പാട്യാല: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത്സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബല്‍വന്ത് സിംഗ് രജോനയുടെ വധശിക്ഷ മാര്‍ച്ച് 31ന് നടപ്പാക്കണമെന്ന് ചണ്ഡീഗഡ് കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസില്‍ പാട്യാല ജയില്‍ സൂപ്രണ്ടിന് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.
1995 ആഗസ്റ്റ് 31നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിയാന്ത് സിംഗിനെ ചണ്ഡീഗഢിലെ ഓഫീസിന് മുന്നില്‍വെച്ച് ബാബര്‍ ഖല്‍സ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ദിലാവര്‍ എന്ന തീവ്രവാദി ചാവേറായി പൊട്ടിത്തെറിച്ച സംഭവത്തില്‍ മറ്റ് 17 പേരും മരണപ്പെട്ടിരുന്നു.
ദിലാവറിന്റെ ദൗത്യം വിജയിച്ചില്ലെങ്കില്‍ അത് നിറവേറ്റാന്‍ തയ്യാറായി നിന്ന രണ്ടാമത്തെ മനുഷ്യ ബോംബായിരുന്നു രജോന. കേസില്‍ രജോനയ്ക്കും ജഗ്താര്‍ സിംഗ് ഹവാരയ്ക്കും വധശിക്ഷയും മറ്റു മൂന്നു പേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമായിരുന്നു വിധിച്ചത്. അപ്പീല്‍ ഹര്‍ജിയില്‍ ഹവാരയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. രജോന അപ്പീല്‍ നല്‍കുകയും ചെയ്തില്ല.
ശനിയാഴ്ച പട്യാല സെന്‍ട്രല്‍ ജയിലിലാണു ശിക്ഷ നടപ്പാക്കുക. എന്നാല്‍ വധശിക്ഷയില്‍ നിന്നു റജൗനയെ വിടുതല്‍ ചെയ്യിക്കാന്‍ നടപടികളെടുക്കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ തിങ്കളാഴ്ച നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ദയാഹര്‍ജി സമര്‍പ്പിക്കുമെന്നും ബാദല്‍ പറഞ്ഞിരുന്നു.
എന്നാല്‍ അകാലിദള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം രാഷ്ട്രീയ നാടകമാണെന്ന് ബല്‍വന്ത് സിങ് റജൗന ആരോപിച്ചു. തനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല. ഖലിസ്ഥാനു വേണ്ടി രക്തസാക്ഷിയാകാന്‍ തയാറാണ്. സഹോദരി കമല്‍ജീത്ത് കൗര്‍ വഴി മാധ്യമങ്ങള്‍ക്കയച്ച കത്തിലാണ് റജൗന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: