കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് നിയമ, ഐടി രംഗങ്ങളിലെ വിദഗ്ധര്‍ കൈകോര്‍ക്കണമെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി.സി. ഐപ്പ് നിര്‍ദേശിച്ചു. സൈബര്‍ സുരക്ഷയെയും കള്ളനോട്ടുകളെയും കുറിച്ച് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി യൂത്ത് ഫോറം സംഘടിപ്പിച്ച സെമിനാര്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍. ഇന്റര്‍നെറ്റിന്റെ ശൃംഖലയിലൂടെ സൈബര്‍ കുറ്റങ്ങള്‍ അതിവേഗം വ്യാപിക്കുകയാണ്. ദൈനംദിന ആശയവിനിമയത്തിനായി ഇന്റര്‍നെറ്റിനെയും ആധുനിക സങ്കേതങ്ങളെയും ആശ്രയിക്കുന്ന സമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടത്. സൈബര്‍ ലോകത്തെ കുറിച്ചുള്ള അറിവുകള്‍ സമൂഹവുമായി പങ്കു വയ്ക്കുന്നതിലൂടെ ഇതില്‍ മുന്നേറ്റം കൈവരിക്കാനാകുമെന്ന് പി.സി. ഐപ്പ് അഭിപ്രായപ്പെട്ടു.
ആധുനിക സാങ്കേതിക വിദ്യ സമ്മാനിച്ചിരിക്കുന്ന മുന്നേറ്റങ്ങളുടെ പ്രതിഫലനം കുറ്റകൃത്യങ്ങളുടെ കാര്യത്തിലും സംഭവിച്ചിരിക്കുകയാണെന്ന് സിറ്റി പോലീസിന്റെ സൈബര്‍ സെക്യൂരിറ്റി സെല്ലിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ് പെരേര പറഞ്ഞു. അദൃശ്യനായ സൈബര്‍ കുറ്റവാളി പുറമെ കാണാനാകുന്ന കുറ്റവാളിയെക്കാളും കൂടുതല്‍ അപകടകാരിയാണ്. സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നു കൊണ്ട് കുറ്റം ചെയ്യാന്‍ കഴിയുന്നയാളാണ് സൈബര്‍ കുറ്റവാളി. ഇത്തരക്കാര്‍ വര്‍ഷം തോറും വര്‍ധിക്കുന്നത് വന്‍ വെല്ലുവിളിയാണെന്നും ഫ്രാന്‍സിസ് പെരേര ചൂണ്ടിക്കാട്ടി.
റിസര്‍വ് ബാങ്ക് മാനേജര്‍മാരായ പി.എ. സക്കറിയയും കെ. ശ്രീകുമാറും കള്ളനോട്ടുകളെ കുറിച്ച് ക്ലാസെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷക അഡ്വ. കെ. ലത, ഐടി നിയമത്തെയും സൈബര്‍ സുരക്ഷയെയും കുറിച്ച് സര്‍ട്ടിഫൈഡ് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററും അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് മാനേജിങ് ഡയറക്ടറുമായ പട്ടത്തില്‍ ധന്യ എന്നിവര്‍ ക്ലാസെടുത്തു. കേരള ചേംബര്‍ ഡയറക്ടര്‍ എം.കെ. അന്‍സാരി അധ്യക്ഷനായിരുന്നു. യൂത്ത് ഫോറം കണ്‍വീനര്‍ വിനോദ് കുര്യന് ദേവസ്യ, ജോയിന്റ് കണ്‍വീനര്‍ കെ.കെ. ഷഫീഖ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: