ട്രെയിന്‍ യാത്രക്കാര്‍ മദ്യപിച്ച് പ്ലാറ്റ്ഫോമിലോ ട്രെയിനിലോ കടന്നാല്‍ ആറുമാസം തടവും ആയിരം രൂപ പിഴയും ശിക്ഷ നല്‍കുമെന്ന റെയില്‍വേയുടെ പ്രഖ്യാപനം ട്രെയിനുള്ളിലെ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വെ ആക്ടിലെ 145-ാം വകുപ്പ് ശക്തമായി നടപ്പാക്കാനും ട്രെയിനിനുള്ളിലെ മദ്യപാനം തടയാനും എല്ലാ സ്റ്റേഷനിലും ബ്രത്ത് അനലൈസര്‍ സ്ഥാപിക്കാനും റെയില്‍വേ തീരുമാനമെടുത്തിരിക്കുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിടവേ റെയില്‍വേമന്ത്രി ദിനേഷ് ത്രിവേദി പ്രഖ്യാപിച്ചത് സ്ത്രീകളുടെ സുരക്ഷക്ക് വനിതാസേനയെ നിയോഗിക്കുമെന്നായിരുന്നു. സൗമ്യയുടെ ദാരുണ മരണത്തിന് ശേഷവും റെയില്‍വേ വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ വനിതാ റെയില്‍വേ പ്രൊട്ടക്ഷന്‍ സ്റ്റാഫിനെ നിയോഗിക്കുമെന്നും വനിതാ കമ്പാര്‍ട്ടുമെന്റ് ട്രെയിനിന്റെ നടുവിലേക്ക് മാറ്റി ഘടിപ്പിക്കുമെന്നും മറ്റും വാഗ്ദാനം ചെയ്തിരുന്നു. സൗമ്യ മരിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഒരു വാഗ്ദാനം പോലും നടപ്പായില്ലെന്നു മാത്രമല്ല സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ വനിതാ സേനക്ക് ആര് സുരക്ഷ ഉറപ്പാക്കുമെന്ന ചോദ്യംവരെ ഉയര്‍ന്നു. ട്രെയിനില്‍ യാത്രക്കാര്‍ മദ്യപിക്കുന്നതും മദ്യപിച്ച് കയറുന്നതും അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. പക്ഷെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പീഡനക്കേസുകളെല്ലാം വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കയറിയവര്‍ നടത്തിയതാണ്.
ട്രെയിനിലെ ഭിക്ഷാടകരും വലിയ ഭീഷണിയായിട്ടും ഭിക്ഷാടനം നിരോധിക്കാന്‍ പോലും റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് മറ്റൊരു ഗോവിന്ദച്ചാമിയുടെ ആക്രമണവും എറണാകുളം-കോട്ടയം പാസഞ്ചറിലെ കുറുപ്പന്തറ അനുഭവവും. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ റെയില്‍വേ കാണിക്കുന്ന മനസാക്ഷിരഹിതമായ അനാസ്ഥയാണ്. റെയില്‍വേ സുരക്ഷക്ക് നിയമങ്ങളില്ലാഞ്ഞിട്ടല്ല, അത് പ്രായോഗികമാക്കുന്നില്ല എന്നതാണ് റെയില്‍വേയുടെ പരാജയം. ഏറ്റവും ഒടുവില്‍ ജയഗീത എന്ന അഭ്യസ്തവിദ്യയും ആസൂത്രണ ബോര്‍ഡിലെ ഗസറ്റഡ് ഓഫീസറും കുടുംബിനിയും എഴുത്തുകാരിയുമായ ജയഗീതയെ ചെന്നൈ മെയിലില്‍ സീസണ് ടിക്കറ്റും സപ്ലിമെന്ററി ടിക്കറ്റും ഉണ്ടായിട്ടും യാത്രചെയ്തത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ടിടിഇമാര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞത്. യാത്രക്കാര്‍ ടിക്കറ്റില്ലാതെയോ തെറ്റായ ടിക്കറ്റിലോ യാത്ര ചെയ്താല്‍ ഫൈന്‍ ചുമത്തുക എന്ന ചട്ടത്തിന് പകരം അസഭ്യവര്‍ഷം നടത്തിയത് ജയഗീത ഒരു ടിടിആറിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണെന്നും ആ ടിടിആര്‍ സ്ഥിരമായി മദ്യപിച്ച് ജോലിചെയ്യുന്ന ആളാണെന്നുമുള്ള ജയഗീതയുടെ പരാതി ഭാവനാസൃഷ്ടിയായി തള്ളി റെയില്‍വേ എംപ്ലോയീസ് യൂണിയന് ആവശ്യപ്രകാരം റെയില്‍വേ സസ്പെന്റ് ചെയ്യപ്പെട്ട ടിടിആര്‍മാരുടെ സസ്പെന്ഷന് പിന്‍വലിക്കുകയാണ് ചെയ്തത്.
റെയില്‍വേക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നത് യാത്രക്കാര്‍ മാത്രമല്ല റെയില്‍വേ ഉദ്യോഗസ്ഥരുംകൂടിയാണ്. റെയില്‍വേ ടിടിആര്‍മാര്‍ മദ്യപിച്ച് ജോലിചെയ്യുക മാത്രമല്ല യാത്രക്കാരോടൊപ്പം മദ്യപിക്കുകയും ബെര്‍ത്ത് നല്കാന് കൈക്കൂലി വാങ്ങുകയും ചെയ്യുന്നുണ്ട്. പക്ഷെ റെയില്‍വേ ഇവരുടെ കാര്യത്തില്‍ നിസ്സംഗമാണ്. റെയില്‍വേ സ്റ്റാഫ് യൂണിയന് ശക്തരാണെങ്കില്‍ റെയില്‍വേ യാത്രക്കാര്‍ അസംഘടിതരാണ്. റെയില്‍വേ പാസഞ്ചേഴ്സ് യൂണിയന് സ്ത്രീയാത്രക്കാരുടെ പീഡനസംഭവങ്ങളില്‍ സാന്നിധ്യം തെളിയിക്കാറില്ല. ഇപ്പോള്‍ റെയില്‍വേ യാത്രക്കാരുടെ മദ്യപാനത്തിലെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തുമ്പോഴും ഇതും മറ്റൊരു പാഴ് വാഗ്ദാനമാണോ എന്ന സംശയം സ്വാഭാവികമായി ഉദിക്കുന്നു. ഇന്ന് യാത്രക്കാര്‍ യാത്രക്ക് കൂടുതല്‍ ആശ്രയിക്കുന്നത് റെയില്‍വേയാണ്. പ്രത്യേകിച്ച് ബസ്യാത്രാ ചാര്‍ജ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഭൂരിഭാഗം സ്ത്രീകളും അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥകളുമാണ്. റെയില്‍വേ സംവിധാനം ഇത്രയധികം ഉപയോഗിക്കന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ റെയില്‍വേ കാണിക്കുന്ന നിരുത്തരവാദിത്തം ക്ഷന്തവ്യമല്ല. ഇനിയെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: