കൊച്ചി: ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ പ്രവര്‍ത്തനം സിവില്‍ സ്റ്റേഷന് വളപ്പില്‍ പണി പൂര്‍ത്തീകരിച്ച ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ രണ്ടാം നിലയിലേക്കാണ് പ്ലാനിംഗ് ഓഫീസ് മാറ്റിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങ് ഒഴിവാക്കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഓഫീസില്‍ പ്രവേശിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, അസി.കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവരും പുതിയ ഓഫീസ് കാണാനെത്തി. പായസ വിതരണവും ഉണ്ടായിരുന്നു.
സംസ്ഥാനത്തെ ആദ്യ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കാക്കനാട് സിവില്‍ സ്റ്റേഷന് പരിസരത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ വികേന്ദ്രീകൃത ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റ് നിര്‍മിച്ചിരിക്കുന്നത്. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രക്രിയകളെ ഏകോപിപ്പിക്കുന്നതിനും ജില്ലാ പദ്ധതി രൂപീകരണം വിജയകരമായി നടപ്പാക്കാനും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുളള ഇവിടെ സാധിക്കും.
4842 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് സെക്രട്ടറിയേറ്റിന്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുകയില്‍നിന്ന് ലഭിച്ച വിഹിതവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ആസൂത്രണ കമ്മീഷനില്‍നിന്ന് ലഭ്യമാക്കിയ ഒറ്റത്തവണ അധിക കേന്ദ്രസഹായമുള്‍പ്പെടെ തുകയും ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെടുത്തി ജില്ലാ പ്ലാനിംഗ് ഓഫീസ്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മേഖലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്നീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: