അറുപത്തഞ്ചാണ്ട് പിന്നിടുന്ന സ്വതന്ത്രഭാരതം ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ മറ്റ് രാജ്യങ്ങള്‍ക്കെല്ലാം മാതൃകയാണ്. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷം നാളിതുവരെ നമ്മുടെ ജനാധിപത്യത്തിനു നേരേ ഉയര്‍ന്ന വെല്ലുവിളികളെയൊക്കെ സധൈര്യം നേരിടാനും അതിജീവിക്കാനും നമുക്ക് കഴിഞ്ഞു. ജനാധിപത്യത്തെ കൈപ്പിടിയിലൊതുക്കി ഏകാധിപതിയാവാന് ശ്രമിച്ചവര്‍ക്കൊക്കെ ഇന്‍ഡ്യന്‍ ജനത തക്കസമയത്ത് ചുട്ട മറുപടി നല്‍കിയിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ ചരിത്രം തെളിയിക്കുന്നത് അതാണ്. ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന് അണികളെ കൊണ്ടും സ്തുതിപാഠകരെ കൊണ്ടും പറയിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും ഇന്ത്യാരാജ്യത്തേയും കാല്ചുവട്ടിലൊതുക്കാനാണ് ഇന്ദിരാഗാന്ധി ശ്രമിച്ചത്. ഭരണഘടനയെ ദുരുപയോഗം ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യ ഭരണത്തിനു ശ്രമിച്ച ഇന്ദിരാഗാന്ധിയെ ഭാരതത്തിലെ ലക്ഷോപലക്ഷം വരുന്ന നിരക്ഷരരായ സാധാരണക്കാര്‍ ജനാധിപത്യത്തിന്റെ അര്‍ത്ഥമെന്തെന്ന് പഠിപ്പിച്ചു. പിന്നൊരിക്കലും ഏകാധിപത്യത്തെ കുറിച്ച് ചിന്തിക്കുവാന്‍ പോലും ആരും ധൈര്യപ്പെടാതിരുന്നതിന്റെ കാരണവും അതു തന്നെയായിരുന്നു.
ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ് രാജാക്കന്മാരെന്ന് നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും നമ്മുടെ ജനാധിപത്യം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ട് വരുന്ന ചിത്രമാണ് നാം കാണുന്നത്. അഴിമതിക്കാരേയും ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരേയും ഒക്കെ പുറംകാലു കൊണ്ട് തൊഴിക്കാന്‍ ഇന്‍ഡ്യന്‍ ജനത പഠിച്ചു കഴിഞ്ഞു. ഇളമുറ രാജാക്കന്മാരൊക്കെ തലങ്ങും വിലങ്ങും റോഡ്ഷോ എന്ന പേരില്‍ തേരോട്ടം നടത്തിയിട്ടും അമേഠിയിലും റായ്ബറേലിയിലുമടക്കം അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത് അതാണ്.
ശരിയായ വികസന കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്കുന്ന പുത്തന്‍ ജനാധിപത്യശീലം ഭാരതത്തില്‍ രൂപപ്പെട്ടു വന്നു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുന്നവരെ പാര്ട്ടിയേതെന്ന് നോക്കാതെ, കുടുംബമേതെന്ന് നോക്കാതെ വീണ്ടും വീണ്ടും അധികാരത്തിലേറ്റാന്‍ ഇന്ത്യന്‍ ജനത തയ്യാറാവുന്ന കാലമാണിത്. എല്ലാവരും എതിര്‍ത്തിട്ടും ഗുജറാത്തില്‍ നരേന്ദ്രമോഡിയും, ബീഹാറില്‍ നിതീഷും, മദ്ധ്യപ്രദേശില്‍ ചൗഹാനും, ഹിമാചലില്‍ ധൂമലും, പഞ്ചാബില്‍ ബാദലും, ഒറീസ്സയില്‍ നവീനുമൊക്കെ തുടര്‍ച്ചയായി നേടിയ വിജയം സൂചിപ്പിക്കുന്നത് അതാണ്.
നമ്മുടെ ജനാധിപത്യത്തിനു നേരേ ഉയര്‍ന്ന വെല്ലുവിളികളെ എതിര്‍ത്ത് ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ജുഡീഷ്യറി വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. അധികാരത്തിന്റെ അപ്രമാദിത്വത്തിലാണ്ട രാഷ്ട്രീയ നേതൃത്വത്തേയും അഴിമതിയുടെ അഗാധ ഗര്‍ത്തങ്ങളിലേക്ക് പോയ രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദത്തേയും നിലയ്ക്ക് നിര്‍ത്താനും കാരാഗ്രഹത്തിലടയ്ക്കാനും കരുത്തുറ്റ നമ്മുടെ ജുഡീഷ്യറിയ്ക്കായിട്ടുണ്ട്. കാല്‍ചുവട്ടിലെ മണ്ണിടിയുന്നു എന്നു കണ്ടപ്പോള്‍ ഏകാധിപതിയാവാന് ശ്രമിച്ച ഇന്ദിരാഗാന്ധിയ്ക്ക് നേരേയുണ്ടായ വിധിന്യായവും, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഭരണഘടനയിലെ 356-ാം വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ നിര്‍ദ്ദാക്ഷിണ്യം പിരിച്ചുവിടുന്നതിനെതിരെ ഉണ്ടായ വിധിന്യായവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലുകളായിരുന്നു. അധികാരമത്ത് പിടിച്ച് അഴിമതി മുഖമുദ്രയാക്കിയവരെല്ലാം ഇരുമ്പഴിയ്ക്കുള്ളിലായതും കോടതികളുടെ ഇടപെടല്‍ മൂലമാണ്.
എണ്ണിയാലൊടുങ്ങാത്ത കോടികളുടെ അഴിമതി നടന്ന 2ജി ഇടപാട് മുതല്‍ പിന്നോട്ട് കോമണ്‍ വെല്‍ത്തും, കാലിത്തീറ്റയും, ബോഫോഴ്സും അടക്കമുള്ള നിരവധി അഴിമതി കഥകളാണ് ജുഡീഷ്യറിയുടെ ഇടപെടല്‍ മൂലം ലോകം കണ്ടത്. സുഖറാമും, ലാലു യാദവും, കല്‍മാഡിയും, മധുകോഡയും, രാജയും, കനിമൊഴിയും, റെഡ്ഡി സഹോദരന്മാരെയുമൊക്കെ ജയിലിലടയ്ക്കാന്‍ കരുത്ത് കാട്ടിയ ഇന്‍ഡ്യന്‍ ജുഡീഷ്യറി ജനാധിപത്യത്തിലും ജുഡീഷ്യറിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാതെ കാത്തു സൂക്ഷിച്ചു.
പ്രതീക്ഷകളറ്റവന്റെ പ്രത്യാശാകേന്ദ്രമാണ് നമ്മുടെ ജുഡീഷ്യറി. എന്നാല്‍ ജുഡീഷ്യറിയ്ക്ക് മേല്‍ കരിനിഴല്‍ വീഴുന്ന തരത്തിലുള്ള ചില പ്രവര്‍ത്തികള്‍ അടുത്ത കാലത്തുണ്ടായിക്കൊണ്ടിരിക്കുന്നത് ഒട്ടും അഭികാമ്യമല്ല. സമസ്ത മേഖലകളിലും ഉണ്ടായ അപചയം ജുഡീഷ്യറിയേയും ബാധിച്ചു എന്ന് ന്യായീകരിക്കുന്നത് ശരിയല്ലല്ലോ. പരമോന്നത നീതി പീഠത്തിലെ മുന്‍ മുഖ്യ ന്യായാധിപന് നേരേപോലും അഴിമതി ആരോപണങ്ങള്‍ ഉയരുന്നത് ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും എന്നതില്‍ സംശയമില്ല. ജുഡീഷ്യറിയിലും അഴിമതിക്കാരുണ്ടെന്ന കുമ്പസാരം ഇതിനൊട്ട് പരിഹാരവുമല്ല. ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ പേരില്‍ അപ്രമാദിത്വത്തിന് ശ്രമിക്കുന്നതും, അധികാരവകാശങ്ങള്ക്ക് വേണ്ടി രാഷ്ട്രീയക്കാരോട് കാട്ടുന്ന വിധേയത്വവും, നിയമനങ്ങളിലുള്ള സ്വയം നിര്‍ണ്ണയാവകാശവും ഒക്കെ നമ്മുടെ ജുഡീഷ്യറിയുടെ കരുത്തിനെ ചോര്‍ത്തി കളയുന്നതാണ്. ജനാധിപത്യത്തിന്റെ നിലനില്പ്പിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകത്തിലൂണ്ടാകുന്ന ദുര്‍ബലതകള്‍ ജുഡീഷ്യറിയുടേയും ജനാധിപത്യത്തിന്റേയും അതുവഴി രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനേയും സാരമായി ബാധിക്കും.
സുപ്രധാനങ്ങളായ ഈ ചിന്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഭാരതീയ അഭിഭാഷക പരിഷത്തിന്റെഎട്ടാം സംസ്ഥാന സമ്മേളനം 2012 മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ കൊല്ലത്ത് ചേരുന്നത്. രാഷ്ട്രീയാതീത അഭിഭാഷക കൂട്ടായ്മയിലൂടെ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ അഭിഭാഷക സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്ത് അഭിഭാഷകരുടെ തൊഴില്‍പരമായ പ്രശ്നങ്ങളുടെ പരിഹാരത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ജുഡീഷ്യറിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നതിനോടൊപ്പം സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിച്ചിട്ടുണ്ട്. അഭിഭാഷക ക്ഷേമനിധി വിഷയത്തിലും അഭിഭാഷകരുടേയും ജുഡീഷ്യറിയുടേയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ നടപ്പിലാക്കാനുദ്ദേശിച്ച നിയമങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളെടുത്തിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയ്യേറ്റത്തിനെതിരെയുള്ള സമരത്തിന് നല്കിയ പിന്തുണയും വിവരാവകാശ നിയമത്തിന്റെ പ്രചാരണത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും, കമ്മ്യൂണല്‍ വയലന്‍സ് ബില്ലിനെതിരെ നടത്തിയ പ്രചാരണങ്ങളും അഴിമതിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണ്. അഭിഭാഷകവൃത്തിയുടെ അന്തസ്സ് നഷ്ടപ്പെടാതെ തന്നെ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനും, നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അഭിഭാഷകരെ പ്രേരിപ്പിക്കാന്‍ അഭിഭാഷക പരിഷത്തിനായിട്ടുണ്ട്. ജുഡീഷ്യറിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ അഭിഭാഷക പരിഷത്ത് വിരല്‍ ചൂണ്ടിയപ്പോള്‍ സര്‍വ്വരാലും അംഗീകരിക്കപ്പെട്ടതും തന്മൂലമാണ്.
നീതിന്യായ വ്യവസ്ഥ – വെല്ലുവിളികളും പരിഹാരങ്ങളും എന്നതാണ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം. ഈ വിഷയത്തില്‍ ഗൗരവമേറിയ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും രണ്ട് ദിവസത്തെ സമ്മേളനത്തിലുണ്ടാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 300 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം അഭിഭാഷക പരിഷത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാവും. ഒപ്പം പരിഷത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ദിശാബോധത്തിനുള്ള വേദിയുമാവും.
അഡ്വ: ആര്. രാജേന്ദ്രന് (അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: