തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാമിനടുത്ത് നെട്ടുകാല്‍ത്തേരി എന്നൊരു വനഗ്രാമമുണ്ട്. കുന്നുകളും കാടുകളും നിറഞ്ഞ പ്രദേശം. ഇവിടെയാണ് തുറന്ന ജയിലുള്ളത്. ജയിലെന്നു കേള്‍ക്കുമ്പോഴേ മനസിലെത്തുക ഇരുമ്പെഴികളും ശക്തമായ പോലീസ് കാവലുമൊക്കെയാണല്ലോ. പക്ഷേ, ഇവിടെ ഇരുമ്പഴിയിട്ട കാരാഗൃഹങ്ങളില്ല. കാവലിന് ജയില്‍ ഗാര്ഡുകളുമില്ല. തടവുകാരെല്ലാവരും സ്വതന്ത്രര്‍. ജയില്‍ വളപ്പിലെവിടെയും എപ്പോഴും പോകാം. ഒരു കുടുംബത്തെ പോലെ കഴിയുന്നു. തടവുകാരനാണെങ്കിലും സ്വതന്ത്രന്…..
നെയ്യാര്‍ ഡാമില്‍ നിന്ന് വലിയൊരു കുന്നു കയറി വേണം തുറന്ന ജയിലിലെത്താന്‍. പ്രവേശന കവാടത്തിനു മുകളില്‍ വലിയ ബോര്‍ഡ്. തുറന്ന ജയില്‍!. പേരിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ കവാടങ്ങള്‍ തുറന്നിട്ടിരിക്കുന്നു. പാറാവിന് തോക്കേന്തിയ ഗാര്‍ഡുമാരില്ല. കവാടം കടന്ന് റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള ചെമ്മണ്‍പാതയില്‍ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം ജയില്‍ ഓഫീസിനു മുന്നിലെത്താന്‍.
ഉച്ചവെയില്‍ കത്തി നിന്ന പകല്‍നേരത്താണ് നെട്ടുകാല്ത്തേരിയിലെത്തുന്നത്. ജയിലിലേക്കാണ് യാത്രയെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസ്സില്‍ ചില ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. അതില്‍ പ്രധാനം വലിയ ഇരുമ്പഴിക്കു പിന്നില്‍ നിരാശാഭരിതമായ മനസ്സുമായി നില്ക്കുന്ന മനുഷ്യരുടെ ചിത്രങ്ങളായിരുന്നു.
അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ക്ക് നിയമം വിധിച്ച ശിക്ഷ അനുഭവിക്കുന്നവര്‍. അവരുടെ മനസ്സിലും മുഖത്തും സന്തോഷത്തിന്റെ അലകളില്ല. ഇരുമ്പഴിക്കുള്ളിലൂടെ പുറത്തേക്ക് നീളുന്ന മഞ്ഞിച്ച കണ്ണുകളില്‍ നിരാശയും ഭയവും കലര്‍ന്നിരിക്കുന്ന വേദനാജനകമായ ദൃശ്യങ്ങളെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജയില്‍ വളപ്പില്‍ എതിരേറ്റത് ചിരിച്ച മുഖങ്ങളായിരുന്നു. അവിടെ നിരാശയുണ്ടായിരുന്നില്ല. കുറ്റവാളിയുടെ കറുത്ത പാടുകള്‍ ആ ചിരിയില്‍ പ്രതിഫലിച്ചതുമില്ല. തുറന്ന ജയിലിലെ അന്തരീക്ഷം നല്‍കിയിരുന്ന സമാധാനമായിരുന്നു അത്.
രണ്ടു പ്രദേശങ്ങളിലായാണ് ഇവിടെ തുറന്ന ജയില്‍ സ്ഥിതി ചെയ്യുന്നത്. നെട്ടുകാല്‍ത്തേരിയിലും അവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ മാറി തേവന്കോടുമായി. നെട്ടുകാല്ത്തേരിയാണ് പ്രധാന ജയില്‍. രണ്ടിടത്തുമായി 474 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുകയാണ് തുറന്ന ജയില്‍. വേണമെങ്കില്‍ ആര്‍ക്കും ഇവിടെ നിന്ന് രക്ഷപ്പെടാം. പക്ഷേ, ആരും അതിനു മുതിരുന്നില്ല. കാരാഗൃഹത്തിലാണ് വാസമെന്നു തോന്നിയാലല്ലേ രക്ഷപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു. ഉദ്യോഗസ്ഥരുടെ ഓര്‍മയില്‍ 1987ല്‍ മാത്രമാണ് ഇവിടെ നിന്ന് ഒരാള്‍ രക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ഇവിടെ 333 തടവുകാരാണുള്ളത്. എല്ലാവരും ജോലി ചെയ്യാന്‍ കരുത്തും മനസ്സുമുള്ളവര്‍. 474 ഏക്കറുകളിലായി സര്‍വ സ്വാതന്ത്ര്യത്തോടെ കഴിയുന്ന തടവുകാരെ നിരീക്ഷിക്കാനും സംരക്ഷിക്കാനും 24 ജയില്‍ ഗാര്‍ഡുമാര്‍ മാത്രമാണിവിടെയുള്ളത്.
333 തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും കൂടി ഒന്നിച്ചണിനിരന്ന് തുറന്ന ജയിലില്‍ വിപ്ലവം നടത്തുകയാണിപ്പോള്‍. ആരും കണ്ടാല്‍ കൊതിച്ചു പോകുന്ന ഹരിതാഭമായ കാര്‍ഷികവിപ്ലവം. പച്ചക്കറികള്‍ക്കും പാലിനും മുട്ടയ്ക്കും ഇറച്ചിക്കോഴിക്കുമെല്ലാം മലയാളി തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. രാസവളത്തിന്റെയും കീടനാശിനികളഉടെയും അമിത ഉപയോഗത്തിലൂടെ വിളഞ്ഞു വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് തുറന്ന ജയിലിലെ കുന്നുകളില്‍ കൃഷി ചെയ്യാനുള്ള ആശയം ഉടലെടുത്തത്. ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്താനുള്ള കേരളത്തിന്റെ ഓട്ടത്തിന് കരുത്തു പകരാനുള്ള തടവുകാരുടെ സംഭാവനയാണിത്. തുറന്ന ജയിലിലെ ഹരിത വിപ്ലവം.
തടവുകാരുടെ സംരക്ഷണത്തിനും ജീവിതത്തിനും വേണ്ടി സര്‍ക്കാര്‍ വലിയൊരു തുക ഖജനാവില്‍ നിന്ന് ചെലവിടുന്നുണ്ട്. എന്നാല്‍ ഒരിക്കലും സര്‍ക്കാരിന് പണമുണ്ടാക്കിക്കൊടുക്കുന്ന കേന്ദ്രങ്ങളായിരുന്നില്ല ജയിലുകള്‍. പക്ഷേ ഇന്ന് സ്ഥിതി മാറി. സംസ്ഥാനത്തെ ജയിലുകള്‍ ലാഭകേന്ദ്രങ്ങളായി വികസിക്കുകയാണ്. ജയിലില്‍ നിന്ന് വിവിധ വസ്തുക്കള്‍ വിപണിയിലെത്തുന്നു. മുന്‍കാലങ്ങളില്‍ അത് വീട്ടുപകരണങ്ങളും തുണികളുമൊക്കെയായിരുന്നുവെങ്കില് ഇപ്പോള്‍ പച്ചക്കറികളും ഭക്ഷണ പദാര്ഥങ്ങളുമൊക്കെയായിരിക്കുന്നു. കാലത്തിനൊപ്പമുള്ള മാറ്റത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ജയിലുകളുമെത്തുകയാണ്. കഴിഞ്ഞ വര്‍ഷം തുറന്ന ജയിലില്‍ നിന്ന് സര്‍ക്കാരിനു ലഭിച്ചത് ഒന്നരക്കോടി രൂപയുടെ വരുമാനമാണ്. അതെല്ലാം കൃഷിയില്‍ നിന്നാണെന്നറിയുമ്പോള്‍ ആരും അദ്ഭുതപ്പെട്ടു പോകും. മലയാളി ഉപേക്ഷിച്ച കാര്‍ഷിക സംസ്കാരം തിരികെ വരുന്നതിന്റെ കേളിക്കൊട്ടാണോ ഇതെന്നു തോന്നും ചിലപ്പോള്‍.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ തടവുകാരും ഉദ്യോഗസ്ഥരും കുതിച്ചു ചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. എല്ലാത്തരം കൃഷികളും ഈ മണ്ണിലേക്കു കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണവര്. മുന്‍വര്‍ഷങ്ങളില്‍ പച്ചക്കറികളും വാഴയും മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റുള്ളവയും പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. തുറന്ന ജയിലില്‍ നിന്ന് കൃഷിയിലൂടെ വരുമാനം കൂടിയപ്പോള്‍ സര്‍ക്കാരും മനസ്സുതുറന്നു. കൂടുതല്‍ പണം അനുവദിച്ച് കൃഷി വിപുലപ്പെടുത്തിയാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാം. ഒപ്പം വിഷമില്ലാത്ത നല്ല പച്ചക്കറി ന്യായ വിലയ്ക്ക് ജനങ്ങള്‍ക്കു നല്‍കുകയും ചെയ്യാം. അമാന്തിച്ചില്ല. ചുവപ്പു നാടയില്‍ പദ്ധതി കുരുങ്ങാന്‍ അനുവദിച്ചുമില്ല. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രത്യേക പദ്ധതിയില്‍ പെടുത്തി തുക അനുവദിച്ചു. നെട്ടുകാല്‍ത്തേരിയിലെയും തേവന്കോട്ടെയും കുന്നുകളില്‍ കൃഷിയിലൂടെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറായി നില്ക്കുന്ന 333 തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും വലിയ പ്രചോദനമായി അത്.
അമ്പതിനായിരത്തോളം വാഴത്തൈകളാണ് തുറന്ന ജയിലിലെ മണ്ണില്‍ തടവുകാര്‍ ശാസ്ത്രീയമായി കുഴിയെടുത്ത് നട്ടിരിക്കുന്നത്. “നിങ്ങള്‍ ഒന്‍പതു മാസം കഴിഞ്ഞ് ഇവിടേക്കു വരൂ, നേന്ത്രവാഴക്കുലകളുടെ ഉത്സവം നിങ്ങള്‍ക്ക് കാണാം…” ഒരു തടവുകാരന് സന്തോഷത്തോടെ പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റു തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മുഖത്ത് അഭിമാനത്തിളക്കം. അമ്പതിനായിരം വാഴകള്‍ ഒരുമിച്ചു കുലച്ചു നില്ക്കുന്ന മനോഹര ദൃശ്യം മനസ്സില്‍ സങ്കല്പിക്കാന് ശ്രമിച്ചു….. അത്തരത്തിലൊന്ന് ഇതുവരെ നേരില്‍ കാണാനായിട്ടില്ലല്ലോ. വരുന്ന ഓണത്തിന് വിളവെടുക്കാന്‍ പാകത്തിനുള്ള നേന്ത്രവാഴകളും ഉണ്ട് ആയിരത്തിലധികം. അതിനുള്ളില്‍ നില്ക്കുമ്പോള് വാഴക്കാട്ടിലെത്തിയ അനുഭവം.
ശാസ്ത്രീയമായ കൃഷി രീതികളാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. കൃഷി എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കാന്‍ ഇവിടെയൊരു കൃഷി ഓഫീസറുമുണ്ട്. അദ്ദേഹത്തിന്റെ ഉപദേശത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. കുന്നിനെ തട്ടുകളായി തിരിച്ചാണ് കൃഷി. തട്ടുകള്‍ക്കിടയിലൂടെ ചെറിയ റോഡും നിര്‍മിച്ചിരിക്കുന്നു. വെള്ളത്തിന് ഇടയ്ക്കിടക്ക് ചെറിയ കുളങ്ങള്‍ കുഴിച്ചിട്ടുണ്ട്. നല്ല തെളിഞ്ഞ വെള്ളം. നൂറ് വാഴത്തൈകള്‍ക്ക് ഒരെണ്ണമെന്ന തരത്തിലാണ് കുളങ്ങളുടെ നിര്‍മാണം. കൂടാതെ കുഴികള്‍ക്കിടയിലൂടെ ചാലുകീറി വെള്ളം ഒഴുക്കി വിടുകയും ചെയ്തിട്ടുണ്ട്. ഇരുപത് ഏക്കറിലാണ് നേന്ത്രവാഴ കൃഷി. വാഴകൃഷി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 5.40 ലക്ഷം രൂപയാണ്.
അമ്പതിനായിരം വാഴക്കുലകള്‍ ഒന്നിച്ചു വിളവെടുക്കുമ്പോള്‍ എങ്ങനെയാണ് വില്പന സാധ്യമാകുന്നതെന്ന ചോദ്യത്തിനും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു.
“വാഴക്കൃഷിയില്‍ നിന്ന് വിളവെടുക്കാറാകുമ്പോഴേക്കും തുറന്ന ജയിലില്‍ മറ്റൊരു പ്രവര്‍ത്തനത്തിനു കൂടി തുടക്കമാകും. വലിയതോതിലുള്ള ചിപ്സ് ഫാക്ടറി തുറന്ന ജയിലില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.”
പത്ത് ഏക്കറില്‍ പച്ചക്കറി കൃഷിക്കുള്ള നിലമൊരുങ്ങിക്കൊണ്ടിരിക്കുകയാണിവിടെ. സര്‍ക്കാര്‍ അനുവദിച്ചത് 1.40 ലക്ഷം. എന്നാല്‍ ചെലവ് അതിലും കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണമെത്ര ചെലവിട്ടാലും ലാഭം ഉറപ്പാണെന്ന് തെളിയിച്ചതോടെ പണം മുടക്കാന്‍ സര്‍ക്കാരിനും മടിയില്ല. പത്തേക്കറില്‍ എല്ലാതരം പച്ചക്കറികളും വിളയിക്കുകയാണ് ലക്ഷ്യം. പാവല്‍, പടവലം, വഴുതന, മത്തന്‍, ചീര, ചേന, പയര്‍, തക്കാളി, ചീര, വെണ്ട, കോളിഫ്ലവര്‍, കാരറ്റ്, മരച്ചീനി… എല്ലാം വിളഞ്ഞു നില്ക്കുന്ന മനോഹരമായ പച്ചക്കറിത്തോട്ടം.
കഴിഞ്ഞ വര്‍ഷം വലിയതോതില്‍ പച്ചക്കറി വിളയിക്കുകയും ജയില്‍ ആവശ്യത്തിനുള്ളത് എടുത്തശേഷം ബാക്കിയുള്ളവ പൊതുജനങ്ങള്‍ക്ക് ഹോര്‍ട്ടികോര്‍പ്പിലെ വിലയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. വന്‍ ഹിറ്റായിരുന്നു തുറന്ന ജയിലിലെ പച്ചക്കറി വില്പന. പത്തേക്കറിലെ പച്ചക്കറി വിളവെടുക്കാറാകുമ്പോഴേക്ക് തിരുവനന്തപുരത്തിന് പച്ചക്കറി തമിഴ്നാട്ടില്‍ നിന്ന് വാങ്ങേണ്ടി വരില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. തുറന്ന ജയിലിനെ കൂടാതെ സെന്‍ട്രല്‍ ജയിലിലും പച്ചക്കറി കൃഷി നടക്കുന്നുണ്ട്. തുറന്ന ജയിലില്‍ ചെറിയതോതില്‍ നടക്കുന്ന പച്ചക്കറി കൃഷി ഇപ്പോള്‍ അവിടേക്കുള്ള ആവശ്യത്തിനു മാത്രമേ തികയുകയുള്ളൂ. ആറര അടി നീളമുള്ള പടവലത്തെ പരിചരിക്കുന്ന തടവുകാരന്റെ മുഖത്തെ ആഹ്ലാദം പറഞ്ഞറിയിക്കാനാകാത്തതാണ്.
റബ്ബര്‍കൃഷി നേരത്തെ ഇവിടെ ആരംഭിച്ചതാണ്. റബ്ബര്‍ പരിചരിക്കുന്നതും കറയെടുക്കുന്നതും ഷീറ്റാക്കുന്നതുമെല്ലാം തടവുകാര്‍ തന്നെയാണ്. റബ്ബര്‍ കൃഷി 130 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. റബ്ബര്‍ കൃഷിയുടെ വിപുലീകരണത്തിന് 59 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജയിലിലെ റബ്ബര്കൃഷിക്കാവശ്യമുള്ള തൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്സറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ വെള്ളത്തിന്റെ പ്രശ്നം ഇവിടെ രൂക്ഷമാണ്. വളരെ കഷ്ടപ്പെട്ട് തടവുകാര്‍ താഴെ നിന്ന് വെള്ളമെത്തിച്ചാണ് കൃഷി നടത്തുന്നത്. ഇതിനു പരിഹാരം കാണാനുള്ള സംവിധാനവും ഉണ്ടായിക്കഴിഞ്ഞു. 25 ലക്ഷത്തോളം രൂപ മുടക്കി ചെക്ക്ഡാം നിര്‍മിച്ചു കഴിഞ്ഞു. തടഞ്ഞു നിര്‍ത്തിയിരിക്കുന്ന വെള്ളം മോട്ടറുകളുടെ സഹായത്താല്‍ മുകളിലെത്തിക്കും. കൃഷിക്കുള്ള മറ്റൊരു ഭീഷണി കാട്ടുമൃഗങ്ങളുടെ ആക്രമണമാണ്. പന്നിയാണ് പ്രധാനമായും കൃഷി നശിപ്പിക്കാനെത്തുന്നത്. ഇതിനു പരിഹാരം കാണാന്‍ കമ്പിവേലികളുടെ നിര്‍മാണവും ആരംഭിച്ചു കഴിഞ്ഞു.
ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ സഹായത്തോടെ ശാസ്ത്രീയമായി തയ്യാറാക്കിയ ഓഷധത്തോട്ടവും തുറന്ന ജയിലിന്റെ പ്രത്യേകതയാണ്. പത്തു തരം തുളസികള്‍ മുതല്‍ കറ്റാര്‍ വാഴയും നീല അമരിയും രാമച്ചവും പതിമുഖവും….. എന്നുവേണ്ട എല്ലാത്തരം ഔഷധ സസ്യങ്ങളും ഇവിടെ തടവുകാരുടെ പരിചരണത്തില്‍ വളരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ചപ്പാത്തിയും ചിക്കന്‍ കറിയുമുണ്ടാക്കി പുറത്തു വില്പന ആരംഭിക്കുകയും അതു വലിയ വിജയമാകുകയും ചെയ്തപ്പോള്‍ തുറന്ന ജയിലുകാര്‍ ആലോചിച്ചു ചിക്കന്‍ കറിക്കുള്ള കോഴികളെ തങ്ങള്‍ക്ക് എന്തുകൊണ്ട് നല്കിക്കൂടാ എന്ന്. തുറന്ന ജയിലില്‍ ഇപ്പോള്‍ ചെറിയ പൗള്‍ട്രിഫാം ഉണ്ട്. അതു വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സെന്‍ട്രല്‍ ജയിലിലേക്ക് ആവശ്യമുള്ള ഇറച്ചിക്കോഴികളെ ആറുമാസത്തിനുള്ളില്‍ തുറന്ന ജയില്‍ നിന്ന് നല്കിത്തുടങ്ങും.
ദിവസം 300 ലിറ്റര്‍ പശുവിന്‍പാലാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. എരുമയുടെയും ആടിന്റെയും പാല് വേറെ. മാട്ടുപ്പെട്ടിയില്‍ നിന്ന് കൊണ്ടുവന്ന പ്രത്യേകതരം പശുക്കളാണിവിടെയുള്ളത്. എല്ലാം അത്യുത്പാദന ശേഷിയുള്ളത്. തുറന്ന ജയിലിലെ ആവശ്യത്തിനുള്ള പാലെടുത്തു കഴിഞ്ഞാല്‍ ബാക്കി സെന്‍ട്രല്‍ ജയിലിലേക്ക് നല്‍കും. പിഗ് ഫാമും മുയല് ഫാമും ഇവിടെയുണ്ട്. വളര്‍ച്ചയെത്തിയ മുയലുകളെയും പന്നികളെയും ആവശ്യക്കാര്‍ക്ക് നല്‍കും.
തുറന്ന ജയിലില്‍ ജൈവകൃഷിയാണ് അവലംബിക്കുന്നത്. ആവശ്യത്തിനുള്ള വളം ഇവിടെത്തന്നെ തയ്യാറാക്കുന്നു. ജയിലിലെ ഭക്ഷണമാലിന്യങ്ങളും മറ്റും മണ്ണിരക്കമ്പോസ്റ്റാക്കി മാറ്റുന്നു. കൃഷിക്കാവശ്യത്തിനുള്ള ചാണകവും ലഭിക്കും. കൂടാതെ ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തിക്കുന്നു.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ട് തുറന്ന ജയിലില്‍. തടവുകാരെല്ലാവരും സന്തോഷവാന്മാരാണെന്നതാണ് ഏറെ പ്രത്യേകത. കൃഷിയില്‍ നിന്നു ലഭിക്കുന്ന സംതൃപ്തിയാണ് അതിനു കാരണം.
തുറന്ന ജയിലിലെ തടുകാര്ക്ക് ആറുമാസം കൂടുമ്പോള്‍ ഒരു മാസം പരോള്‍ ലഭിക്കും. കൂടാതെ 15 ദിവസം പ്രത്യേക അവധിയും മറ്റും. ഇവിടെ ലോക്കപ്പുകളുമില്ല. അതിനാല്‍ തുറന്ന ജയിലിലേക്ക് വരാന്‍ തടവുകാര്‍ക്ക് ഏറെ ഇഷ്ടമാണ്. അതിനു വേണ്ടി പരിശ്രമിക്കുന്നവരുമേറെ. എന്നാല്‍, എല്ലാവരെയും ഇവിടേക്ക് സ്വീകരിക്കില്ല. മറ്റു ജയിലുകളിലെ സ്വഭാവശുദ്ധിയുള്ള തടവുകാരെയാണ് ഇവിടെ കൊണ്ടുവരുന്നത്. കൂടാതെ ജോലിയും ചെയ്യണം. ചൂടുകാലത്ത് രാവിലെ എട്ടു മണിമുതല്‍ 11 മണിവരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെയുമാണ് ജോലി. ഒരു ദിവസത്തെ ജോലിക്ക് 117 രൂപയാണ് കൂലി.
ഒരു വര്‍ഷം കഴിയുമ്പോള്‍ തുറന്ന ജയിലിലേക്ക് വരൂ. ഹരിതാഭമായ സൗന്ദര്യം ആസ്വദിക്കാം. കാര്‍ഷിക സമൃദ്ധിയുടെ ഉത്സവം കാണാം. ജയിലില്‍ നിന്നു മടങ്ങുമ്പോഴും തടവുകാര്‍ ചിരിച്ചു യാത്രയാക്കി. ഇതൊരു ജയിലല്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമാണ്. കൃഷി സമൃദ്ധിയുടെ കാഴ്ചകളൊരുക്കുന്ന കേന്ദ്രം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: