ലണ്ടന്‍: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ഇംഗ്ലണ്ട് പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കില്ലെന്ന് റിപ്പോര്‍ട്ട്. അധികാരം നഷ്ടപ്പെട്ട് ഇംഗ്ലണ്ടില്‍ പ്രവാസജീവിതം നയിക്കുകയാണ് മുഷറഫ്. ഇന്റര്‍പോള്‍ മുഖേന പാക്കിസ്ഥാന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാലും ഇംഗ്ലണ്ട് മുഷറഫിനെ കൈമാറില്ല. കുറ്റവാളികളെ കൈമാറുന്നതിന് ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മില്‍ പരസ്പരം കരാറുകളൊന്നുമില്ല. വധശിക്ഷ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ആളുകളെ കൈമാറുന്ന വ്യവസ്ഥയും ഇംഗ്ലണ്ടിലില്ല.
ഏതെങ്കിലും ഒരു രാജ്യം ഇന്റര്‍പോള്‍ മുഖേന ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിക്കുകയാണെങ്കില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ബ്രിട്ടീഷ് കോടതികള്‍ക്ക് സമര്‍പ്പിക്കുകയാണ് പതിവ്.
പാക് വിദേശകാര്യമന്ത്രി ഹീന റബ്ബാനി ഖര് കഴിഞ്ഞയാഴ്ച ഇംഗ്ലണ്ട് സന്ദര്‍ശിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും മുഷറഫിനെ കൈമാറുന്ന വിഷയം ചര്‍ച്ചക്ക് വന്നില്ല.
ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന് പറഞ്ഞത് ബ്രിട്ടനില്‍ താമസിക്കുന്ന മുഷറഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ള ഒരുപാട് പേരെ അവരുടെ സര്‍ക്കാരുകള്‍ക്ക് ആവശ്യമുണ്ട്. ബ്രിട്ടനിലെ നിയമം അനുസരിച്ച് ജീവിക്കുന്ന ആരെയും തിരിച്ചയക്കില്ല. പാക് സര്‍ക്കാര്‍ മുഷറഫിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇതുവരെ ഇംഗ്ലണ്ടിനെ സമീപിച്ചിട്ടില്ല. മുഷറഫ് ഇതുവരെ ബ്രിട്ടനോട് അഭയം ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ നിയമത്തില്‍ വിശ്വസിക്കുന്ന അതിഥിയാണ് അദ്ദേഹം. മുഷറഫ് ഇംഗ്ലണ്ടില്‍ താമസിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല, ബ്രിട്ടീഷ് ഉദ്യോഗസ്ഥന് പറഞ്ഞു.
പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞത് ഇന്റര്‍പോളിനെ സമീപിച്ച് മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കുമെന്നാണ്. മുഷറഫിനെ അറസ്റ്റ് ചെയ്ത് പാക് കോടതിയില്‍ ഹാജരാക്കും. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് മുഷറഫിനെതിരെ പാക് കോടതിയില്‍ കേസ് നിലവിലുണ്ട്. മുഷറഫിന് റെഡ് കോര്‍ണര്‍ നോട്ടീസ് നല്കാന് ഇന്റര്‍പോളിന് എഴുതാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടതായി റഹ്മാന് മാലിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: