ആലുവ: കഴിഞ്ഞദിവസം ആലുവ ഗസ്റ്റ് ഹൗസി വി.എസ്.അച്യുതാനന്ദനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തെത്തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ പോലീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇനിമുതല്‍ രണ്ട് വനിതാ പോലീസ് ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ പാലസില്‍ മുഴുവന്‍ സമയവും ഡ്യൂട്ടിയിലുണ്ടാകും. ഇവരില്‍ രണ്ടുപേര്‍ പാലസിന്റെ മുന്നില്‍ മാറിമാറി നിലയുറപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കളമശ്ശേരി എആര്‍ ക്യാമ്പില്‍നിന്നും വലിയൊരു വാഹനത്തില്‍ 25 പോലീസുകാരുള്‍പ്പെടെ ക്യാമ്പ് ചെയ്യിക്കാനും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞദിവസം പ്രതിഷേധമുണ്ടായതൊന്നും വകവയ്ക്കാതെ വിഎസ് ഇന്നലെയും ആലുവ പാലസില്‍ രാവിലെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാലസിലേക്ക് പ്രതിഷേധക്കാര്‍ കടന്നുവരുന്നത് തടയാന്‍ രഹസ്യാന്വേഷണവിഭാഗവും ഉദ്യോഗസ്ഥരും നിലയുറപ്പിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോഴും തുടര്‍ന്ന് പ്രതിപക്ഷനേതാവായപ്പോഴും എറണാകുളം മേഖലയിലുണ്ടെങ്കില്‍ ആലുവ പാലസിലാണ് വിഎസ് കൂടുതലായി തങ്ങാറുള്ളത്. അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളും ഇത്തരത്തില്‍ ഏറെയും നടക്കുന്നത് ആലുവ പാലസില്‍ തന്നെയാണ്.
സ്ത്രീകളെക്കുറിച്ചുള്ള ചില നാടന്‍ പദപ്രയോഗങ്ങള്‍ തന്നില്‍നിന്നും ഉണ്ടാകുന്നത് താന്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്ത്തിക്കുന്നവനായതുകൊണ്ടാണെന്ന വാദവും വിഎസ് ഉയര്‍ത്തുന്നുണ്ട്. പണ്ട് കാലത്ത് പട്ടികജാതിക്കാരെയും മറ്റ് അയിത്തത്തിന്റെ പേരില്‍ പലരും അകറ്റിനിര്‍ത്തിയപ്പോള്‍ ഇത്തരക്കാരുടെ കുടിലുകളില്‍ തങ്ങിയും ഇവരുടെ ഭക്ഷണം കഴിച്ചുമാണ് താനൊക്കെ പൊതുപ്രവര്‍ത്തനം നടത്തിയത്. അതുകൊണ്ടുതന്നെ ഇവരുടെയൊക്കെ നാടന്‍ ഭാഷകള്‍ തന്റെ വാക്കുകളിലേക്കും കടന്നുവരിക സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: