പ്രവാസി മലയാളികളെക്കുറിച്ചും മറുനാടന്‍ മലയാളികളെക്കുറിച്ചും അവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും സര്‍ക്കാര്‍ തലത്തിലും മാധ്യമങ്ങളിലും സംഘടനകളിലൂടെയും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ അല്ലെങ്കില്‍ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വേണ്ടത്ര ചര്‍ച്ച നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍പ്പോലും കാര്യമായ അന്വേഷണം നടക്കുന്നില്ല.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, ബീഹാര്‍, ഒറീസ്സ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും വിവിധജോലികള്‍ക്കായി തൊഴിലാളികള്‍ കേരളത്തിലെത്തുന്നുണ്ട്. കേരള സംസ്ഥാന രൂപീകരണസമയത്തുതന്നെ ദേവികുളം, പീരുമേട് മേഖലയില്‍ തമിഴ്നാട്ടില്‍നിന്നുള്ള തോട്ടം തൊഴിലാളികള്‍ സ്ഥിരവാസമുറപ്പിച്ചിട്ടുണ്ട്. അവരെ ഒഴിച്ചുനിര്ത്തിയാലും കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ തമിഴ്നാട്ടുകാരാണ് കൂടുതല്‍. കേരളത്തില്‍ തൊഴിലില്ലായ്മയുടെ തോത് കൂടുതലാണെങ്കിലും അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വേതനമാണ് മറ്റു സംസ്ഥാനക്കാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. കൂടാതെ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ കായികക്ഷമത കൂടുതലുള്ള ജോലികളില്‍ ചെറുപ്പക്കാര്‍ക്കുള്ള വിമുഖതയും കാരണമാണ്.
വളര്‍ന്നുവരുന്ന സാമ്പത്തികമേഖലയെന്ന നിലയില്‍ കൊച്ചിയിലാണ് കുടിയേറ്റ തൊഴിലാളികള്‍ കൂടുതലായിട്ടുള്ളത്. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ തമിഴര്‍ 65 ശതമാനം, കര്ണാടകക്കാര് അഞ്ച് ശതമാനം, ആന്ധ്രക്കാര് മൂന്ന് ശതമാനം, ഉത്തര്‍പ്രദേശുകാര്‍ ഒന്നര ശതമാനം, ബംഗാളികള്‍ ഒരു ശതമാനം, ബീഹാറികളും ഒറീസ്സക്കാരും കഷ്ടിച്ച് ഒരു ശതമാനം എന്ന തോതിലാണെന്ന് ഒരു പഠനറിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കൊച്ചിയില്‍ 14 ശതമാനം, ഇടുക്കിയില്‍ 12 ശതമാനം, തിരുവനന്തപുരത്ത് 12 ശതമാനം, പാലക്കാട്ട് 11 ശതമാനം, കാസര്‍ഗോഡ് എട്ട് ശതമാനം കണ്ണൂര്‍ ഏഴ് ശതമാനം, തൃശ്ശൂര്‍ എഴ് ശതമാനം, കോഴിക്കോട് ആറ് ശതമാനം എന്നിങ്ങനെയാണ്. 80 ശതമാനം അന്യസംസ്ഥാന തൊഴിലാളികളും വര്‍ഷത്തില്‍ എട്ടുമാസമെങ്കിലും ഇവിടെ ജോലി ചെയ്യുന്നവരാണ്. ദിവസേന എട്ടുമണിക്കൂര്‍ ജോലിയ്ക്ക് ശരാശരി 250 രൂപ (കൊച്ചിയിലെ കണക്ക്) ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ കൂലി കുറവാണ്.
ഇത്തരം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവ്യവസ്ഥയും ഒരുക്കിയാല്‍ അവര്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാണ്. അവരുടെ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന കൂലിയുടെ കുറവും ഇവിടെ ഓവര്‍ടൈം എന്ന പേരിലും മറ്റും ലഭിക്കുന്ന അധികവേതനവും താരതമ്യം ചെയ്താണ് അവര്‍ ജോലി ചെയ്യുന്നത്. തൊഴില്നിയമങ്ങളെക്കുറിച്ചോ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങളെക്കുറിച്ചോ അവര്‍ക്ക് ചിന്തിക്കാന്‍ സമയമില്ല. കുറെ പേണം സ്വരൂപിച്ച് അതുമായി നാട്ടിലേക്ക് വണ്ടികയറാനാണ് അവര്‍ക്ക് താല്‍പ്പര്യം. ഈ തൊഴിലാളികളില്‍ ഭൂരിപക്ഷവും റേഷന്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തവരാണ്. അതേപോലെ സാമാന്യവിദ്യാഭ്യാസം ഇല്ലാത്തവരും ബാലവേല ചെയ്യുന്നവരുമായി വലിയൊരു ശതമാനം തന്നെ വരും.
ധാരാളംപേര്‍ വിവാഹിതരും കുടുംബമായി താമസിക്കുന്നവരുമായതിനാല് കുട്ടികളെ ബാലവേലയ്ക്ക് വിടുന്നു. കുടിയേറ്റ തൊഴിലാളികളില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ കഴിവുള്ള ഒരു ചെറിയ ശതമാനം ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ ഭീകരവാദികളോ എയ്ഡ്സ് രോഗികളോ ആണെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളില്‍ 75 ശതമാനവും അവിദഗ്ദ്ധ തൊഴിലാളികളും കാര്‍ഷികത്തൊഴിലാളികളുമാണ്. അത്തരക്കാരുടെ പൊതുജനാരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ കുടുംബജീവിതം, വിദ്യാഭ്യാസം, സാമൂഹ്യമായ ഐക്യദാര്‍ഢ്യം എന്നിവയെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ അതെല്ലാം ഒരു മനുഷ്യാവകാശപ്രശ്നമായി മാറുന്നു. അസംഘടിത മേഖലയിലാണ് ഭൂരിപക്ഷം തൊഴിലാളികളുമെന്നതില് തൊഴിലാളിസംഘടനകള്‍ക്കും ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. കമ്പനികളിലാണെങ്കില്‍ കരാര്‍ തൊഴിലാളികളെന്ന ലേബലിലാണവര് പ്രവര്‍ത്തിക്കുന്നത്.
ഈ അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളില്‍ പ്രധാനം തദ്ദേശീയരുമായി ജോലി സ്ഥലത്തും അല്ലാതെയും വഴക്കിടല്‍, ഭാഷാപ്രശ്നം എന്നിവയാണ്. എല്ലാ തൊഴില്‍നിയമങ്ങളും അവര്‍ക്ക് ബാധകമാണെങ്കിലും അസംഘടിതരായതിനാല്‍ അത് സംബന്ധിച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാവുന്നില്ല. മാത്രമല്ല, തന്റെ കീഴിലുള്ളവരെ കരാറുകാരന് അതിന് സമ്മതിക്കാത്ത സ്ഥിതിയുമാണ്. മിനിമം വേജസ് ആക്ട്, കരാര്‍ തൊഴില്‍ നിര്‍മാര്‍ജ്ജന ആക്ട്, ബാലവേല നിരോധനനിയമം, വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട്, മറ്റ് ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങള്‍ തുടങ്ങി ഒന്നിനും അവര്‍ അര്‍ഹരാവുന്നില്ല.
പല രാജ്യങ്ങളിലും സ്ഥിരം കുടിയേറ്റക്കാരെന്നും താല്‍ക്കാലിക കുടിയേറ്റക്കാരെന്നും കണക്കാക്കി രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെ ഫെഡറേഷനായ ഭാരതത്തില്‍ അത്തരം നടപടികളൊന്നുമായിട്ടില്ല. അതിനാല്‍ ഇത്തരം തൊഴിലാളികളെക്കുറിച്ചുള്ള അന്വേഷണമോ കണക്കെടുപ്പോ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ മാത്രം ഒരുലക്ഷത്തിന്നടുത്ത് കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പൊതുവെ കുടിയേറ്റ തൊഴിലാളികള്‍ ആരോഗ്യമേഖലയ്ക്കാണ് ഏറ്റവും ഭീഷണിയാകുന്നത്. മലമ്പനിയും അതുപോലുള്ള മറ്റു പകര്‍ച്ചവ്യാധികളും ഈ തൊഴിലാളികള്‍ക്കിടയില്‍ വ്യാപിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പിനും കഴിയാതെ പോകുന്നു. മദ്യം, പാന്‍മസാല, മയക്കുമരുന്ന് എന്നിവ പതിവായി ഉപയോഗിക്കുന്ന നല്ലൊരു ശതമാനം തൊഴിലാളികളുടെ ജീവിതരീതിതന്നെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. കൂടാതെ കരിങ്കല്‍ക്വാറികള്‍, ക്രഷര്‍, നിര്‍മാണ മേഖല തുടങ്ങിയ രംഗങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ തൊഴിലുടമകള്‍ക്ക് കഴിയുന്നില്ല. ഒരു ഇടുങ്ങിയ മുറിയില്‍ 20 പേര്‍വരെ താമസിക്കുകയും പ്രാഥമികാവശ്യങ്ങള്‍ക്ക് പൊതുസ്ഥലങ്ങളെ ആശ്രയിക്കുകയും ചെയ്യുമ്പോള്‍ ശുചിത്വത്തെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല. ഇതു പലരോഗങ്ങളും ക്ഷണിച്ചുവരുത്തും.
അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുക്കുകയും തൊഴിലുടമകള്‍ നല്കുന്ന സൗകര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വിവിധ തൊഴില്‍നിയമങ്ങള്‍ നടപ്പാക്കാനും പ്രത്യേക സംവിധാനം ഒരുക്കേണ്ടതുണ്ട്.
എന്‍.മോഹന്‍കുമാര്‍ (ബിഎംഎസ് പാലക്കാട് ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: