ഇസ്ലാമാബാദ്: പാക്കിസ്ഥാന് വിടാന്‍ ബിന്‍ലാദന്റെ കുടുംബത്തിന് അനുമതി. കൊല്ലപ്പെട്ട ലാദന്റെ ഭാര്യക്കും മക്കള്‍ക്കും പാക് അധികൃതര്‍ അനുവാദം നല്‍കുമെന്ന് പാക് മാധ്യമങ്ങള്‍ പറഞ്ഞു. ലാദന്റെ യമനി ഭാര്യാ സഹോദരന് പാക്കിസ്ഥാനിലെത്തിയതായി ഉറുദുപത്രം ജംഗ് പുറത്ത് വിട്ടതാണ് വാര്‍ത്ത.
കഴിഞ്ഞവര്‍ഷം മെയ് 12 നാണ് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ബിന്‍ലാദനെ അമേരിക്കയുടെ പ്രത്യേക സേന കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അബോട്ടാബാദിലെ പാക് മിലിട്ടറി ക്യാമ്പിനടുത്താണ് ലാദന് താമസിച്ചിരുന്നത്. അമേരിക്കയുടെ ലാദന് വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷനാണ് അല്‍ഖ്വയ്ദ തലവന്റെ കുടുംബാംഗങ്ങളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തില്‍ അവരെ വിട്ടയക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ലാദന്റെ വിധവയെ കമ്മീഷന് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു.
ലാദന്റെ ഭാര്യാ സഹോദരന് അദ്ദേഹത്തിന്റെ വിധവകളെ യമനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ബിന്‍ലാദന്റെ കുടുംബാംഗങ്ങളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും വാര്‍ത്തയുണ്ട്.
ലാദന്റെ സൗദിക്കാരിയായ ഭാര്യയെ സൗദിഅറേബ്യ സ്വീകരിക്കാന്‍ വിമുഖത കാട്ടിയതായും സൂചനയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിന്ലാദന് അബോട്ടാബാദിലുണ്ടായിരുന്നതായി യമനി ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ലാദന് താമസിച്ചിരുന്ന കെട്ടിടം പാക് അധികൃതര്‍ പൊളിച്ചു മാറ്റിയിരുന്നു. നൂറുകണക്കിനാളുകളാണ് അവിടം സന്ദര്‍ശിച്ചുകൊണ്ടിരുന്നത്. പാക് മിലിട്ടറി അക്കാദമിയില്‍നിന്ന് കേവലം രണ്ട് കി.മീറ്റര്‍ അകലെയായിരുന്നു കെട്ടിടം. യുഎസ് നടപടിയില്‍ ലാദനൊഴിച്ച് ആര്‍ക്കും പരിക്ക് പറ്റിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: