മലയാളികളായ കെ.പി.സുധീരന്, വിദ്യാബാലന്, മല്ലിക, ഷെറി തുടങ്ങി ഒരുകൂട്ടം പ്രഗത്ഭര്‍ ദേശീയ സിനിമാ പുരസ്കാര നേട്ടത്തില്‍ തിളങ്ങിയെങ്കിലും ഇത്തവണത്തെ ദേശീയചലച്ചിത്ര പുരസ്കാരത്തില്‍ മലയാളിക്ക് അഭിമാനിക്കാനേറെയൊന്നുമില്ല. ഷെറി സംവിധാനം ചെയ്ത ‘ആദിമധ്യാന്തം’ എന്ന ചലച്ചിത്രത്തിന് രോഹിണിഹത്തങ്കടി അധ്യക്ഷയായ ജൂറി പ്രത്യേക പരാമര്‍ശം നല്കിയതൊഴിച്ചാല് മലയാള സിനിമ ഇത്തവണ ദേശീയതലത്തില്‍ പിന്നാക്കം പോയത് ഏറെ ദുഃഖകരമാണ്. യുവ സംവിധായകന് കെ.പി.സുധീരന്റെ ‘ബ്യാരി’ എന്ന ചലച്ചിത്രം ഇന്ത്യന്‍ സിനിമയിലെ പുതിയ പരീക്ഷണമായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത ഭാഷയാണ് ബ്യാരി. ‘ബ്യാരി’യെന്ന പേരില്‍ ചലച്ചിത്രമുണ്ടാക്കിയപ്പോള് അത്തരമൊരു ഭാഷയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക കൂടിയാണ് കെ.പി.സുധീരന് ചെയ്തത്. ബ്യാരി ഭാഷയിലാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് എന്നതിനാല്‍ മലയാളി സംവിധാനം ചെയ്യുകയും കേരളത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുകയും ചെയ്തിട്ടു കൂടി കേരളത്തിന്റെ സിനിമയായി അതിനെ കാണാന്‍ കഴിയില്ല. സില്‍ക്ക് സ്മിതയുടെ ജീവിതം പ്രമേയമാക്കി നിര്‍മ്മിച്ച ഹിന്ദി ചലച്ചിത്രം ‘ഡേര്‍ട്ടി പിക്ചറി’ലൂടെയാണ് വിദ്യാബാലന് പുരസ്കൃതയായത്. മലയാളി നടി മല്ലിക നേട്ടം കൊയ്തതും ‘ബ്യാരി’യിലൂടെയാണ്. അതിലെ അഭിനയത്തിന് മല്ലികയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. അക്കൂട്ടത്തില്‍ ഷെറി മാത്രമാണ് മലയാളത്തിന്റെ പേരുയര്ത്തിപ്പിടിക്കാന് ചെറുതായെങ്കിലും ഇത്തവണ സഹായിച്ചത്.
മികച്ച നടനുള്ള പുരസ്കാരം മറാത്തി നടന് ഗിരീഷ്കുല്ക്കര്ണ്ണി നേടിയത് മലയാളത്തിന്റെ മോഹന്‍ലാലിനോട് മത്സരിച്ചാണ്. ബ്ലസ്സി ചിത്രമായ ‘പ്രണയ’ത്തിലെ അഭിനയം മോഹന്‍ലാലിനെ പുരസ്കാരത്തിന് പരിഗണിച്ചപ്പോള്‍, പ്രണയത്തിലെ കേന്ദ്ര കഥാപാത്രം മോഹന്‍ലാലല്ല എന്ന കാരണം പറഞ്ഞ് ജൂറി ഒഴിവാക്കുകയായിരുന്നു. മലയാളത്തിലെ പ്രതിഭകള്‍ ദേശീയ തലത്തില്‍ നേട്ടം കൊയ്തത് നമുക്കഭിമാനിക്കാന്‍ വക നല്കുന്ന കാര്യം തന്നെയാണ്. പക്ഷേ, ദേശീയ പുരസ്കാര പ്രഖ്യാപനവേളയില്‍ തിളങ്ങിയ ചരിത്രം ഏറെ പറയാനുള്ള മലയാള സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍ ഈ പുരസ്കാരപ്രഖ്യാപനങ്ങള് വഴിവയ്ക്കേണ്ടതാണ്. രഞ്ജിത്തിന്റെ ‘ഇന്ത്യന്‍ റുപ്പി’ എന്ന നല്ല ചലച്ചിത്രം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള പുരസ്കാരം നേടി. എല്ലാ ഭാഷയില്‍ നിന്നും അത്തരം ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനാല്‍ ദേശീയ തലത്തിലുള്ള അംഗീകാരത്തിന്റെ പട്ടികയില്‍ അതിനെ പെടുത്താന്‍ കഴിയില്ല. മലയാളത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നല്ല സിനിമകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നമുക്കു പ്രതിഭാദാരിദ്ര്യം ഇല്ലെന്നു കൂടി തെളിയിക്കുന്നുണ്ട് ഈ പുരസ്കാരങ്ങള്‍. പ്രതിഭകള്‍ മലയാളത്തിനു വേണ്ടി അതു പ്രയോജനപ്പെടുത്തണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: