കേച്ചേരിയില്‍ നിന്ന് ബോംബെയിലേക്ക് ദൂരമേറെയുണ്ട്. എന്നാല്‍ യൂസഫലി കേച്ചേരിയില്‍ നിന്ന് രവി ബോംബെയിലേക്ക് ദൂരം ഒട്ടുമില്ല. ദൂരമേ ഇല്ല എന്ന് പറയുന്നതാവും ശരി. ലയവും ശ്രുതിയും ചേരും പോലെയാണ് അവര്‍ ഒത്തുചേര്‍ന്നാലുണ്ടാകുന്ന ഫലപ്രാപ്തി. അതില്‍ ഒരാള്‍ ഇപ്പോള്‍ ഇല്ലാതിയിരിക്കുന്നു. ലയം നഷ്ടമായ ശ്രുതി പോലെ, അല്ലെങ്കില്‍ ശ്രുതി നഷ്ടമായ ലയം പോലെ ആ നഷ്ടവും വിരഹവും ബാക്കിയാകുന്നു.
യൂസഫലി കേച്ചേരി-രവി ബോംബെ ടീം മലയാളത്തിന് സമ്മാനിച്ചത് കാലാതീതമായ സംഗീതമാണ്. നല്ല ഗാനങ്ങളാണ്. തലമുറകള്‍ക്ക് പാടാനും ആസ്വദിക്കാനുമുള്ള മനോഹര ഗാനങ്ങളാണ്. യൂസഫലി കേച്ചേരിയുടെ തൂലിക ചലിക്കാന്‍ തുടങ്ങുമ്പോള്‍ ഹാര്‍മോണിയത്തില്‍ രവി ബോംബെയുടെ വിരലുകള്‍ പതിയെ മീട്ടുമ്പോള്‍ അവിടെ മരണമില്ലാത്ത നല്ല ഗാനങ്ങള്‍ ജന്മമെടത്തു. ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് എന്നെന്നും ഓര്‍ത്തോര്‍ത്തുപാടാന്‍ കഴിയുന്ന ഒരു പിടി നല്ല ഗാനങ്ങളായിരുന്നുവെങ്കില്‍ ഈ കൂട്ടുകെട്ട് തനിക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ അനുഭവങ്ങളായിരുന്നുവെന്ന് കേച്ചേരിയിലെ വീട്ടിലിരുന്ന് തന്റെ പ്രിയപ്പെട്ട രവി സാബിന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ യൂസഫലി കേച്ചേരി ഓര്‍മ്മിച്ചു. തന്റെ അക്ഷരജ്വാലകള്‍ക്ക് സ്വര്‍ണവര്‍ണം പകരാന്‍ ഇനി രവിസാബില്ലെന്ന സത്യം മലയാളത്തിന്റെ പ്രിയപ്പെട്ട കവിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. ഒരു പഴമ്പാട്ടിന്റെ ശ്രുതി പോലെ ഓര്‍മ്മകള്‍ യൂസഫലി കേച്ചേരിയിലേക്ക് ചേക്കേറി…..
“രവി സാബിനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഹരിഹരന് സംവിധാനം ചെയ്ത സര്‍ഗം എന്ന മലയാള ചലച്ചിത്രത്തിന്റെ പണിപ്പുരയില്‍ വച്ചാണ്. അദ്ദേഹം ഒരൊറ്റ മലയാളം പടം ചെയ്യാത്ത കാലത്തുതന്നെ ആ സംഗീത പ്രതിഭ എന്നെ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. അതിനു കാരണം ഗുരുദത്ത് സംവിധാനം ചെയ്ത ‘ചൗധ് വിന്കാ ചാന്ദ്’ എന്ന ചിത്രത്തില്‍ ‘ചൗധ് വിന്കാ ചാന്ദ്’ എന്നു തുടങ്ങുന്ന ഗാനമാണ്. റൊമാന്സും മെലഡിയും ചേര്‍ന്ന ആ ഗാനം എന്റെ ഹൃദയത്തില്‍ ഒരു സ്പാര്‍ക്ക് കടത്തിവിട്ടിരുന്നു. ഓര്‍ക്കും തോറും ആ സ്പാര്‍ക്ക് വലിയ അഗ്നിയായി പിന്നീട് കാട്ടുതീയായി പടര്‍ന്നുപിടിച്ചു. ജാതിയില്‍ ഒരു ബ്രാഹ്മണനായിരുന്ന (ശര്‍മ) രവിശങ്കര്‍ ശര്‍മ ആഭിജാത്യം പുലര്‍ത്തുന്ന പെരുമാറ്റം കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രഥമദൃഷ്ടിയില്‍ തന്നെ എന്റെ ഹൃദയം കവര്‍ന്നെടുത്തു.
ഞാന്‍ ചോദിച്ചു, “അങ്ങേക്ക് മലയാളമറിയാത്തതുകൊണ്ട് ഞാന്‍ അങ്ങ് ചിട്ടപ്പെടുത്തിയ ട്യൂണനുസരിച്ച് എഴുതിത്തന്നാല്‍ പോരേ. ഉടനടി രവിസാബ് പറഞ്ഞു. വേണ്ട… മാതൃഭാഷയിലായാലേ കവിയുടെ ഒഴുക്കിന് ശക്തിയുള്ളതാകൂ.”
ഞാന്‍ എഴുതിത്തുടങ്ങി. ‘സ്വരരാഗ ഗംഗാപ്രവാഹമേ’, ഒട്ടും താമസിയാതെ അദ്ദേഹം ഹാര്‍മോണിയം മീട്ടി ഇങ്ങനെ പാടി. ‘സ്വരരാഗ ഗംഗാപ്രവാഹമേ……..’ അങ്ങനെ സര്‍ഗത്തിലെ എല്ലാ പാട്ടുകളും എനിക്കും രവിസാബിനും ഹരിഹരനും തൃപ്തികരമായ രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചു. അതില്‍ ‘സംഗീതമേ അമര സല്ലാപമേ…’ എന്ന ഗാനം ഞാന്‍ എഴുതി സംഗീതം പകര്‍ന്നുകൊണ്ടിരിക്കെ ഗാനഗന്ധര്വ്വന് യേശുദാസും കടന്നുവന്നു. ആ ഗാനം ചിട്ടപ്പെടുത്തിയത് കര്‍ണാടിക് സ്റ്റെയിലിലായിരുന്നു. അതുകൊണ്ട് അതിന്റെ സംഗീത പ്രവാഹത്തില്‍ ഗാനഗന്ധര്‍വ്വനും അറിയാതെ പങ്കുചേര്‍ന്നു. ഉത്തരേന്ത്യന്‍ സംഗീതത്തില്‍ മുങ്ങിക്കുളിച്ച രവിസാബിന് കര്‍ണാടക രീതി അന്യമല്ലെന്നറിഞ്ഞപ്പോള്‍ ഞാനും ഗാനഗന്ധര്‍വ്വനും മനസ്സാ സന്തോഷിച്ചു.”
‘സര്‍ഗം’ മലയാളസിനിമയുടെ ജാതകം തിരുത്തിയെഴുതിയ സിനിമകളിലൊന്നായിരുന്നു. ചിത്രത്തിന്റെ കഥയേക്കാള്‍ മലയാളികള്‍ സ്വീകരിച്ചത് അതിലെ ഗാനങ്ങളായിരുന്നു. കര്‍ണാടക സംഗീതം അറിയാത്തവര്‍ പോലും സര്‍ഗത്തിലെ ‘സ്വരരാഗങ്ങടെ ഗംഗാ പ്രവാഹ’ത്തെ ഏറ്റുപാടി. ഗാനമേളകളില്‍ ഇന്നും ഏറ്റവുമധികം ആലപിക്കപ്പെടുന്ന ഗാനങ്ങളിലൊന്ന് സര്‍ഗത്തിലെ ആ ഗാനമാണ്. ഉത്തരേന്ത്യക്കാരനായ സംഗീതസംവിധായകനാണ് സര്‍ഗത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതെന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. സര്‍ഗത്തിലെ തന്നെ കണ്ണാടി ആദ്യമായെന്‍….., ആന്ദോളനം…., എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധേയമായവയാണ്. ‘ഭൂലോക വൈകുണ്ഠ പുര വാസനേ ശ്രീരംഗനാഥനേ…’ എന്ന വരികള്‍ വേഗം കുറച്ചും കൂട്ടിയും ഗാനഗന്ധര്വ്വന് ആലപിക്കുന്നതും ‘സര്‍ഗ’ത്തിലെ അദ്ഭുതകരമായ ഗാനരംഗമാണ്. ‘സര്‍ഗം’ ഈ കൂട്ടുകെട്ടിന്റെ ഒരു തുടക്കം മാത്രമായിരുന്നു.
ഒരുപാട് ചിത്രങ്ങള്‍ ചെയ്തു കൂട്ടുന്നതിലല്ല, മറിച്ച് നല്ല ഏതാനും ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ഇവര്‍. ആ സൗഭാഗ്യമാണ് നല്ല ഗാനങ്ങളായി നമുക്ക് ലഭിച്ചത്
“സര്‍ഗം കഴിഞ്ഞ് പിന്നീട് ‘പരിണയം’, ‘ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍’, ‘ഗസല്‍’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന് പകരാന്‍ എനിക്കും രവിസാബിനും അനായാസം സാധിച്ചു. ഇതിനു പുറമെ ഒരു ആല്‍ബത്തിനുവേണ്ടിയും ഞങ്ങള്‍ ഒന്നിച്ചിരുന്നു. ഈ എല്ലാ ഗാനങ്ങളും മലയാളികളുടെ സവിശേഷമായ ആശ്ലേഷത്തിന് പാത്രീഭവിച്ചു എന്നുഞ്ഞാന്‍ കരുതുന്നു. ഹരിഹരന് സംവിധാനം ചെയ്ത പരിണയം, സര്‍ഗം എന്നീ ചിത്രങ്ങളുടെ വിജയത്തിന് പ്രധാന കാരണം ഹരിഹരന്റെ സംഗീതബോധം കൂടിയാണ് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. പിന്നീട് നടക്കാതെ പോയ ഒരു പടത്തില്‍ രവിസാബ് ഗാനരചന ഞാനായിരിക്കണമെന്ന ശാഠ്യം പിടിച്ചിരുന്നതായി അറിഞ്ഞപ്പോള്‍ മലയാള കവിതയോടുള്ള അദ്ദേഹത്തിന്റെ പ്രേമം ഞാന്‍ ഏറെ മനസ്സിലാക്കി. മഴ എന്ന സിനിമയില്‍ എനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ രവിസാബ് എന്നെ തിരിച്ച് അഭിനന്ദിച്ചിരുന്നു. പരിണയം എന്ന ചിത്രത്തിന് ഈണം പകര്‍ന്ന അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഞാനും രവിസാബും ഒത്തുച്ചേര്‍ന്ന സിനിമയില്‍ സംസ്ഥാന സര്‍ക്കാര്‍ എനിക്ക് മികച്ച ഗാനരചനയ്ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ അതോടൊപ്പം മറ്റൊരാള്‍ക്കുകൂടി അവാര്‍ഡ് ഉണ്ടായിരുന്നു. മികച്ചത് ആരെന്ന് തിരിച്ചറിയാത്ത ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്നു ഞാന്‍ അവാര്‍ഡ് നിരസിച്ചിരുന്നു. ഈയവസരത്തില്‍ അക്കാര്യംകൂടി ഓര്‍ക്കാതിരിക്കാന്‍ വയ്യ.”
‘അഞ്ചു ശരങ്ങളും പോരാതെ മന്മഥന് നിന് ചിരി സായകമാക്കി….’ എന്ന പരിണയത്തിലെ പ്രണയഗാനം യൂസഫലി കേച്ചേരിയുടെ പ്രണയാര്‍ദ്രമായ വരികള്‍ കൊണ്ട് ഹൃദ്യമായെങ്കില്‍ അതിന് ഏറ്റവും പ്രണയസമ്പുഷ്ടമായ ഈണം നല്‍കുകയായിരുന്നു രവി ബോംബെ. ക്ലാസിക്കല്‍ ടച്ചിനൊപ്പം ഗസലിന്റെ നേര്‍ത്ത ആവരണവും ആ ഗാനത്തിനുണ്ടായിരുന്നു. യേശുദാസ് ആ ഗാനം അനായാസമായി ആലപിച്ചപ്പോള്‍ അത് കാമുകിയുടെ ഭാവങ്ങളെക്കുറിച്ച് കാമുകന് പാടുന്ന മലയാളത്തിലെയെന്നല്ല ഇന്ത്യന്‍ ഭാഷകളിലെത്തന്നെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നായി. കമലിന്റെ ‘ഗസല്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ ശൈലിയുള്ള സംഗീതവും ഈണവും അനിവാര്യമായ ഒന്നായിരുന്നതിനാല്‍ ആ ചിത്രത്തിലെ സംഗീതസംവിധാനം നിര്‍വഹിക്കാന്‍ മറ്റൊരാളെ തേടേണ്ടി വന്നില്ല. “വടക്കുനിന്ന് പാടി വന്ന വാനമ്പാടി……”, “സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തില്‍….”, “ഇസൈ തേന്‍കണം കൊണ്ടുവാ….”, തുടങ്ങിയ മനോഹര ഗാനങ്ങള്‍ ‘ഗസല്‍’ എന്ന ചിത്രത്തിനെ മലയാളിക്ക് പ്രിയപ്പെട്ടതാക്കി. സിനിമയെക്കാള്‍ ഹിറ്റായ ഗാനങ്ങളായിരുന്നു സര്‍ഗത്തിലെയും പരിണയത്തിലെയും ഗസലിലെയും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലെയും. ഗസല്‍ എന്ന സിനിമയ്ക്കു വേണ്ടി ഉത്തരേന്ത്യന്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് ചെയ്ത ഗാനങ്ങള്‍ നിത്യഹരിതങ്ങളാണ്. മേരെ ലബോംപെ എന്ന ഹിന്ദി ഗാനവും ഗസലില്‍ രവി ടച്ച് നിറഞ്ഞതാണ്. തന്റെ നല്ല വരികള്‍ക്ക് നല്ല ഈണം നല്കുന്ന പ്രിയപ്പെട്ട ചങ്ങാതി ഇനി കൂടെയില്ല എന്ന സത്യം യൂസഫലി കേച്ചേരിയുടെ ഉള്ളില്‍ വേദനയോടെ നിറയുന്നു. ഇനി അങ്ങ് ദൂരെ അനേകായിരം നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് ദേവസംഗീതം പൊഴിക്കുന്ന പ്രിയപ്പെട്ട രവി സാബിനെ നിറകണ്ണുകളോടെ, ഇടറുന്ന വാക്കുകളോടെ, വിതുമ്പിക്കരയുന്ന മനസ്സോടെ ഓര്‍ക്കുകയാണ് പ്രിയപ്പെട്ട ചങ്ങാതി.
“ആ സംഗീത ദീപവും കഴിഞ്ഞ ദിവസം പൊലിഞ്ഞു എന്നുകേട്ടപ്പോള്‍ എനിക്ക് അടക്കാനാവാത്ത ദുഃഖം തോന്നി. എന്തുചെയ്യാം. ദൈവം വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റുമോ? പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചുപറയാം. സ്നേഹമുള്ള, സംഗീതമറിയാവുന്ന മലയാളികളുടെ മനസ്സില്‍ ഒരു മധുബിന്ദുവായി ഞാനും രവിസാബും ചെയ്ത ഗാനങ്ങള്‍ എന്നും നിറഞ്ഞുനില്ക്കും. രവിസാബ് മലയാളത്തിന് ഏറെ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഒ.എന്‍.വി കുറുപ്പും രവിസാബും ഒന്നിച്ച് അണിനിരന്ന നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ ‘മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി…’ എന്ന ഗാനം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സമഞ്ചസ സമ്മേളനമാണ് ഞാന്‍ രവിസാബിലൂടെ കാണുന്നത്.”
ഈണത്തിനനുസരിച്ച് ഗാനരചയിതാവിനെക്കൊണ്ട് ഗാനങ്ങളെഴുതിക്കുന്നയാളായിരുന്നില്ല രവി ബോംബെ. കവിക്കും ഗാനരചയിതാവിനും പൂര്‍ണസ്വാതന്ത്ര്യം കൊടുത്ത സംഗീതസംവിധായകനായതു കൊണ്ട് തന്നെ തന്റെ സംഗീതത്തിനും രവി ബോംബെ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരുന്നു. ഒഴുകിയിറങ്ങുന്ന മധുകണങ്ങളായിരുന്നു രവിയുടെ സംഗീതം. ഓര്‍ക്കസ്ട്രേഷന്റെ ബഹളം ഒരിക്കലും അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ അനുഭവപ്പെട്ടിട്ടില്ല. സന്തുറും മാന്‍ഡൊലിനും പോലുള്ള സംഗീതഉപകരണങ്ങള്‍ മനസ്സിനെ ആര്‍ദ്രമാക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്താനും രവി ബോംബെ എന്ന സംഗീതസംവിധായകനു കഴിഞ്ഞു. അദ്ദേഹം കാലത്തിന്റെ ചുരം കടന്ന് പോകുമ്പോള്‍ ബാക്കിയാകുന്നത് നമുക്ക് സമ്മാനിച്ച നല്ല ഗാനങ്ങള്‍ മാത്രമാണ്. വിലമതിക്കാനാകാത്ത ആ ഗാനങ്ങള്‍ പൊതുസമൂഹത്തിന്റെ സ്വത്താണ്. സമ്പാദിച്ചു കൂട്ടിയ സ്വത്തിനെ ചൊല്ലി രവി സാബിന്റെ മരണശേഷം നടന്ന വഴക്കുകള്‍ യൂസഫലി കേച്ചേരിയെ വല്ലാതെ വിഷമിപ്പിച്ചിരിക്കുന്നു.
“രവിസാബിന്റെ കുടുംബവും ഞാനും തമ്മില്‍ എടുത്തുപറയാവുന്ന തരത്തിലുള്ള സ്നേഹബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ രവിസാബിന്റെ മരണശേഷം ഒരു കുടുംബകലഹം തന്നെ അവിടെ നടന്നുവെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. ബോംബെയിലെ അദ്ദേഹത്തിന്റെ വചന് എന്ന വീട്ടില്‍ വെച്ച് മക്കള്‍ രവിസാബിന്റെ സമ്പാദ്യത്തെക്കുറിച്ച് കലഹിച്ചുവെന്ന് ബോംബെയിലുള്ള എന്റെ സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞു. ഒന്നുമില്ലാതിരുന്ന ഒരു നിലയില്‍ നിന്നും വലിയ കോടീശ്വരനായി രവിസാബ് മാറിയത് സിനിമാസംഗീതം കൊണ്ടുമാത്രമാണ്. ഹിന്ദി അടക്കം 250ഓളം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം പകര്‍ന്നത്. അവയ്ക്ക് ഗാനപ്രേമികള്‍ നല്‍കിയതാണ് ഈ സമ്പാദ്യമെല്ലാം. വചന് എന്ന വീടിന് തന്നെ കോടികള്‍ വിലമതിക്കും. ഇതെല്ലാം സമ്പാദിച്ച് പിന്തലമുറക്കായി നീക്കിവെച്ച് ആ പൂങ്കുയില്‍ നമ്മെ വിട്ടുപറന്നു. ഈ നിലയില്‍ അദ്ദേഹം എത്താന്‍ അനുഭവിച്ച ക്ലേശങ്ങളും ഭഗീരഥ പ്രയത്നങ്ങളും മറന്ന പിന്‍തലമുറയ്ക്ക് ദൈവം മാപ്പ് നല്‍കില്ല. രവിസാബിന് മോക്ഷപ്രാപ്തി ലഭിക്കട്ടെ എന്നുമാത്രമാണ് ഈയവസരത്തില്‍ എനിക്ക് പ്രാര്‍ത്ഥിക്കാനുള്ളത്.”
കവിയുടെ പ്രാര്‍ത്ഥനാ വരികള്‍ക്ക് ദൂരെദൂരെ നക്ഷത്രങ്ങള്‍ക്കിടയിലിരുന്ന് സംഗീതത്തിന്റെയും ഈണങ്ങളുടേയും മഹാസംഗീതജ്ഞന് ഹൃദയം കൊണ്ട് ഈണം നല്‍കും. സ്വരരാഗ ഗംഗാ പ്രവാഹമായി അത് കവിമനസ്സിലേക്കൊഴുകിയെത്തും. അവര്‍ക്ക് മാത്രം ആസ്വദിക്കാവുന്ന ഒരു കോംപോസിഷന്‍ പോലെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: