മട്ടാഞ്ചേരി: മാലിന്യനീക്കം നടക്കാത്തതും അശാസ്ത്രീയ കാന നിര്‍മാണവും വെള്ളക്കെട്ട് ഭീതിയും മൂലം ഒരു പ്രദേശത്തെ ജനങ്ങളാകെ സാംക്രമികരോഗ ഭീതിയില്‍ കഴിയുന്നു. കൊച്ചിന് കോര്‍പ്പറേഷനിലെ പടിഞ്ഞാറന്‍ കൊച്ചിയിലെ മൂലംകുഴി പ്രദേശമാണ് മാലിന്യക്കൂമ്പാരവും അധികൃത അനാസ്ഥയും മൂലം ഭീതിയിലേക്ക് നീങ്ങുന്നത്. കോര്‍പ്പറേഷന്റെ തീരദേശമേഖലയിലെ രാമേശ്വരം കോളനി, ഹരിജന്‍ കോളനി, വട്ടമാക്കല്‍, മാവേലി സോമില്‍, മൂലംകുഴി, ചെസ്സി റോഡ്, ലോരോകാ ആംഗ്ലോഇന്ത്യന് സ്കൂള്‍ എന്നിവയടങ്ങുന്ന പ്രദേശമാണ് മാലിന്യനീക്കത്തിന്റെ അനാസ്ഥയിലും വെള്ളക്കെട്ട് ഭീഷണിയിലുമായി രോഗ പകര്‍ച്ചവ്യാധി ആശങ്കയിലാഴുന്നത്.
കോര്പ്പറേഷന് കൗണ്‍സിലറടക്കമുള്ളവരും ആരോഗ്യവിഭാഗം, ശുചീകരണവിഭാഗം എന്നിവരുടെ മുഖംതിരിച്ചുള്ള നടപടികളുമാണ് അഞ്ഞൂറിലേറെ വരുന്ന കുടുംബങ്ങളും അനാഥാലയ അന്തേവാസികളടക്കമുള്ളവര് നരകയാത അനമനുഭവിക്കുന്നത്. ഇതിനെതിരെ ഈ മേഖലയിലെ രണ്ട് റെസിഡന്റ്സ് അസോസിയേഷനുകള്‍ മേയര്‍ക്ക് പരാതി നല്‍കിയിട്ടും ഫലവത്തായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. കടുത്ത വേനലില്‍ കാനകള്‍ ശുചീകരിക്കാതെ ചെറുമഴയത്തുപോലും വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും നരകജീവിതം നല്കുന്ന സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് നിവേദനം നല്കുവാന് ഒരുങ്ങുകയാണ് ഈ മേഖലയിലെ റെസിഡന്റ്സ് അസോസിയേഷനും ജനകീയ സംഘടനകളും.
അശാസ്ത്രീയമായ കാന നിര്‍മാണവും ഓടകളും സംരക്ഷിക്കാത്തതും കാനയിലൂടെ മലിനജലം ഒഴുകിപ്പോകാത്തതും മൂലം വര്‍ഷങ്ങളായി മഴക്കാലത്ത് ഈ പ്രദേശം നിരന്തര വെള്ളക്കെട്ട് ഭീഷണിയിലാണ്. ഓരോ ഘട്ടങ്ങളിലും പരാതികള്‍ നല്കുമ്പോള് ജലപരപ്പിലെ മാലിന്യങ്ങള്‍ നീക്കി താല്‍ക്കാലിക ശമനത്തിനാണ് കോര്പ്പറേഷന് അധികൃതര്‍ ശ്രമിക്കാറെന്ന് റെസിഡന്റ്സ് അസോസിയേഷന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂണില്‍ കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും നടപടികളൊന്നുമായില്ലെന്ന് ഇവര്‍ പറഞ്ഞു. ഭരണകക്ഷിയിലെ വാര്‍ഡ് കൗണ്‍സിലറുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നടപടികള്‍ വൈകുന്നതെന്ന് അസോസിയേഷന് അംഗങ്ങള്‍ പറയുന്നു. മത്സ്യബന്ധന തൊഴിലാളികളും കണ്ടിജന്‍സി തൊഴിലാളികളുമടക്കമുള്ളവര്‍ താമസിക്കുന്ന രാമേശ്വരം കോളനി, ഹരിജന്‍ കോളനി എന്നിവയ്ക്കൊപ്പം കരുണാലയം ആശ്വാസഭവന് എന്നീ അഗതി മന്ദിരങ്ങളും വെള്ളക്കെട്ട് മാലിന്യദുരിതങ്ങള് അനുഭവിക്കുകയാണ്. പ്രദേശത്തെ വലിയ കനാലുകളെ ബന്ധിപ്പിച്ച് കാനകള്‍ നിര്‍മിക്കുന്നതിന് പകരം റോഡിന് ഉപരിതലത്തില്‍ കാനകള്‍ നിര്‍മിച്ച് നീരൊഴുക്ക് തടസപ്പെടുന്ന രീതിയിലുള്ള സംവിധാനമാണിന്നുള്ളതെന്ന് അസോസിയേഷന് കോര്പ്പറേഷന് മേയര്‍ക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: