കേരളം വികസനക്കുതിപ്പിലാണ്! രാജഭരണം അവസാനിച്ച് ജനായത്ത ഭരണം വന്നശേഷം മാറിമാറി അധികാരത്തിലേറുന്ന സര്‍ക്കാരുകളുടെ വാഗ്ദാനം പാവപ്പെട്ടവരുടെ ഉന്നമനമാണത്രെ. ഈ വാഗ്ദാന വികസനം വന്നശേഷം ഇവിടെ ധനിക-ദരിദ്ര വിടവ് വികസിക്കുകതന്നെ ചെയ്തു. ബിപിഎല്‍ കാര്‍ഡുകള്‍ പോലും ചെന്നെത്തിയത് ഉദ്യോഗസ്ഥമാഫിയകളുടെ കയ്യിലാണല്ലോ. ഭൂരഹിതരുടെയും വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട് ഭൂരഹിതരായവരുടെയും എണ്ണത്തിലും വികസനം കാണാം!!
വാസ്തവത്തില്‍ കേരളത്തില്‍ എന്തെല്ലാമാണ് വികസിക്കുന്നത്? മദ്യോപയോഗ വികസനമുണ്ട്. കേരളമാണ് ഭാരതത്തില്‍ മദ്യോപയോഗത്തില്‍ റെക്കോഡ് കരസ്ഥമാക്കി പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്റര്‍ ആക്കി ഉയര്‍ത്തിയത് എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇത് ഇനിയും വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെ എക്സൈസ് മന്ത്രി കൂടുതല്‍ കള്ളുഷാപ്പുകള്‍ അനുവദിക്കാന്‍ പുതിയ മദ്യനയത്തില്‍ ലക്ഷ്യമിടുന്നു. തെങ്ങിന് കുമിള്‍രോഗം വന്നതും കാറ്റുവീഴ്ച വന്നതും മറ്റും കാരണം കേരളം എന്ന പേരിനാധാരമായ തെങ്ങുകൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇന്ന് മലയാളി കുടിക്കുന്ന കരിക്കിന് വെള്ളം തമിഴ്നാട്ടില്‍നിന്നോ കര്‍ണാടകയില്‍നിന്നോ വരുന്നതാണ്. പക്ഷെ ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന്റെ ദേശീയ പാനീയം കരിക്കാണ്. ചെത്താന്‍ തെങ്ങില്ലാത്ത നാട്ടില്‍ മദ്യഷാപ്പുകളില്‍ വില്‍ക്കുന്നത് ചാരായമാണെങ്കിലും കള്ളുഷാപ്പുകള്‍ വികസിപ്പിച്ച് മദ്യോപയോഗം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം? വാസ്തവത്തില്‍ ഈ ചാരായക്കള്ളിനെയാണ് ദേശീയ പാനീയമാക്കി പ്രഖ്യാപിക്കേണ്ടത്. നിശ്ചിത ദൂരപരിധി പോലും വേണ്ടെന്നുവെച്ച് കുട്ടികളില്‍ മദ്യപാനശീലം വികസിപ്പിക്കാന്‍ സ്കൂള്‍ പരിസരത്തുപോലും ബിവറേജസ് ഔട്ട്ലെറ്റുകള് ഉണ്ട്.
മദ്യപാന വികസനമാണ് സ്ത്രീപീഡനങ്ങള്‍ക്കും വാഹനാപകടങ്ങളുടെ വര്‍ധനവിനും വഴിവെട്ടുന്നത്. മദ്യപിച്ച് വാഹനമോടിച്ചാലും ഡ്രൈവിംഗിനിടയില്‍ മൊബെയില്‍ ഉപയോഗിച്ചാലും പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഇത് പോലീസിന്റെ വരുമാനസ്രോതസ്സ് വികസനത്തിനേ വഴിയൊരുക്കൂ എന്ന വാദം നിലനില്ക്കുന്നു. ഉൗത്തുയന്ത്രത്തിന്റെ കഥയും മറ്റൊന്നല്ല.
ഇന്ന് സമ്പന്നതയുടെ ഒരടയാളം കാറാണ്, അതും മികച്ച കാറുകള്‍. വാഹനപ്പെരുപ്പം വര്‍ധിക്കുമ്പോഴും റോഡുകള്‍ വികസിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള റോഡുകള്‍ നന്നാക്കുന്നുമില്ല. ഒരു ഭാഗത്ത് ജനങ്ങളും മറുഭാഗത്ത് വാഹനങ്ങളും എന്ന നിലയില്‍ ധ്രുവീകൃതമായിരിക്കുകയാണ് കേരളം. റോഡ് നടക്കാനുള്ളതല്ല, മുറിച്ചുകടക്കാനുള്ളതുമല്ല. വേഗതയുടെയും അക്ഷമയുടെയും ഇക്കാലത്ത് കാല്‍നടയാത്ര മറുലോകത്തവസാനിക്കാനാണ് സാധ്യത. വികസിത-അവികസിത രാജ്യങ്ങള്‍ക്കിടയിലെ അസന്തുലിതാവസ്ഥ ഹൈവേകളുടെ കാര്യത്തിലല്ല, ഫുട്പാത്തുകളുടെ കാര്യത്തിലാണ് എന്ന് കൊളംബിയയിലെ ബൊഗോട്ട സിറ്റി മുന്‍ മേയര്‍ എന്റിക്വ പെനാലോസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവിടെ നടപ്പാതകള്‍ പോലും കാറുകള്‍ കയ്യടക്കിക്കഴിഞ്ഞു.
ഇന്ന് കേരളത്തില്‍ ഏറ്റവും അധികം വികസിക്കുന്നത് മാലിന്യക്കൂമ്പാരങ്ങളാണ്. പണ്ട് നഗരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ പ്ലാസ്റ്റിക് മാലിന്യം അവശേഷിക്കുന്ന വയലുകളില്‍ നിക്ഷേപിച്ചുതുടങ്ങി. കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ തള്ളുന്ന സംസ്കാരത്തിനുടമകളായ നമ്മള് മെയിലുകള്‍ താണ്ടി ഗ്രാമപ്രദേശങ്ങളിലും മാലിന്യക്കൂമ്പാരങ്ങളുണ്ടാക്കും. മലയാളിയുടെ സ്വഭാവവൈചിത്ര്യം മാലിന്യനിക്ഷേപത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോഴും മാലിന്യനിര്‍മാര്‍ജന സംരംഭങ്ങളെ എതിര്‍ക്കും എന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ബഹുവിധ രോഗബാധയും വികസിക്കുന്നു. ഇന്ന് കേരളത്തില്‍ കാണാത്ത പനികളോ സാംക്രമികരോഗങ്ങളോ മറ്റൊരിടത്തും ഇല്ലെന്ന് മാത്രമല്ല കാന്‍സര്‍പോലും ജീവിതശൈലീ രോഗമായി മറിക്കൊണ്ടിരിക്കുന്നു. മലയാളിക്ക് മരുന്ന് ഭക്ഷണത്തിന് സമമാകുമ്പോള്‍ മരുന്ന് മാഫിയയുടെ ചൂഷണവിധേയരായി ഇല്ലാത്ത രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. മാലിന്യനിക്ഷേപം മൂലം ശുദ്ധമായ കുടിവെള്ളം പോലും മലയാളിക്കില്ല.
ഹരിതാഭമായിരുന്ന കേരളം ഇന്ന് മഴ പെയ്ത് നിറം മായുന്ന അലൂമിനിയം റൂഫിംഗ് ഷീറ്റുപോലെ തവിട്ടുനിറമാവുകയാണ്. നെല്‍വയലുകള്‍ നികത്തുന്ന വികസനമാണല്ലോ കേരളത്തില്‍ മുന്നേറുന്നത്. വയലുകളായ വലയുകളെല്ലാം നികത്തി അവിടെ വിമാനമിറങ്ങാനുള്ള സൗകര്യം, കൂടുതല്‍ വിമാനത്താവളങ്ങള്‍ വരുന്നു. വയലുകള്‍ നികത്തി കൂടുതല്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ വാഗ്ദാനമുണ്ട്. നെല്‍വയല്‍ നശിക്കുമ്പോള്‍ ഭൂഗര്‍ഭജലം ഇല്ലാതാകുന്നു. അല്ലെങ്കില്‍ തന്നെ ലക്ഷക്കണക്കിന് കുളങ്ങളും കിണറുകളും ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് കുളങ്ങളെവിടെ? എറണാകുളം എന്ന പേര് ലഭിച്ചതു പോലും ഇവിടെയുണ്ടായിരുന്ന കുളങ്ങള്‍ മൂലമാണ്. അവ ഇപ്പോള്‍ അപ്രത്യക്ഷമായി. റോഡുകളും ഫ്ലാറ്റുകളുമൊക്കെ വന്നതോടെയാണത്രേ എറണാകുളത്തെ വെള്ളത്തില്‍ ഉപ്പുരസം കലര്‍ന്നത്. 44 നദികള്‍ ഉണ്ടായിരുന്ന കേരളം ഇന്ന് കുടിവെള്ളക്ഷാമം അനുഭവിക്കുന്നതിന് ഒരു കാരണം വനനശീകരണമാണ്. മരം എന്ന് കേട്ടാല്‍ മലയാളി പറയുക വെട്ടണം എന്നാണത്രേ. മരംവെട്ടല്‍ മലയാളിയുടെ ശീലമായി മാറിയപ്പോള്‍, നിബിഡവനങ്ങള്‍ നശിപ്പിച്ച് റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. മഴവെള്ളം ഊര്‍ന്നിറങ്ങാതെ നദികള്‍ വരണ്ടു. പണ്ട് എന്റെ അമ്മ പറയാറ് “ഒരു ദിവസം മഴ പെയ്താല്‍ ഏഴ് ദിവസം മരം പെയ്യും” എന്നായിരുന്നു. ഇലകളില്‍ തങ്ങിനില്ക്കുന്ന വെള്ളം താഴെ വീണ് നനവ് നിലനിര്‍ത്തിയ കാലം ഇപ്പോഴെന്റെ ഓര്‍മയില്‍പ്പോലുമില്ല.
ഇന്ന് കേരളത്തില്‍ വികസിക്കുന്ന മറ്റൊരു പ്രതിഭാസമാണല്ലോ മാഫിയാ വികസനവും കയ്യേറ്റ വികസനവും. കയ്യേറ്റം ഒഴിപ്പിക്കല്‍ എന്ന പ്രഹസനം സര്‍ക്കാര്‍ വക വിനോദമാണ്. ഭൂമികയ്യേറ്റം ഇന്ന് ഒരു വ്യവസായമാണ്. ജനങ്ങള്‍ പെരുകുന്നതോടൊപ്പം ഭൂമി വര്‍ധിക്കാതെ ഭൂമിവില കുതിച്ചുയരുമ്പോള്‍ അത് കയ്യേറി ലക്ഷപ്രഭുക്കളാകാനാണ് പലരുടെയും ത്വര. മൂന്നാറില്‍ ഒഴിപ്പിച്ച സ്ഥലങ്ങളിലാണ് റിസോര്‍ട്ടുകള്‍ ഉയര്‍ന്നിരിക്കുന്നത്. വ്യവസായ വികസനത്തിന് ഊന്നല്‍ നല്കി വ്യവസായം വരുന്നതനുസരിച്ച് ഭൂമിയും നഷ്ടപ്പെടും. തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തില്‍ തൊഴില്‍ ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.
എറണാകുളം ജില്ലയില്‍തന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. മലയാളികള്‍ സ്വകാര്യ സ്ഥാപനങ്ങളിലോ വിദേശത്തോ ജോലി ചെയ്യുമ്പോഴും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിടുന്ന ശീലം പുലര്‍ത്തുന്നവരാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണക്ക് തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ കണക്കല്ല. പക്ഷെ അതിന്റെ പേരിലാണ് പെന്ഷന് പ്രായ വര്‍ധനക്കെതിരെയുള്ള യുവജനരോഷം ആളിക്കത്തുന്നതും പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതും. ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ തൊഴില്‍രംഗത്ത് മികവുറ്റ സംഭാവന ചെയ്യാന്‍ മാനവവിഭവശേഷി അവശേഷിക്കുന്നവരെ വീട്ടിലിരുത്തി കല്പ്പാന്തകാലം വരെ പെന്ഷന് നല്‍കണമെന്ന വാശി എത്ര യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്? മണ്ണില്‍ പണിയെടുക്കുന്നത് മോശമായി കരുതുന്ന മലയാളി മണ്ണിനെയും മലകളെയും വൃക്ഷങ്ങളെയും പുഴകളെയും എല്ലാം നശിപ്പിക്കുന്ന വികസനാന്വേഷണത്തിലാണ്.
ഇപ്പോള്‍ ആകാശനഗരത്തിനും അനുമതി ലഭിക്കുമ്പോള്‍ ഭൂമി മാത്രമല്ല ആകാശവും നമുക്കന്യമാകും. വെള്ളത്തില്‍ പ്രതിഫലിച്ച് നില്ക്കുന്ന ചന്ദ്രനെയോ അസ്തമയസൂര്യനെയോ നക്ഷത്രങ്ങളെയോ കാണണമെങ്കില്‍ തമിഴ്നാട്ടില്‍ പോകണം. പ്രകൃതിഭംഗി പകര്‍ത്തുന്ന മലയാള സിനിമകള്‍ പോലും ഇന്ന് ഷൂട്ട്ചെയ്യുന്നത് തമിഴ്നാട്ടിലാണല്ലോ. പൂക്കള്‍ നിറഞ്ഞ വയലേലകളും വൃക്ഷങ്ങളും ചോലകളുമുള്ള വനങ്ങള്‍ ഇന്ന് കാണാനാവുന്നത് സിനിമയില്‍ മാത്രമാണ്.
ഞാന്‍ എന്റെ ജന്മനാടായ വെങ്ങോല വിട്ടിട്ട് ദശാബ്ദങ്ങളായി. ഗൃഹാതുരതയോടെ നാട് കാണണം, കുളത്തില്‍ മുങ്ങിക്കുളിക്കണം എന്ന ആഗ്രഹത്തോടെ (ഇന്ന് കുളത്തിലും ആറ്റിലും അമ്പലക്കുളത്തിലും സ്ത്രീകള്‍ കുളിച്ചാല്‍ മൊബെയിലില്‍ പകര്‍ത്തും) വെങ്ങോലയിലെത്തിയ എനിക്ക് സാവിത്രി രാജീവന്റെ ‘സൂരി’ എന്ന കഥയിലെ സൂരി നമ്പൂതിരിപ്പാടിന്റെ അനുഭവമാണുണ്ടായത്. മരിച്ച് നൂറുവര്‍ഷങ്ങള്‍ക്കുശേഷം, മരിച്ച അതേ പ്രായത്തില്‍ ഭൂമിയില്‍ വീണ്ടും ജനിക്കാന്‍ ഈശ്വരന് അനുമതി നല്കിയപ്പോള് സ്വന്തം തട്ടകത്തില്‍ അവതരിച്ച സൂരി ഇന്ദുലേഖയുടെ തറവാട്ടിലെത്തി അവിടത്തെ പുതിയ തലമുറകളെയും റോഡില്‍ പരിചിതമല്ലാത്ത ശകടങ്ങളും കാണുന്നു. സൂരിയുടെ വേഷവും ഭാഷയും ടിവി സീരിയലിലെ ഭാഷയാണെന്ന് ആളുകള്‍ പറയുന്നത് കഥ മനോഹരമായി പ്രതിപാദിക്കുന്നു. തന്റെ പേര് സൂരി എന്ന് പറഞ്ഞപ്പോള്‍ ഇന്ദുലേഖ എന്ന പുസ്തകത്തിലെ വിടന്റെ പേരല്ലേ എന്ന ചോദ്യം സൂരിയെ അമ്പരിപ്പിക്കുന്നു. ഇന്ദുലേഖയെ സംബന്ധം ചെയ്യാന്‍ പോയ താന്‍ എങ്ങനെ വിടനാകും?
കേരളത്തില്‍ വികസനത്വര മൂക്കുമ്പോള്‍ ഏറ്റവും വികസിക്കുന്നത് പെണ്‍വാണിഭം എന്ന വ്യവസായമാണല്ലോ. പെണ്‍വാണിഭത്തില്‍ ആണ്‍കുട്ടി വാണിഭവും യഥേഷ്ടം നടക്കുന്നു. ബന്ധുക്കളാലും ഗുരുനാഥന്മാരാലും ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. പക്ഷെ കാപട്യം മുഖമുദ്രയാക്കിയ മലയാളി സ്വവര്‍ഗരതി അനുവദിക്കുന്ന നിയമത്തെ ഘോരഘോരം എതിര്‍ക്കുന്നു. മനുഷ്യജന്മമാണെങ്കിലും സ്വവര്‍ഗാനുരാഗികള്‍ ജീവിക്കാനവകാശമില്ലാത്തവരായി മാറുന്നു.
ഞാന്‍ വെങ്ങോലയിലേക്ക് തിരിച്ചുപോകട്ടെ. ഞാന്‍ എന്റെ തറവാട്വീട് നിന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ മൂന്ന് മാളികകള്‍! എന്റെ ഭര്‍ത്താവ് ഉയര്‍ത്തിയ വീട് ഇടിച്ചുനിരത്തി ആ സ്ഥലം പ്ലോട്ടുകളാക്കി വില്ക്കാന് ഇട്ടിരിക്കുന്നു. ഞങ്ങള്‍ പുറമറ്റം എന്ന് വിളിച്ചിരുന്ന വയലില്‍ നാല് വീടുകള്‍. എന്റെ ജീവിതത്തിലെ വലിയൊരു മോഹം കുളത്തില്‍ മുങ്ങിക്കുളിക്കുക എന്നതായതിനാല്‍ ഞാന്‍ വെറുതെ പഴയ കുളം അന്വേഷിച്ചു. അപ്പോള്‍ കണ്ടത് ഇടിഞ്ഞുപൊളിഞ്ഞ ഒരു വെള്ളക്കെട്ട്. മൂന്ന് കിണറുകളും ഒരു ചെറിയ കുളവും ഉണ്ടായിരുന്നത് അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ പണ്ട് കയറിയ പേരകളോ മാവുകളോ ഇടിച്ചക്കത്തോരനും ചക്കപ്പുഴുക്കും ചക്കപ്പഴവും ചക്കവരട്ടിയതും തന്നിരുന്ന പ്ലാവുകളോ, സുഗന്ധം പരത്തിയിരുന്ന ഇലഞ്ഞിയോ, പാമ്പും ഉപ്പനും മൂങ്ങയും നത്തും പുള്ളും നിറഞ്ഞിരുന്ന സര്പ്പക്കാടോ, അത്തിയോ ഇത്തിയോ ഏഴിലംപാലയോ, പുളിയോ ആഞ്ഞിലിയോ ഒന്നും അവശേഷിപ്പിച്ചിട്ടില്ല. ഈ പേരുകള്‍ പോലും ഇന്ന് ആര്‍ക്കും അറിയില്ല. ഉപ്പന്‍ ചിലയ്ക്കുന്നതും മൂങ്ങ മൂളുന്നതും ആര് കേട്ടിട്ടുണ്ട്? സൂരി നമ്പൂതിരിപ്പാട് തന്റെ മനയുടെ പേര് ‘കണ്ണാഴി മൂര്ക്കില്ലം’ എന്ന് പറഞ്ഞപ്പോള്‍ ആ പേരില്‍ ഒരു മനയില്ല എന്നു പറഞ്ഞപോലെ വെങ്ങോലയില്‍ ചെന്ന് തുമ്മാരുകുടി എന്ന് പറയുമ്പോള്‍ എനിക്കും ഈ മറുപടി കേള്‍ക്കേണ്ടിവരുമോ?
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: