പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 23-ാം വാര്‍ഡിലെ ചൂണ്ടുമല പ്രദേശത്ത് പ്ലൈവുഡ് കമ്പനി നിര്‍മിക്കുന്നതിന് പഞ്ചായത്ത് മിനിറ്റ്സില്‍ ഭരണപക്ഷം ക്രമക്കേട് നടത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് എം.എം.അവറാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലൈവുഡ് കമ്പനിക്ക് പഞ്ചായത്ത് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ മലിനീകരണ നിയന്ത്രണബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ടൗണ്‍ പ്ലാനറുടെ ലേ-ഔട്ട് തുടങ്ങിയവ പരിശോധിച്ചശേഷം പഞ്ചായത്ത് സെക്രട്ടറിയാണ് കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പ്രസിഡന്റ് അറിയിച്ചു.
എന്നാല്‍ ഈ കമ്പനി നിര്‍മാണം സംബന്ധിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റി യോഗം പരാതിക്കാരെ നേരില്‍ കാണുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരുമാസത്തെ സമയം ചോദിക്കുകയാണ് പരാതിക്കാര്‍ ചെയ്തതെന്നും ഇതിനെത്തുടര്‍ന്നാണ് സെക്രട്ടറി അനുമതി നല്‍കിയതെന്നും പ്രസിഡന്റ് പറഞ്ഞു. ഇപ്പോള്‍ ഈ കമ്പനിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായും എം.എം.അവറാന് അറിയിച്ചു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ച ഭരണസമിതിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സമരസമിതി നേതാവിന്റെ പ്ലൈവുഡ് കമ്പനിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം അമിതലാഭത്തില്‍ വിറ്റഴിക്കാനുള്ള കച്ചവടതന്ത്രമാണ് പ്ലൈവുഡ് കമ്പനിക്കെതിരെയുള്ള സമരമെന്നും എം.എം.അവറാന് കുറ്റപ്പെടുത്തി. പഞ്ചായത്ത് ഭരണം ഏറ്റെടുക്കുമ്പോള്‍ മൂന്ന് കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് പകുതിയാക്കി കുറക്കാന്‍ കഴിഞ്ഞെന്നും പ്രസിഡന്റ് പറഞ്ഞു. ഭരണസമിതിയിലെ ടി.പി.ജേക്കബ് ഒഴികെ മേറ്റ്ല്ലാ അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: