മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനമാണ്. സ്ത്രീകള്‍ ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യം കഴിഞ്ഞ 103 വര്‍ഷമായി ആഗോളതലത്തില്‍ ചര്‍ച്ചാ വിഷയമാണ്. വാലന്റൈന്‍സ് ഡേ പോലെ ഇതും ഇറക്കുമതി ചെയ്യപ്പെട്ട സംസ്ക്കാരമാണെന്ന് ആരോപിക്കപ്പെടുമ്പോഴും ഇന്ത്യയും കേരളവും മാര്‍ച്ച് എട്ട് വനിതാദിനമായി ആചരിക്കുന്നു. സ്ത്രീകളുടെ ശാക്തീകരണം എന്നാല്‍ സാമ്പത്തിക ശാക്തീകരണം മാത്രമല്ല, മാനസിക ശാക്തീകരണംകൂടിയാണെന്ന് നിരന്തരം ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുതയാണ്. മാനസിക ശാക്തീകരണത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് തീരുമാനമെടുക്കാനുള്ള കഴിവും തെരഞ്ഞെടുക്കാനുള്ള അവകാശവും. ഇത് രണ്ടും വികസിക്കുന്നത് സ്ത്രീകള്‍ മുഖ്യധാരയില്‍ പ്രവേശിക്കുമ്പോഴാണ്. മുഖ്യധാര എന്നാല്‍ രാഷ്ട്രീയം എന്നാണ് ഇവിടെ വിവക്ഷ.
പക്ഷേ, ലോകത്തെ ഏറ്റവും വലിയ ജനായത്ത രാജ്യമായ ഇന്ത്യ സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തത്തില്‍ ലോകരാജ്യങ്ങളില്‍ 105-ാം സ്ഥാനത്താണ്. ചൈനയ്ക്കും പാക്കിസ്ഥാനും ബംഗ്ലാദേശിനും പുറകിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. ചൈന 60-ാം സ്ഥാനത്താണെങ്കില്‍ ബംഗ്ലാദേശ് 65-ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ വിദേശകാര്യമന്ത്രി പോലും വനിതയാണ്. സുന്ദരിയായ ഹിന റബ്ബാനി ഖര് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമങ്ങള്‍ അവരുടെ പിന്നാലെ ക്യാമറയുമായി പിന്തുടര്ന്നത് കണ്ട അവര്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയശേഷം പറഞ്ഞത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പാപ്പരാസികളാണെന്നാണ്. ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയവരാണ് മാധ്യമരംഗത്തെ പപ്പരാസികള്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടിനുശേഷവും ശോചനീയമാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നിരിക്കാം. സോണിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയാണ്. മമത ബംഗാളും ജയലളിത തമിഴ്നാടും കഴിഞ്ഞയാഴ്ചവരെ മായാവതി യുപിയും ഭരിച്ചിരുന്നുവെന്നതും വാസ്തവം. പക്ഷേ ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം പതിനൊന്ന് ശതമാനമാണ്. രാജ്യസഭയില്‍ 10.7 ശതമാനവും. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. 140 അംഗ നിയമസഭയില്‍ പത്ത് ഇടതുപക്ഷ വനിതകളും യുഡിഎഫില്‍ ഏഴ് വനിതകളും. 20 അംഗ മന്ത്രിസഭയില്‍ ഒരേയൊരു വനിത. ഇത് കേരള നിയമസഭ ഉണ്ടായ കാലം മുതലുള്ള ചരിത്രം. തങ്കമണി സംഭവത്തിനുശേഷം മതിലായ മതിലുകളിലൊക്കെ “കേരളമെന്നൊരു നാടുണ്ടെങ്കില് കെ.ആര്.ഗൗരി ഭരിച്ചീടും” എന്ന് ജനവികാരം മുതലെടുക്കാന്‍ സിപിഎം പ്രചാരണം നടത്തിയെങ്കിലും മുഖ്യമന്ത്രിയായത് ഇ.കെ.നായനാര്‍. കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ ഭരണാധികാരിയായ ഗൗരിയമ്മ പിന്നീട് പാര്‍ട്ടിക്ക് പുറത്തായി.
കേരള രാഷ്ട്രീയ കാലാവസ്ഥ സ്ത്രീക്കനുയോജ്യമല്ല എന്ന് തെളിയിക്കുന്ന അനേകം ഉദാഹരണങ്ങളുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകള്‍ നേതൃനിരയില്‍ വരുന്നതിനെ പ്രതിരോധിക്കുന്നു. അവര്‍ക്ക് രാഷ്ട്രീയ വളര്‍ച്ച നേടാന്‍ അവസരം കൊടുക്കുന്നില്ല. തെരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്ക് നല്കുന്ന സീറ്റുകള്‍ വിജയസാധ്യത ഇല്ലാത്തവയാണ്. സിപിഎമ്മിനുവേണ്ടി വളരെയധികം ത്യാഗം സഹിച്ച, എസ്എഫ്ഐ സമരത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ, തങ്ങള്‍ താലോലിച്ച് കൊണ്ടുനടന്നവളെന്ന് പിണറായി അവകാശപ്പെടുന്ന സിന്ധു ജോയിക്ക് ലഭിച്ച സീറ്റുകള്‍ ഏതെന്നറിയണ്ടേ? മുഖ്യമന്ത്രി പദത്തിനുവേണ്ടി തെരഞ്ഞെടുപ്പിന് നില്ക്കുന്ന പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ മണ്ഡലമായ പുതുപ്പള്ളിയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ.വി.തോമസിനെതിരെ എറണാകുളവും. എറണാകുളത്ത് സിന്ധു തോറ്റത് 10,000 വോട്ടിനാണെങ്കില്‍ പുതുപ്പള്ളിക്കാര്‍ ഇവര്‍ക്ക് 25,000 വോട്ട് നല്കി തോല്‍പ്പിച്ചു.
ഇങ്ങനെ ‘സംരക്ഷിച്ച് പോഷിപ്പിച്ച’ പാര്‍ട്ടിയെ ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിയെ തെരഞ്ഞെടുക്കാനും സ്ത്രീയായതിനാല്‍ സിന്ധു ജോയിക്കവകാശമില്ലേ? ഇടതുപക്ഷത്തായിരുന്നപ്പോഴും ഒരു ഇടവേള സിന്ധു അപ്രത്യക്ഷയായപ്പോള്‍ അവരെ വലിച്ചെറിഞ്ഞു എന്നാരും പറഞ്ഞില്ല. അവര്‍ പഠിത്തം തുടരുകയാണെന്ന വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു തെരഞ്ഞെടുപ്പിനുശേഷം അപ്രത്യക്ഷമായത് വീണ്ടും പഠിത്തം തുടരാനായിരുന്നത്രെ. സ്ത്രീ സ്ഥാനാര്‍ത്ഥികളെ പരിപോഷിപ്പിക്കുന്ന രാഷ്ട്രീയം കേരളത്തിന് അന്യമാണ്; ഏത് പാര്‍ട്ടിയായാലും. മലബാറില്‍ പൂക്കോട്ടൂരില്‍ മറിയുമ്മ വെള്ളാശ്ശേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ്പദവി രാജിവച്ചത് രാഷ്ട്രീയ സഹചാരികളുടെ ഉപദ്രവം മൂലമാണത്രെ. പുരുഷ മേധാവിത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം.
ഇപ്പോള്‍ സെല്‍വരാജ് എന്ന നെയ്യാറ്റിന്‍കര സിപിഎം എംഎല്‍എ പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവുംരാജിവെച്ച കാരണമെന്തായാലും ആ പശ്ചാത്തലത്തിലേക്ക് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് സിന്ധു ജോയിയുടെ പേര് വലിച്ചിഴച്ചതിലെ സാംഗത്യം മനസ്സിലാകുന്നില്ല. “പലവട്ടം ഉപയോഗിച്ച് വലിച്ചെറിയുന്ന അഭിസാരികയെപ്പോലെ” എന്നാണ് അദ്ദേഹം സിന്ധു ജോയിയെ വിശേഷിപ്പിച്ചത്. അഭിസാരിക-വേശ്യാ എന്ന പദങ്ങള്‍ മാന്യമല്ലാത്തതാണ്. ലൈംഗിക തൊഴില്‍ ചെയ്യുന്നവരെ ലൈംഗികത്തൊഴിലാളികള്‍ എന്നേ വിശേഷിപ്പിക്കാവൂ. ഇതെല്ലാം അറിയാനുള്ള രാഷ്ട്രീയ-സാംസ്കാരികാവബോധം രാഷ്ട്രീയനേതാക്കള്‍ക്ക് വേണം.
സിന്ധു ജോയി അഭ്യസ്തവിദ്യയാണ്. എസ്എഫ്ഐ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തി പോലീസ് വേട്ടയ്ക്കിരയായ വ്യക്തിയാണ്. അമ്മയും അച്ഛനും ഇല്ലെങ്കിലും പഠിച്ച് ഡോക്ടറേറ്റ് നേടിയ വനിത. തെരഞ്ഞെടുപ്പ് രംഗത്ത് ഉജ്ജ്വല പ്രചാരണത്തിലൂടെ ജനങ്ങളെ വശീകരിക്കാന്‍ കഴിവുള്ളയാള്‍. സിപിഎം തനിക്ക് പറ്റിയതല്ല എന്ന തിരിച്ചറിവില്‍ പാര്‍ട്ടി മാറിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ദൃഷ്ടിയില് ഇത് ലൈംഗികത്തൊഴിലായി മാറി. ശെല്‍വരാജിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് സിന്ധു ജോയിയെ വലിച്ചിഴച്ച ശേഷം വിശേഷിപ്പിച്ചത് പലവട്ടം ഉപേക്ഷിച്ച് വലിച്ചെറിഞ്ഞ അഭിസാരിക എന്നാണ്.
സ്വാഭാവികമായും ഈ പ്രയോഗം സ്ത്രീത്വത്തിനു നേരെയുള്ള ആക്രമണമായി വ്യാഖ്യാനിക്കപ്പെടുന്നു. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരികള്‍ പറയുന്നത് ഇത് പ്രതിഫലിപ്പിക്കുന്നത് വി.എസ്. അച്യുതാനന്ദന് സ്ത്രീവര്‍ഗത്തോടുള്ള പരമപുഛമാണ് എന്നാണ്.
അച്യുതാനന്ദന് സ്ത്രീപക്ഷ പ്രതിഛായ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം അവസരോചിതമായി സൃഷ്ടിച്ചെടുക്കുന്നതാണെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. അച്യുതാനന്ദന്റെ സ്ത്രീസംരക്ഷക പരിവേഷം കിളിരൂര്‍ പെണ്‍കുട്ടിയുടെ മരണശേഷം പുറത്തുവന്നതില്‍ രണ്ടുദ്ദേശ്യമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ തന്റെ രാഷ്ട്രീയ പ്രതിയോഗികളെ ഭീഷണിപ്പെടുത്തി ഒതുക്കാനും പിറവം ഉപതെരഞ്ഞെടുപ്പില്‍ സ്ത്രീവോട്ട്ബാങ്ക് കരസ്ഥമാക്കാനും. അഞ്ചുകൊല്ലം ഭരിച്ചിട്ടും കിളിരൂര്‍ വിഐപികളെ കയ്യാമം വെച്ച് നിരത്തില്‍ക്കൂടി നടത്തിയില്ല എന്നു മാത്രമല്ല അവര്‍ ആരാണെന്ന് സമൂഹത്തിനോടോ പോലീസിനോടോ വെളിപ്പെടുത്തുകകൂടി ചെയ്തില്ല വിഎസ്. ഒരു സ്ത്രീപീഡനക്കേസിലും ഒരു പ്രതിയെയും മുഖ്യമന്ത്രിയുടെ സഹായംകൊണ്ട് ജയിലില്‍ അടയ്ക്കാനായില്ല. പക്ഷെ സ്ത്രീസംരക്ഷക പ്രതിഛായയുടെ ഗുണം അനുഭവിച്ചറിഞ്ഞ അദ്ദേഹം അതേ പരിവേഷം പിന്നെയും എടുത്തണിഞ്ഞത് തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ്. ഐസ്പെട്ടിയിലായിരുന്ന ഐസ്ക്രീം കേസ് വിഎസ് വീണ്ടും കുത്തിപ്പൊക്കിയത് വ്യക്തിവൈരാഗ്യം വീട്ടാനും അത് തന്റെ സ്ത്രീപക്ഷ പ്രതിഛായക്ക് തിളക്കമേകും എന്നുകൂടി ലക്ഷ്യംവെച്ചുമായിരുന്നു. പ്രതിപക്ഷനേതാവ് ഒരിക്കലും സ്ത്രീപക്ഷക്കാരനോ സ്ത്രീപീഡന പോരാളിയോ അല്ലെന്ന് ഈ സിന്ധു ജോയിക്കെതിരായ പരാമര്‍ശം വെളിപ്പെടുത്തുന്നു.
ഇപ്പോള്‍ അച്യുതാനന്ദനെതിരെ വൃന്ദാ കാരാട്ടുള്‍പ്പെടെ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ പോലും പൊട്ടിത്തെറിച്ചപ്പോള്‍ അദ്ദേഹം തിരുത്തുകയുണ്ടായി. പലവട്ടം ഉപയോഗിച്ച് ഉപേക്ഷിച്ച അഭിസാരിക എന്ന് പറഞ്ഞപ്പോള്‍ താന്‍ ഉദ്ദേശിച്ചത് കറിവേപ്പിലപോലെ എടുത്തുകളഞ്ഞു എന്നാണത്രേ. കറിവേപ്പില പോലും ഇൗ പ്രയോഗത്തില്‍ നാണിച്ച് പ്രതിഷേധിച്ചിട്ടുണ്ടാകും. പ്രസംഗത്തില്‍ ലൈംഗികച്ചുവ കലരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതല്ല എന്ന് പറഞ്ഞ വൃന്ദാ കാരാട്ടും അച്യുതാനന്ദന് ഈ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷ കാണുകയോ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ല. വാക്കുകളേക്കാള്‍ മൂര്‍ച്ച അദ്ദേഹത്തിന്റെ ശരീരഭാഷക്കുണ്ടെന്ന് തിരിച്ചറിയുന്നില്ല.
വി.എസ്. അച്യുതാനന്ദനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 509-ാം വകുപ്പുപ്രകാരം കേസ് ഫയല്‍ ചെയ്യാവുന്നതാണെന്നും സ്ത്രീയുടെ മാന്യതയെ അധിക്ഷേപിക്കുന്ന വാക്കോ നോട്ടമോ ഉപയോഗിക്കുന്ന വ്യക്തിക്ക് ഒരുവര്‍ഷം തടവുശിക്ഷ ലഭിക്കാനുള്ള വകുപ്പാണിതെന്നാണ് ഒരു മാധ്യമത്തില്‍ കണ്ട വാര്‍ത്ത.
പിറവത്തെ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നതിനിടയില്‍ അവിടെ ചുക്കാന്‍ പിടിക്കുന്ന വിഎസിന്റെ അഭിസാരിക പരാമര്‍ശം വന്‍വിവാദമായിരിക്കുകയാണ്. സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ ഈ അനവസര വാചാലത സ്ത്രീകളെ പ്രകോപിപ്പിക്കാനേ ഉതകൂ. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തന്റെ പഠനത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചുനിന്നിരുന്ന സിന്ധു ജോയിയെ യുഡിഎഫിന് വേണ്ടി പിറവത്തെത്തിക്കാനും വി.എസ്. അച്യുതാനന്ദന് സാധിച്ചു. സിന്ധുജോയി എവിടെ എന്ന ചോദ്യത്തിന് “ഇവിടെ, പിറവത്ത്” എന്ന മറുപടിയുമായി.
സിപിഎം പരാജയപ്പെട്ട ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഊറിച്ചിരിച്ച അച്യുതാനന്ദന് താന്‍ ചുക്കാന്‍ പിടിക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലത്തോട് എങ്ങനെ പ്രതികരിക്കും? പിറവം ഫലം എന്തുതന്നെയായാലും ഈ തെരഞ്ഞെടുപ്പ് കേരള സ്ത്രീകള്‍ക്ക് തരുന്ന സന്ദേശം അവര്‍ വെറും കറിവേപ്പിലകളാണെന്നുതന്നെയാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: