മരട്: നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞമാസം രണ്ടാഴ്ചയോളം ഇവിടെ നഴ്സുമാര്‍ പണിമുടക്കിയിരുന്നു. തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വേതനവര്‍ധനവ് അംഗീകരിച്ചുകൊണ്ട് സമരം ഒത്തുതീര്‍ന്നത്. സമരം അവസാനിപ്പിക്കുന്നതിന് ഉണ്ടാക്കിയ ധാരണകള്‍ ആശുപത്രി മാനേജ്മെന്റ് ലംഘിച്ചുവെന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്നും നഴ്സുമാരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ട്രെയിനികളില്‍ രണ്ടുപേരെ പിരിച്ചുവിട്ടതും പ്രൊബേഷന്‍ അവസാനിച്ച 12പേരെ സ്ഥിരപ്പെടുത്താത്തതുമാണ് സമരത്തിന് മുഖ്യകാരണമായി പറയുന്നത്.
എന്നാല്‍ ബാഹ്യശക്തികളുടെ ഗൂഢാലോചനയാണ് ലേക്ഷോറിലെ നഴ്സുമാരുടെ തുടര്‍ സമരങ്ങള്‍ക്ക് പിന്നിലെന്ന് ലേക്ഷോര് ആശുപത്രി മാനേജ്മെന്റ് ആരോപിക്കുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തങ്ങള്‍ ലംഘിച്ചിട്ടില്ല. മറിച്ച് പ്രൊബേഷന്കാരുടെയും ട്രെയിനികളുടെയും കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം മാനേജ്മെന്റിനുണ്ടെന്നും ഇക്കാര്യം തൊഴില്‍വകുപ്പുതന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. രോഗികള്‍ക്ക് അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന വിധത്തിലുള്ള സമരങ്ങള്‍ ആശുപത്രിയില്‍ അനുവദിക്കുവാന്‍ കഴിയില്ല. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി മുമ്പോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ മാനേജ്മെന്റ് സ്വീകരിക്കുമെന്നും ആശുപത്രി എംഡി ഡോ. ഫിലിപ്പ് അഗസ്റ്റിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: