ചൗധ്വി കാ ചാന്ദ് ഹൊ, യാ ആഫ്താബ് ഹോ
ജോ ഭി ഹൊ തും ഖുദാ കി കസം,
ലാജവാബ് ഹോ…..
1960 ല്‍ പുറത്തു വന്ന ചൗധ്വി കാ ചാന്ദ് എന്ന ഹിന്ദി ചലച്ചിത്രത്തില്‍ മുഹമ്മദ് റഫി പാടിയ ഈ ഗാനം ഹിന്ദി അറിയാത്തവരെ പോലും പിടിച്ചിരുത്തുന്നതാണ്. അന്‍പത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പാട്ടു കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സിലേക്ക് ഗൃഹാതുര സ്മരണകള്‍ ഒഴുകിയെത്തുന്നു. ഗുരുദത്തും വഹീദാറഹ്മാനും പ്രണയാതുരമായി പാടിയഭിനയിച്ച ചിത്രത്തിലെ പാട്ടിന് വരികളേക്കാളും രംഗത്തേക്കാളും സൗന്ദര്യം നല്‍കിയത് അതിന്റെ ഈണമായിരുന്നു. ഏതൊരു ഭാരതീയനും എന്നും ചുണ്ടില്‍ മൂളാന്‍ പാകത്തിനു കാലാതീതമായ ഈണം നല്കിയ സംഗീതസംവിധായകനായ രവിശങ്കര്ശര്മ്മയെന്ന ബോംബെ രവിയാണ് അതിന്റെ മുഴുവന്‍ നേട്ടത്തിനും അവകാശി. മലയാളിക്ക് ഒരുപിടി ഇമ്പമുള്ള പാട്ടുകള്‍ നല്കിയ അദ്ദേഹത്തിന്റെ മരണം ഇന്ത്യന്‍ സംഗീതത്തിനാകെ വലിയ നഷ്ടമാണ് നല്‍കിയിരിക്കുന്നത്.
മുഹമ്മദ്റഫി, ലതാമങ്കേഷ്കര്‍, ഗീതാദത്ത്, ആശാഭോസ്ലെ എന്നിവരായിരുന്നു ചൗധ്വി കാ ചാന്ദ് ഹൊ എന്ന ചലച്ചിത്രത്തിലെ പാട്ടുകാര്‍. പത്തു പാട്ടുകള്‍ ആ ചിത്രത്തിനു വേണ്ടി ബോംബെ രവി ഒരുക്കി. ഗുരുദത്ത് നിര്‍മ്മിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലെ ഹിറ്റുകളുടെ നിരയില്‍ ഇടംനേടിയത് പാട്ടുകളുടെ മഹത്വം കൊണ്ടുകൂടിയായിരുന്നു.
1955 ലാണ് രവി സിനിമാ സംഗീതത്തിലേക്ക് വരുന്നത്. ദല്‍ഹിയില്‍ ജനിച്ച രവിശങ്കര്‍, അച്ഛന് പാടുന്ന ഭജനുകളില്നിന്നാണ് ശാസ്ത്രീയസംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ശാസ്ത്രീയ സംഗീതം അദ്ദേഹം ഗുരുവിന്റെ കീഴില്‍ അഭ്യസിച്ചിരുന്നില്ല. ഹാര്‍മോണിയം അഭ്യസിച്ച രവി കുടുംബം പുലര്‍ത്താന്‍ നിരവധി ജോലികള്‍ ചെയ്തു. 1950ല്‍ ബോംബെയിലേക്ക് താമസം മാറ്റിയ അദ്ദേഹം പാട്ടിന്റെ വഴി തെരഞ്ഞെടുത്തു. അന്നദ്ദേഹത്തിന് ബോംബയില്‍ തങ്ങാന്‍ വീടില്ലായിരുന്നു. തെരുവിലായിരുന്നു ജീവിതം. രാത്രികളില്‍ ഉറങ്ങിയിരുന്നത് മലാഡ് റയില്‍വേസ്റ്റേഷനിലായിരുന്നു. ഹേമന്ദ്കുമാറിന്റെ ആനന്ദ്മഠ് എന്ന ചിത്രത്തില്‍ വന്ദേമാതരം ഗാനം കോറസ് പാടിയായിരുന്നു സിനിമയിലെ അരങ്ങേറ്റം.
1955ല്‍ വചന് എന്ന ചിത്രത്തിനുവേണ്ടി ആദ്യ പിന്നണിഗാനം രവി സംവിധാനം ചെയ്തു. രാജ്ഋഷി സംവിധാനം ചെയ്ത വചനില് ഗീതാബാലിയും രാജേന്ദ്രകുമാറുമായിരുന്നു പ്രധാന അഭിനേതാക്കള്‍. രവിയുടെ ഈണങ്ങള്‍ തന്നെയായിരുന്നു വചനിന്റെയും വിജയത്തിനു കാരണമായത്. ബോംബെ രവിയെന്ന സംഗീത സംവിധായകന് തന്റെ കഴിവ് ഹിന്ദി സിനിമാ ലോകത്ത് അടിയാളപ്പെടുത്തുകയായിരുന്നു വചനിലൂടെ.
പിന്നീട് 1957 ല്‍ പുറത്തിറങ്ങിയ ഏക് സാല് മുതല്‍ 1974 ല്‍ പുറത്തിറങ്ങിയ ഉമീല് വരെ നിരവധി സിനിമകള്‍ക്ക് സംഗീത സംവിധായകനായി അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ഭുതകരമായ കഴിവ് രവിയ്ക്കുണ്ടായിരുന്നു. അദ്ദേഹം സമ്മാനിച്ച ഈണങ്ങളെല്ലാം അത് സാക്ഷ്യപ്പെടുത്തുന്നു. കഠിനമായ സാധനയിലൂടെ നേടിയെടുത്ത സംഗീത പാണ്ഡിത്യം അദ്ദേഹത്തിന്റെ പാട്ടുകളില്‍ നിറഞ്ഞു നിന്നു. 1974നു ശേഷം രവി ഉള്‍വലിഞ്ഞു. 1982, 83, 84 വര്‍ഷങ്ങളില്‍ ഓരോ ഹിന്ദി ചിത്രങ്ങള്‍ക്കായി അദ്ദേഹം ഈണങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവിടെയും ഉള്‍വലിയല്‍ പ്രകടമായിരുന്നു. തെരുവിലൂടെ നടന്നും ഒറ്റയ്ക്കിരുന്നും അദ്ദേഹം നാളുകള്‍ കഴിച്ചുകൂട്ടി. പലപ്പോഴും അദ്ദേഹം ധ്യാനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രവിയിലെ സംഗീത സംവിധായകന് ആരെയോ കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തില്‍ നിന്നുള്ള വിളി അദ്ദേഹത്തിലെത്തി.
1986ല്‍ മലയാളിക്ക് നവോന്മേഷത്തിന്റെയും ഗൃഹാതുരതയുടെയും ഈണങ്ങള്‍ സമ്മാനിക്കാന്‍ രവി കേരളത്തിലെത്തി. മലയാള സിനിമാ സംഗീതത്തില്‍ പുത്തനുണര്‍വ്വായിരുന്നു ബോംബെ രവിയുടെ വരവ്. സാഗരങ്ങളെ പാടി ഉണര്‍ത്തിയ സാമഗീതമേ…. എന്ന പാട്ട് ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കുശേഷവും മലയാളിയുടെ ഹിറ്റ് ഗാനമാണ്. പഞ്ചാഗ്നിയിലെ തന്നെ ആ രാത്രിമാഞ്ഞു പോയി… എന്ന ഗാനവും എക്കാലവും മലയാളിയുടെ മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്നു. കെ.എസ്.ചിത്ര ആലപിച്ച ആ ഗാനത്തിന് ചെവികൂര്പ്പിക്കാത്ത മലയാള സിനിമാസംഗീതാസ്വാദകനുണ്ടാകില്ല.
ബോംബെ രവി സംഗീത സംവിധാനം ചെയ്ത എല്ലാ മലയാള ചലച്ചിത്രങ്ങളും സൂപ്പര്ഹിറ്റുകളായതിനു പിന്നില്‍ രവിയുടെ സംഗീതസംവിധാനത്തിന്റെ മാസ്മര ശക്തിയുമുണ്ട്. രവിയൊരുക്കിയ ഈണങ്ങളെല്ലാം മലയാളി നെഞ്ചിലേറ്റി നടക്കുന്നത് അതിന്റെ സൗന്ദര്യാത്മകത കൊണ്ടും ഒട്ടും ദുര്ഗ്രാഹ്യതയില്ലാത്തതിനാലുമാണ്.
1986ല്‍ തന്നെ പുറത്തുവന്ന നഖക്ഷതങ്ങളിലെ പാട്ടുകളാണ് ബോംബെ രവിക്ക് കേരളക്കരയില്‍ കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. നഖക്ഷതങ്ങളില്‍ യേശുദാസ് പാടിയ നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍, ആരെയും ഭാവഗായകനാക്കും…. എന്നീഗാനങ്ങളും ജയചന്ദ്രന് പാടിയ കേവലം മര്‍ത്യഭാഷ…, ചിത്ര ആലപിച്ച മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി….എന്നീ ഗാനങ്ങളും മലയാളഭാഷയുടെ ആത്മാവും കേരളക്കരയുടെ സംസ്കാരവും അറിഞ്ഞ ഈണങ്ങളായിരുന്നു.
പിന്നീടിങ്ങോട്ട് വൈശാലി, ഒരു വടക്കന്‍ വീരഗാഥ, വിദ്യാരംഭം, സര്‍ഗ്ഗം, സുകൃതം, ഗസല്‍, പാഥേയം, പരിണയം, ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, മനസ്സില്‍ ഒരു മഞ്ഞുതുള്ളി, മയൂഖം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് അദ്ദേഹം ഈണം നല്കി. ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി….,
ഇന്ദ്രനീലിമയോലും…,ചന്ദനലേപസുഗന്ധം…., കളരിവിളക്ക് തെളിഞ്ഞതാണോ…., കൃഷ്ണകൃപാസാഗരം…., രാഗസുധാരസ….., സ്വരരാഗ ഗംഗാപ്രവാഹമേ…., അഞ്ചുശരങ്ങളും പോരാതെ….., കണ്ണാടിയാദ്യമായെന്‍…., വൈശാഖപൗര്‍ണമിയോ……, പാര്‍വണേന്ദുമുഖീ……, ഇശല്‍തേന്‍കണം……, കടലിന്നഗാധമാം നീലിമയില്‍…….. ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്……, ഈ പുഴയും കുളിര് കാറ്റും….., കാറ്റിനു സുഗന്ധമാണെനിക്കിഷ്ടം…..,ഈ ഗാനങ്ങളൊക്കെ ആര്‍ക്കു മറക്കാന്‍ കഴിയും.
കൈതപ്രം, ഒഎന്‍വി, യൂസഫലികേച്ചേരി, മങ്കൊമ്പ്ഗോപാലകൃഷ്ണന്‍, ജയകുമാര്‍ തുടങ്ങിയ പാട്ടെഴുത്തുകാര്‍ രവിയുടെ സംഗീതസംവിധാനത്തിന്റെ മഹത്വമറിഞ്ഞിട്ടുള്ളവരാണ്. അവരുടെ വരികള്‍ക്ക് രവി ഈണം നല്കുമ്പോഴും രവിയുടെ ഈണത്തിന് അവര്‍ വരികള്‍ സൃഷ്ടിക്കുമ്പോഴും മലയാളത്തില്‍ അപൂര്‍വ്വ സുന്ദരമായ ഗാനങ്ങള്‍ ഉണ്ടാകുകയായിരുന്നു. മലയാളം അറിയാത്ത ഉത്തരേന്ത്യക്കാരനായ രവിയുടെ സംഗീതത്തിന് ഇത്രത്തോളം കേരളീയത്തവും മലയാള സംസ്കാരത്തോടുള്ള ഇഴയടുപ്പവും എങ്ങനെയുണ്ടായെന്ന അത്ഭുതം കൂറുന്നവരാണേറെയും. സംഗീതത്തിന് ഭാഷ ദേശങ്ങളുടെ വ്യത്യാസമില്ലെന്ന് തെളിയിക്കുകയായിരുന്നു ബോംബെരവി. സംഗീതത്തിന് ഒരു സംസ്കാരമേയുള്ളു. അത് ആനന്ദവും ഉന്മേഷവും കരുണയും സ്നേഹവും എല്ലാം പ്രദാനം ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ എല്ലാ ഈണങ്ങളും ശ്രോതാക്കളിലേക്ക് സന്നിവേശിപ്പിക്കുന്നതും അതേ വികാരങ്ങളാണ്.
മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് മഞ്ഞള്‍പ്രസാദം ചാര്‍ത്തിയ സംഗീത സംവിധായകനായിരുന്നു ബോംബെരവിയെന്ന അനുസ്മരണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അദ്ദേഹം ഹിന്ദിയിലും മലയാളത്തിലുമായി നമുക്കു സമ്മാനിച്ച ഗാനങ്ങള്‍ നമ്മുടെ കാലവും വരാനിരിക്കുന്ന കാലവും കടന്ന് പാട്ടിനെ സ്നേഹിക്കുന്ന ഹൃദയങ്ങളെ മുഴുവന്‍ എന്നും സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കും. ആ ഈണങ്ങള്‍ എക്കാലവും നമ്മുടെ മനസ്സോടു ചേര്‍ത്തുവയ്ക്കുമ്പോള്‍, ബോംബെരവി മരിക്കുന്നില്ല, പതിന്നാലാം രാവിലെ ചന്ദ്രികയായി മനസ്സില്‍ തിളങ്ങി നില്ക്കും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: