പത്തനംതിട്ട: ഒരു മഹാഗ്രാമത്തിന്റെ പൈതൃകവും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കുന്നതോടൊപ്പം നൂറുകണക്കിന് കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്ന നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിനെതിരെ നാടും നാട്ടുകാരും ഒന്നായി പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടും സര്‍ക്കാരിന് നിസ്സംഗത.
പൈതൃക ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും ലോകപ്രസിദ്ധമായ ഉത്തൃട്ടാതി ജലമേളയുടേയും ആറന്മുള കണ്ണാടിയുടേയും ഈറ്റില്ലമായ ആറന്മുള ഗ്രാമത്തെ ഇല്ലായ്മചെയ്യുന്ന വിമാനത്താവള പദ്ധതിക്കെതിരെ ഏറെക്കാലമായി പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും കൊടുമ്പിരിക്കൊള്ളുകയാണ്. നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രസിദ്ധമായ ഉത്തൃട്ടാതി ജലമേളയില്‍ പള്ളിയോടങ്ങളുമായെത്തുന്ന ആറോളം പള്ളിയോടകരകള് തന്നെ ജനരഹിതമേഖലയായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് പുറമേ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാവുകളും മറ്റ് സ്ഥലങ്ങളും ഇല്ലാതാകും.
ഇത്തരത്തില്‍ നാടിന്റെ സംസ്കൃതിയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ മണ്മറയുന്നതോടൊപ്പം വിശാലമായ പാടശേഖരവും നീര്‍ത്തടങ്ങളും മണ്ണുമൂടിപ്പോകുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും നാടിനും സംരക്ഷണം നല്കേണ്ടുന്ന സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോള്തന്നെ വിമാനത്താവളത്തിന് ആവശ്യമായ അനുമതി പത്രങ്ങള്‍ നല്കാന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് സ്വന്തം പേരില്‍ ആറന്മുളയില് ഭൂമിയില്ലാതിരുന്ന കെ.ജി.എസ് ഗ്രൂപ്പിന് വിമാനത്താവള നിര്‍മ്മാണത്തിനുള്ള പച്ചക്കൊടി കിട്ടിയത്. കെ.ജി.എസ് ഗ്രൂപ്പിന്റെ ആവശ്യത്തിനും അതിലുമേറെയുമുള്ള സ്ഥലങ്ങള്‍ വ്യവസായ മേഖലയായി പതിച്ചു നല്‍കാനും എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു. ഭരണംമാറി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴേക്കും വിമാനത്താവള നിര്‍മ്മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കന്മാരും ജനപ്രതിനിധികളും രംഗത്തെത്തി. എം.പിയും എം.എല്‍.എയും, സംസ്ഥാന, കേന്ദ്ര മന്ത്രിമാരുമൊക്കെ വികസനം എന്ന് പറഞ്ഞ് വിമാനത്താവള നിര്‍മ്മാണത്തിന് ചൂട്ടുപിടിച്ചു.
പൈതൃക ഗ്രാമത്തിന്റെ സംരക്ഷണത്തേക്കാള്‍ ഒരു കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ വ്യവസായ താല്പര്യങ്ങളാണ് ജനപ്രതിനിധികള്‍ക്കും സര്‍ക്കാരിനും പ്രാധാനമെന്ന് അവരുടെ നടപടികള്‍ വ്യക്തമാക്കുന്നു. വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയമസഭയുടെ പരിസ്ഥിതികമ്മിറ്റി സ്ഥലം സന്ദര്‍ശിക്കാനിരിക്കെ പരിസ്ഥിതി കമ്മിറ്റിയിലെ അംഗമായ എം.എല്‍.എ തന്നെ വിമാനത്താവളം സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനിറങ്ങുന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: