കൊച്ചി: ലാസ്യകലയായ മോഹിനിയാട്ടത്തില്‍ ആദ്യമായി ഒരു നൃത്തനാടകം അവതരിപ്പിക്കുന്നു. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം തുടങ്ങിയ മുക്തകങ്ങള്‍ രചിച്ച ഭര്‍ത്തൃഹരിയുടെ ജീവിതകഥയാണ് മോഹിനിയാട്ട നൃത്ത നാടക കഥയിലൂടെ അവതരിപ്പിക്കുന്നത്. സ്ത്രീ നര്‍ത്തന കലയെന്നാണ് മോഹിനിയാട്ടം പൊതുവെ അറിയപ്പെടുന്നത്. ചരിത്രത്തിലാദ്യമായി ആറ് പുരുഷന്മാരും മോഹിനിയാട്ട വേഷത്തിലെത്തുന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്. ഇതിന് മുമ്പും ആരുംതന്നെ നൃത്തനാടകം മോഹിനിയാട്ടത്തില്‍ പരീക്ഷിച്ചിട്ടില്ല. പുരുഷന്മാര്ക്കുവേണ്ടി പ്രത്യേകം വസ്ത്രം ഉണ്ടാക്കിയെടുത്തു.
എംജി യൂണിവേഴ്സിറ്റിയില്‍നിന്നും എംഎ മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്കും കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ മോഹിനിയാട്ടത്തിനുള്ള സീനിയര്‍ ഫെലോഷിപ്പും കരസ്ഥമാക്കിയ ആര്‍എല്‍വി ജോളി മാത്യുവാണ് സംവിധായകന്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലുമാണ് സാധാരണയായി നൃത്തനാടകങ്ങള്‍ കണ്ടുവരാറ്.
അധികം സാധ്യതകളില്ലാത്ത മോഹിനിയാട്ടത്തിന് മറ്റ് കലകളോടൊപ്പം തുല്യസ്ഥാനം നല്‍കുക എന്ന ലക്ഷ്യമുണ്ട് ഈ നൃത്തനാടകത്തിന്. വേഷവിധാനത്തിലും അവതരണശൈലിയിലും പക്കമേളത്തിലും ചില പരിഷ്ക്കാരങ്ങള്‍ വരുത്തി.
അഷ്ടനായികമാരില്‍ വാസക സജ്ജ, വിരഹോല് കണ്ഠിത, അഭിസാരിക തുടങ്ങിയ നായികമാരും ധീരോദാത്തന്‍, ധീരോദ്ധതന്‍, ധീരശാന്തന്‍ തുടങ്ങിയ നായകന്മാരെയും ഈ നാടകത്തിലൂടെ അവതരിപ്പിക്കുന്നു. ഇരുപതോളം നര്‍ത്തകിമാര്‍ രംഗത്തുവരും. മോഹിനിയാട്ടത്തിന്റെ ലാസ്യത്തിന് മങ്ങലേല്ക്കാതെ കൈശികി വൃത്തിക്ക് ഊന്നല്‍ നല്കി ഹസ്ത ലക്ഷണ ദീപികയിലെ മുദ്രകള്‍ സ്വീകരിച്ച് പുതുമയാര്‍ന്ന രീതിയില്‍ ഇത് അവതരിപ്പിക്കും. നശ്വര സുഖം തേടി നര ജന്മം വ്യര്ത്ഥമായിത്തീരുന്ന ഈ കാലഘട്ടത്തില്‍ വിവേകത്തിന്റെ ജ്ഞാനപ്പഴം നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരിക്കുന്നതാണ് ഈ നൃത്തനാടകത്തിന്റെ ഇതിവൃത്തം. നാളെ വൈകിട്ട് 7.30ന് തിരുവാങ്കുളം ശിവക്ഷേത്രത്തില്‍ ഭര്‍ത്തൃഹരി മോഹിനിയാട്ട നൃത്തനാടകം അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: