വായന മരിച്ചു എന്നു പരിതപിക്കുന്നവരോട് ഒരു വാക്ക്…. അനന്തപുരിയിലെ വഴിയോരത്തെ ടാര്‍പ്പ കൊണ്ടു മറച്ച കൊച്ചു കൊച്ചു പുസ്തക കടകളിലേക്ക് ഒന്നെത്തി നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്ക് അഭിപ്രായം മാറ്റേണ്ടി വരും. ലോക ക്ലാസിക്കുകള്‍ മുതല്‍ വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ വരെ. നഴ്സറി കൂട്ടുകാര്‍ക്കുള്ള ബാല സാഹിത്യം മുതല്‍ സങ്കീര്‍ണമായ അനാട്ടമി ക്ലാസുകളിലെ മനുഷ്യശരീരത്തിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ വരെ ഈ കടകളില്‍ ലഭ്യമാണ്.
ഒരു പക്ഷേ വിലപ്നയക്കുള്ള ഗ്രന്ഥങ്ങള്‍ മൂന്നാമത്തെയോ നാലാമത്തെയോ വില്പന കാത്താവും ഇരിക്കുക. എന്നാലും അവയുടെ മഹിമയും ഗരിമയും ഒട്ടും കുറയുന്നില്ല. അവ വൃത്തിയായി അടുക്കി വച്ചിരിക്കുന്നത് ആവശ്യക്കാരനെ ആകര്‍ഷിക്കുന്നു. സാക്ഷരതയില്‍ ഒന്നാം സ്ഥാനം കാത്തു സൂക്ഷിക്കുന്ന മലയാളിയും വായനസംസ്കാരവും ഇതിന് ഏറെ കരുത്തു പകരുന്നു. പുസ്തകം വായനയ്ക്ക് എന്ന മുദ്രാവാക്യം മലയാളിയുടെ സംസ്കാരത്തിലെ അലിഖിതമായ ചട്ടമാണെന്നു തോന്നും ഇവിടുത്തെ പുസ്തകങ്ങള്‍ കണ്ടാല്‍. കുത്തി വരയ്ക്കുകയോ പിഞ്ചു കീറുകയോ ചെയ്തിട്ടില്ലാത്ത പുസ്തകങ്ങള്‍ വായനക്കാരനെയും കാത്തിരിക്കുന്നു. പതിനായരത്തിലധികം പുസ്തകശേഖരം ഇവിടുത്തെ ഓരോ സ്റ്റാളുകളിലും ഉണ്ട്.
ഉപയോഗ ശേഷം വായനക്കാര്‍ വില്‍ക്കുന്ന പുസ്തകങ്ങള്‍ ശേഖരിച്ചാണ് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ചിലര്‍ ഈ സംരഭം ആരംഭിച്ചത്. ആദ്യമൊക്കെ ചില്ലറ തടസ്സങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായെങ്കിലും ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചത് അവരെ ആവേശഭരിതരാക്കി. തുടര്‍ന്ന് ഉപയോഗം കഴിഞ്ഞ് വെറുതെയിരിക്കുന്ന പുസ്തകങ്ങള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. പ്രത്യേകിച്ച് പാഠപുസ്കങ്ങള്ക്കായി. ഇതിന് ഫലം കണ്ടു. പതുക്കെ പതുക്കെ പുസ്തകങ്ങള്‍ ഈ കച്ചവടക്കാരെ തേടിയെത്താന്‍ തുടങ്ങി. ആവശ്യം കഴിഞ്ഞ് പുസ്തകം മടക്കി നല്‍കും പോലെ ഒട്ടു മുക്കാല്‍ പേരും ഇവര്‍ക്കു തന്നെ തങ്ങളുടെ പുസ്തകം തിരികെ നല്കി. അതും തുച്ഛമായ വിലയ്ക്ക്. അതോടെ മലയാളി സേവനാധിഷ്ഠിതമായ മറ്റൊരു ചെറുകിട വ്യവസായത്തിനും കൂടി സാക്ഷിയായി.
ഇവിടെ ലഭിക്കുന്ന പുസ്തകങ്ങള്‍ക്ക് പകുതി വില മാത്രമാണ് നല്‍കേണ്ടത്. എന്‍ട്രന്‍സ് പരിശീലനവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ക്ക് പലപ്പോഴും നാലിലൊന്നില്‍ താഴെ വിലയാണ് ഈടാക്കുക. സാധാരണക്കാരന് ലഭിച്ച അനുഗ്രഹമാണ് ഈ കൊച്ചു പുസ്തക കടകള്‍ എന്നതിന് തര്‍ക്കമില്ല. കാരണം 25,000 രൂപയോളം വിലവരുന്ന എന്‍ട്രന്‍സ് സംബന്ധിയായ പുസ്തക സെറ്റ് ഇവിടെ നിന്നും കേവലം 2,500 രൂപയ്ക്കു ലഭിക്കും. സെക്കന്റ് ഹാന്റ് ആണെങ്കിലെന്താ അത്താഴപ്പട്ടിണിക്കാരന്റെ കുഞ്ഞിന് അധികം മുതല്‍ മുടക്കില്ലാതെ എന്‍ട്രന്‍സിന് പഠിക്കാം.
ഇന്ന് ഈ സേവന വ്യവസായം നിരവധി കുടുംബങ്ങളെയാണ് അന്നമൂട്ടുന്നത്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സമൂഹത്തിലാണ് സ്വയം തൊഴില്‍ കണ്ടെത്തി പ്രവര്‍ത്തിച്ച് ഇവര്‍ മാതൃകയായിരിക്കുന്നത്. വെറും വില്പന മാത്രമല്ല, പുസ്തകങ്ങളെ കുറിച്ച് ശരിയായ കാഴ്ചപ്പാടും അറിവും ഇവര്‍ക്കുണ്ട്. ഗ്രന്ഥകര്‍ത്താവ്, പ്രസിദ്ധീകരിക്കപ്പെട്ട വര്‍ഷം, എത്ര പതിപ്പുകള്‍ പുറത്തിറങ്ങി എന്നു വേണ്ട ഉള്ളടക്കം പോലും ഏതാനും വരികളില്‍ വിസ്തരിക്കാന്‍ ഇവര്‍ക്കാകുന്നു.
ഉപഭോക്താവിന് ആകര്‍ഷിക്കാന്‍ മേറ്റ്ന്തെങ്കിലും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിദ്യാര്‍ഥികള്‍ക്കാണ് ഇവരുടെ സഹായം ഏറ്റവും വേണ്ടുന്നത്. ഒരേ വിഷയം എന്നാല്‍ വ്യത്യസ്തമായ രചയിതാക്കള്‍. വേറെ വേറെ പ്രസാധകര്. തങ്ങളുടെ അഭിരുചിക്കനുസരിച്ച് പുസ്തകം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിച്ചാണ് ഇവര്‍ക്കും പുസ്തകത്തിലെ വിഷയങ്ങള്‍ വഴങ്ങാന്‍ തുടങ്ങിയത്.
വായനശാലകള്‍ക്കും പുസ്തക പ്രസാധകര്‍ക്കും-വില്പനക്കാര്ക്കും പഞ്ഞമില്ലാത്ത കേരളത്തിലാണ് പുസ്തകങ്ങളുടെ രണ്ടാം വില്പനയെന്ന നിശ്ശബ്ദ വിപ്ലവം അരങ്ങേറിയത്. ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമായ വിജ്ഞാനത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിക്കൊടുക്കുന്ന ഇവര്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചേക്കേറി. എന്നാല്‍ പലപ്പോഴായി നടന്ന നഗരവികസനം ഇവരുടെ വില്പനയ്ക്ക് വിഘാതമായി. എങ്കിലും അധികൃതരുടെ നല്ല മനസ്സ് ഇവരെ സഹായിച്ചു. കാരണം പുസ്തകങ്ങളുടെ ആവശ്യകത അത്രയ്ക്കുണ്ട്. കേരളസര്‍വകലാശാല, ആയുര്‍വേദ കോളേജ്, പാളയം മാര്‍ക്കറ്റ് എന്നിവയുടെ കവാടങ്ങള്‍ക്കു മുന്നില്‍ നിന്നും ഇവര്‍ പറിച്ചു നടപ്പെട്ടു. ഇപ്പോള്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ സമീപത്താണ് ഇവരുടെ വില്പന. ഇവിടെയും റോഡ് വീതി കൂട്ടാന്‍ അനുമതിയായിട്ടുണ്ട്.
ഈ ചെറുപ്പക്കാര്‍ ചെയ്യുന്ന സേവനം ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അതിനാല്‍ തന്നെ അധികൃതരും ഇവരോട് സഹൃദയത്വം കാണിക്കുന്നു. അവര്‍ക്കും താത്പര്യമുണ്ട് ഇവരെ പുനരധിവസിപ്പിക്കാന്‍. സ്ഥലലഭ്യതയാണ് ഏക പ്രശ്നം. തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ മേയര്‍ ഇവരെ കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്. “നഗരത്തിലെ വഴിവാണിഭക്കാരെ കുറിച്ച് ഏറെ പരാതികള്‍ നിത്യവും ലഭിക്കുന്നുണ്ട്. എന്നാല്‍ പുസ്തകങ്ങളുമായി ഇരിക്കുന്ന ചെറുപ്പക്കാരെ കുറിച്ച് ഇന്നു വരെ ഒരു പരാതിയും ലഭിച്ചിട്ടില്ല.” ഇത് തങ്ങള്‍ക്കു ലഭിച്ച അംഗീകാരമായാണ് ഇവര്‍ കരുതുന്നത്.
നേമത്തിനു സമീപമുള്ള കാരയ്ക്കാമണ്ഡപം സ്വദേശികളാണ് ഇവര്‍. എല്ലാവരും അടുത്തടുത്ത് താമസിക്കുന്നു. പലരും ബന്ധുക്കളുമാണ്. ചിലര്‍ രാവിലെ ഏഴു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മറ്റു ചിലര്‍ അല്പം വൈകി 9-10 മണിയോടെ കടകള്‍ തുറക്കും. എന്നാല്‍ രാത്രി എട്ടു മണിക്കു മുമ്പ് ഇവര്‍ എല്ലാവരും കടകള്‍ അടച്ചിരിക്കും. ഇതര ജില്ലകളില്‍ നിന്നും പോലും പുസ്തകങ്ങള്‍ തേടി ആള്‍ക്കാരിവിടെ എത്താറുണ്ടെന്ന് കഴിഞ്ഞ ഇരുപതു വര്‍ഷമായി കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന സബീര്‍ പറയുന്നു.
എല്ലാത്തരം പുസ്തകങ്ങളും ഇവിടെ ലഭ്യമാണെങ്കിലും അധികവും പ്രൊഫഷണല്‍ ഗ്രന്ഥങ്ങളാണുള്ളത്. വിപണിയില്‍ ഇവയ്ക്ക് പൊള്ളുന്ന വിലയാണ്. ഇന്നത്തെ സാഹചര്യത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടം ഓടുന്ന സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് പകുതി വിലയില്‍ താഴെ കിട്ടുന്ന ഈ പുസ്തകങ്ങള്‍ വലിയൊരു ആശ്വാസമാണ്. പരീക്ഷ കഴിഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിക്കുന്നതനുസരിച്ച് അവിടെ പോയി പുസ്തകങ്ങള്‍ ഇവര്‍ ശേഖരിക്കും. 100 രുപയുടെ പുസ്തകം 25 രൂപയ്ക്ക് വാങ്ങി 40 രൂപയ്ക്ക് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നു. എഞ്ചിനീയറിംഗിന്റെയും മെഡിസിന്റെയും പുസ്തകങ്ങളാണ് ഏറെ വാങ്ങുന്നതും വില്‍ക്കുന്നതും. അധിക സംഭാവനയും അമിതഫീസും കാരണം നടുവളഞ്ഞ രക്ഷിതാക്കള്‍ക്ക് ഈ സംരംഭം ഏറെ ആശ്വാസകരമാണ്.
പ്രാദേശിക പ്രസാധകരുടെ പുതിയ പുസ്തകങ്ങള്‍ പകുതിവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത് മറ്റൊരിടത്തും കിട്ടാത്ത ആനുകൂല്യമാണ്. ഇത് അധികംപേരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒന്നില്‍കൂടുതല്‍ എടുത്താല്‍ വീണ്ടും വിലകുറയും. അധികവും ഹിന്ദു സംസ്കാരത്തെയും പുരാണങ്ങളെയും സംബന്ധിച്ച പുസ്തകങ്ങളാണ്. ഇവയുടെ ഉപഭോക്താക്കളില്‍ അധികവും വീട്ടമമാരും പഴയതലമുറയുമാണ്. നൂറ് വര്‍ഷങ്ങള്‍ പിന്നിട്ട, വിപണിയില്‍ ലഭ്യമല്ലാത്ത പുസ്തകശേഖരം മറ്റൊരു പ്രത്യേകതയാണ്. ഇതില്‍ മെഡിക്കല്‍ പുസ്തകങ്ങളും ചരിത്രരേഖകളും പെടുന്നു. ഗവേഷണവിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ സഹായകമാകും.
സെക്രട്ടറിയേറ്റില്‍ എത്തുന്ന വായനപ്രിയരും ഇവിടുത്തെ സന്ദര്‍ശകര്‍ ആണ്. ഒട്ടു മിക്ക ജില്ലകളിലും ഇത്തരം പുസ്തകശേഖരം ഉണ്ടെങ്കിലും താരതമ്യേന കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റഴിയുന്നതും ഇവിടെയാണ്. സ്കൂളുകള്‍, മാനേജ്മെന്റ് സ്ഥാപനങ്ങള്‍, സ്വകാര്യ ലൈബ്രറികള്‍ എന്നിവിടങ്ങളില്‍നിന്നും ആവശ്യക്കാര്‍ എത്താറുണ്ട്. വായനശാലകളില്‍ നിന്നെങ്കിലും ആവശ്യക്കാര്‍ എത്താറുണ്ട്. കൂടാതെ പ്രൊഫഷണല്‍ കോളേജിലെ വായനശാലയ്ക്ക് വേണ്ടിയും സമീപിക്കുന്നവര്‍ ധാരാളമാണ്. സാധാരണജനങ്ങള്‍ക്ക് അവരുടെ മടിക്കിഴിക്ക് കോട്ടം തട്ടാതെ ആവശ്യം നിറവേറ്റാം എന്നത് ആശ്വാസമാണ്. ചെറിയ ലാഭത്തിലൂടെ പൊതുസേവനം നടത്തുന്ന ഇവരെ സഹായിക്കേണ്ട കടമ പൊതുസമൂഹത്തിനുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥിരമായ സൗകര്യം സര്‍ക്കാര്‍ ഇവര്‍ക്ക് അനുവദിക്കുന്നുണ്ട്. നാമമാത്രമായ തുക വാടക ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനും ഇവര്‍ സന്നദ്ധരാണ്. ഗാന്ധിപാര്‍ക്കില്‍ നിന്ന് തുടങ്ങിയ ഇവരുടെ മാരത്തോണ്‍ കൂടുമാറ്റം എത്തി നില്‍ക്കുന്നത് തിരുവനന്തപുരം പബ്ലിക്ലൈബ്രറിയുടെ മതില്കെട്ടിനോട് ചേര്‍ന്നാണ്.
കേരളത്തിലെ ഭരണസാരഥികള്‍ ഇവരുടെ നൊമ്പരങ്ങള്‍ക്ക് ശുഭപര്യാവസാനം കാണുമെന്ന് പ്രതീക്ഷിക്കാം. മാറി മാറി വരുന്ന ഋതുക്കള്‍ കുസൃതി കാണിക്കുമ്പോള്‍ ടാര്‍പോളിന്റെ കരുത്താണ് ഇവരുടെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുന്നത്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും പരിഭവവും പരാതിയുമില്ലാതെ ഇവര്‍ പുസ്തകങ്ങളുമായി ആവശ്യക്കാരെ കാത്തിരിക്കുന്നു.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: