കേരളത്തില്‍ മലയാള സര്‍വ്വകലാശാല സ്ഥാപിക്കാന്‍ പോകുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതെവിടെ വേണമെന്ന തര്ക്കത്തിനവസാനമായെന്ന് തോന്നുന്നു. ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ നാട്ടിലാവണമെന്ന് ഏതാണ്ട് തീര്‍ച്ചയായിരിക്കുന്നു.
തുഞ്ചന്‍ മാത്രമല്ല, മലയാളത്തെ പരിപോഷിപ്പിച്ച മഹാകവി വള്ളത്തോളിനെപ്പോലുള്ള മഹാരഥന്മാര് പലരും പിറന്ന പ്രദേശമാണ് അതിന് ഏറ്റവും ഉചിതമായത്. മലയാള സര്‍വ്വകലാശാല കൊണ്ട് കുറെ അക്കാദമിക ശിഷ്യന്മാരെ സൃഷ്ടിക്കുകയും പരീക്ഷ നടത്തുകയും പുതിയൊരു രാഷ്ട്രീയക്കളരികൂടി സൃഷ്ടിക്കുകയുമല്ല വിഭാവന ചെയ്യുന്നതെന്ന് നമുക്കു സമാശ്വസിക്കാനാകുമോ ?. നമ്മുടെ ഭാഷയുടെ അമൂല്യവും അളവറ്റതുമായ സമ്പത്തു തേടിപ്പിടിച്ചെടുത്തു വെളിച്ചത്തുകൊണ്ടുവരികയും ലോകത്ത് നിലവിലുള്ള വിജ്ഞാനഭണ്ഡാരം മുഴുവന്‍ നമ്മുടെ ഭഷയിലൂടെ മലയാളികള്‍ക്ക് പകര്‍ന്നു കിട്ടാന്‍ വഴിയൊരുക്കുകയും ചെയ്യേണ്ടതുണ്ട്. ലോകത്തെ ഏത് ആധുനിക ഭാഷയ്ക്കുമൊപ്പം നില്ക്കാന് പറ്റിയവിധം മലയാളത്തെ വളര്‍ത്തിയെടുക്കാന്‍ നിര്‍ദ്ദിഷ്ട സര്‍വ്വകലാശാലയ്ക്ക് കഴിയാന്‍ തക്ക ഭാവനാസമ്പന്നരുടെ കയ്യിലാകണം സര്‍വ്വകലാശാലാ സാരഥ്യം നല്‍കേണ്ടത്.
1930കളില്‍ ആരംഭിച്ച തിരുവിതാംകൂര്‍ സര്‍വ്വകലാശാലയാണ് പിന്നീട് കേരളാ സര്‍വ്വകലാശാലയായി വളര്‍ന്നത്. ‘കിരാത’നായ ദിവാന് സര് സി.പി.രാമസ്വാമി അയ്യരായിരുന്നു അതിന് മുന്‍കയ്യെടുത്തത്. അതിനായി സ്പെഷ്യല്‍ ഓഫീസര്‍ സി.വി.ചന്ദ്രശേഖരന് തയ്യാറാക്കിയ മെമ്മൊറാണ്ടത്തില്‍ പൗരസ്ത്യപഠനവും കേരള ചരിത്രവും സംസ്കാരവും പഠിക്കാനുള്ള സംവിധാനവും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സര്‍വ്വോത്കൃഷ്ട മാതൃകകളുടെ വികസനവും കേരളത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ പൈതൃകം കാത്തുസൂക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ഒട്ടേറെക്കാര്യങ്ങള്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ലക്ഷ്യമായി പറഞ്ഞിരുന്നു. തുടക്കത്തിലേ ഏതാനും ദശകങ്ങളില്‍ ഒട്ടൊക്കെ ഭംഗിയായി നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ അക്കാര്യങ്ങള്‍ അവഗണിക്കപ്പെട്ടു. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ മുന്‍ കൈയിലാണ് മഹാകവി ഉള്ളൂര്‍ തന്റെ പ്രസിദ്ധമായ കേരളസാഹിത്യ ചരിത്രം തയ്യാറാക്കിയത്. അതിന്റെ ആവശ്യത്തിനായി അദ്ദേഹം മലയാള ഭാഷയുടെ ഈടുവയ്പ്പുകള്‍ തേടി നീലേശ്വരം മുതല്‍ കന്യാകുമാരി വരെയുള്ള ഗ്രന്ഥപ്പുരകള്‍ പരിശോധിച്ചിരുന്നു. സര്‍വ്വകലാശാല തന്നെയാണ് അതു പ്രസിദ്ധീകരിച്ചതും.
മലയാള ഭാഷയോടും സാഹിത്യത്തോടും ഒരമ്പതു വര്‍ഷം മുമ്പുണ്ടായിരുന്ന ആഭിമുഖ്യം ഇന്ന് സാധാരണക്കാരില്‍ കാണുണ്ടോ എന്ന് സംശയമാണ്. ഞങ്ങളുടെ നാട്ടില്‍ ക്ഷേത്രോത്സവങ്ങളില്‍ അക്ഷര ശ്ലോകം ചൊല്ലുന്നത് ഒരു വിനോദമായിരുന്നു. അതിനായി വട്ടം കൂടിയിരുന്നത് സാധാരണ തൊഴിലാളികളായിരുന്നു. ഏതെങ്കിലും പ്രത്യേക ജാതിക്കാരായിരുന്നില്ല. പരിപാടി പുരോഗമിക്കുമ്പോള്‍ രസം കയറി പുതിയ ആളുകള്‍ വട്ടത്തില്‍ ചേരുമായിരുന്നു. അവര്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ പ്രശസ്ത കവികളുടെതായിരുന്നു. ആശാനും വള്ളത്തോളും ഉള്ളൂരും കേരള വര്‍മ്മയും ഇ.ആറുമൊക്കെ അക്കൂട്ടത്തില്‍ പെട്ടു. കുഞ്ചന്‍ നമ്പ്യാരുടെ മണിപ്രവാളം, നാരായണീയം തുടങ്ങിയവയും ധാരാളം ഉപയോഗിക്കപ്പെടുമായിരുന്നു. നാട്ടിന് പുറങ്ങളിലെ ഉത്സവങ്ങളില്‍ പരപ്രേരണയില്ലാതെ സഹജമായി നടന്നുവന്ന ആ പതിവ് ഇന്നില്ലാതായി എന്നതാണ് വാസ്തവം. എന്നാലും ചില സ്ഥലങ്ങളില്‍ ചില അധ്യാപകരും ഭാഷാസ്നേഹികളും മുന്‍കയ്യെടുത്ത് അക്ഷരശ്ലോക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പുണ്ടായിരുന്ന ജനകീയസ്വഭാവം അതിന് ഇപ്പോള്‍ ഇല്ലെന്നു തീര്‍ച്ച.
മലയാളികളുടെ ചരിത്രവും സംസ്കാരവും ജീവിത രീതിയുമായി ഇഴുകിച്ചേര്‍ന്ന സമ്പ്രദായമാണല്ലോ കടങ്കഥകളും പഴഞ്ചൊല്ലുകളും. അസംബന്ധ കവിതപ്പാട്ടുകളും അതില്‍ പെടുന്നു. അവയൊക്കെ വാമൊഴിയായി ഓരോ നാട്ടിന്‍പുറത്തും തലമുറകള്‍ കൈമാറി പ്രചരിച്ചു വരുന്നു. വിദ്യാഭ്യാസത്തിന്റെ ആധുനീകരണത്തിന്റെ പേരിലോ പുതുതലമുറയുടെ അഭിരുചി മാറ്റം കൊണ്ടോ അവ ഇന്ന് ആരും ഓര്‍ക്കുന്നു പോലുമില്ല. മാമ്പഴക്കാലത്ത് മാമ്പഴം വീഴിക്കാന്‍ കാറ്റിനെ ക്ഷണിച്ചുകൊണ്ട് ചെറുപ്പകാലത്ത് പാടിപ്പതിഞ്ഞ ഒരു പാട്ട് പേരക്കുട്ടിക്ക് പാടിക്കൊടുത്തപ്പോള്‍ അതിവേഗം അവള് അതു പിടിച്ചെടുത്തു. ചെറിയൊരു കാറ്റു വീശിയാല്‍ അതു പാടുകയായി.
കാറ്റോലോലോ, കടലോലോ
കറ്റ്ങ്ങുപോയി? കടലില്‍ പോയി
എന്തിനുപോയി? തീയ്ക്കുപോയി
എന്തുതീയ്? ഉമിത്തീയ്
എന്തുമ്മി? നീറുമ്മി
എന്തുനീര്? പനനീര്
എന്തു പന? ഏറ്റു പന
എന്തേറ്റ്? കൊടിയേറ്റ്
എന്തുകൊടി? വെറ്റിലക്കൊടി
എന്തു വെറ്റില? കണ്ണിവെറ്റില
എന്തുകണ്ണി? ആനക്കണ്ണി
എന്താന? കുഴിയാന….ഈ ചോദ്യോത്തരങ്ങള്‍ ഇങ്ങനെ അവസാനമില്ലാതെ നീണ്ടു പോയിരിക്കാം. എനിക്കോര്മയില്ലെന്നു മാത്രം.
അബ്സേര്ഡിസം എന്നു പറയാവുന്ന പാട്ടിങ്ങനെ…
പറിച്ചപ്പോള്‍ പാവയ്ക്ക അരിഞ്ഞപ്പോള്‍ കോവയ്ക്ക
ചട്ടീലിട്ടപ്പോള് കൊത്തച്ചക്ക
കൊത്തച്ചക്ക തിന്നാന്‍ ചെന്നിരുന്നപ്പോ
കൊണ്ടു വച്ച ചാമക്കഞ്ഞി
ചാമക്കഞ്ഞികുടിച്ചാമോദം പൂണ്ടപ്പോ
വായില്‍ തടഞ്ഞൊരു കട്ടുറുമ്പ്
കട്ടുറുമ്പിനെത്തട്ടി കൊട്ടേലിട്ടപ്പോ
കൂവിത്തെളിഞ്ഞൊരു കോഴിപ്പൂവന്
കോഴിപ്പൂവനെ തട്ടി പടിഞ്ഞാട്ടിട്ടപ്പോള്
കോതാട്ടെ കോതയ്ക്കു മീശവന്നു
ഒരു നെല്ലു കുത്തി രണ്ടരികണ്ടു
ചട്ടീലിട്ടു ചാള പൊരിച്ചു
മുറ്റമടിക്കുന്ന കോതയുമുണ്ടു
തോട്ടം വെട്ടുന്ന മാരനുമുണ്ടു
കൊടുങ്ങല്ലൂര്‍ കോത കടന്നിരുന്നുണ്ടു
പന്ത്രണ്ടാന പതിഞ്ഞിരുന്നുണ്ടു
നീര്‍ക്കോലിച്ചാത്തന്‍ നീണ്ടിരുന്നുണ്ടു
പള്ളീപ്പിള്ളേരെഴുപതുമുണ്ടു
പിന്നേം കിടക്കുന്നു പന്ത്രണ്ടു വട്ടിച്ചോറ്….അത്യാധുനിക അബ്സേര്ഡിസത്തില് ഇതു പെടുമോ എന്നറിയില്ല. പക്ഷേ, നമ്മുടെ നാട്ടിന്റെ തനിമ അതിലുള്ളത് കാണാതിരിക്കാന്‍ ആവില്ല.
സംഘത്തിന്റെ ശിക്ഷണ ശിബിരങ്ങളില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് അനൗപചാരിക പരിപാടികളില്‍ ഒരു ദിവസം അക്ഷര ശ്ലോക മത്സരം നടത്താറുണ്ട്. നൂറുകണക്കിന് പേര് ഇരു വശത്തും അണിനിരക്കുന്ന ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കുറവായിട്ടാണ് കണ്ടു വരുന്നത്. എന്നാലും അതു വളരെ രസകരമായി തോന്നാറുണ്ട്. കവിതാമയവും അര്‍ഥ സംപുഷ്ടവുമായ ശ്ലോകങ്ങള്‍ ചൊല്ലുവാന്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം നല്‍കാറുണ്ട്. സമൂഹത്തില്‍ പൊതുവെ അക്ഷരശ്ലോക സദസ്സുകള്‍ കുറവായതിന്റെ പ്രതിഫലനം അവിടെയും കാണുന്നുവെന്നു മാത്രം.
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 1965ലെ കാലടി ശിബിരത്തിലാണെന്നു തോന്നുന്നു കടങ്കഥ മത്സരം നടത്തി. ശിക്ഷാര്‍ഥികളെ രണ്ടു വിഭാഗങ്ങളായിത്തിരിച്ചു നടത്തിയ ആ മത്സരം വളരെ രസകരമായിരുന്നു. കടങ്കഥകള്‍ നാടിന്റെ തനിമയുള്ക്കൊള്ളുന്നവയാണല്ലോ. നമ്മുടെ തൊഴില്‍, കൃഷി, ആരാധനാ രീതികള്‍ പൊതുവെയുള്ള അന്തരീക്ഷം എന്നിവയൊക്കെ അതില്‍ പ്രതിഫലിക്കുന്നവയാണ്. അന്നു കേട്ട ചില കടങ്കഥകള്‍ നോക്കാം.
“നാക്കു നാലു നടകാലു പത്ത്
മൂക്കുമൂന്നു മുഖത്താറുകണ്ണ്”….ഉത്തരം നിലമുഴുന്നത് എന്നാണ്. ഇന്നത്തെ കൃഷിക്കാരുടെ കുട്ടികള്‍ക്കു പോലും അത് മനസ്സില്‍ പ്രതിഫലിക്കില്ല. കാളയും കര്‍ഷകനും കലപ്പയും ഇന്നെവിടെയുണ്ട്?
“പുറം പൊന്തംപൊന്തം
അകം പഞ്ഞിക്കെട്ട്
അതിനകം ഇരുമ്പ് കെട്ട്
അതിനകം വെള്ളിക്കെട്ട്
അതിനകം സമുദ്രം”
തേങ്ങയെക്കുറിച്ചുള്ള ഈ സങ്കല്പനം ക്രാന്ത ദര്‍ശിയായ ഒരാളെ സൂചിപ്പിക്കുന്നതായും തോന്നാം. ആ വിശാല സമുദ്രത്തിലെത്താന്‍ എത്ര പ്രയാസമായിരിക്കും?.
“കയ്ക്കും താനും കാഞ്ഞിരമല്ലതാനും
മുള്ളുണ്ടു താനും മുരിക്കല്ലതാനും”
പാവയ്ക്കയെ സൂചിപ്പിക്കുന്നതും ഭൂമീലായിരം, മാനത്തിലായിരം, വേലിയേലായിരം, വെള്ളത്തിലായിരം.(ഉറുമ്പ്, നക്ഷത്രങ്ങള്‍, ചിതല്, മീന്‍), മാനത്തിലെത്തുന്ന തോട്ടി, ഭൂമിയളക്കുന്ന നാഴി(കണ്ണ്, കാല്), ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാര്(അടയ്ക്ക), മാനത്തൊരു മയിലിന് മുട്ട ഓടിച്ചെന്നാല്‍ കൊണ്ടുപോരാം, രണ്ടു കണ്ണന് അങ്ങു ചെന്നപ്പോ മൂന്നു കണ്ണന് ഇങ്ങുപോന്നു. രണ്ടും തേങ്ങയാണെങ്കിലും അവയുടെ പിന്നിലെ സങ്കല്പനവും ഭാവനയും വ്യത്യസ്തമാണല്ലോ. രണ്ടു കണ്ണനും മൂന്നു കണ്ണനും മനുഷ്യനും ഈശ്വരനുമായുള്ള ബന്ധത്തെയും ധ്വനിപ്പിക്കുന്നു.
അന്ന് എല്ലപേരെയും പൊട്ടിച്ചിരിപ്പിച്ച രണ്ടു കടങ്കഥകളുമുണ്ടായിരുന്നു. പ്രഥമവര്ഗ്ഗ ശിക്ഷണത്തിനു വന്ന ഒരു സ്വയം സേവകന് കൈകെട്ടി നിന്ന് “ഒരമ്മ ഒന്നേ പെറൂ അതു നിന്നേ പെറൂ” എന്നു പറഞ്ഞപ്പോള്‍ ചിരി മുഴങ്ങി(ഉത്തരം വാഴ). “ഓടിച്ചെന്നു സ്ഥാനം കണ്ടു, തീര്‍ഥം തളിച്ചു ഭഗവാനെ പ്രതിഷ്ഠിച്ചു” എന്നു പറഞ്ഞപ്പോഴും ചിരി ഉയര്‍ന്നു. ഉത്തരം പറയേണ്ടെന്നായിരുന്നു ജഡ്ജിയുടെ വിധി.
ഇങ്ങനെ നോക്കിയാല്‍ കടങ്കഥകള്‍ ആയിരക്കണക്കിനുണ്ടാകും. അവയും പഴഞ്ചൊല്ലുകളുമൊക്കെ പഠനവിധേയമാക്കാവുന്നതാണ്. മലയാള സര്‍വ്വകലാശാലയ്ക്ക് അവഗണിക്കാവുന്നതായി ഒന്നുമില്ല എന്നു സൂചിപ്പിക്കുകയാണിവിടെ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: