തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം മഹോത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രംതന്ത്രി പുലിയന്നൂര്‍ അനുജന് നാരായണന് നമ്പൂതിരിപ്പാട് കൊടിയേറ്റിയതോടെ തുടക്കമായി. വൈകിട്ട് 5.30ന് തിരുവാങ്കുളം ശിവക്ഷേത്രത്തില്‍നിന്നും ആചാരപ്രകാരമുള്ള എഴുന്നള്ളിപ്പ് ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി തിരികെ പോയശേഷം ആറാട്ടെഴുന്നള്ളിപ്പിന് ഒരുക്കങ്ങള്‍ക്കുശേഷം കിഴക്കേ ചിറയിലെത്തിയാണ് ആറാട്ട് നടത്തിയത്. താലം, വാദ്യമേളങ്ങള്‍ എന്നിവയോടെ ക്ഷേത്രത്തില്‍ തിരികെയെത്തി കൊടിമരച്ചുവട്ടില്‍ മേല്‍ശാന്തി ആദ്യ പറ നിറച്ചു. തുടര്‍ന്ന് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും ഭക്തജനങ്ങളും പറ നിറച്ചശേഷമാണ് തന്ത്രി കൊടിയേറ്റ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ തെക്കേ ചിറയില്‍ ആറാട്ടിനുശേഷം എഴുന്നള്ളിപ്പ് നടക്കും.
മകം തൊഴല്‍ ഏഴിന് ഉച്ചയ്ക്ക് 2ന് നടക്കും. ഉത്സവബലി അഞ്ചിന്. എട്ടിന് ഏഴ് ദേവീദേവന്മാരെ കൂട്ടിയുള്ള പൂരം എഴുന്നള്ളിപ്പ്. ഒമ്പതിന് ഉത്രം ആറാട്ട്. പത്തിന് അത്തം വലിയഗുരുതി എന്നിവയോടെ സമാപിക്കും.
വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കരയിലെത്തിയ ജില്ലാ കളക്ടര്‍ ഷെയ്ക് പരീത് മകം തൊഴല്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ചും വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യങ്ങളും പരിശോധിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ചോറ്റാനിക്കര സ്കൂള്‍ സ്റ്റേഡിയം മൈതാനം വാഹനപാര്‍ക്കിങ്ങിനായി കളക്ടര്‍ പരിശോധിച്ചു. മൈതാനത്ത് വാഹനപാര്‍ക്കിംഗ് കാരണം കേടുപാടുണ്ടായാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വ സ്ഥിതിയിലാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി ദേവസ്വം അധികൃതര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: