ന്യൂദല്‍ഹി: രണ്ട് സിപിഎം എംപിമാര്‍ക്കും ഒരു മുന്‍ എപിയുടെ മകനും സഹായം നല്‍കുന്നതായി അമേരിക്കന്‍ സംഘടന.
സിപിഎം സംസ്ഥാന സമിതി അംഗവും എംപിയുമായ പി. രാജീവിനെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് സഹായിക്കുന്നത് വിവാദമായ അമേരിക്കന്‍ സംഘടനയെന്നാണ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമുയര്‍ന്ന ഫോര്‍ഡ് ഫൗണ്ടേഷനാണ് ഈ ഇടതുപക്ഷ എം പിയെ സഹായിക്കുന്നതെന്ന് തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നു.
മുതലാളിത്ത ചട്ടക്കൂടിന്റെ മറയില്‍ ആഗോളീകരണ വിരുദ്ധ ജനകീയ സമരങ്ങളെ എന്‍ജിഒകള്‍ അട്ടിമറിക്കുന്നുവെന്ന നിലപാടെടുക്കുന്ന സിപിഎം തന്നെ അതേ സംഘടനകളുടെ സഹായം കൈപ്പറ്റുന്നുവെന്നാണ് തെളിയുന്നത്.
അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷന് നേരത്തെയും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. വിദേശ സഹായം പറ്റുന്നതില്‍ പി. രാജീവിന് കൂട്ടായി ബംഗാളില്‍ നിന്നുള്ള സിപിഎം എംപി മോയിനുല്‍ ഹസ്സനുമുണ്ട്. ഈ ഫൗണ്ടേഷന് പരീശീലനം നല്കുന്ന സംഘമാണ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട ചോദ്യം മുതല്‍ മണ്ഡലത്തിന്റെ സമഗ്ര ചിത്രം വരെ തയ്യാറാക്കി നല്‍കുന്നത്. ഇത്തരം പരിശീലനം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ഇടതുപക്ഷ സഹയാത്രികനായ സെബാസ്റ്റ്യന്‍ പോളിന്റെ മകന് ഷോണ്‍ സെബാസ്റ്റ്യനുമുണ്ട് എന്നതാണ് കൗതുകകരം. അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പിആര്എസിന്റേതാണ് ഈ വിവാദ വെളിപ്പെടുത്തല്‍.പിആര്‍എസിന്റെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ടു മെമ്പേഴ്സ് ഓഫ് പാര്‍ലമെന്റ് ഫെലോഷിപ്പ് നേടിയ ശ്വേത വെങ്കിട്ടറാം ആണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മുതല്‍ ബജറ്റ് സമ്മേളനം വരെ പി. രാജീവിനെ സഹായിച്ചത്. മോയിനുല്‍ ഹസ്സനെ പിആര്എസില്നിന്നും സഹായിക്കുന്നത് റെബേക്ക ജോര്‍ജ് എന്ന വനിതയുമാണ്.
2005ല്‍ പിആര്‍എസ് സ്ഥാപിച്ചത് ഫോര്‍ഡ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ്. പിആര്‍എസിന്റെ ഇപ്പോഴത്തെ നടത്തിപ്പില്‍ ഗൂഗിള്‍ ഫൗണ്ടേഷനും സഹായിക്കുന്നുണ്ട്. പിആര്‍എസിന്റെ വെബ്സൈറ്റ് ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പിആര്‍എസിന്റെ ‘ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ടു മെമ്പേഴ്സ് ഓഫ് പാര്‍ലമെന്റ് ഫെല്ലോഷിപ്പ് അഥവാ ലാമ്പ് ഫെലോഷിപ്പുകള്‍ 2010ല്‍ 12 പേര്‍ക്കും 2011ല്‍ 46 പേര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ മകനും ഫെലോഷിപ്പ് ലഭിച്ചത്.എംപിമാര്‍ക്ക് ഗവേഷണ പിന്തുണ നല്കാനാണ്ന്ന് ഈ ഫെലോഷിപ്പുകള്‍ എന്ന് പിആര്‍എസിന്റെ വെബ് സൈറ്റ് പറയുന്നു. ഇത്തരത്തില്‍ ഫെലോഷിപ്പുകള്‍ നേടിയവരാണ് പി. രാജീവിനെയും മോയിനുല്‍ ഹസ്സനെയും സഹായിക്കുന്ന ശ്വേത വെങ്കിട്ടറാമും റെബേക്ക ജോര്‍ജ്ജും. ഡോ. തോമസ് ഐസ്ക് ഫോര്‍ഡ് ഫൗണ്ടേഷന്റ പണം ഉപയോഗിക്കുന്നുവെന്ന ആരോപണം പുറത്ത് വന്നപ്പോള്‍ അദ്ദേഹമത് നിഷേധിച്ചിരുന്നു. പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്.
ഏറ്റവുമൊടുവില്‍ അണ്ണാഹസാരെയുടെ സമരത്തെ എതിര്‍ത്ത് നിലപാടെടുത്തപ്പോഴും ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം വാങ്ങുന്ന സംഘടനകള്‍ ഈ സമരത്തെ സഹായിക്കുന്നകാര്യം സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു.സര്‍ക്കാരിതര സംഘടനകളെക്കുറിച്ചുള്ള സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പുസ്തകത്തില്‍ യുഎസ് എയ്ഡിനും ഫോര്‍ഡ് ഫൗണ്ടേഷനും സി ഐ എയുടെ സാമ്പത്തിക സഹായം പറ്റുന്ന സംഘടനകളാണെന്ന് ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: