കേരളാപോലീസ് ആസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെ സമ്മേളനവേദി ഉദ്ഘാടനം ചെയ്തശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വളരെ അഭിമാനത്തോടെയാണ് കേരളാപോലീസിന്റെ മികവിനെ വാഴ്ത്തിയത്. കേരളാപോലീസിലെ മിടുക്കന്മാരെ കുറിച്ച് കേരളീയര്‍ക്കാകമാനം അഭിമാനമുണ്ട്. കേരളത്തിന് പുറത്തുനിന്നുപോലും കേരളാപോലീസ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ പോലീസിലെ ഏതാനും ചിലരുടെ തെറ്റായ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും സേനക്കാകമാനം നാണക്കേടും മാനഹാനിയും സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
ശതാബ്ദങ്ങളുടെ പരീക്ഷണ, പരിണാമങ്ങളിലൂടെയാണ് ഇന്നത്തെ രീതിയിലുള്ള പോലീസ് രൂപം കൊണ്ടത്. ഇന്നത്തെ രൂപവും ഭാവവും സ്വഭാവവുമല്ലെങ്കിലും പുരാണേതിഹാസങ്ങളില്‍ പോലും ‘പോലീസി’ന്റെ പണി ചെയ്തവരെ കുറിച്ച് വര്‍ണിക്കുന്നുണ്ട്. ഓരോ രാജ്യത്തെയും സംസ്കാരികവും സാമൂഹ്യവും അവസ്ഥയ്ക്കനുസൃതമായുള്ള പോലീസ് ഘടന നിലവില്‍ വന്നിട്ട് മൂന്നോ നാലോ നൂറ്റാണ്ടേ ആയുള്ളൂ. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന കുറ്റവാളികളെ അമര്‍ച്ച ചെയ്യുക എന്ന മുഖ്യ ചുമതലയായിരുന്നു ആദ്യമൊക്കെ പോലീസിന്. പാശ്ചാത്യരാജ്യങ്ങളില്‍ പോലീസിന് നല്കിയ മുഖ്യ ചുമതലകള്‍ ആറായി തരംതിരിച്ചിരുന്നു. മയക്കുമരുന്നുകളുടെ വില്പന, വ്യഭിചാരം, ചൂതുകളി തുടങ്ങിയ വാണിജ്യപരവും സാമൂഹികവുമായ തിന്മകളെ തടയുക, ലഹരിപാനീയങ്ങളുടെ വില്പന, ഉപഭോഗം എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, കുറ്റവാളികളായ സ്ത്രീകളെയും യുവാക്കളെയും കൈകാര്യം ചെയ്യുക, കുറ്റാന്വേഷണം നടത്തുക, കുറ്റവാളികളെ കണ്ടെത്തുക, ഗതാഗത നിയന്ത്രണം നടത്തുക, യൂണിഫോമില്‍ പട്രോളിംഗ് നടത്തുക തുടങ്ങിയവയാണത്. ലണ്ടന്‍ പോലീസിന്റെ സൂചനാ പുസ്തകത്തില്‍ പോലീസിന്റെ ജോലിയും ഉത്തരവാദിത്വവും വിസ്തരിച്ചത് കെ.പി.കേശവമേനോന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
“കാര്യപ്രാപ്തിയുള്ള പോലീസിന്റെ പ്രാഥമിക കര്‍ത്തവ്യം കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ്. അടുത്തത് കുറ്റവാളികളെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുക എന്നതും. പോലീസിന്റെ എല്ലാ ശ്രമങ്ങളും ഈ വഴിക്കായിരിക്കണം. സാധാരണ ജനങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതും കുറ്റവാളികളെ പിടികൂടുന്നതു പോലെയോ അതിലുപരിയോ തന്റെ കര്ത്തവ്യമാണെന്നോര്ക്കണം. കുറ്റവാളികളെ തടയുകയും അപരാധികളെ പിടികൂടുകയും ചെയ്യുന്നതോടൊപ്പം ഓരോ പോലീസുകാരനും താന്‍ പൊതുജനസേവകനും രക്ഷിതാവുമാണെന്ന് മനസിലാക്കി നിയമം അനുസരിക്കുന്ന എല്ലാ പൗരന്മാരോടും അവര്‍ എന്തു സ്ഥാനം വഹിക്കുന്നവരായാലും ക്ഷമയോടും വിനയത്തോടും കൂടി പെരുമാറണം”. കേരള പോലീസിന്റെ ശതാബ്ദി സ്മരണികയിലാണ് കേശവമേനോന് ഇങ്ങനെ പറഞ്ഞത്.
ബ്രിട്ടീഷുകാരുടെ പോലീസിന്റെ പെരുമാറ്റം എങ്ങനെയാണെന്ന് ബാരിസ്റ്റര്‍ ജി.പി.പിള്ള ‘ലണ്ടനും പാരീസും’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ‘ഇന്ത്യയിലെ പോലീസ് എങ്ങനെയാണോ അതിന് നേരെ മറിച്ചാണ് ലണ്ടന്‍ പോലീസുകാരന്. നിയമപ്രകാരം നടക്കുകയും നടത്തിക്കുകയും ചെയ്യാന്‍ അവനറിയാം. കുടിയനും പിച്ചക്കാരനും അവന്റെ പേരുകേട്ടാല്‍ ഞെട്ടും. മദ്യവില്പനശാലയ്ക്കരികിലെ ബഹളം പോലീസിനെ കണ്ടാല്‍ കെട്ടടങ്ങും. അവന് കൈ പൊക്കിയാല്‍ ഏതു വണ്ടിയായാലും നിര്‍ത്തും. ഗതാഗതം സുഗമമാകും. ജീവരക്ഷ സാധിക്കുന്നു. വൃദ്ധരോടും കുട്ടികളോടും ദയയോടെ പെരുമാറും. പോലീസ് അവിടെ നിര്‍ദയനല്ല. ദിവസേന അനേകായിരം പേരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്കാന് സാധാരണ ക്ഷമ പോര. എന്നാല്‍ ലണ്ടനിലെ പോലീസുകാരന് ഒരിക്കലും ദേഷ്യം വരില്ല.
ലണ്ടനിലെ പോലീസുകാരന് കൈക്കൂലിയില്ല. നീചലാഭത്തിനായി തെറ്റു ചെയ്യുകയില്ല. അവന് ന്യായമായ പ്രതിഫലമേ വേണ്ടൂ. അവന് എപ്പോഴും ജോലിയില്‍ ജാഗ്രത പുലര്‍ത്തും……’ ബ്രിട്ടീഷുകാരന് ഏര്‍പ്പെടുത്തിയ നിയമവ്യവസ്ഥകളും ക്രമസമാധാന സംവിധാനങ്ങളും തന്നെയാണ് ഇവിടെയും ഏറെക്കുറെ ഇപ്പോഴും തുടരുന്നത്, അല്ലറ ചില്ലറ ഭേദഗതികളോടെ. പക്ഷേ അവിടുത്തെ പോലീസുകാരന്റെ പെരുമാറ്റം നമ്മുടെ പോലീസില്‍ സങ്കല്പിക്കാന് പോലും കഴിയുന്നുണ്ടോ ? വേലി തന്നെ വിള തിന്നുന്നു എന്ന പരാതിയാണ് നമ്മുടെ പോലീസിനെ കുറിച്ച്. ഇത് പല കോടതികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്തുകൊണ്ടിതു സംഭവിക്കുന്നു ? കുറ്റവാളികളുടെ സാന്നിധ്യം പോലീസിലുമുണ്ടെന്നത് ആരോപണമേയല്ല. അതില്‍ സാദാപോലീസു മുതല്‍ ഐപിഎസുകാര്‍ വരെ ഉള്‍പ്പെടുന്നു. മോഷണക്കുറ്റം മുതല്‍ കൊലപാതകവും രാജ്യദ്രോഹവും ഉള്‍പ്പെടെ സമൂഹത്തില്‍ കണ്ടു വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാന്‍ പോലീസുകാര്‍ക്കും മടിയില്ലെന്നു തെളിഞ്ഞ സംഭവങ്ങള്‍ നിരവധിയാണ്. കടുത്ത ക്രിമിനല്‍ കുറ്റങ്ങളിലേര്‍പ്പെട്ട നൂറു കണക്കിനു പോലീസുകാരുടെ പട്ടിക നിയമസഭയില്‍ പോലും എത്തിയിട്ടുണ്ട്. ഇതു തടഞ്ഞേ പറ്റൂ എന്ന ശക്തവും വ്യക്തവുമായ നിര്‍ദേശം പല തവണ ഉന്നത നീതിപീഠങ്ങളില്‍ നിന്നും ഉണ്ടായെങ്കിലും കുറ്റവാളികള്‍ പോലീസിലെത്തുന്നു, കുറ്റകൃത്യങ്ങള്‍ തുടരുന്നു. ഇക്കഴിഞ്ഞ 23ന് ഹൈക്കോടതി ഒരിക്കല്‍ കൂടി ശക്തമായ ഭാഷയില്‍ ചില നിര്‍ദേശങ്ങള്‍ നല്കുകയുണ്ടായി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നോട്ടീസ് പോലും നല്‍കാതെ പോലീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇത്തരക്കാരെ പരിശീലനത്തിന് എടുക്കരുതെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന കാരണത്താല്‍ പോലീസ് പരിശീലനത്തില്‍ നിന്നും ഒഴിവാക്കിയ പോലീസുകാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
38 പോലീസുകാരെയാണ് പിരിച്ചുവിട്ടിരുന്നത്. കേസുകളില്‍ കുറ്റവിമുക്തരാക്കിയ പോലീസുകാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസ് സേനയിലെത്തുന്നത് ആത്മഹത്യാപരമാണ്. ഇത്തരക്കാര്‍ സേനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ക്ക് ആയുധപരിശീലനം നല്‍കുന്നത് രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ക്രിമിനലുകളെ സര്‍വീസില്‍ നിര്‍ത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും. ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, രവികുമാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഐപിഎസുകാരനെ പോലും പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച് മുന്‍ ഉത്തരവ് സ്ഥിരപ്പെടുത്താനും ഹൈക്കോടതി തയ്യാറായി. 2011 ജൂണ്‍ 21, ആഗസ്ത് 8 തീയതികളിലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. അനര്‍ഹര്‍ പോലീസില്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. യോഗ്യതയും സ്വഭാവവും ചരിത്രവും പരിശോധിച്ചേ നിയമനം നടത്താവൂ. സ്വഭാവം, ആരോഗ്യം, അനുയോജ്യത എന്നിവയും നോക്കണം. പോലീസിന്റെ അച്ചടക്കത്തിനും നീതിന്യായവ്യവസ്ഥയ്ക്കും എതിരായ പ്രവര്‍ത്തനം നടത്തുന്നവരെ നോട്ടീസു പോലും നല്‍കാതെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നിര്‍ദേശമുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഐപിഎസുകാര്‍ക്കു പോലും ഇത് ബാധകമാണെന്ന് ആഗസ്തിലാണ് ഹൈക്കോടതി ഉത്തരവു നല്‍കിയത്.
സമാനതകളില്ലാത്ത കൊടുംകുറ്റങ്ങള്‍ ചെയ്യുന്നതിനു പോലും മടിയില്ലാത്ത പോലീസുകാരുണ്ട്. ഡ്രൈവറെ കുത്തിക്കൊന്ന് തുണ്ടംതുണ്ടമാക്കി വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയത് ഒരു സാദാപോലീസുകാരനായിരുന്നില്ലല്ലോ. ആ കുറ്റവാളി ഇപ്പോള്‍ ജയിലിലാണ്. ജനപ്രതിനിധികളെ തട്ടിക്കൊണ്ടു പോകാന്‍ പോലും മടിയില്ലാത്ത പോലീസുദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഏതു കോടതിയും മൂക്കത്തു വിരല്‍ വച്ചു പോകുന്നത് സ്വാഭാവികമാണ്. മൂന്നു വര്‍ഷം മുമ്പ് വയനാട്ടിലെ പൂതപ്പാടി പഞ്ചായത്തു വൈസ് പ്രസിഡന്റ് വി.എന്‍.ശശീന്ദ്രനെ തട്ടിക്കൊണ്ടു പോയ സംഭവം കേരളീയര്‍ മിക്കവാറും മറന്ന മട്ടാണ്. ആ തട്ടിക്കൊണ്ടു പോകലിന് നേതൃത്വം നല്‍കിയത് ഒരു ഡിവൈഎസ്പി ആയിരുന്നു എന്ന് ആരോപണമുയര്‍ന്നെങ്കിലും കുറ്റകൃത്യം ചെയ്തത് അന്നത്തെ ഭരണകക്ഷിക്കു വേണ്ടിയായതിനാല്‍ അതൊരു സത്കര്‍മമായി പര്യവസാനിക്കുകയാണുണ്ടായത്. പ്രശ്നം ഹൈക്കോടതിയിലെത്തിയപ്പോള്‍ കേരളത്തിലാണോ ഇതൊക്കെ സംഭവിക്കുന്നത് എന്ന് കോടതി ആശ്ചര്യപ്പെടുകയുണ്ടായി. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ പഞ്ചായത്തു ഭരണം പിടിക്കാന്‍ പ്രതിപക്ഷാംഗങ്ങളെ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ സൗകര്യമൊരുക്കി കൊടുത്തതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.
ഇതിനെല്ലാം ഉപരിയാണ് ഐജി തലം വരെയെത്തിയ ഒരു ഐപിഎസ് ഓഫീസറുടെ ചെയ്തികള്‍. ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ കുറ്റാരോപിതനായ ഐജി ടോമിന് ജെ. തച്ചങ്കരിക്ക് ഏതു ഭരണം വന്നാലും ശീതളച്ഛായ ലഭിക്കുന്ന സംവിധാനമാണ് കേരളത്തിലുള്ളതെന്ന് പലകുറി കണ്ടു കഴിഞ്ഞു. കൂടിയാല്‍ ഒരു സസ്പെന്ഷന്. അതു കഴിഞ്ഞാല്‍ സ്ഥാനക്കയറ്റത്തോടെ കൂടിയ ശമ്പളവും ആനുകൂല്യങ്ങളും. ഇദ്ദേഹത്തെ കുറിച്ച് അന്വേഷണം നടത്തിയ ഉന്നത പോലീസുദ്യോഗസ്ഥന്മാര്‍ക്കു പോലും പീഡനത്തിന്റെ പരമ്പര. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ക്കു പോലും തച്ചങ്കരിക്കെതിരെ വിരല്‍ ചൂണ്ടിയതിന് കയ്പു നീര് കുടിക്കേണ്ടി വന്നിട്ടുണ്ട്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്, കസ്റ്റഡി മര്‍ദനം, രാജ്യദ്രോഹക്കുറ്റത്തിന് പിടിയിലാകുന്നവര്‍ക്ക് ഒത്താശ, ഡ്യൂട്ടി വെട്ടിച്ച് ഇറക്കുമതി, വ്യാജ സിഡി നിര്‍മാണം തുടങ്ങിയ ഒട്ടനവധി ആരോപണങ്ങള്‍ പേറുന്ന ഈ ഉദ്യോഗസ്ഥന് ഒരു സങ്കോചവുമില്ലാതെ മര്‍മപ്രധാനമായ സ്ഥാനങ്ങള്‍ കല്പിച്ചു നല്കാന് ഭരണതലപ്പത്തുള്ളവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. തച്ചങ്കരിയുടെ അനധികൃത വിദേശയാത്ര സംബന്ധിച്ച ഫയല്‍ തുറന്നതിനാണ് അന്നത്തെ ഡിഐജി ശ്രീലേഖയ്ക്ക് കസേര തെറിച്ചത്. ശ്രീലേഖയ്ക്കുണ്ടായ അതേ അനുഭവം ഐജി ടി.പി.സെന്‍കുമാറിനും ഉണ്ടായി. മറ്റു പല പോലീസ് ഉദ്യോഗസ്ഥന്മാര്ക്കും തച്ചങ്കരിയുടെ പുറകെ പോയതിന് യൂണിഫോം അഴിച്ചു വയ്ക്കേണ്ടി വന്നിട്ടുണ്ട്.
പോലീസിലെ കുറ്റവാളികളെ കണ്ടെത്തി പുറത്താക്കാനും സേനയെ സംശുദ്ധമാക്കാനും പോലീസ് തലപ്പത്തു നിന്നു മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിനും ഇച്ഛാശക്തി വേണം. അതില്ലാത്ത കാലത്തോളം കോടതികള്‍ ഒന്നു പറയും. കൈക്കരുത്തും സ്വാധീനവുമുള്ള പോലീസുകാര്‍ കവലച്ചട്ടമ്പികളെക്കാള്‍ മോശമായ ജോലികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: