കൊച്ചി: ആക്ട് എ സെന്റര്‍ ഫോര്‍ തിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ എസ്ആര്‍വി ഗവണ്മെന്റ് ഹൈസ്കൂളിന്റെ സഹകരണത്തോടെ പൂമ്പാറ്റ കുട്ടികളുടെ നാടകവേദിയും, തരംഗം സാംസ്ക്കാരിക വേദിയും സംയുക്തമായി നഗരത്തില്‍ കളേഴ്സ് ഓഫ് തിയേറ്റര്‍ എന്ന പേരില്‍ 7 നാള് നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു. എംജി റോഡില്‍ എസ്ആര്‍വി സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന കളേഴ്സ് ഓഫ് തിയേറ്റര്‍ വളര്‍ന്നു വരുന്ന ഇളം തലമുറയില്‍ നാടകമെന്ന സംഘടിത പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം പകര്‍ന്നു നല്‍കാനും കുട്ടികളില്‍ വ്യക്തിത്വ വികസനത്തിന്റെ ശരിയായ മാര്‍ഗം കണ്ടെത്തുന്നതിനും വേണ്ടിയാണ് പ്രാധാന്യം നല്‍കുന്നത്.
അവധിക്കാലത്ത് കളിചിരികളും പാട്ടുകളും അഭിനയവും നിറങ്ങളും സ്വപ്നങ്ങളുമായി ഒത്തുകൂടുന്ന ക്യാമ്പ് ഏപ്രില്‍ 15ന് വൈകിട്ട് 6.30ന് ചലച്ചിത്ര നടനും നാടകനടനുമായ നെടുമുടി വേണു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 7ന് സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ കണ്ണൂര്‍ ഏടൂര്‍ ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന യുവനാടക സംവിധായകന് ജിനോ ജോസഫ് സംവിധാനം നിര്‍വഹിച്ച സുല്ല് എന്ന കുട്ടികളുടെ നാടകം അരങ്ങേറും. ആറ് ദിവസങ്ങളിലായ് വിവിധ വിഷയങ്ങളില്‍ കേരളത്തിലെ പ്രമുഖരായ കലാകാരന്മാര് കളേഴ്സ് ഓഫ് തിയേറ്ററില്‍ ക്ലാസ്സുകള്‍ നയിക്കും. ചിത്രകലയില്‍ രാജന് എം.കൃഷ്ണന്, സംഗീതത്തില്‍ എം.ബിജിബാല്‍, സംവിധാനത്തില്‍ പ്രിയനന്ദന്, നടന് പാട്ടുകളില്‍ സി.ജെ.കുട്ടപ്പന്, ചമയത്തില്‍ പട്ടണം റഷീദ് നൃത്ത സംവിധാനത്തില്‍ ശ്രീജിത്ത് ഡാന്‍സ് ലേഴ്സ്, നാടക സാഹിത്യത്തില്‍ സിവിക് ചന്ദ്രന്, നാടകത്തിന്റെ വിവിധ മേഖലകളില്‍ സതീഷ് കെ.സതീഷ്, ജയപ്രകാശ് കുളൂര്‍, രമേശ് വര്‍മ, ടി.എം.എബ്രഹാം തുടങ്ങിയ പ്രമുഖര്‍ കളേഴ്സ് ഓഫ് തിയേറ്ററിനെ സജീവമാക്കുമ്പോള്‍ ചലച്ചിത്ര നാടകരംഗങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ വ്യക്തികളുമായി വൈകുന്നേരങ്ങളില്‍ മുഖാമുഖം പരിപാടികളും ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണ വിഷയമാണ്.
സമാപനദിനത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അവതരിപ്പിക്കുന്ന ക്യാമ്പ് പ്രൊഡക്ഷനുകളോടെ തിരശ്ശീല വീഴുന്ന കളേഴ്സ് ഓഫ് തീയേറ്ററിന്റെ ക്യാമ്പ് ഡയറക്ടര്‍ നാടക ചലച്ചിത്ര സംവിധായകന് ജി.അജയനാണ്. സഹ സംവിധായകരായ ഷാബു, കെ.മാധവന്, ജയചന്ദ്രന് തകഴിക്കാരന്, താനിയ, രാംദാസ്, അഞ്ചുമേനോന് ദാസ് എന്നിവര്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന ക്യാമ്പ് നയിക്കും. നാടക്കളരിയില് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 6നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 9447054053, 9142278691 എന്നീ നമ്പറില്‍ മാര്‍ച്ച് 20ന് മുമ്പായി ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: