പൊതുവഴിയിലും തെരുവോരത്തും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പൊതുയോഗം നടത്താന്‍ ജില്ലാ സൂപ്രണ്ടിന് അധികാരം നല്കുന്ന 2011 ലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി മതപരമായ ചടങ്ങുകള്‍ക്കും ദേശീയോത്സവത്തിന്റെ ഭാഗമായ പ്രദക്ഷിണം, എഴുന്നള്ളിപ്പ് തുടങ്ങിയവ ഉപാധികളോടെ നടത്താന്‍ അനുമതി നല്കിയിരിക്കുന്നു. 2011 ലെ വിധിയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട 1000 വനിതകള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
ഗതാഗതം തടസപ്പെടുത്താതെ റോഡിന്റെ ഒരു വശത്ത് മാത്രമായി യോഗവും മതപരമായ ചടങ്ങും നടത്താനും കോടതി അനുമതി നല്കി. സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമാണ്. വഴിയോരത്ത് രാഷ്ട്രീയ തൊഴിലാളി സംഘടനകള്‍ക്ക് പൊതുയോഗത്തിന് അനുമതി നല്കുമ്പോള് അത് ഏത് സ്ഥലമാണെന്ന് തിട്ടപ്പെടുത്താനും കോടതി നിര്‍ദ്ദേശമുണ്ട്. പോലീസില്‍ ക്രിമിനലുകള്‍ ഉണ്ടെന്നും പരസ്യമായി പ്രസ്താവിക്കുന്ന കോടതി സര്‍ക്കാര്‍ സ്ഥലം കയ്യേറ്റക്കാര്‍ കൈവശമാക്കുമ്പോള്‍ നടപടിയെടുക്കാതെ അവര്‍ക്ക് വെള്ളവും വൈദ്യുതിയും പോലും ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുന്നവരാണ് അധികാരസ്ഥാനത്ത് എന്നും ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ വഴിയോര പൊതുയോഗത്തിനും മതാചാരങ്ങള്‍ക്കും നല്കുന്ന അനുമതി കാല്‍നടക്കാരുടെ സഞ്ചാരാവകാശം ഹനിക്കാതെയും വഴിയോര കച്ചവടക്കാര്‍ക്ക് തടസം സൃഷ്ടിക്കാതെയും ആയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മതാഘോഷങ്ങള്‍ കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നവയാണ്. പൊതുവഴി നിയമവ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച ഹര്‍ജികളിലാണ് ഈ വിധി. പൊതുനിരത്തില്‍ തടസമുണ്ടാകുന്നത് ശിക്ഷാര്‍ഹമാക്കുന്ന ദേശീയപാതാ സംരക്ഷണ നിയമം പഞ്ചായത്തീരാജ് നിയമം, മുനിസിപ്പല്‍ നിയമം മുതലായവ നിലവിലുണ്ട്. പൊതുനിരത്തിലും ഫുട്പാത്തിലും നടന്നോ വാഹനത്തിലോ തടസം കൂടാതെ സഞ്ചരിക്കാനുള്ള അവകാശത്തിന് കോടതിവിധി അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: