ജെയിനെവ: യുദ്ധകുറ്റങ്ങളുടെ പേരില്‍ ശ്രീലങ്കക്കെതിരെ യുഎസ് പിന്തുണയോടെ അവതരിപ്പിച്ച യുഎന്‍ പ്രമേയം പാസായി. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. 47 അംഗങ്ങളുള്ള യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയത്തിന് അനുകൂലമായി 24 രാജ്യങ്ങള്‍ വോട്ടുചെയ്തു. 15 രാജ്യങ്ങള്‍ പ്രമേയത്ത എതിര്‍ത്തു വോട്ടുചെയ്തപ്പോള്‍ എട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
യുദ്ധ കാലയളവില്‍ ശ്രീലങ്കയിലെ തമിഴരോട് സൈന്യം അതിക്രമങ്ങള്‍ കാണിച്ചുവെന്നാണ് പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഉന്നതസമിതിയായ മനുഷ്യാവകാശ കമ്മീഷന് പ്രമേയം പാസാക്കിയിരിക്കുകയാണ്. യുദ്ധ കാലയളവില്‍ സൈന്യത്തിന്റെയും എല്‍ടിടിഇയുടെയും ഭാഗത്തുനിന്ന് പ്രധാന നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും ഇക്കാര്യങ്ങളില്‍ വിശ്വസനീയമായ അന്വേഷണം വേണമായിരുന്നുവെന്നും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയും അറിയിച്ചു.
യുഎന്‍ പ്രമേയത്തെ ഇന്ത്യ പിന്താങ്ങിയത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നതാണ് പ്രധാന പ്രശ്നം. ഡിഎംകെ, എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മര്‍ദ്ദം പ്രമേയത്തെ അനുകൂലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുണ്ടായിരുന്നു.
അതേസമയം, യുഎന്‍ പ്രമേയത്തെ പാക്കിസ്ഥാന്, ബംഗ്ലാദേശ്, മാലിദ്വീപ്, റഷ്യ, ചൈന ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു.
യുഎസ് പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തെ ശ്രീലങ്ക ശക്തമായി എതിര്‍ത്തിരുന്നു. മനുഷ്യാവകാശ കൗണ്‍സിലിലെ ശ്രീലങ്കന്‍ പ്രതിനിധി ബാണ്ടുലേ ജയശേഖര രംഗത്തുവരികയും പ്രമേയത്തെ പിന്തുണക്കരുതെന്നും അത് എല്‍ടിടിഇയെ സഹായിക്കുന്നതിന് തുല്യമാകുമെന്നും മറ്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രമേയത്തെ ഇന്ത്യ പിന്തുണക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രമേയത്തെ പിന്തുണക്കുമെന്ന ഇന്ത്യയുടെ നിലപാട് ഒരിക്കല്‍ക്കൂടി പുനരാലോചിക്കണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജെമിനി പെരിസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയെ പെരിസ് ഫോണില്‍വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
യുദ്ധ കാലയളവില്‍ ലങ്കയില്‍ 40,000 സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ കമ്മീഷന് ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പ്രസിഡനൃ മഹീന്ദ രാജപക്സെ എതിര്‍ക്കുകയാണുണ്ടായത്. ലങ്കന്‍ സൈന്യവും തമിഴ് എല്‍ടിടിഇയുമായി അവസാന കാലയളവില്‍ സംഘട്ടനങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് രാജപക്സെ പറഞ്ഞത്.
എന്നാല്‍ ലങ്കന്‍സൈന്യം വന്‍തോതിലുള്ള മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്ന് പാശ്ചാത്യ രാജ്യങ്ങളും അന്തര്‍ദേശീയ മനുഷ്യാവകാശ കമ്മീഷനും ആരോപിച്ചു. 2009 ലാണ് എല്ടിഇടിയുമായുള്ള യുദ്ധം അവസാനിച്ചത്.
പ്രമേയം പാസായെങ്കിലും സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ തമിഴ് ഫോറത്തിന്റെ വക്താവ് സുരേന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: