ആട്ടവിളക്കിന് മുന്പില് ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിച്ച് അരങ്ങില്‍ ‘കൃഷ്ണഭാഷ്യം’ രചിച്ച സദനം കൃഷ്ണന്‍കുട്ടിക്ക് 70. സ്വതന്ത്രനായി വിഹരിക്കുന്ന സദനത്തിന് എന്നും തിരക്കുതന്നെയാണ്. തെക്കും വടക്കും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഈ കലാകാരന് കഴിഞ്ഞു. തേക്കിന് കാട്ടില്‍ രാവുണ്ണി മേനോനും കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി നായരും ചൊല്ലിയാടിച്ച് വളര്‍ത്തിയ കൃഷ്ണന്‍കുട്ടിയെ കീഴ്പ്പടം കുമാരന് ഉപരിപഠനവും നടത്തി.
മനയോലപറ്റുള്ള കൃഷ്ണവര്‍ണം നിറഞ്ഞ സദനം അരങ്ങിനെ ത്രസിപ്പിച്ചുകൊണ്ടായിരിക്കും ഓരോ നിമിഷവും നയിക്കുക. കുട്ടിത്തരവും ഇടത്തരവും നായകസ്ഥാനവും ഒരേ മനസ്സോടെ അവതരിപ്പിക്കാന്‍ ഇന്നും അദ്ദേഹത്തിന് കഴിയും. മിനുക്കും കത്തിയും പച്ചയും താടിയും എന്നുവേണ്ട എന്ത് വേഷവും വഴങ്ങുന്ന താരമാണ് സദനം. അരവിന്ദന്റെ മാറാട്ടത്തിലും അഭിനയിച്ച കൃഷ്ണന്‍കുട്ടിയെ ആസ്വാദകര്‍ക്കിടയില്‍ രണ്ടഭിപ്രായത്തിനിടയില്ലാത്ത ആളാണ്.
വീരന്മാരായ രാവണന്, നരകാസുരന്, ശിശുപാലന്, കീചകന് തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് തന്റേതായ വ്യക്തിമുദ്ര ഉണ്ടാക്കിത്തീര്‍ത്തിട്ടുണ്ട്. ‘ഹരിണാക്ഷി’യിലൂടെ പ്രസിദ്ധനായ ഉണ്ണികൃഷ്ണക്കുറുപ്പിന് ഇഷ്ടപ്പെട്ട കീചകന് സദനം കൃഷ്ണന് കുട്ടിയുടേതാണ്. രൗദ്രഭീമന്‍ അരങ്ങിലെ പൊലിമ തന്നെ.
നിരവധി പുരസ്ക്കാരങ്ങള്കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ കലാകാരന് കീഴ്പ്പടത്തിന്റെ വഴികള്‍ ഇന്നും കാണികള്‍ക്ക് മുന്നില്‍ തെളിയിച്ചു കൊടുക്കാന്‍ പ്രാപ്തനായ കലാകാരനാണ്. ചടുലമായ നീക്കങ്ങള്‍കൊണ്ട് അരങ്ങുകളെ ഉണര്‍ത്തി രംഗത്തെ ധന്യമാക്കുന്ന ഇദ്ദേഹം വെള്ളിനേഴി മണ്ണില്‍നിന്നും വളര്‍ന്നുവന്ന പൊന്നാണ്. കഥകളിക്ക് സമഗ്രസംഭാവന നല്കിയ ഈ ഭൂപ്രദേശത്തുനിന്നും നിരവധി കലാകാരന്മാര് ഒന്നാമന്മാരായി ഉയര്‍ന്നിട്ടുണ്ട്. പത്താംതരം ഒന്നാമനായി ജയിച്ചെങ്കിലും ദാരിദ്ര്യം കഥകളിക്കാരനാക്കി. അവിടെയും വളരാന്‍ കഴിഞ്ഞു. താടിവേഷം കൈകാര്യം ചെയ്യാന്‍ പ്രത്യേക വശ്യത തന്നെ അനിവാര്യമാണ്. പച്ചയും കത്തിയുമായി അരങ്ങിലെത്തുന്ന അതേ ലാഘവത്തോടെ ഇദ്ദേഹം താടിവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാറുണ്ട്.
1941 നവംബര്‍ 9 ന് ജനിച്ച കൃഷ്ണന്‍കുട്ടിയുടെ അച്ഛന് പിലാശ്ശേരി രാവുണ്ണിനായര്, അമ്മ കിഴക്കേപ്പാട്ട് ജാനകിയമ്മ. 1956 മുതല്‍ 1965വരെയായിരുന്നു കഥകളി അഭ്യാസം. കലാമണ്ഡലം, പാറ്റ്നയിലെ നൃത്താലയം, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം ഗാന്ധിവസേവാസദനം, കൊല്ലം കഥകളി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി പുതിയ കഥകള്‍ സംവിധാനം നിര്‍വഹിച്ചു. പുതിയ കഥകളില്‍ നായകനായി മുപ്പതിലേറെ കഥാപാത്രങ്ങളെ അരങ്ങിനുമുന്നില്‍ അവതരിപ്പിച്ചു പത്നി അംബിക. പത്രപ്രവര്‍ത്തകനും നടനുമായ വിനോദ്, കലാക്ഷേത്ര വിനീത മക്കളും സുധി, കൃഷ്ണപ്രഭമരുമക്കളുമാണ്. കലാകാരന്മാരുടെ കുടുംബത്തില്‍ 70-ാം പിറന്നാളിന്റെ സന്തോഷത്തിലാണ്. ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം ഇന്ന് സമാപിക്കും. കലാരംഗത്തെ നിരവധി പ്രശസ്തര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: