മുഖ്യമന്ത്രിയെക്കൊണ്ട് ചിലത് പറയിച്ചത്. സ്വകാര്യക്കാര്‍ ചെയ്യുന്നത് കയ്യുംകെട്ടി നോക്കിനില്ക്കയത്രേ സര്‍ക്കാറിന്റെ പണി. ഭരണയന്ത്രം എന്ന സാധനം ഏതു മൂലക്കിരുന്നാലും പ്രശ്നമില്ല. കമ്മീഷന് വേണ്ടത്ര പോരണം. സ്വകാര്യക്കാര്‍ പണിയെടുക്കുമ്പോള്‍ അവര്‍ക്കും എന്തെങ്കിലും കിട്ടണ്ടേ. ആ അപ്പാവികളുടെ കാര്യത്തില്‍ ലേശം വിഷമമുണ്ട് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് അവര്‍ക്കുവേണ്ടി നാലു കാച്ച് കാച്ചിയത്.
പറഞ്ഞുവന്നത് പാലിയേക്കര ടോള്‍ ബൂത്തിനെക്കുറിച്ചാണല്ലോ. സ്വന്തം നാട്ടില്‍ നടന്നുപോകാന്‍ കൂടി ഭാവിയില്‍ ചുങ്കം ഏര്‍പ്പെടുത്തിക്കൂടായ്കയില്ല എന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഒരു പെണ്ണൊരുത്തി അവിടെ ഗാന്ധിയന്‍ സമരരീതി അവലംബിച്ചത്. അതിനെക്കുറിച്ചു പറയുന്നു സമകാലിക മലയാളം (മാര്‍ച്ച് 30) വാരിക. ഹസീന ഒരു പ്രതീകം എന്നാണ് അവരുടെ കവര്‍ക്കഥ. പാലിയേക്കര ടോള്‍പ്ലാസയില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ കൊള്ളയടിയെക്കുറിച്ച് മാലോകരെ പ്രബുദ്ധരാക്കാന്‍ ഇരുപത്തിരണ്ട് ദിവസമാണ് അവര്‍ നിരാഹാരമനുഷ്ഠിച്ചത്. ഹസീനയുടെ ജീവിതത്തെയും സമരത്തെയും കുറിച്ചെഴുതുന്നു എന്‍.ബി. രമേഷ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലും സമരരംഗത്തേക്ക് കൊണ്ടുവരാന്‍ ആ വീട്ടമ്മയ്ക്ക് സാധിച്ചു എന്നതാണ് അതിന്റെ വിജയം.
സമരത്തിന്റെ ആത്യന്തികവിജയം അങ്ങു ദൂരെയെങ്കിലും പ്രതീക്ഷയുണ്ട് ഹസീനയ്ക്ക്. അവര്‍ പറയുന്നു: പുകഴ്ത്തപ്പെടേണ്ടത് എന്റെയോ മറ്റു സമരസഖാക്കളുടേയോ പട്ടിണിസമരത്തെയല്ല. മറിച്ച് ജനങ്ങളുടെ തിരിച്ചറിവിനെയാണ്. പാലിയേക്കര അതിനാണ് സാക്ഷ്യം വഹിക്കുന്നത്. തങ്ങള്‍ ഒരു വലിയ ആപത്തിനെയാണ് അഭിമുഖീകരിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അത് അവര്‍ക്ക് ശരിയായ ദിശാബോധവും പകര്ന്നുനല്കിയിട്ടുണ്ട്. ഹസീനയ്ക്ക് എവിടെനിന്നെങ്കിലും ഫണ്ടു വരുന്നുണ്ടാവും എന്നു തെറ്റദ്ധരിക്കണ്ട. തൃശൂരില്‍ സാഹിത്യ അക്കാദമിക്കടുത്ത് ഒരു ഫ്ലാറ്റിന്റെ പകുതി വാടകക്കെടുത്താണ് ഹസീനയും കുടുംബവും താമസിക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഹസീനയുണ്ടാക്കുന്ന ചുക്കുകാപ്പി, മൂത്തമകന് വിഷ്ണു നഗരത്തില്‍ കൊണ്ടുപോയി വിറ്റാണ് കുടുംബം നിത്യവരുമാനത്തില്‍ ഒരു പങ്കുണ്ടാക്കുന്നത്. കോഴിക്കോട്ട് നഗരത്തില്‍ നടന്ന തന്റേടം കെട്ടുകാഴ്ചയില്‍ നിന്നുള്ള ആവേശമൊന്നുമല്ല ഹസീനയെക്കൊണ്ട് ഇത്തരമൊരു കാര്യം ചെയ്യിക്കുന്നത്, മനുഷ്യത്വം കൊണ്ടുമാത്രം. ഉമ്മച്ചന് പറഞ്ഞ സ്വകാര്യസംരംഭകര്‍ക്ക് ഒരു പക്ഷേ, ഹസീന ചതുര്ഥിയായിരിക്കും. ചതുര്ഥിയുണ്ടെങ്കിലേ പൂര്ണചന്ദ്രന് ശോഭയുള്ളൂ. ഇംഫാലില്‍ ഈ റോം ശര്‍മിളയെ കാണാന്‍ തിടുക്കപ്പെട്ട് വണ്ടികയറിയ ഒറ്റ സാംസ്കാരികക്കാരനും (കാരിയും) ഹസീനയെന്ന പെണ്ണൊരുത്തിയുടെ സമരമുഖം കാണാന്‍ തയ്യാറായില്ല എന്നുകൂടി ഓര്‍ക്കണം. മാധ്യമങ്ങളും അതേ നനഞ്ഞ പടക്കം ശൈലി സ്വീകരിച്ചു.
സമാന്തര പ്രസിദ്ധീകരണങ്ങളുടെ തള്ളിച്ചയില്‍ വീര്‍പ്പുമുട്ടിപ്പോയ കാലമുണ്ടായിരുന്നു. അത്തരം വിങ്ങലും വീര്‍പ്പുമുട്ടലും ഇല്ലെങ്കിലും നല്ല ഇടപെടലുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇന്‍ലന്റ് മാസികയായും പുസ്തകരൂപത്തിലുള്ളതായും അവ വായനക്കാരെ തേടിയെത്തുന്നു. ചെന്നൈയില്‍ നിന്നുള്ള മാതൃകാന്വേഷി മാസികയുടെ മുഖക്കുറിപ്പ് ഈ പശ്ചാത്തലത്തില്‍ ഗൗരവമായ ചില ചിന്തകള്‍ക്ക് അവസരം നല്കുന്നു. ഒരു വായനക്കാരന്റെ കത്തിനോട് പ്രതികരിച്ചുകൊണ്ടാണ് പത്രാധിപര്‍ തുടങ്ങുന്നത്. ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാര്‍ കുത്തകയാക്കിവെച്ച ഹൈവേകള്‍ പാവപ്പെട്ട എഴുത്തുകാരുടെ എന്നത്തേയും സ്വപ്നമാണ്. ആ സ്വപ്നം തകര്‍ക്കുന്ന തരത്തില്‍ അവരെന്തിനാണ് ഇടറോഡുകളിലേക്കും വഴികളിലേക്കും കലമ്പിയെത്തുന്നത് എന്നാണ് മലപ്പുറം സ്വദേശിയായ ഷൗക്കത്തലീഖാന്‍ ചോദിക്കുന്നത്.
ഈ ചോദ്യമാണ് മാതൃകാന്വേഷി പത്രാധിപരെ അസ്വസ്ഥപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തത്. ഷൗക്കത്തലീഖാന്റെ കത്ത്- ഞാറ്റുകണ്ടത്തിലെ റൊണാള്‍ഡോമാര്‍- മാര്‍ച്ച് ലക്കത്തില്‍ കൊടുത്തിട്ടുമുണ്ട്. നാട്ടുമ്പുറത്തെ കുട്ടികള്‍ വയലില്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ റൊണാള്‍ഡോമാര്‍ അങ്ങോട്ടു കളിക്കാന്‍ വന്നാല്‍ എന്താവും സ്ഥിതി? പിള്ളാര് പിന്നെ എവിടെപ്പോയികളിക്കും? അതിശക്തമാണ് ഷൗക്കത്തിന്റെ കത്ത്. അതിന്റെ തീക്ഷ്ണത കൊണ്ടുതന്നെയാണ് മാതൃകാന്വേഷി പത്രാധിപര്‍ക്ക് നാലു വരി കുറിക്കേണ്ടിവന്നതും. ഷൗക്കത്തിന്റെ പ്രതികരണസാമ്പിള് കണ്ടാലും: സാഹിത്യം ഇന്ന് പൂരപ്പറമ്പിലെ സൗജന്യ മോരുംവെള്ള വിതരണമാണ്. മാമുക്കോയയുടെ കുശിനിക്കാരനും മുകേഷിന്റെ മെയ്ക്കപ്പ്മേനും അവിടെ അനുഭവത്തിന്റെ ഡൈ പുരട്ടി ഇരിക്കാം. കൂടല്ലൂരില്‍ നിന്നും പത്താംക്ലാസ് കഴിഞ്ഞ അപ്പുണ്ണി. അഗ്രോ ബിസിനസ്സിലൂടെ പണിത നാലുകെട്ട് വൈറ്റ്വാഷ് ചെയ്ത് ഈ 70-ാം വയസ്സില്‍ ഭൂതപ്രേതപിശാചുകളെ അകറ്റാന്‍ വീണ്ടും ഭഗവതിയെ മച്ചില്‍ കുടിയിരുത്തണം. അന്നത്തെ ചെറുമരുടെ പേരക്കുട്ടികള്‍ തൊഴുത്തിന്റെ പിറകില്‍ ഇപ്പോഴുമുണ്ട്.
നജീബിനെ മരുഭൂമിയില്‍ നിന്നും കിട്ടിയിട്ട് മൂന്നോനാലോ വര്‍ഷങ്ങളേ ആയിട്ടുള്ളൂ എങ്കിലും പതിപ്പുകള്‍ അപ്പുണ്ണിയേയും കവച്ചുവെച്ചിരിക്കുന്നു. വായനക്കാര്‍ മരിച്ചിട്ടില്ല. മരിച്ചാലും പ്രതിഭയുള്ളവന്റെ പ്രഭ ലോകാവസാനം വരേക്കും നിലനില്‍ക്കുമെന്ന് ആര്‍ക്കാണറിയാത്തത്! നാലക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ചവനെ സമാന്തര പ്രസിദ്ധീകരണങ്ങള്‍ നാട്ടുകാരുടെ പ്രിയങ്കരനാക്കിയ അനുഭവങ്ങള്‍ എത്രയോ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആ പ്രവണതയ്ക്ക് മങ്ങല്‍ ഏറ്റിട്ടില്ലേ എന്ന സംശയം അസ്ഥാനത്തല്ല. ഉണ്മ, ആള്‍ക്കൂട്ടം, പച്ചമഷി, ഇന്ന്, പ്രതിഭ, കേരളസമീക്ഷ, സമഷ്ടി, മാതൃകാന്വേഷി, ധിഷണ, പവിത്രഭൂമി, അക്ഷരകൈരളി, പ്രഹേളിക, പ്രതിവാരം, ആരണ്യകം, സ്പന്ദനം…. അങ്ങനെയങ്ങനെ സമാന്തരവീക്ഷണങ്ങള്‍ അനവധി. അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. ഞാറ്റുകണ്ടങ്ങളിലേക്ക് റൊണാള്‍ഡോമാരെ കളിക്കാന്‍ വിടരുത്, പ്ലീസ്.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: