തിരുവനന്തപുരം: കേരളീയ സമൂഹം ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് എന്‍എസ്എസ് പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തോട് വളരെ അടുത്തു പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. അടുക്കുംതോറും അദ്ദേഹത്തോടുള്ള ആദരവ് കൂടിയിട്ടേയുള്ളു.
എന്‍എസ്എസിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച മൂന്നു ദശാബ്ദക്കാലം സ്വസമുദായത്തിനൊപ്പം മറ്റു സമുദായങ്ങള്‍ക്കും സമുദായ മൈത്രിക്കും വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. വിവാദത്തില്‍പ്പെടാത്ത അതിശയകരമായ പൊതുപ്രവര്‍ത്തന ശൈലിക്ക് ഉടമയായിരുന്ന അദ്ദേഹം മാന്യതയുടെ ആള്‍രൂപമായിരുന്നു. സംശുദ്ധമായ ആ ജീവിതത്തിന്റെ മുഖമുദ്ര ലാളിത്യമായിരുന്നു. എല്ലാവരെയും സ്നേഹിച്ചും സഹകരിപ്പിച്ചുമുള്ള അദ്ദേഹത്തിന്റെ ജീവിതം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
എന്‍എസ്എസ് പ്രസിഡന്റ് പി.കെ നാരായണപണിക്കരുടെ നിര്യാണത്തില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന് ചങ്ങനാശ്ശേരിയിലെ വസതിയിലെത്തി അനുശോചിച്ചു. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് ആഡ്വ.എന്‍.ശങ്കര്‍റാം,ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ എന്നിവര്‍ വസതിയിലെത്തി അനുശോചിച്ചു.എന്‍എസ്എസ് പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എന്‍എസ്എസ് ട്രഷറര്‍ പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അനുശോചിച്ചു.
സമദൂരത്തിന്റെയും പ്രശ്നാധിഷ്ഠിത നിലപാടിന്റെയും വക്താവായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അനുശോചിച്ചു. അന്തസ്സോടെ പെരുമാറാനും മാന്യമായി പ്രതികരിക്കാനും പൊതുപ്രവര്ത്തനത്തിലിടപെടാനും അദ്ദേഹത്തിന് കഴിഞ്ഞു. അനുശോചന സന്ദേശത്തില്‍ വി.എസ് പറഞ്ഞു.
കേരളത്തിന്റെ പൊതുസമൂഹത്തിന് തീരാനഷ്ടമാണ് പി.കെ.നാരായണ പണിക്കരുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി വാദിച്ചപ്പോഴും ഇതര സമൂഹങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചയാളാണ് നാരായണപണിക്കരെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പി.കെ.നാരായണ പണിക്കരുടെ ദേഹവിയോഗം കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് മന്ത്രി വി. എസ്.ശിവകുമാര്‍ അനുശോചിച്ചു. മന്നത്ത് പത്മനാഭനുശേഷം എന്‍എസ്എസ്സിന് ശക്തമായ നേതൃത്വം നല്കുവാന് അദ്ദേഹത്തിന് സാധിച്ചു. ഇതര സമുദായങ്ങളെ അദ്ദേഹം സമഭാവനയോടെ നോക്കിക്കണ്ടു. വാക്കിലും നോക്കിലും പ്രവൃത്തിയിലും മാന്യതയുടെ ആള്‍രൂപമായിരുന്നു. സത്യസന്ധതയും കാര്യശേഷിയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ശിവകുമാര്‍ പറഞ്ഞു.
കേരള സമൂഹത്തിന് നികത്താനാകാത്തതാണെന്ന് അദ്ദേഹത്തിന്റെ വിയോഗമെന്ന് എം.ഐ.ഷാനവാസ് എം പി അനുസ്മരിച്ചു. എല്ലാവിഭാഗം ജനങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ സാമൂഹിക നേതാവായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനൊപ്പം നാടിന്റെ പൊതു വികസന കാര്യങ്ങളിലും എപ്പോഴും നാരായണപ്പണിക്കര്‍ പ്രത്യേക താത്പ്പര്യം പ്രകടമാക്കിയിട്ടുണ്ട്. ഷാനവാസ് പറഞ്ഞു.
നാടിന്റെ വിശാലതാത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമായി എന്‍എസ്എസിനെ വളര്‍ത്തിയെടുത്ത സമുദായനേതാവായിരുന്നു പി.കെ.നാരായണപ്പണിക്കരെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായി അങ്ങേയറ്റം അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാന്യവും സൗമ്യവുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി.കെ. നാരായണപ്പണിക്കര്‍ എന്ന് പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ നഷ്ടമാണ് നാരായണപ്പണിക്കരുടെ വിയോഗം മൂലമുണ്ടായിട്ടുള്ളത് എന്നും പിണറായി അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് കനത്തനഷ്ടമാണ് പി.കെ. നാരായണപ്പണിക്കരുടെ ദേഹ വിയോഗമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് പ്രൊഫ.വി.എന്‍.രാജശേഖരന് പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഔദ്യോഗിക ബന്ധത്തിനപ്പുറം വ്യക്തിപരമായും ഊഷ്മള ബന്ധം പുലര്‍ത്തിയ നാരായണപ്പണിക്കരുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും പ്രൊഫ രാജശേഖരന് പിള്ള അനുസ്മരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റായിരുന്ന മന്നത്തു പദ്മനാഭന്റെ സന്തത സഹചാരിയും സഹകാരിയുമായിരുന്നു എന്‍എസ്എസ് പ്രസിഡന്റ് പി.കെ.നാരായണ പണിക്കരെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍ നായരും ബോര്‍ഡംഗങ്ങളും അനുസ്മരിച്ചു.
സംശുദ്ധമായ പൊതുജീവിതത്തിന്റെയും മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന്റെയും ഏറ്റവും നല്ല മാതൃകകളില്‍ ഒന്നിനെയാണ് പി.കെ. നാരായണപണിക്കരുടെ നിര്യാണത്തോടെ നാടിന് നഷ്ടമായിട്ടുള്ളതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന് പിള്ള അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
എന്‍.എസ്.എസ് പ്രസിഡന്റ് പി.കെ നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ധനമന്ത്രി കെ.എം മാണി, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, യുവജനകാര്യമന്ത്രി പി.കെ. ജയലക്ഷ്മി, ജോസ് കെ.മാണി എം.പി, ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന കമ്മറ്റി, എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് ഉഴവൂര്‍ വിജയന്, ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്നിവരും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: