ഫുട്ബോളും രാഷ്ട്രീയവും തമ്മില്‍ ബന്ധമുണ്ടോ? ഇറ്റലിക്കാരോടാണ് ചോദ്യമെങ്കില്‍ രണ്ടും ഒന്നാണെന്ന് അവര്‍ പറയും. കാരണം അവരുടെ മുന്‍ പ്രധാനമന്ത്രിയുടെ ഫുട്ബോള്‍ ഭ്രാന്ത് തന്നെ. ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബുകളിലെ വമ്പനായ എ.സി. മിലാന്റെ അധിപനാണ് അവരുടെ പ്രധാനമന്ത്രിയായിരുന്ന സില്‍വിയോ ബര്ബുസ്കോണി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ലോകരാഷ്ട്ര തലവന്മാരുടെ ചൂടുപിടിച്ച ചര്‍ച്ച നടക്കവെ യോഗത്തില്‍ ബര്‍ലുസ്കോണി ഇങ്ങനെ പറഞ്ഞുവത്രെ. “നമുക്കീ ബോറന് വിഷയമൊക്കെ മാറ്റിനിര്‍ത്തി വല്ല ഫുട്ബോള്‍ കളിയെക്കുറിച്ചോ പെണ്വിഷയത്തെക്കുറിച്ചോ സംസാരിക്കാം.” ഈ രണ്ടുകാര്യങ്ങള്‍ കഴിഞ്ഞേ ബര്ലുസ്കോണിന് മേറ്റ്ന്തും ഉണ്ടായിരുന്നുള്ളൂ. അതുകാരണം ഇറ്റലിക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നതും കുറച്ചൊന്നുമല്ല.
ഇത് ഇറ്റലിയിലെ കഥ. ഇറ്റലിയും കേരളത്തിലെ സിപിഎമ്മും തമ്മില്‍ ബന്ധമുണ്ടെന്ന് ഇറ്റലിക്കാരി സോണിയപോലും പറയില്ല. പക്ഷേ, ബര്‍ലുസ്കോണിയുടെ വലതുപക്ഷ പിന്തിരിപ്പന് പാര്‍ട്ടിയും കേരളത്തിലെ ഇടതുപക്ഷ വിപ്ലവപ്പാര്‍ട്ടിയും തമ്മില്‍ അല്ലെങ്കിലും എന്ത് ബന്ധം എന്ന് ചോദിക്കാന്‍ വരട്ടെ. ബര്ലുസ്കോണിയെപ്പോലെ തന്നെ മുകളില്‍ പറഞ്ഞ രണ്ട് വിഷയങ്ങളും കേരളത്തിലെ സിപിഎമ്മിനും പ്രിയപ്പെട്ടതാണ്; സദാചാരവും ഫുട്ബോളും. സദാചാരം അവിടെ നില്ക്കട്ടെ, നമുക്ക് കായിക വികസനത്തെക്കുറിച്ച് സംസാരിക്കാം.
നാലുവര്‍ഷം മുമ്പാണ് തങ്ങളുടെ നേതാവായ ഇ.കെ. നായനാരെ ഓര്‍ക്കാന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് വേണമെന്ന് സഖാക്കള്‍ക്ക് തോന്നിയത്. കഴിഞ്ഞ മൂന്ന് വര്‍ഷം കണ്ണൂരില്‍ നടന്ന ഈ പാര്‍ട്ടിപരിപാടി കാണാന്‍ ഇത്തവണ കോഴിക്കോട്ടുകാര്‍ക്ക് ഭാഗ്യമുണ്ടായി. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഫുട്ബോള്‍ മേള കോഴിക്കോട്ടെത്തുമ്പോള്‍ കോഴിക്കോടിന്റെ ഫുട്ബോള്‍ ഭ്രാന്തും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവേശവും സ്റ്റേഡിയത്തിലേക്ക് ആരാധകരെ ഒഴുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ടൂര്‍ണമെന്റിന് ഒരു പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനുള്ള കാണികള്‍ മാത്രമായിരുന്നു സാക്ഷി.
എട്ട് ഐലീഗ് ടീമുള്‍പ്പെടെ 16 ടീമുകള്‍ പങ്കെടുക്കുന്ന മഹാസംഭവമായിരിക്കും ടൂര്‍ണമെന്റെന്നാണ് സംഘാടകര്‍ ആദ്യം അറിയിച്ചത്. ഐലീഗ് ക്ലബ്ബുകള്‍ക്കുവേണ്ടി പാര്‍ട്ടി പ്രതിനിധികള്‍ ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികളുടെ വേഷത്തില്‍ കൊല്‍ക്കത്തയില്‍ ദിവസങ്ങളോളം ചെലവഴിച്ച് അധികൃതരുടെ കാലുപിടിച്ചു. ബംഗാളില്‍ പരിവര്‍ത്തനം സംഭവിച്ചതുകൊണ്ടോ എന്തോ, ഭൂരിഭാഗം ക്ലബ്ബുകളും ടീമിനെ വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 15 വരെ നടത്താന്‍ തീരുമാനിച്ച ടൂര്‍ണമെന്റ് പകുതിയാക്കി കുറച്ച് മാര്‍ച്ച് 13 മുതല്‍ 21 വരെ നടത്തി.
കളി കാണാന്‍ ആള്ക്കാര് എത്തിയിരുന്നില്ലെന്ന് സംഘാടക സമിതി ചെയര്മാന് പ്രദീപ്കുമാര്‍ എം.എല്‍.എയും സമ്മതിച്ചു. യുവ തലമുറ ടൂര്‍ണമെന്റിനെ തിരിഞ്ഞുനോക്കിയില്ല. ഇന്ത്യയില്‍ ഫുട്ബോള്‍ രക്ഷപ്പെടാത്തതിന്റെ കാരണവും സംഘാടകസമിതിക്ക് വ്യക്തമായി അറിയാം. ‘അശാസ്ത്രീയവും അസംബന്ധവുമായ’ ഐ ലീഗ് സംഘാടമാണത്രേ കുറ്റക്കാര്‍. ഐ. ലീഗ് കാരണമാണ് നായനാര്‍ കപ്പിന് മികച്ച ടീമുകളെ ലഭിക്കാതിരുന്നത്. ഇതാണ് ഫുട്ബോളിന്റെ വില്ലന്‍. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നതു പോലെ അടിസ്ഥാന സൗകര്യമില്ലാത്തതോ കളിക്കാര്‍ക്ക് പരിശീലനം ലഭിക്കാത്തതോ അല്ല പ്രശ്നം. എങ്കിലും നായനാര്‍ ഫുട്ബോള്‍ ഫുട്ബോളിനെന്തു നല്കി എന്നൊന്നും ചോദിക്കരുത്. കളി കളിയായിട്ടു കാണണമെന്ന് കായിക സ്നേഹികള്‍ പറഞ്ഞാലും പാര്‍ട്ടിപരിപാടി പാര്ട്ടിപരിപാടിയായിട്ടു തന്നെ കാണണമെന്ന് സഖാക്കള്ക്കറിയാം.
ഒന്നരക്കോടി രൂപയാണ് ടൂര്‍ണമെന്റിന്റെ ചെലവ്. കപ്പ് നേടുന്ന ടീമിന് 15 ലക്ഷം, രണ്ടാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് ഒരു ലക്ഷം. ഓരോ മത്സരത്തിലെയും മാന്‍ ഓഫ് ദ മാച്ചിന് അയ്യായിരം… ഇങ്ങനെ പോകുന്നു സമ്മാനത്തുക. ഇതിനു പുറമെയാണ് പങ്കെടുത്ത ടീമുകള്‍ക്ക് നല്‍കേണ്ട തുകയും അവരുടെ ചിലവും. ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ക്കും പണം പ്രശ്നമായിരുന്നില്ല. തകര്(ത്തു)ന്നുകിടന്നിരുന്ന കോര്പ്പറേഷന് സ്റ്റേഡിയം നവീകരിച്ച് പുല്ലുവച്ച് പിടിപ്പിച്ചു. അഴിമതിയാരോപണത്തില്അന്ധരായിപ്പോയ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റുകള് പാര്ട്ടിപ്പരിപാടിക്കായി വെളിച്ചം വിതറി.
ഇത്രയുമൊക്കെ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ചോദിച്ചു പോയേക്കാം. ഇതിനൊക്കെ മൂലധനം എവിടുന്ന്. ബക്കറ്റ് പിരിവ് നടത്തിയാല്‍ കിട്ടില്ല എന്നതുകൊണ്ട് തന്നെ പാര്‍ട്ടി അതിന് മിനക്കെട്ടിട്ടില്ല. കളി കാണാനെത്തുന്നവരില്‍ നിന്നും ലഭിക്കുന്ന് ടിക്കറ്റിന്റെ പണം ടീമുകള്‍ക്ക് വണ്ടിക്കാശ് കൊടുക്കാനേ തികയൂ. അപ്പോള്‍ സ്പോണ്‍സര്‍മാര്‍ ആരാണ്? �ടൂര്‍ണമെന്റിന് പ്രതീക്ഷിച്ചകാണികളും ടീമുകളും എത്തിയില്ലെന്ന പോലെ പ്രതീക്ഷിച്ച ഫണ്ടും എത്തിയിട്ടില്ലെന്നാണ് ഫൈനലിനു തൊട്ടുമുമ്പ് സംഘാടകര്‍ പറഞ്ഞത്. സ്പോണ്‍സര്‍ഷിപ്പ് വഴിയുള്ള തുക പൂര്‍ണ്ണമായി എത്തിച്ചേരാത്തതിനാല്‍ ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ‘ചില ആള്‍ക്കാരും പല ആള്‍ക്കാരും’ ടൂര്‍ണമെന്റിനെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്.
കണ്ണൂരില്‍ കഴിഞ്ഞ തവണ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ടിക്കറ്റുകള്‍ മദ്യക്കടയില്‍ നിന്നും ലഭിച്ചിരുന്നത് വന്‍വിവാദമായിരുന്നു. രണ്ട് കിംഗ്ഫിഷര്‍ സ്ട്രോംഗ് ബിയറിന് ഒരു ടിക്കറ്റ് ഫ്രീ എന്ന ബോര്‍ഡുകള്‍ നഗരത്തിലെമ്പാടും ഉയര്‍ന്നതോടെ നായനാരുടെ ഭാര്യ ശാരദ ടീര്‍ച്ചര്‍ക്ക് പ്രശ്നത്തിലിടപെടേണ്ടിവന്നു. സ്പോണ്‍സര്‍മാരില്ലാതെ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കാനാകില്ലെന്നാണ് അന്ന് സിപിഎം ഇതിനെ ന്യായീകരിച്ചത്. കിംഗ്ഫിഷര്‍ ഉടമയായ മദ്യരാജാവ് വിജയ്മല്യയും വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമുള്പ്പെടെയുള്ള വെറുക്കപ്പെട്ടവരാണ് ഇതിനു പിറകിലെന്ന് സമ്മതിക്കേണ്ടി വന്നിരുന്നു സി.പി.എമ്മിന്. ഇത്തവണത്തെ സ്പോണ്‍സര്‍മാര്‍ ആരാണെന്ന ചോദ്യത്തിന് പക്ഷേ പാര്‍ട്ടിക്ക് മറുപടിയില്ല. പുറത്തുപറയാന്‍ പറ്റാത്തവരാണ് അവര്‍ എന്നതു തന്നെയാണോ കാരണം. അത്തരം ചോദ്യങ്ങള്‍ വന്നപ്പോള്‍ വെറുക്കപ്പെട്ടവനെപ്പോലെ നോക്കി ചോദ്യകര്‍ത്താവിനെ വിരട്ടാനായിരുന്നു ഭാരവാഹികളില്‍ ചിലരുടെ ശ്രമം. സ്പോണ്‍സര്‍മാരെക്കുറിച്ചുള്ള ചോദ്യത്തിന് പത്രസമ്മേളനങ്ങളില്‍പ്പോലും അസഹിഷ്ണുതയോടെയാണ് നേതാക്കള്‍ പ്രതികരിച്ചത്. തങ്ങളുടെ നേതാവിന്റെ പേരില്‍ നടക്കുന്ന ഈ ധൂര്‍ത്തിനെയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ പാര്‍ട്ടി കോടതിയില്‍ വിചാരണ ചെയ്യേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് കേരളത്തിന്റെ വിശപ്പു മാറിയെന്നും ഇനി വിനോദമാണ് വേണ്ടതെന്നും മറുപടി ലഭിച്ചാലും അത്ഭുതപ്പെടാനില്ല.
സിപിഎം ഫുട്ബോള്‍ കളിക്കുമ്പോള്‍ കോണ്‍ഗ്രസിന് വെറുതെയിരിക്കാന്‍ കഴിയുന്നതെങ്ങനെ? സിപിഎമ്മില്‍ നായനാര്‍ക്കാണ് ഭാഗ്യമെങ്കില്‍ കോണ്‍ഗ്രസില്‍ കെ. കരുണാകരനാണ് ഭാഗ്യം. ഈ വര്‍ഷം മുതല്‍ തങ്ങളും ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെങ്കിലും ടൂര്‍ണമെന്റിന് പ്രാദേശിക നിലവാരമേ ഉണ്ടാകൂ. 35 ലക്ഷമേ ആകെ ചെലവ് വരൂ. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷ്യവും രണ്ടാമത്തെ ടീമിന് അന്പതിനായിരവും മാത്രം. സംസ്ഥാനത്തെ ടീമുകളെ മാത്രം പങ്കെടുപ്പിച്ചായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ സ്വന്തമായി ടീമുണ്ടാക്കിയാല്ത്തന്നെ ടൂര്‍ണമെന്റ് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകും. നായനാരുടെയും കരുണാകരന്റെയും യോഗം എന്നല്ലാതെ എന്തുപറയാന്‍!
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: