കണ്ണൂറ്: നഗരത്തിലെ മാലിന്യങ്ങള്‍ ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ ചേലോറയിലെ മാലിന്യവിരുദ്ധ സമിതി നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്. സമരസമിതി പ്രവര്‍ത്തകരായ 25 ഓളം പേര് ഇന്നലെ ഉച്ചയോടെ നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജയുടെ ഓഫീസില്‍ കയറി മാലിന്യം നിക്ഷേപിക്കുകയും ഓഫീസിലെ ഫയലുകള്‍ വാരി വലിച്ചിടുകയും ചെയ്തു. പ്ളാസ്റ്റിക് കവറില്‍ മാലിന്യങ്ങള്‍ നിറച്ചു കൊണ്ടുവന്നാണ് ഓഫീസിനകത്ത് നിക്ഷേപിച്ചത്. ചില നഗരസഭാംഗങ്ങളുമായി ചെയര്‍പേഴ്സണ്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്. സമര സമിതി പ്രവര്‍ത്തകരായ ചാലോടന്‍ രാജീവന്, പിഷാരടി, മഹേഷ്, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരക്കാര്‍ മാലിന്യം നിക്ഷേപിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗണ്‍ സിഐ സുകുമാരനും സംഘവും സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മാലിന്യവിരുദ്ധ സമര സമിതിയുടെ ചെറുത്തുനില്‍പ്പിനിടയിലും ഇന്നലെ രാവിലെ പോലീസ് സഹായത്തോടെ നഗരസഭാ അധികൃതര്‍ ചേലോറയില്‍ മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് സമരക്കാര്‍ പുതിയ രീതിയില്‍ സമരവുമായി രംഗത്തെത്തിയത്. പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ 22 സമരക്കാരെ കോടതി റിമാന്‍ഡ് ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് സമരസമിതി ഇന്ന് ചേലോറ പഞ്ചായത്തില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ടൗണ്‍ സി.ഐ സുകുമാരണ്റ്റെ നേതൃത്വത്തിലെത്തിയ പൊലീസ്സംഘം ചാലോടന്‍ രാജീവന്, പി.വി. ഷൈനു, കെ.കെ ബുഷറ. കെ.എം സമീറ തുടങ്ങി ൨൨ പേരെയാണ് അറസ്റ്റുചെയ്തു നീക്കിയത്. ഇവരെ വൈകിട്ട് തലശേരി സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: