കൊച്ചി: പള്ളുരുത്തി സ്വദേശി ചാണിപറമ്പില്‍ ശശിയെയും കുടുംബത്തെയും പള്ളുരുത്തി എസ്ഐ പീഡിപ്പിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് മനുഷ്യാവകാശകമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായി ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ് ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് അന്യായമായി വീട്ടില്‍ കയറി വാഹനവും സ്വര്‍ണവും അപഹരിച്ചതായി പരാതി. കഴിഞ്ഞ 16ന് വെളുപ്പിന് അഞ്ചര മണിക്കാണ് പള്ളുരുത്തി എസ് ഐയായ രാജേഷും സീനിയര്‍ പോലീസ് ഓഫീസര്‍ കൃഞ്ഞികൃഷ്ണനും മൂന്നു പോലീസുകാരും ചേര്‍ന്ന് വീട്ടില്‍നിന്ന് ഓട്ടോറിക്ഷയും ആക്ടീവ സ്കൂട്ടറും ഒരു പവന്റെ നവരത്ന മോതിരവുമാണ് വീട്ടില്‍നിന്നും എടുത്തുകൊണ്ടുപോയതെന്ന് പള്ളുരുത്തി സ്വദേശി ശശി പറഞ്ഞു.
തന്റെ പേരില്‍ പരാതിയോ ക്രിമിനല്‍ കേസുകളോ ഒന്നുംതന്നെയില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ചില തല്ലുകേസില്‍ പ്രതിയായിരുന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും ശശി. സംഭവദിവസംതന്നെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ചീഫ് സെക്രട്ടറിക്കും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് എസ്ഐ തനിക്കെതിരെ കള്ളക്കേസെടുത്തുവെന്നും പണവും മൊബെയില്‍ഫോണും തൊണ്ടിമുതലാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. തന്റെ വണ്ടികള്‍ വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയാതാണെന്ന് കാണിച്ച് ആര്‍ഡിഒ കോടതിക്ക് റിപ്പോര്‍ട്ടു നല്‍കിയിരിക്കുകയാണ്. എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: