കൊല്ലം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടി വച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് കേരള സര്‍ക്കാര്‍ സുഖവാസമൊരുക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഇറ്റലിക്കാരന് ഒരു നിയമം ഇന്ത്യാക്കാരന് മറ്റൊരു നിയമം എന്നത് അംഗീകരിക്കാനാകില്ലെന്നും കേസില്‍ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നീണ്ടകര പാലത്തില്‍ നടന്ന ബിജെപി ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസില്‍ മുഖ്യമന്ത്രി പൊട്ടന്കളിക്കുകയാണ്. എഫ്ഐആര്‍ പിഴവ് കൂടാതെ തയാറാക്കിയെന്നാണ് അവകാശവാദം. ഇപ്പോള്‍ 33 നോട്ടിക്കല്‍ മെയില്‍ അകലെയാണ് സംഭവമെന്നാണ് അവര്‍ പറയുന്നത്. അമ്പലപ്പുഴ തീരത്ത് നിന്ന് വെറും 12 നോട്ടിക്കല്മെയില് അകലെയാണ് സംഭവമെന്നിരിക്കെ നീണ്ടകരയില്‍ നിന്നുള്ള അകലം ചൂണ്ടിക്കാട്ടുന്നത് പ്രതികളെ സംരക്ഷിക്കാനാണ്. അങ്ങനെയാണെങ്കില്‍ ഇറ്റലിയില്‍ നിന്നുള്ള ദൂരം അളക്കാമായിരുന്നില്ലേ എന്ന് മുരളീധരന് ചോദിച്ചു.
മുംബൈ ഭീകരാക്രമണത്തിന് സമാനമാണ് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റലിക്കാര്‍ വെടി വച്ചു കൊന്ന സംഭവം. എന്നാല്‍ പ്രതികള്‍ വെല്ലിംഗ്ടണ്‍ ഐലന്റിലെ ഗസ്തൗസിലാണ് താമസം. എല്ലാവിധ സുഖസൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. വിദേശത്ത് പിടിക്കപ്പെടുന്ന ഇന്ത്യക്കാരന് ഇതാണോ അവസ്ഥയെന്ന് മുരളീധരന് ചോദിച്ചു. ഗള്‍ഫിലെ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാരുണ്ട്. കുറ്റവാളികളായി പിടിക്കപ്പെടുന്ന ഇന്ത്യക്കാരെ കൈകാര്യം ചെയ്യുന്ന രീതിയില്‍ത്തന്നെ ഈ കൊലയാളികളോടും പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രതികളുടെ പോലീസ് കസ്റ്റഡി പോലും നാടകമാണ്. സാധാരണ കോടതിയില്‍ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടാല്‍ പ്രതിഭാഗം എതിര്‍ക്കാറുണ്ട്. ഇവിടെ അതുണ്ടായിട്ടില്ലെന്നതുതന്നെ ഒത്തുകളിയുടെ തെളിവാണ്. പ്രതികളെ രക്ഷപ്പെടുത്താനും ജയില്‍ വാസത്തില്‍ നിന്ന് ഒഴിവാക്കാനുമുള്ള ഗൂഢനീക്കമാണ് പോലീസ് കസ്റ്റഡിക്ക് പിന്നിലെന്ന് മുരളീധരന് പറഞ്ഞു.
കൊലപാതകികള്‍ക്ക് വേണ്ടി വാദിക്കുന്ന ഇറ്റാലിയന്‍ നിലപാട് ഇന്ത്യക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. എന്നാല്‍ ഇറ്റലിക്കനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ബോഫോഴ്സ് കേസിലെ മുഖ്യപ്രതി ക്വത്തറോച്ചിയെ വിട്ടയച്ചത് ഇറ്റലിക്കാരനായതു കൊണ്ടാണെന്നു പറഞ്ഞ മുരളീധരന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് നീതിലഭിക്കും വരെ ബിജെപി പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തു. ഉപരോധസമരത്തിന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു അധ്യക്ഷത വഹിച്ചു.
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.രാധാമണി, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.ഗോപിനാഥ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.രാജേന്ദ്രന്‍പിള്ള, എം.സുനില്‍, സെക്രട്ടറിമാരായ ചവറ ഹരി, പന്നിമണ്‍ രാജേന്ദ്രന്, പട്ടത്താനം ബാബു, പാര്‍ട്ടി ജില്ലാ മണ്ഡലം ഭാരവാഹികള്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്.രാധാകൃഷ്ണന്, ബി.സുനില്‍കുമാര്‍, ചവറ രാജന്, എം.ജി.ഗോപകുമാര്‍, ശ്രീകുമാര്‍, വയയ്ക്കല്‍ സോമന്, വെള്ളിമണ്‍ ദിലീപ്, ബൈജു ചെറുപൊയ്ക, മെയിലംകുളം ഹരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: