ഒരു മലയാളി ആദ്യമായി പാക് കടലിടുക്ക് നീന്തിക്കയറി എത്തുന്നതിന് സാക്ഷ്യം വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ധനുഷ്കോടിയില്‍ നിന്നപ്പോള്‍ മനസില്‍ അലയടിച്ചത് ഹനുമാന്റെ ലങ്കയിലേക്കുള്ള ചാട്ടത്തിന്റെയും വാനരസൈന്യം രാമസേതു നിര്മിക്കുന്നതന്റെയും വായിച്ചറിഞ്ഞ ദൃശ്യങ്ങളായിരുന്നു. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും യോജിക്കുന്ന സമുദ്രത്തിലേക്ക് നീണ്ടു പരന്നു കിടക്കുന്ന ധനുഷ്കോടി പുരാണ കഥകള്‍ വെറും കെട്ടുകഥകളല്ലെന്ന് പ്രഖ്യാപിച്ചും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെ വെല്ലുവിളിച്ചും പ്രകൃതിയുടെ മുന്നില്‍ മനുഷ്യര്‍ നിസാരരെന്ന സത്യം ആവര്‍ത്തിച്ചും പരന്നു കിടക്കുന്നു.
ശ്രീലങ്കയില്‍ നിന്നും നീന്തിത്തുടിച്ച് 31 കിലോമീറ്റര്‍ പിന്നിട്ട് ധനുഷ്കോടിയിലെ മുനമ്പില്‍ എസ്.പി.മുരളീധരന് എന്ന ചേര്ത്തലക്കാരന് കര സ്പര്ശിച്ചപ്പോള് സാക്ഷ്യം വഹിച്ചതിന്റെ ആഹ്ലാദത്തിനു മേല്‍ പതഞ്ഞു പൊങ്ങിയത് ധനുഷ്കോടിയില്‍ കണ്ട കാഴ്ചകളായിരുന്നു. ശ്രീരാമന് ശ്രീലങ്കയിലേക്ക് സേതു നിര്‍മിച്ച സ്ഥലത്തിന്റെ പുണ്യത്തെക്കാള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നടി ഞ്ഞ ഒരു നഗരത്തിന്റെ പ്രേതദൃശ്യങ്ങളായിരുന്നു മനസില്‍ തടഞ്ഞത.
തമിഴ്നാടിന്റെ കിഴക്കന്‍ തീരത്ത് തെക്കു മാറി മാന്നാര്‍ ഉള്‍ക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണ് ധനുഷ്കോടി. ധനുസ്സിന്റെ അറ്റം എന്നാണ് ധനുഷ്കോടി എന്ന വാക്കിന്റെ അര്‍ത്ഥം. രാമന് സേതുബന്ധനം തീര്‍ത്തത് ഇവിടെനിന്നാണെന്ന് രാമായണം പറയുന്നു. സീതയെ വീണ്ടെടുക്കാന്‍ ശ്രീരാമന് ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോള്‍ പണി തുടങ്ങാന്‍ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. മുന്‍ തുറമുഖ പട്ടണമായ ധനുഷ്കോടി രാമേശ്വരം പട്ടണത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയായാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമായിരുന്നു.
ഒരു കാലത്ത് രാമേശ്വരത്തെക്കാള്‍ പ്രതാപം ഉണ്ടായിരുന്നു ധനുഷ്കോടിക്ക്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ശ്രീലങ്കയിലേക്ക് സ്ഥിരമായ യാത്ര ബോട്ടുകളുടെ സര്‍വീസും ഉണ്ടായിരുന്നു. മദ്രാസില്‍ നിന്നും കൊളോമ്പോയിലേക്ക് റെയില്‍ ബോട്ട് സര്‍വീസ് നിലനിന്നിരുന്നു. ധനുഷ്കോടിയില്‍ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറു കപ്പലുകള്‍ സര്‍വീസ് നടത്തി. അവിടെ നിന്ന് കൊളംബോയിലേക്ക് വേറെ ട്രെയിന്‍. കോയമ്പത്തൂരില്‍ നിന്നും കോട്ടയത്തു നിന്നുമെല്ലാം ഒറ്റ ടിക്കറ്റിന് കൊളംബോ വരെ എത്താമായിരുന്നു. മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.
എന്നാല്‍ 1964 ഡിസംബര്‍ 24 ന് ഉണ്ടായ കൊടുംകാറ്റിലും ആഞ്ഞടിച്ച തിരമാലകളിലും സമുദ്രനിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മണല്‍ത്തിട്ടുപോലെ കിടക്കുന്ന ധനുഷ്കോടി പ്രദേശത്തെയാകെ തകര്‍ത്തടിച്ചിരുന്നു. ആശുപത്രികള്‍, സ്കൂള്‍ എല്ലാം കടലെടുത്തു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിന്‍ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂര്‍ണമായി നശിച്ചു. ധനുഷ്കോടിയെ ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധിച്ചിരുന്ന പാമ്പന്‍ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവിലെ ലിഫ്റ്റ് ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട് പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ആളൊഴിഞ്ഞു.
തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികള്‍ രാമേശ്വരം വരെയേ പോകൂ. 2000 ശവശരീരങ്ങള്‍ ധനുഷ്കോടിയില്‍ അടിഞ്ഞിരുന്നു
രാമേശ്വരത്ത് നിന്ന് 22 കിലോമീറ്റര്‍ സുഗമമായ റോഡ് ആണ് ധനുഷ്കോടി വരെ. അതിനും അപ്പുറത്തേക്ക് സാധാരണ വാഹനങ്ങള്‍ പോകില്ല. ധനുഷ്കോടി ചെക്ക് പോസ്റ്റില്‍ നിന്ന് ഏതാണ്ട് 8 കിലോമീറ്റര്‍ മണല്‍പ്പരപ്പിലൂടെ സഞ്ചാരം. ചുറ്റും മണല്‍ കൂമ്പാരങ്ങള്‍. വശങ്ങളില് കടല്‍ കാണാം. വഴിയില്‍ അങ്ങിങ്ങായി മണലില്‍ പുതഞ്ഞിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട ബോട്ടുകളുടെ അവശിഷ്ടങ്ങളും, മീന്‍ പിടുത്തക്കാര്‍ താമസിക്കുന്ന ഓല മേഞ്ഞ വീടുകളും. ഇരുവശങ്ങളിലായി ശാന്തമായി ഇരിക്കുന്ന ബംഗാള്‍ ഉള്‍ക്കടലും, തിരമാലകള്‍ അലയടിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രവും. വീശിയടിക്കുന്ന കാറ്റിലും കക്കയും ശംഖും വില്‍ക്കുന്ന ഏറുമാടം. നിലയ്ക്കാത്ത കാറ്റും തിരമാലകളും.
ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹവും അതു മൂലമുണ്ടായ പ്രശ്നങ്ങളും ധനുഷ്കോടിയുടെ ഭാവി വികസനം പോലും തടസ്സപ്പെടുത്തി. പോലീസും പട്ടാളവും എന്തു പറഞ്ഞാലും ഇന്നും ഇടതടവില്ലാതെ ലങ്കയില്‍ നിന്നും തമിഴ്വംശജര് ഈ മുനമ്പിലൂടെ ഇന്ത്യാ വന്കരയിലെത്തുന്നു. മനുഷ്യക്കടത്തിന്റെ പേരില്‍ ഒന്നിലധികം തവണ ജയിലില്‍ കിടന്നിട്ടുള്ള മരുതലിംഗം മനുഷ്യക്കടത്തിന്റെ മാര്‍ഗം പറഞ്ഞു. “ലങ്കയില്‍ നിന്നുള്ള മീന്‍പിടുത്ത ബോട്ടുകളിലെത്തുന്നവര് രാമസേതുവിന്റെ ഏതെങ്കിലും ഭാഗത്ത് ആളെ ഇറക്കും. അവിടെ നിന്നും വളരെ രഹസ്യമായി ധനുഷ്കോടിയിലേക്ക്. ധനുഷ്കോടിയിലെ ചെറിയ കുടിലുകളിലെവിടെയെങ്കിലും താത്കാലിക താമസം. പിന്നീട് രാമേശ്വരം വഴി പുറത്തേക്ക്’.
കോസ്റ്റ് ഗാര്‍ഡിന്റെയും പോലീസിന്റെയും ഒക്കെ പിന്തുണ ഈ മനുഷ്യക്കടത്തിനുള്ളപ്പോള് നിര്‍ബാധം തുടരാനും കഴിയുന്നു. ആളൊന്നിന് നാലു പവന് സ്വര്‍ണം എന്നതാണ് കണക്ക്. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റം ഈ പുണ്യനഗരിയിലൂടെ ആണെന്നുള്ളതാണ് യാഥാര്‍ഥ്യം.
ഇത് ധനുഷ്കോടി മുനമ്പിന്റെ ചിത്രമാണെങ്കില്‍ സങ്കടപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്നതാണ് പഴയ ധനുഷ്കോടി നഗരത്തിന്റെ ഇന്നത്തെ കാഴ്ച. തകര്‍ന്നടിഞ്ഞ റെയില്‍വേ സ്റ്റേഷന്, ഉയരത്തില്‍ കെട്ടിയിരുന്ന വാട്ടര്‍ ടാങ്ക്, പോര്‍ച്ചിഗീസുകാരുടെ കാലത്തു പണിത ക്രിസ്ത്യന്‍ പള്ളി, സ്കൂളുള്‍, വീടുകള്‍, മണ്ണില്‍ പൂണ്ടു കിടക്കുന്ന കെട്ടിടങ്ങള്‍…. ഇവയുടെ എല്ലാം അവശിഷ്ടങ്ങള്‍ മാത്രം. ഇപ്പോഴത്തെ ഈ പ്രദേശത്തിന്റെ പേര് പ്രേതനഗരം എന്നാണ്. പേരിനെ അന്വര്‍ഥമാക്കുന്ന കാഴ്ചകള്‍. ഇവിടെ എത്ര മനുഷ്യര്‍ മരിച്ചു, എത്ര വീടുകള്‍ തകര്‍ന്നു. കണക്കുകള്‍ അപൂര്‍ണം.
ധനുഷ്കോടി എന്ന പുരാണ പ്രസിദ്ധ സ്ഥലത്തിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടോ ? കാഴ്ചപ്പാടും ഭാവനയുമുണ്ടെങ്കില്‍ ലോകത്തിലെ തന്നെ വലിയ അദ്ഭുതമാക്കി മാറ്റാവുന്ന പ്രദേശം. പക്ഷേ രാമായണം കെട്ടുകഥയെന്നും രാമസേതുവിന് ആദംസ് ബ്രിഡ്ജ് എന്നും കടലിടുക്കിന് ബ്രിട്ടീഷ് ഗവര്‍ണര്‍ റോബര്‍ട്ട് പാകിന്റെ പേരും പറയാനാഗ്രഹിക്കുന്ന ഭരണനേതൃത്വം നിലനില്‍ക്കുന്നിടത്തോളം കാലം ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നമാകും എന്ന വിഷമമാണ് ധനുഷ്കോടിയില്‍ നിന്നും തിരിക്കുമ്പോള്‍ അവശേഷിച്ചത്.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: